പുറപ്പാട് 22
അധ്യായങ്ങൾ
നഷ്ടപരിഹാരം
1ഒരുവൻ കാളയേയോ ആടിനേയോമോഷ്ടിച്ചു കൊല്ലുകയോ വില്ക്കുകയോചെയ്താൽ, അവൻ ഒരു കാളയ്ക്കു പകരം അഞ്ചു കാളയെയും ഒരാടിനു പകരം നാല് ആടിനെയും കൊടുക്കണം.
2ഭവനഭേദനത്തിനിടയിൽ പിടിക്കപ്പെടുന്ന കള്ളൻ അടിയേറ്റു മരിച്ചാൽ അവന്റെ രക്തത്തിനു പ്രതികാരം ചെയ്യേണ്ടതില്ല.
3എന്നാൽ, സൂരേ്യാദയത്തിനു ശേഷമാണ് ഇതു സംഭവിക്കുന്നതെങ്കിൽ, അവന്റെ രക്തത്തിനു പ്രതികാരംചെയ്യണം.
4മോഷ്ടിച്ചവസ്തു മുഴുവൻ മോഷ്ടാവു തിരിച്ചു കൊടുക്കണം. അവന്റെ കൈ വശം ഒന്നുമില്ലെങ്കിൽ അവനെ വിറ്റ് നഷ്ടം ഈടാക്കണം. മോഷ്ടിക്കപ്പെട്ട കാളയോ കഴുതയോ ആടോ അവന്റെ പക്കൽ ജീവനോടെ കാണപ്പെടുന്നെങ്കിൽ മോഷ്ടിച്ചതിൻെറ ഇരട്ടി അവൻ തിരികെ കൊടുക്കണം.
5ഒരുവൻ മറ്റൊരുവന്റെ വയലിലോ മുന്തിരിത്തോട്ടത്തിലോ തൻെറ കന്നുകാലികളെ മേയിക്കുകയോ, അവയെ അഴിച്ചുവിട്ടു മറ്റൊരുവന്റെ വയലിൽ മേയാനിടയാക്കുകയോ ചെയ്താൽ, അവൻ തൻെറ വയലിലും മുന്തിരിത്തോട്ടത്തിലും നിന്നുള്ള ഏറ്റവും നല്ല വിളവ് നഷ്ടപരിഹാരമായി കൊടുക്കണം.
6മുൾപ്പടർപ്പിനു തീ പടർന്നുപിടിച്ചിട്ട് കൊയ്തുകൂട്ടിയ ധാന്യമോ കൊയ്യാത്ത ധാന്യമോ വയലോ കത്തിനശിക്കാനിടയായാൽ, തീ കത്തിച്ചയാൾ നഷ്ടപരിഹാരംചെയ്യണം.
7അയൽക്കാരൻ സൂക്ഷിക്കാനേൽപിച്ച പണമോ സാധനങ്ങളോ ഒരു വീട്ടിൽനിന്നു മോഷ്ടിക്കപ്പെടുകയും കള്ളനെ പിടികൂടുകയും ചെയ്താൽ, മോഷ്ടിച്ചതിൻെറ ഇരട്ടി അവൻ തിരികെക്കൊടുക്കണം.
8കള്ളനെ പിടികിട്ടിയില്ലെങ്കിൽ, താൻ അയൽക്കാരന്റെ വസ്തുക്കളിൻമേൽ കൈവച്ചിട്ടില്ലെന്ന് വീട്ടുടമസ്ഥൻ ദൈവതിരുമുൻപിൽ സത്യം ചെയ്യണം.
9കാള, കഴുത, ആട്, വസ്ത്രം നഷ്ടപ്പെട്ട മറ്റെന്തെങ്കിലും വസ്തു ഇവയെപ്പറ്റി തർക്കമുണ്ടാകുകയും, ഇതെൻേറതാണ് എന്നു രണ്ടുപേർ അവകാശപ്പെടുകയും ചെയ്താൽ, ഇരുവരും ദൈവസന്നിധിയിൽ വരട്ടെ. കുറ്റക്കാരനെന്നു ദൈവം വിധിക്കുന്ന ആൾ തൻെറ അയൽക്കാരന് ഇരട്ടി തിരികെക്കൊടുക്കണം.
10ഒരുവൻ അയൽക്കാരന്റെ പക്കൽ സൂക്ഷിക്കാനേൽപിച്ച കാളയോ കഴുതയോ ആടോ മറ്റേതെങ്കിലും മൃഗമോ പരുക്കേൽക്കുകയോ ചത്തുപോവുകയോ നഷ്ടപ്പെടുകയോ ചെയ്യുകയും അതിനു സാക്ഷിയില്ലാതിരിക്കുകയും ചെയ്താൽ,
11ആ അയൽക്കാരൻ കർത്താവിന്റെ നാമത്തിൽ സത്യം ചെയ്തു തൻെറ നിരപരാധത തെളിയിക്കണം. ഉടമസ്ഥൻ സത്യപ്രതിജ്ഞ അംഗീകരിക്കണം. മുതൽ തിരിച്ചു കൊടുക്കാൻ അപരനു കടമയുണ്ടായിരിക്കുകയില്ല.
12എന്നാൽ, അതു തൻെറ പക്കൽനിന്നുമോഷ്ടിക്കപ്പെട്ടാൽ, അവൻ അതിന്റെ ഉടമസ്ഥനു നഷ്ടപരിഹാരം ചെയ്യണം.
13വന്യമൃഗങ്ങൾ അതിനെ കടിച്ചുകീറിയെങ്കിൽ തെളിവിനായി അവശിഷ്ടങ്ങൾ ഹാജരാക്കട്ടെ. കടിച്ചുകീറപ്പെട്ടതിനു നഷ്ട പരിഹാരം ചെയ്യേണ്ടതില്ല.
14ഒരുവൻ തൻെറ അയൽക്കാരനിൽനിന്ന് ഏതെങ്കിലും മൃഗത്തെ വായ്പ വാങ്ങിയിട്ട്, ഉടമസ്ഥന്റെ അസാന്നിധ്യത്തിൽ അതു ചാകുന്നതിനോ അതിനു മുറിവേൽക്കുന്നതിനോ ഇടയായാൽ അവൻ നഷ്ടപരിഹാരം ചെയ്യണം.
15എന്നാൽ, അതു സംഭവിക്കുന്നത് ഉടമസ്ഥന്റെ സാന്നിധ്യത്തിലാണെങ്കിൽ നഷ്ട പരിഹാരം ചെയ്യേണ്ടാ. അതു കൂലിക്കെടുത്തതാണെങ്കിൽ കൂലികൊണ്ടു നഷ്ടം പരിഹരിക്കപ്പെടും.
വിവിധ നിയമങ്ങൾ
16വിവാഹനിശ്ചയം കഴിഞ്ഞിട്ടില്ലാത്ത ഒരു കന്യകയെ വശീകരിച്ച് അവളോടൊത്തു ശയിക്കുന്നവൻ വിവാഹത്തുക നൽകി അവളെ ഭാര്യയായി സ്വീകരിക്കണം.
17അവളെ അവനു ഭാര്യയായി കൊടുക്കാൻ അവളുടെ പിതാവു തീർത്തും വിസമ്മതിച്ചാൽ, കന്യകകൾക്കുള്ള വിവാഹത്തുക അവൻ കൊടുക്കണം.
18മന്ത്രവാദിനിയെ ജീവിക്കാനനുവദിക്കരുത്.
19മൃഗത്തോടു സംഗമിക്കുന്നവൻ വധിക്കപ്പെടണം.
20കർത്താവിനു മാത്രമല്ലാതെ മറ്റു ദേവൻമാർക്കു ബലിയർപ്പിക്കുന്നവനെ നിശ്ശേഷം നശിപ്പിക്കണം.
21നിങ്ങൾ പരദേശിയെ ദ്രോഹിക്കുകയോ ഞെരുക്കുകയോ അരുത്. നിങ്ങൾ ഈജിപ്തിൽ പരദേശികളായിരുന്നല്ലോ.
22വിധവയെയോ, അനാഥനെയോ നിങ്ങൾ പീഡിപ്പിക്കരുത്.
23നിങ്ങൾ അവരെ ഉപദ്രവിക്കുകയും അവർ എന്നെ വിളിച്ചുകരയുകയുംചെയ്താൽ നിശ്ചയമായും ഞാൻ അവരുടെ നിലവിളി കേൾക്കും.
24എന്റെ കോപം ജ്വലിക്കുകയും നിങ്ങളെ ഞാൻ വാൾ കൊണ്ടു വധിക്കുകയും ചെയ്യും. അപ്പോൾ നിങ്ങളുടെ ഭാര്യമാർ വിധവകളും നിങ്ങളുടെ മക്കൾ അനാഥരുമായിത്തീരും.
25നിന്നോടൊന്നിച്ചു വസിക്കുന്ന, എന്റെ ജനത്തിൽ ദരിദ്രരായ ആർക്കെങ്കിലും നീ വായ്പ കൊടുത്താൽ, പലിശയ്ക്കു കടം കൊടുക്കുന്നവനെപ്പോലെ പെരുമാറരുത്. അവരിൽനിന്നു പലിശ ഈടാക്കുകയുമരുത്.
26അയൽക്കാരന്റെ മേലങ്കി പണയം വാങ്ങിയാൽ സൂര്യാസ്തമയത്തിനു മുൻപ് അതു തിരിയെക്കൊടുക്കണം.
27എന്തെന്നാൽ, അതു മാത്രമാണ് അവനുള്ള പുതപ്പ്. തൻെറ ശരീരത്തിലണിയുന്ന ആ ഉടുപ്പല്ലാതെ അവനുറങ്ങുമ്പോൾ പുതയ്ക്കാൻമറ്റെന്തുണ്ട്? അവൻ എന്നെ വിളിച്ചു കരഞ്ഞാൽ ഞാൻ അതുകേൾക്കും; ഞാൻ കരുണയുള്ളവനാണ്.
28നീ ദൈവത്തെനിന്ദിക്കുകയോ നിന്റെ ജനത്തിന്റെ ഭരണാധികാരിയെ ശപിക്കുകയോ അരുത്.
29നിന്റെ മെതിക്കളത്തിലെയും ചക്കുകളിലെയും ഫലസമൃദ്ധിയിൽ നിന്ന് കാഴ്ച സമർപ്പിക്കാൻ വൈകരുത്. നിന്റെ പുത്രൻമാരിൽ ആദ്യജാതനെ എനിക്കു നൽകണം.
30നിന്റെ കാളകളെയും ആടുകളെയും സംബന്ധിച്ചും ഇപ്രകാരം തന്നെ ചെയ്യണം. അവയുടെ കടിഞ്ഞൂൽ ഏഴുദിവസം തള്ളയുടെ കൂടെ കഴിയട്ടെ. എട്ടാം ദിവസം നീ അതിനെ എനിക്കു തരണം.
31നിങ്ങൾ എനിക്കു സമർപ്പിക്കപ്പെട്ട വിശുദ്ധ ജനമായിരിക്കണം. വന്യമൃഗങ്ങൾ കടിച്ചു കീറിയ മാംസം നിങ്ങൾ ഭക്ഷിക്കരുത്. അതു നായ്ക്കൾക്ക് എറിഞ്ഞുകൊടുക്കണം.