പുറപ്പാട് 36
അധ്യായങ്ങൾ
വിശുദ്ധ കൂടാരത്തിൻെറ നിർമാണം
1വിശുദ്ധ സ്ഥലത്തിന്റെ നിർമാണത്തിനായി ഏതു ജോലിയും ചെയ്യാൻപോന്ന അറിവും സാമർഥ്യവുംനൽകി കർത്താവ് അനുഗ്രഹിച്ച ബസാലേലും ഒഹോലിയാബും കരവിരുതുള്ള മറ്റാളുകളും അവിടുന്നു കൽപിച്ചതനുസരിച്ചു ജോലിചെയ്യണം.
2ബസാലേലിനെയും, ഒഹോലിയാബിനെയും, കർത്താവ് അറിവും സാമർഥ്യവും നൽകി അനുഗ്രഹിച്ചവരും ജോലിചെയ്യാൻ ഉൾപ്രേരണ ലഭിച്ചവരുമായ എല്ലാവരെയും മോശ വിളിച്ചുകൂട്ടി.
3വിശുദ്ധ കൂടാരത്തിൻെറ പണിക്കുവേണ്ടി ഇസ്രായേൽജനംകൊണ്ടുവന്ന കാഴ്ചകളെല്ലാം മോശയുടെ അടുക്കൽ നിന്ന് അവർ സ്വീകരിച്ചു. എല്ലാ പ്രഭാതത്തിലും ജനങ്ങൾ സ്വമേധയാ കാഴ്ചകൾ കൊണ്ടുവന്നിരുന്നു.
4അതിനാൽ, വിശുദ്ധ കൂടാരത്തിൻെറ വിവിധതരം പണികളിലേർപ്പെട്ടിരുന്ന വിദഗ്ധൻമാരെല്ലാവരും ജോലിനിർത്തി മോശയുടെയടുത്തു വന്നു.
5അവർ മോശയോടു പറഞ്ഞു: കർത്താവു നമ്മോടു കൽപിച്ചിട്ടുള്ള ജോലിക്കാവശ്യമായതിൽ കൂടുതൽ വസ്തുക്കൾ ജനങ്ങൾ കൊണ്ടുവരുന്നു.
6ഉടനെ മോശ പാളയത്തിലെങ്ങും ഒരു കൽപന വിളംബരം ചെയ്തു. വിശുദ്ധ കൂടാരത്തിനു വേണ്ടി പുരുഷനോ, സ്ത്രീയോ ആരും ഇനി കാണിക്ക കൊണ്ടുവരേണ്ടതില്ല. അങ്ങനെ, ജനങ്ങൾ കാണിക്കകൊണ്ടുവരുന്നത് അവൻ നിയന്ത്രിച്ചു.
7എല്ലാ പണികൾക്കും ആവശ്യമായതിൽക്കവിഞ്ഞവസ്തുക്കൾ അവർക്കു ലഭിച്ചിരുന്നു.
8പണിയിൽ ഏർപ്പെട്ടിരുന്നവരിൽ വിദഗ്ധരായവർ പത്തു വിരികൾകൊണ്ടു കൂടാരമുണ്ടാക്കി. അവനീലം, ധൂമ്രം, കടുംചെമപ്പ് എന്നീ വർണങ്ങളിലുള്ള നൂലുകളും നേർമയിൽനെയ്തെടുത്ത ചണത്തുണിയും കൊണ്ടു നിർമിച്ചവയും കെരൂബുകളുടെ ചിത്രം തുന്നിയലങ്കരിച്ചവയുമായിരുന്നു.
9ഓരോ വിരിയുടെയും നീളം ഇരുപത്തെട്ടു മുഴവും വീതി നാലു മുഴവുമായിരുന്നു. എല്ലാ വിരികളും ഒരേ അളവിലുള്ളതായിരുന്നു.
10അവർ അഞ്ചു വിരികൾ ഒന്നിനൊന്നു യോജിപ്പിച്ചു; അതുപോലെ മറ്റേ അഞ്ചു വിരികളും.
11ആദ്യഗണം വിരികളിൽ അവസാനത്തേതിന്റെ വക്കിൽ നീല നൂൽകൊണ്ട് അവർ വളയങ്ങൾ നിർമിച്ചു; അപ്രകാരംതന്നെ രണ്ടാം ഗണം വിരികളിൽ അവസാനത്തേതിന്റെ വക്കിലും.
12ഒന്നാമത്തേതിലും രണ്ടാമത്തേ തിലും അൻപതു വളയങ്ങൾ വീതമുണ്ടാക്കി. ഒന്നിനുനേരേ ഒന്നു വരത്തക്കവിധത്തിലാണ് വളയങ്ങൾ നിർമിച്ചത്.
13അൻപതു സ്വർണക്കൊളുത്തുകളുണ്ടാക്കി, വിരികൾ പരസ്പരം ബന്ധിച്ചു. അങ്ങനെ, കൂടാരം ഒന്നായിത്തീർന്നു.
14കൂടാരത്തിൻെറ മുകൾഭാഗം മൂടുന്നതിന് കോലാട്ടിൻരോമംകൊണ്ട് അവർ പതിനൊന്നു വിരികളുണ്ടാക്കി.
15ഓരോ വിരിയുടെയും നീളം മുപ്പതു മുഴവും വീതി നാലു മുഴവുമായിരുന്നു. പതിനൊന്നു വിരികൾക്കും ഒരേ അളവുതന്നെ.
16അവർ അഞ്ചു വിരികൾ ഒന്നോടൊന്നു തുന്നിച്ചേർത്തു; അതുപോലെ മറ്റേ ആറുവിരികളും.
17ഇരുഗണത്തെയും തമ്മിൽ യോജിപ്പിക്കുന്ന വിരികളുടെ വിളുമ്പുകളിൽ അൻപതു വളയങ്ങൾവീതം നിർമിച്ചു.
18കൂടാരം കൂട്ടിയോജിപ്പിക്കാൻ ഓടുകൊണ്ട് അൻപതുകൊളുത്തുകളുമുണ്ടാക്കി.
19കൂടാരത്തിന് ഊറയ്ക്കിട്ട മുട്ടാടിൻതോലുകൊണ്ട് ഒരാവരണവും അതിനുമീതേ നിലക്കരടിത്തോലുകൊണ്ട് വേറൊരാവരണവും നിർമിച്ചു.
20കൂടാരത്തിന് കരുവേലപ്പലകകൾകൊണ്ടു നിവർന്നു നിൽക്കുന്ന ചട്ടങ്ങളുമുണ്ടാക്കി.
21ഓരോ പലകയുടെയും നീളം പത്തു മുഴമായിരുന്നു; വീതി ഒന്നര മുഴവും.
22പല കകളെ തമ്മിൽച്ചേർക്കുന്നതിന് ഓരോ പല കയിലും ഈരണ്ടു കുടുമകൾ ഉണ്ടായിരുന്നു. എല്ലാ പലകകളും ഇങ്ങനെതന്നെയാണുണ്ടാക്കിയത്.
23അവർ കൂടാരത്തിനുള്ള ചട്ടപ്പലകകൾ ഇപ്രകാരമാണുണ്ടാക്കിയത്: തെക്കുവശത്ത് ഇരുപതു പലകകൾ;
24ഇരുപതു പലകകളുടെ അടിയിൽ വെള്ളികൊണ്ട് നാൽപതു പാദകുടങ്ങൾ - ഓരോ പലകയുടെയും അടിയിൽ കുടുമയ്ക്ക് ഒന്നുവീതം രണ്ടു പാദകുടങ്ങൾ.
25കൂടാരത്തിൻെറ വടക്കുവശത്ത് അവർ ഇരുപതു പലകകളുണ്ടാക്കി.
26ഓരോ പലകയ്ക്കുമടിയിൽ രണ്ടുവീതം വെള്ളികൊണ്ടുള്ള നാൽപതു പാദകുടങ്ങളും ഉണ്ടാക്കി.
27കൂടാരത്തിൻെറ പിൻഭാഗമായ പടിഞ്ഞാറുവശത്ത് ആറു പലകകളുണ്ടാക്കി;
28കൂടാരത്തിൻെറ പിൻഭാഗത്തെ രണ്ടു മൂലകൾക്കായി രണ്ടു പലകകളും.
29അവയുടെ ചുവടുകൾ അകത്തിയും മുകൾഭാഗം ഒരു വളയംകൊണ്ടു യോജിപ്പിച്ചും നിർത്തി. ഇരുമൂലകളിലുമുള്ള രണ്ടു പല കകൾക്കും ഇപ്രകാരം ചെയ്തു.
30അങ്ങനെ, എട്ടു പലകകളും, ഒരു പലകയുടെ അടിയിൽ രണ്ടുവീതംവെള്ളികൊണ്ടുള്ള പതിനാറു പാദകുടങ്ങളുമുണ്ടായിരുന്നു.
31കരുവേലത്തടികൊണ്ട് അവർ അഴികൾ നിർമിച്ചു. കൂടാരത്തിൻെറ ഒരുവശത്തെ പലകകൾക്ക് അഞ്ച് അഴികൾ.
32മറുവശത്തുള്ള പലകകൾക്കും അഞ്ച് അഴികൾ. കൂടാരത്തിൻെറ പിൻഭാഗമായ പടിഞ്ഞാറുവശത്തെ പലകകൾക്കും അഞ്ച് അഴികൾ.
33നടുവിലുള്ള അഴി പലകയുടെ പകുതി ഉയരത്തിൽ വച്ച് ഒരറ്റം മുതൽ മറ്റേ അറ്റം വരെ കടത്തിവിട്ടു.
34അവർ പലകകളും അഴികളും സ്വർണംകൊണ്ടു പൊതിയുകയും അഴികൾ കടത്താനുള്ള വളയങ്ങൾ സ്വർണംകൊണ്ടു നിർമിക്കുകയും ചെയ്തു.
35നീലം, ധൂമ്രം, കടുംചെമപ്പ് എന്നീ വർണങ്ങളിലുള്ള നൂലുകളും നേർമയിൽ നെയ് തെടുത്ത ചണത്തുണിയുമുപയോഗിച്ച് തിരശ്ശീലയുണ്ടാക്കി. കെരൂബുകളുടെ ചിത്രം വിദഗ്ധമായി തുന്നിച്ചേർത്ത് അതലങ്കരിച്ചു.
36അവർ കരുവേലത്തടികൊണ്ടു നാലു തൂണുകളുണ്ടാക്കി, സ്വർണംകൊണ്ടു പൊതിഞ്ഞു. അവയ്ക്കു സ്വർണംകൊണ്ടു കൊളുത്തുകളുംവെള്ളികൊണ്ടു നാലു പാദകുടങ്ങളും പണിതു.
37നീലം, ധൂമ്രം, കടുംചെമപ്പ് എന്നീ വർണങ്ങളിലുള്ള നൂലുകളും നേർമയിൽ നെയ്ത് ചിത്രത്തുന്നൽകൊണ്ട് അലങ്കരിച്ച ചണത്തുണിയുമുപയോഗിച്ച് കൂടാര വാതിലിന് അവർയവനികയുണ്ടാക്കി.
38അ തിനായി അഞ്ചു തൂണുകളും അവയിൽ കൊളുത്തുകളുമുണ്ടാക്കി. തൂണുകളുടെ ശീർഷങ്ങൾ സ്വർണംകൊണ്ടുപൊതിഞ്ഞു. പട്ട കൾ സ്വർണംകൊണ്ടും അവയുടെ അഞ്ചു പാദകുടങ്ങൾ ഓടുകൊണ്ടും നിർമിച്ചു.