പുറപ്പാട് 23
അധ്യായങ്ങൾ
തുല്യമായ നീതി
1വ്യാജവാർത്ത പ്രചരിപ്പിക്കരുത്; കള്ള സാക്ഷ്യം നൽകി കുറ്റക്കാരനു കൂട്ടുനിൽക്കരുത്.
2ഭൂരിപക്ഷത്തോടു ചേർന്നു തിൻമ ചെയ്യരുത്. ഭൂരിപക്ഷത്തോടു ചേർന്ന് നീതിക്കെതിരായി കോടതിയിൽ സാക്ഷ്യം നിൽക്കരുത്.
3വ്യവഹാരത്തിൽ ദരിദ്രനു പ്രതേ്യക പരിഗണന നൽകരുത്.
4ശത്രുവിന്റെ കാളയോ കഴുതയോ വഴിതെറ്റിപ്പോകുന്നതു കണ്ടാൽ അതിനെ അവന്റെ അടുക്കൽ തിരിച്ചെത്തിക്കണം.
5നിന്നെ വെറുക്കുന്നവന്റെ കഴുത, ചുമടിനു കീഴെ വീണു കിടക്കുന്നതു കണ്ടാൽ, നീ കടന്നു പോകരുത്; അതിനെ എഴുന്നേൽപിക്കാൻ അവനെ സഹായിക്കണം.
6വ്യവഹാരത്തിൽ ദരിദ്രനു നീതി നിഷേധിക്കരുത്.
7തെറ്റായ കുറ്റാരോപണത്തിൽ നിന്ന് ഒഴിഞ്ഞുനിൽക്കുക. നിഷ്കളങ്കരെയും നീതിമാൻമാരെയും വധിക്കരുത്. ദുഷ്ടനെ ഞാൻ വെറുതെ വിടുകയില്ല.
8കൈക്കൂലി വാങ്ങരുത്; അത് വിജ്ഞനെ അന്ധനാക്കുകയും നീതിമാനെ കള്ളം പറയാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നു.
9നിങ്ങൾ പരദേശികളെ പീഡിപ്പിക്കരുത്. ഈജിപ്തിൽ പരദേശികളായിരുന്ന നിങ്ങൾക്ക് പരദേശികളുടെ ഹൃദയവികാരങ്ങൾ അറിയാമല്ലോ.
സാബത്തു വർഷം
10നീ നിന്റെ വയലിൽ ആറുവർഷം വിതച്ചു വിളവെടുത്തുകൊള്ളുക.
11ഏഴാം വർഷം അതു വിതയ്ക്കാതെ വെറുതെ കിടക്കട്ടെ. നിന്റെ ജനത്തിലെ ദരിദ്രർ അതിൽ നിന്നു ഭക്ഷ്യം ശേഖരിക്കട്ടെ. പിന്നെയും അവശേഷിക്കുന്നതു വന്യമൃഗങ്ങൾ തിന്നുകൊള്ളട്ടെ. മുന്തിരിത്തോട്ടവും ഒലിവുതോട്ടവും സംബന്ധിച്ചും ഇപ്രകാരംതന്നെചെയ്യണം.
12ആറുദിവസം ജോലി ചെയ്യുക. ഏഴാംദിവസം വിശ്രമിക്കണം. നിന്റെ കാളയും കഴുതയും വിശ്രമിക്കട്ടെ. നിന്റെ ദാസിയുടെ പുത്രനും പരദേശിയും ക്ഷീണം തീർക്കട്ടെ.
13ഞാൻ നിങ്ങളോടു പറഞ്ഞകാര്യങ്ങളിലെല്ലാം ശ്രദ്ധ വയ്ക്കണം. അന്യദേവൻമാരുടെ നാമം സ്മരിക്കരുത്. അതു നിങ്ങളുടെ നാവിൽനിന്നു കേൾക്കാനിടയാവരുത്.
മൂന്നു മഹോത്സവങ്ങൾ
14എന്റെ ബഹുമാനത്തിനായി വർഷംതോറും മൂന്നുതവണ നിങ്ങൾ ഉത്സവമാഘോഷിക്കണം.
15പുളിപ്പില്ലാത്ത അപ്പത്തിന്റെ തിരുനാൾ ആചരിക്കണം. ഞാൻ കൽപിച്ചിട്ടുള്ളതുപോലെ അബീബു മാസത്തിലെ ഏഴു നിശ്ചിത ദിവസങ്ങളിൽ പുളിപ്പില്ലാത്ത അപ്പം ഭക്ഷിക്കണം. എന്തെന്നാൽ, ആ മാസത്തിലാണ് നിങ്ങൾ ഈജിപ്തിൽനിന്നു പുറത്തുവന്നത്. എന്റെ മുൻപിൽവെറും കൈയോടെ വരരുത്.
16വയലിൽ നിന്ന് ആദ്യ ഫലങ്ങൾ കൊയ്തെടുക്കുമ്പോൾ പുത്തരിപ്പെരുനാളും വർഷാവസാനം പ്രയത്നഫലം ശേഖരിച്ചു കഴിയുമ്പോൾ സംഭരണത്തിരുനാളും ആഘോഷിക്കണം.
17പുരുഷൻമാരെല്ലാവരും വർഷത്തിൽ മൂന്നു പ്രാവശ്യം ദൈവമായ കർത്താവിന്റെ സന്നിധിയിൽ ഹാജരാവണം.
18ബലിമൃഗത്തിന്റെ രക്തം പുളിപ്പുള്ള അപ്പത്തോടൊന്നിച്ച് എനിക്കർപ്പിക്കരുത്. ഉത്സവദിനത്തിലർപ്പിക്കുന്ന ബലിയുടെ കൊഴുപ്പ് പ്രഭാതംവരെ സൂക്ഷിക്കുകയുമരുത്.
19വയലിലെ ആദ്യവിളവിന്റെ ആദ്യഫലം നിന്റെ ദൈവമായ കർത്താവിന്റെ ഭവനത്തിലേക്കു കൊണ്ടുവരണം. ആട്ടിൻകുട്ടിയെ അതിന്റെ തള്ളയുടെ പാലിൽ വേവിക്കരുത്.
വാഗ്ദാനങ്ങൾ
20ഇതാ, ഒരു ദൂതനെ നിനക്കുമുൻപേ ഞാൻ അയയ്ക്കുന്നു. അവൻ നിന്റെ വഴിയിൽ നിന്നെ കാത്തുകൊള്ളും; ഞാൻ ഒരുക്കിയിരിക്കുന്ന സ്ഥലത്തേക്കു നിന്നെ കൊണ്ടുവരുകയും ചെയ്യും.
21അവൻ പറയുന്നതെല്ലാം ആദരപൂർവം അനുസരിക്കണം. അവനെ പ്രകോപിപ്പിക്കരുത്. എന്റെ നാമം അവനിലുള്ളതുനിമിത്തം നിന്റെ അതിക്രമങ്ങൾ അവൻ ക്ഷമിക്കുകയില്ല.
22അവന്റെ വാക്കു കേൾക്കുകയും ഞാൻ പറയുന്നതെല്ലാം അനുസരിക്കുകയും ചെയ്യുമെങ്കിൽ നിന്റെ ശത്രുക്കൾക്കു ഞാൻ ശത്രുവായിരിക്കും. നിന്റെ എതിരാളികൾക്കു ഞാൻ എതിരാളിയുമായിരിക്കും.
23എന്റെ ദൂതൻ നിനക്കുമുൻപേ പോയി നിന്നെ അമോര്യർ, ഹിത്യർ, പെരീസ്യർ, കാനാന്യർ, ഹിവ്യർ, ജബൂസ്യർ എന്നിവരുടെ ഇടയിലേക്കു നയിക്കും. അപ്പോൾ ഞാൻ അവരെ നിശ്ശേഷം നശിപ്പിക്കും.
24നീ അവരുടെ ദേവൻമാരെ കുമ്പിടുകയോ ആരാധിക്കുകയോ ചെയ്യ രുത്. അവരുടെ ആചാരങ്ങൾ അനുകരിക്ക രുത്. അവരുടെ ദേവൻമാരെ നശിപ്പിക്കുകയും ആരാധനാസ്തംഭങ്ങൾ തകർക്കുകയും ചെയ്യണം.
25നിങ്ങളുടെ ദൈവമായ കർത്താവിനെ നിങ്ങൾ ആരാധിക്കണം. അപ്പോൾ ഞാൻ നിങ്ങളുടെ ഭക്ഷ്യവും പാനീയവും ആശീർവദിക്കും; നിങ്ങളുടെ ഇടയിൽ നിന്നു രോഗം നിർമാർജനം ചെയ്യും.
26ഗർഭച്ഛിദ്രമോ വന്ധ്യതയോ നാട്ടിൽ ഉണ്ടാവുകയില്ല; നിനക്കു ഞാൻ ദീർഘായുസ്സു തരും.
27നീ ചെന്നെത്തും മുൻപേ നിനക്ക് ഏറ്റുമുട്ടേണ്ടി വരുന്ന ജനങ്ങൾ എന്നെ ഭയപ്പെടുന്നതിനു ഞാൻ ഇടയാക്കും. അവരിൽ സംഭ്രമം ജനിപ്പിക്കും. നിന്റെ ശത്രുക്കൾ പിന്തിരിഞ്ഞോടും.
28നിനക്കു മുൻപേ ഞാൻ കടന്നലുകളെ അയയ്ക്കും. അവ ഹിവ്യർ, കാനാന്യർ, ഹിത്യർ എന്നിവരെ നിന്റെ മുൻപിൽനിന്നു തുരത്തും.
29എന്നാൽ ഒറ്റ വർഷം കൊണ്ട് അവരെ നിന്റെ മുൻപിൽ നിന്നു തുടച്ചുമാറ്റുകയില്ല. അങ്ങനെ ചെയ്താൽ നാടു വിജനമാകുകയും നിനക്ക് ഉപദ്രവകാരികളായ വന്യമൃഗങ്ങൾ പെരുകുകയും ചെയ്യും.
30നീ വർധിച്ച് നാടു കൈവശപ്പെടുത്തുന്നതനുസരിച്ച് അവരെ നിന്റെ മുൻപിൽനിന്ന് ഞാൻ പുറന്തള്ളിക്കൊണ്ടിരിക്കും.
31നിന്റെ അതിർത്തികൾ ചെങ്കടൽ മുതൽ ഫിലിസ്ത്യാക്കടൽവരെയും മരുഭൂമി മുതൽ യൂഫ്രട്ടീസ് നദിവരെയുമായി ഞാൻ നിശ്ചയിക്കും. തദ്ദേശവാസികളെ ഞാൻ നിന്റെ കൈയിലേൽപിക്കും. നീ അവരെ നിന്റെ മുൻപിൽനിന്നു തുരത്തണം.
32അവരോടോ അവരുടെ ദേവൻമാരോടോ നീ ഉട മ്പടി ചെയ്യരുത്.
33അവർ നിന്റെ നാട്ടിൽ വസിച്ചുകൂടാ. വസിച്ചാൽ, എനിക്കെതിരായി പാപം ചെയ്യാൻ അവർ നിന്നെ പ്രേരിപ്പിക്കും. നീ അവരുടെ ദേവൻമാരെ ആരാധിച്ചാൽ അതു നിനക്കൊരു കെണിയായിരിക്കുകയും ചെയ്യും.