Menu
Print passage

പ്രിന്റിനുള്ള വചനങ്ങൾ

ഒന്നോ അതിലധികമോ അധ്യായങ്ങളും വചനപരിധിയും തിരഞ്ഞെടുക്കുക.

പുറപ്പാട് 28

അധ്യായങ്ങൾ

പുരോഹിതവസ്ത്രങ്ങൾ

1പുരോഹിതൻമാരായി എനിക്കു ശുശ്രൂഷ ചെയ്യാൻവേണ്ടി നിന്റെ സഹോദരനായ അഹറോനെയും അവന്റെ പുത്രൻമാരായ നാദാബ്, അബിഹു, എലെയാസർ, ഇത്താമർ എന്നിവരെയും ഇസ്രായേൽക്കാരുടെയിടയിൽനിന്നു നിന്റെ യടുക്കലേക്കു വിളിക്കുക.
2നിന്റെ സഹോദരനായ അഹറോന് മഹിമയും അഴകും നൽകുന്നതിന് അവനുവേണ്ടി വിശുദ്ധവസ്ത്രങ്ങൾ നിർമിക്കുക.
3അഹറോനെ എന്റെ പുരോഹിതനായി അവരോധിക്കാൻവേണ്ടി അവനു സ്ഥാന വസ്ത്രങ്ങൾ നിർമിക്കാൻ ഞാൻ നൈപുണ്യം നൽകിയിട്ടുള്ള എല്ലാ വിദഗ്ധൻമാരോടും നീ ആവശ്യപ്പെടുക.
4അവർ നിർമിക്കേണ്ട വസ്ത്രങ്ങൾ ഇവയാണ്: ഉരസ്ത്രാണം, എഫോദ്, നിലയങ്കി, ചിത്രത്തയ്യലുള്ള അങ്കി, തലപ്പാവ്, അരപ്പട്ട. എനിക്കു പുരോഹിതശുശ്രൂഷ ചെയ്യാൻ അഹറോനും പുത്രൻമാർക്കും വേണ്ടി അവർ വിശുദ്ധ വസ്ത്രങ്ങൾ നിർമിക്കട്ടെ.
5സ്വർണനൂൽ, നീലം, ധൂമ്രം, കടുംചെമപ്പ് എന്നീ നിറങ്ങളുള്ള നൂലുകൾ, നേർമയായി പിരിച്ചെടുത്ത ചണം എന്നിവ അവർ ഉപയോഗിക്കണം.
6സ്വർണനൂൽ, നീലം, ധൂമ്രം, കടുംചെമപ്പ് എന്നീ നിറങ്ങളുള്ള നൂലുകൾ, നേർമയായി പിരിച്ചെടുത്ത ചണം എന്നിവ ഉപയോഗിച്ച് വിദഗ്ധമായി അവർ എഫോദ് നിർമിക്കണം.
7അതിന്റെ രണ്ടറ്റങ്ങൾ തമ്മിൽ യോജിപ്പിക്കുന്നതിന് അതിൽ രണ്ടു തോൾവാറുകൾ പിടിപ്പിക്കണം.
8എഫോദ് കെട്ടിയുറപ്പിക്കാനായി അതിൻമേലുള്ള പട്ടയും സ്വർണനൂൽ, നീലം, ധൂമ്രം, കടുംചെമപ്പ് നൂലുകൾ, നേർമയായി പിരിച്ചെടുത്ത ചണം എന്നിവകൊണ്ട് അതേ രീതിയിൽത്തന്നെ വിദഗ്ധമായി നിർമിച്ചതായിരിക്കണം.
9രണ്ടു വൈഡൂര്യക്കല്ലുകളെടുത്ത് അവയിൽ ഇസ്രായേലിന്റെ പുത്രൻമാരുടെ പേരുകൾ കൊത്തണം.
10അവരുടെ പ്രായക്രമമനുസരിച്ച് ഓരോ കല്ലിലും ആറു പേരുകൾവീതം കൊത്തുക.
11രത്ന ശില്പി മുദ്രകൊത്തുന്നതുപോലെ ഇസ്രായേ ലിൻെറ പുത്രൻമാരുടെ പേരുകൾ ആ കല്ലുകളിൽ രേഖപ്പെടുത്തണം. കല്ലുകൾ സ്വർണത്തകിടിൽ പതിക്കണം.
12ഇസ്രായേൽ പുത്രൻമാരുടെ സ്മാരകശിലകളായി അവ എഫോദിൻെറ തോൾവാറുകളിൽ ഉറപ്പിക്കണം. അവരുടെ പേരുകൾ കർത്താവിന്റെ മുൻപിൽ ഒരു സ്മാരകമായി അഹറോൻ തൻെറ ഇരുതോളുകളിലും വഹിക്കട്ടെ.
13രത്നം പതിക്കാനുള്ള തകിടുകൾ സ്വർണംകൊണ്ട് ഉണ്ടാക്കുക.
14തനി സ്വർണംകൊണ്ടു കയറുപോലെ പിണച്ചെടുത്ത രണ്ടു തുടലുകൾ നിർമിച്ച്, അവ സ്വർണത്തകിടുകളുമായി യോജിപ്പിക്കുക.
15ന്യായവിധിയുടെ ഉരസ്ത്രാണം ചിത്രപ്പണികളോടെ നിർമിക്കണം. അത് എഫോദെന്നപോലെ സ്വർണനൂൽ, നീലം, ധൂമ്രം, കടുംചെമപ്പ് എന്നീ നിറങ്ങളുള്ള നൂലുകൾ, നേർമയായി പിരിച്ചെടുത്ത ചണം എന്നിവകൊണ്ടാണ് ഉണ്ടാക്കേണ്ടത്.
16അതു സമ ചതുരത്തിൽ രണ്ടു മടക്കുള്ളതായിരിക്കണം. അതിന് ഒരു ചാൺ നീളവും ഒരു ചാൺ വീതിയും വേണം.
17അതിനുമേൽ നാലു നിര രത്നങ്ങൾ പതിക്കണം. ആദ്യത്തെനിരയിൽ മാണിക്യം, പുഷ്യരാഗം, വൈഡൂര്യം;
18രണ്ടാമത്തെനിരയിൽ മരതകം, ഇന്ദ്രനീലം, വജ്രം;
19മൂന്നാമത്തെനിരയിൽ പവിഴം, ചന്ദ്രകാന്തം, സൗഗന്ധികം;
20നാലാമത്തെനിരയിൽ പത്മരാഗം, ഗോമേദകം, സൂര്യകാന്തം. രത്നങ്ങളെല്ലാം സ്വർണത്തകിടിലാണ് പതിക്കേണ്ടത്.
21ഇസ്രായേലിന്റെ പുത്രൻമാരുടെ പേരുകളനുസരിച്ച് പന്ത്രണ്ടു രത്നങ്ങളുണ്ടായിരിക്കണം. ഓരോ ഗോത്രത്തിൻെറയും പേര് ഓരോ രത്നത്തിലും മുദ്രപോലെ, കൊത്തിയിരിക്കണം.
22ഉരസ്ത്രാണത്തിനുവേണ്ടി തനി സ്വർണംകൊണ്ട് കയറുപോലെ പിണച്ചെടുത്ത തുടലുകൾ പണിയണം.
23സ്വർണംകൊണ്ടു രണ്ടു വളയങ്ങൾ നിർമിച്ച് ഉരസ്ത്രാണത്തിൻെറ മുകളിലത്തെ രണ്ടു മൂലകളിൽ ഘടിപ്പിക്കണം.
24ഉരസ്ത്രാണത്തിൻെറ മൂലകളിലുള്ള രണ്ടു വളയങ്ങളിലൂടെ രണ്ടു സ്വർണത്തുടലുകളിടണം.
25തുടലുകളുടെ മറ്റേയറ്റങ്ങൾ രത്നംപതിച്ച സ്വർണത്തകിടുകളിൽ ഘടിപ്പിച്ച എഫോദിൻെറ തോൾവാറിൻെറ മുൻഭാഗവുമായി ബന്ധിക്കണം.
26രണ്ടു സ്വർണവളയങ്ങൾ പണിത് അവ ഉരസ്ത്രാണത്തിൻെറ താഴത്തെ കോണുകളിൽ അവയുടെ ഉൾഭാഗത്ത്, എഫോദിനോടു ചേർത്ത് ബന്ധിക്കണം.
27രണ്ടു സ്വർണവളയങ്ങൾകൂടി നിർമിച്ച്, അവ എഫോദിൻെറ തോൾവാറുകളുടെ താഴത്തെ അറ്റങ്ങൾക്കു മുൻഭാഗത്ത് അവയുടെ തുന്നലിനോടടുത്ത്, എഫോദിൻെറ അലംകൃതമായ അരപ്പട്ടയ്ക്കു മുകളിലായി ബന്ധിക്കണം.
28ഉരസ്ത്രാണത്തിൻെറയും എഫോദിൻെറയും വളയങ്ങൾ ഒരു നീലച്ചരടുകൊണ്ടു ബന്ധിക്കണം. അപ്പോൾ ഉരസ്ത്രാണം എഫോദിൻെറ അ ലംകൃതമായ അരപ്പട്ടയ്ക്കു മുകളിൽനിന്ന് ഇളകിപ്പോവുകയില്ല.
29അഹറോൻ വിശുദ്ധസ്ഥലത്തു പ്രവേശിക്കുമ്പോൾ ഇസ്രായേലിന്റെ പുത്രൻമാരുടെ പേരുകൾ കൊത്തിയിട്ടുള്ളന്യായവിധിയുടെ ഉരസ്ത്രാണം ധരിക്കണം. അങ്ങനെ, കർത്താവിന്റെ സന്നിധിയിൽ അവർ നിരന്തരം സ്മരിക്കപ്പെടും.
30ന്യായവിധിയുടെ ഉരസ്ത്രാണത്തിൽ ഉറീം, തുമ്മീം എന്നിവനിക്ഷേപിക്കുക. അഹറോൻ കർത്താവിന്റെ മുൻപിൽ പ്രവേ ശിക്കുമ്പോൾ അവ അവന്റെ മാറിലുണ്ടായിരിക്കണം. അങ്ങനെ അഹറോൻ തൻെറ മാറിൽ ഇസ്രായേലിന്റെ ന്യായവിധി കർത്താവിന്റെ സന്നിധിയിൽ നിരന്തരം വഹിക്കട്ടെ.13
31എഫോദിൻെറ നിലയങ്കി നീല നിറമായിരിക്കണം.
32തല കടത്താൻ അതിനു നടുവിൽ ദ്വാരമുണ്ടായിരിക്കണം. ധരിക്കുമ്പോൾ കീറിപ്പോകാതിരിക്കാൻ ഉടുപ്പുകൾക്കു ചെയ്യാറുള്ളതുപോലെ, നെയ്തെടുത്ത ഒരു നാട, ദ്വാരത്തിനു ചുറ്റും തുന്നിച്ചേർക്കണം.
33നിലയങ്കിയുടെ വിളുമ്പിനു ചുറ്റും നീലം, ധൂമ്രം, കടുംചെമപ്പ് എന്നീ നിറങ്ങളിൽ മാത ളനാരങ്ങകളും തുന്നിച്ചേർക്കണം. അവയ്ക്കിടയിൽ സ്വർണമണികൾ ബന്ധിക്കണം.
34ഒന്നിടവിട്ടായിരിക്കണം സ്വർണമണികളും മാതളനാരങ്ങകളും തുന്നിച്ചേർക്കുന്നത്.
35അഹറോൻ പുരോഹിതശുശ്രൂഷ ചെയ്യുമ്പോൾ ഇതു ധരിക്കണം. അവൻ വിശുദ്ധ സ്ഥലത്ത് കർത്താവിന്റെ സന്നിധിയിൽ പ്രവേശിക്കുമ്പോഴും അവിടെനിന്നു പുറത്തുവരുമ്പോഴും അതിന്റെ ശബ്ദം കേൾക്കട്ടെ. ഇല്ലെങ്കിൽ അവൻ മരിക്കും.
36തനി സ്വർണംകൊണ്ട് ഒരു തകിടുണ്ടാക്കി അതിൻമേൽ ഒരു മുദ്രയെന്നപോലെ കർത്താവിനു സമർപ്പിതൻ എന്നു കൊത്തിവയ്ക്കുക.
37ഒരു നീലച്ചരടുകൊണ്ട് അത് തലപ്പാവിന്റെ മുൻവശത്ത് ബന്ധിക്കണം. അഹറോൻ അതു നെറ്റിയിൽ ധരിക്കണം.
38അങ്ങനെ ഇസ്രായേൽക്കാർ വിശുദ്ധവസ്തുക്കൾ കാഴ്ച സമർപ്പിക്കുന്നതിൽ വരുത്തുന്ന വീഴ്ചകൾ അവൻ വഹിക്കട്ടെ. കാണിക്കകൾ കർത്താവിന്റെ സന്നിധിയിൽ സ്വീകാര്യമാകേണ്ടതിന് ആ തകിട് അഹറോന്റെ നെറ്റിയിൽ എപ്പോഴും ഉണ്ടായിരിക്കണം.
39നേർമയായി പിരിച്ചെടുത്ത ചണംകൊണ്ട് ഒരു അങ്കിയുണ്ടാക്കി അതു ചിത്രത്തുന്നലാൽ അലങ്കരിക്കണം. നേർമയായി പിരിച്ചെടുത്ത ചണംകൊണ്ട് തലപ്പാവും ചിത്രാലംകൃതമായ അരപ്പട്ടയും ഉണ്ടാക്കണം.
40അഹറോന്റെ പുത്രൻമാർക്കു മഹിമയും അഴകും ഉണ്ടാകേണ്ടതിന് അവർക്കായി അങ്കികളും അരപ്പട്ടകളും തൊപ്പികളും നിർമിക്കണം.
41ഇവയെല്ലാം നിന്റെ സഹോദരനായ അഹറോനെയും അവന്റെ പുത്രൻമാരെയും നീ അണിയിക്കുക. അവർ എനിക്കു പുരോഹിതശുശ്രൂഷ ചെയ്യേണ്ടതിന് നീ അവരെ അഭിഷേചിച്ചു നിയോഗിക്കുകയും വിശുദ്ധീകരിക്കുകയും ചെയ്യുക.
42അവരുടെ നഗ്നത മറയ്ക്കാൻ ചണത്തുണികൊണ്ട് അരമുതൽ തുടവരെയെത്തുന്ന കാൽച്ചട്ടകളുണ്ടാക്കണം.
43അഹറോനും പുത്രൻമാരും സമാഗമ കൂടാരത്തിൽ പ്രവേശിക്കുകയോ വിശുദ്ധസ്ഥലത്തു ശുശ്രൂഷചെയ്യുന്നതിന് ബലിപീഠത്തെ സമീപിക്കുകയോ ചെയ്യുമ്പോൾ ഇവ ധരിക്കണം. ഇല്ലെങ്കിൽ അവർ കുറ്റക്കാരായിത്തീരുകയും മരിക്കുകയും ചെയ്യും. ഇത് അഹറോനും സന്തതികൾക്കും എന്നേക്കുമുള്ള നിയമമാണ്.

അടിക്കുറിപ്പുകൾ

  1. 13ഉറീം, തുമ്മീം - ദൈവഹിതം അറിയുന്നതിനു പുരോഹിതൻ ഉപയോഗിച്ചിരുന്ന രണ്ടു ചെറിയ ഉപകരണങ്ങൾ.
വായനാ ക്രമീകരണങ്ങൾ
വചനം സംരക്ഷിക്കുക

വിഭാഗം തിരഞ്ഞെടുക്കുക

ഈ വചനം കണ്ടെത്താൻ സഹായിക്കുന്ന ഒരു വിഭാഗം തിരഞ്ഞെടുക്കുക.

സ്വകാര്യ കുറിപ്പ്

വചന കുറിപ്പ്

⌂ഹോം📖ബൈബിൾ✦പഠനം🔖സംരക്ഷിച്ചത്