പുറപ്പാട് 13
അധ്യായങ്ങൾ
ആദ്യജാതർ ദൈവത്തിന്
1കർത്താവു മോശയോടു കൽപിച്ചു:
2ഇസ്രായേലിലെ ആദ്യജാതരെയെല്ലാം എനിക്കായി സമർപ്പിക്കുക. മനുഷ്യരുടെയും മൃഗങ്ങളുടെയും കടിഞ്ഞൂലുകൾ എനിക്കുള്ളതാണ്.
പുളിപ്പില്ലാത്ത അപ്പത്തിൻെറ തിരുനാൾ
3മോശ ജനത്തോടു പറഞ്ഞു: അടിമ ത്തത്തിൻെറ നാടായ ഈജിപ്തിൽനിന്നു പുറത്തുവന്ന ഈ ദിവസം നിങ്ങൾ അനുസ്മരിക്കണം; കർത്താവാണു തൻെറ ശക്ത മായ കരത്താൽ നിങ്ങളെ അവിടെനിന്നു മോചിപ്പിച്ചത്. ഈ ദിവസം ആരും പുളിപ്പുള്ള അപ്പം ഭക്ഷിക്കരുത്.
4ആബീബു മാസത്തിലെ ഈ ദിവസമാണ് നിങ്ങൾ പുറപ്പെട്ടത്.
5കാനാന്യർ, ഹിത്യർ, അമോര്യർ, ഹിവ്യർ, ജബൂസ്യർ എന്നിവരുടെ നാട്ടിലേക്ക് - നിങ്ങൾക്കു നല്കാമെന്നു കർത്താവു നിങ്ങളുടെ പിതാക്കൻമാരോടു വാഗ്ദാനം ചെയ്ത, തേനും പാലും ഒഴുകുന്ന ദേശത്തേക്ക് - അവിടുന്നു നിങ്ങളെ പ്രവേശിപ്പിച്ചുകഴിയുമ്പോൾ, ഈ മാസത്തിൽ ഈ കർമം നിങ്ങൾ അനുഷ്ഠിക്കണം.
6നിങ്ങൾ ഏഴു ദിവസത്തേക്ക് പുളിപ്പില്ലാത്ത അപ്പം ഭക്ഷിക്കണം. ഏഴാം ദിവസം കർത്താവിന്റെ തിരുനാളായി ആചരിക്കണം.
7ഏഴു ദിവസത്തേക്ക് പുളിപ്പില്ലാത്ത അപ്പമേ ഭക്ഷിക്കാവൂ. പുളിപ്പുള്ള അപ്പം നിങ്ങളുടെ പക്കൽ കാണരുത്. പുളിമാവ് നിങ്ങളുടെ നാട്ടിലെങ്ങും ഉണ്ടായിരിക്കരുത്.
8ആദിവസം നിന്റെ മകനോടു പറയണം: ഈജിപ്തിൽ നിന്നു ഞാൻ പുറത്തുപോന്നപ്പോൾ കർത്താവ് എനിക്കുവേണ്ടി പ്രവർത്തിച്ചതിന്റെ ഓർമയ്ക്കായിട്ടാണിത്.
9ഇതു നിന്റെ ഭുജത്തിൽ ഒരടയാളവും നെററിയിൽ ഒരു സ്മാരകവുമെന്നപോലെ ആയിരിക്കണം. അങ്ങനെ കർത്താവിന്റെ നിയമം എപ്പോഴും നിന്റെ അധരത്തിലുണ്ടായിരിക്കട്ടെ. എന്തെന്നാൽ, ശക്തമായ കരത്താലാണു കർത്താവു നിങ്ങളെ ഈജിപ്തിൽ നിന്നു മോചിപ്പിച്ചത്.
10വർഷംതോറും നിശ്ചിതസമയത്ത് ഇത് ആചരിക്കണം.
ആദ്യജാതരുടെ സമർപ്പണം
11നിങ്ങളോടും നിങ്ങളുടെ പിതാക്കൻമാരോടും വാഗ്ദാനം ചെയ്തതുപോലെ കർത്താവു നിങ്ങളെ കാനാൻദേശത്തു പ്രവേശിപ്പിക്കുകയും അവിടം നിങ്ങൾക്കു നൽകുകയും ചെയ്യുമ്പോൾ
12നിങ്ങളുടെ എല്ലാ ആദ്യജാതരെയും കർത്താവിനു സമർപ്പിക്കണം. മൃഗങ്ങളുടെ കടിഞ്ഞൂലുകളിലും ആൺകുട്ടികൾ കർത്താവിനുള്ളവയായിരിക്കും.
13എന്നാൽ, ഒരു ആട്ടിൻകുട്ടിയെ പകരം കൊടുത്തു കഴുതയുടെ കടിഞ്ഞൂലിനെ വീണ്ടെടുക്കാം. വീണ്ടെടുക്കുന്നില്ലെങ്കിൽ അതിന്റെ കഴുത്തു ഞെരിച്ചു കൊന്നുകളയണം. നിങ്ങളുടെ മക്കളിൽ ആദ്യജാതരെയെല്ലാം വീണ്ടെടുക്കണം.
14ഇതിന്റെ അർഥമെന്താണെന്ന് പിൽക്കാലത്ത് നിന്റെ മകൻ ചോദിച്ചാൽ നീ പറയണം: അടിമത്തത്തിന്റെ നാടായ ഈജിപ്തിൽനിന്ന് കർത്താവു തൻെറ ശക്തമായ കരത്താൽ നമ്മെ മോചിപ്പിച്ചു.
15നമ്മെ വിട്ടയയ്ക്കാൻ ഫറവോ വിസമ്മതിച്ചപ്പോൾ ഈജിപ്തിലെ ആദ്യജാതരെ - മനുഷ്യരുടെയും മൃഗങ്ങളുടെയും കടിഞ്ഞൂലുകളെയെല്ലാം - കർത്താവു സംഹരിച്ചു. അതിനാലാണ്, മൃഗങ്ങളുടെ കടിഞ്ഞൂലുകളിൽ ആൺകുട്ടികളെയെല്ലാം ഞാൻ കർത്താവിനു ബലിയർപ്പിക്കുന്നത്. എന്നാൽ എന്റെ കടിഞ്ഞൂൽപുത്രൻമാരെ ഞാൻ വീണ്ടെടുക്കുന്നു.
16ഇതു നിന്റെ ഭുജത്തിൽ ഒരടയാളവും നെററിയിൽ ഒരു സ്മാരകവുമെന്ന പോലെയായിരിക്കണം. എന്തെന്നാൽ, തൻെറ ശക്തമായ കരത്താൽ കർത്താവു നമ്മെ ഈജിപ്തിൽനിന്നു പുറത്തേക്കു കൊണ്ടുവന്നു.
മേഘസ്തംഭവും അഗ്നിസ്തംഭവും
17ഫറവോ ജനത്തെ വിട്ടയച്ചപ്പോൾ ഫിലിസ്ത്യരുടെ ദേശത്തുകൂടിയുള്ള വഴിയായിരുന്നു എളുപ്പമെങ്കിലും അതിലെയല്ലദൈവം അവരെ നയിച്ചത്. കാരണം, യുദ്ധം ചെയ്യേണ്ടിവരുമോ എന്നു ഭയപ്പെട്ട്, മന സ്സുമാറി, ജനം ഈജിപ്തിലേക്കു മടങ്ങിയേക്കുമെന്ന് അവിടുന്ന് വിചാരിച്ചു.
18ദൈവം ജനത്തെ മരുഭൂമിയിലുള്ള വഴിയിലേക്കു തിരിച്ചുവിട്ട് ചെങ്കടലിനു നേരേ നയിച്ചു. അവർ ഈജിപ്തിൽനിന്നു പുറത്തേക്കു പോയത് ആയുധധാരികളായിട്ടാണ്.
19ജോസഫ് ഇസ്രായേൽക്കാരെക്കൊണ്ടു സത്യം ചെയ്യിച്ചിരുന്നതനുസരിച്ചു മോശ ജോസഫിന്റെ അസ്ഥികളും കൂടെക്കൊണ്ടുപോയി. ജോസഫ് അവരോടു പറഞ്ഞിരുന്നു: ദൈവം തീർച്ചയായും നിങ്ങളെ സന്ദർശിക്കും. അപ്പോൾ എന്റെ അസ്ഥികൾ ഇവിടെനിന്നു നിങ്ങളുടെകൂടെ കൊണ്ടുപോകണം.
20അവർ സുക്കോത്തിൽ നിന്നു മുൻപോട്ടു നീങ്ങി മരുഭൂമിയുടെ അരികിലുള്ള ഏത്താമിൽ കൂടാരമടിച്ചു.
21അവർക്കു രാവും പക ലുംയാത്ര ചെയ്യാനാവുംവിധം പകൽ വഴികാട്ടാൻ ഒരു മേഘസ്തംഭത്തിലും, രാത്രിയിൽ പ്രകാശം നല്കാൻ ഒരു അഗ്നിസ്തംഭത്തിലും കർത്താവ് അവർക്കു മുൻപേ പോയിരുന്നു.
22പകൽ മേഘസ്തംഭമോ, രാത്രി അഗ്നിസ്തംഭമോ അവരുടെ മുൻപിൽ നിന്നു മാറിയില്ല.