പുറപ്പാട് 32
അധ്യായങ്ങൾ
സ്വർണംകൊണ്ടുള്ള കാളക്കുട്ടി
1മോശ മലയിൽ നിന്നിറങ്ങിവരാൻ താമസിക്കുന്നുവെന്നു കണ്ടപ്പോൾ, ജനം അഹറോന്റെ ചുറ്റും കൂടി പറഞ്ഞു: ഞങ്ങളെ നയിക്കാൻ വേഗം ദേവൻമാരെ ഉണ്ടാക്കിത്തരുക. ഞങ്ങളെ ഈജിപ്തിൽനിന്നു കൊണ്ടുവന്ന മോശ എന്ന മനുഷ്യന് എന്തു സംഭവിച്ചുവെന്നു ഞങ്ങൾക്കറിവില്ല.
2അഹറോൻ പറഞ്ഞു: നിങ്ങളുടെ ഭാര്യമാരുടെയും പുത്രൻമാരുടെയും പുത്രിമാരുടെയും കാതിലുള്ള സ്വർണവളയങ്ങൾ ഊരിയെടുത്ത് എന്റെ അടുത്തു കൊണ്ടുവരുവിൻ.
3ജനം തങ്ങളുടെ കാതുകളിൽനിന്നു സ്വർണ വളയങ്ങളൂരി അഹറോന്റെ മുൻപിൽ കൊണ്ടുചെന്നു.
4അവൻ അവ വാങ്ങി മൂശയിലുരുക്കി ഒരു കാളക്കുട്ടിയെ വാർത്തെടുത്തു. അപ്പോൾ അവർ വിളിച്ചുപറഞ്ഞു: ഇസ്രായേലേ, ഇതാ ഈജിപ്തിൽനിന്നു നിന്നെ കൊണ്ടുവന്ന ദേവൻമാർ.
5അതു കണ്ടപ്പോൾ അഹറോൻ കാളക്കുട്ടിയുടെ മുൻപിൽ ഒരു ബലിപീഠം പണിതിട്ട് ഇപ്രകാരം പ്രഖ്യാപിച്ചു: നാളെ കർത്താവിന്റെ ഉത്സവദിനമായിരിക്കും.
6അവർ പിറ്റേന്ന് അതിരാവിലെ ഉണർന്ന് ദഹനയാഗങ്ങളും അനുരഞ്ജനയാഗങ്ങളും അർപ്പിച്ചു; ജനം തീനും കുടിയും കഴിഞ്ഞ് വിനോദങ്ങളിലേർപ്പെട്ടു.
7കർത്താവു മോശയോട് അരുളിച്ചെയ്തു: ഉടനെ താഴേക്കുചെല്ലുക. നീ ഈജിപ്തിൽനിന്നു കൂട്ടിക്കൊണ്ടുവന്ന നിന്റെ ജനം തങ്ങളെത്തന്നെ ദുഷിപ്പിച്ചിരിക്കുന്നു.
8ഞാൻ നിർദേശിച്ച മാർഗത്തിൽനിന്ന് അവർ പെട്ടെന്നു വ്യതിചലിച്ചിരിക്കുന്നു. അവർ ഒരു കാളക്കുട്ടിയെ വാർത്തെടുത്ത് അതിനെ ആരാധിക്കുകയും അതിനു ബലിയർപ്പിക്കുകയും ചെയ്തിരിക്കുന്നു. ഇസ്രായേലേ, നിന്നെ ഈ ജിപ്തിൽനിന്നു കൊണ്ടുവന്ന ദേവൻമാർ ഇതാ എന്ന് അവർ പറഞ്ഞിരിക്കുന്നു.
9കർത്താവു മോശയോട് അരുളിച്ചെയ്തു: ഇവർ ദുശ്ശാഠ്യക്കാരായ ഒരു ജനമാണെന്ന് ഞാൻ കണ്ടുകഴിഞ്ഞു.
10അതിനാൽ, എന്നെതടയരുത്; എന്റെ ക്രോധം ആളിക്കത്തി അവരെ വിഴുങ്ങിക്കളയട്ടെ. എന്നാൽ, നിന്നിൽനിന്ന് ഒരു വലിയ ജനതയെ ഞാൻ പുറപ്പെടുവിക്കും.
11മോശ ദൈവമായ കർത്താവിനോടു കാരുണ്യംയാചിച്ചുകൊണ്ടു പറഞ്ഞു: കർത്താവേ, വലിയ ശക്തിയോടും കരബലത്തോടുംകൂടെ അങ്ങുതന്നെ ഈജിപ്തിൽനിന്നു പുറത്തു കൊണ്ടുവന്ന അങ്ങയുടെ ജനത്തിനെതിരേ അവിടുത്തെ ക്രോധം ജ്വലിക്കുന്നതെന്ത്?
12മലകളിൽവച്ചു കൊന്നുകളയുന്നതിനും ഭൂമുഖത്തുനിന്നു തുടച്ചുമാറ്റുന്നതിനുമുള്ള ദുരുദ്ദേശ്യത്തോടുകൂടിയാണ് അവൻ അവരെ കൊണ്ടുപോയത് എന്ന് ഈജിപ്തുകാർ പറയാനിടവരുത്തുന്നതെന്തിന്? അവിടുത്തെ ഉഗ്രകോപം കൈവെടിയണമേ! അങ്ങയുടെ ജനത്തിനെതിരായുള്ള തീരുമാനത്തിൽനിന്നു പിൻമാറണമേ!
13അവിടുത്തെ ദാസൻമാരായ അബ്രാഹത്തെയും ഇസഹാക്കിനെയും ഇസ്രായേലിനെയും ഓർക്കണമേ! നിങ്ങളുടെ സന്തതികളെ ആകാശത്തിലെ നക്ഷത്രങ്ങളെപ്പോലെ ഞാൻ വർധിപ്പിക്കും, ഞാൻ വാഗ്ദാനംചെയ്തിട്ടുള്ള ഈ നാടു മുഴുവൻ നിങ്ങളുടെ സന്തതികൾക്കു ഞാൻ നൽകും, അവർ അത് എന്നേക്കും കൈവശമാക്കുകയും ചെയ്യും എന്ന് അവിടുന്നുതന്നെ ശപഥം ചെയ്തു പറഞ്ഞിട്ടുണ്ടല്ലോ. കർത്താവു ശാന്തനായി.
14തൻെറ ജനത്തിനെതിരായുള്ള തീരുമാനത്തിൽനിന്ന് അവിടുന്നു പിൻമാറി.
15മോശ കൈകളിൽ രണ്ട് ഉടമ്പടിപ്പത്രികകളുമായി താഴേക്കിറങ്ങി. പലകകളുടെ ഇരുവശങ്ങളിലും എഴുത്തുണ്ടായിരുന്നു.
16പലകകൾ ദൈവത്തിന്റെ കൈവേലയും അവയിൽ കൊത്തിയിരുന്നത് അവിടുത്തെ കൈയെഴുത്തുമായിരുന്നു.
17ജനങ്ങൾ അട്ട ഹസിക്കുന്ന സ്വരം കേട്ടപ്പോൾ ജോഷ്വ മോശയോടു പറഞ്ഞു: പാളയത്തിൽ യുദ്ധത്തിന്റെ ശബ്ദം മുഴങ്ങുന്നു.
18എന്നാൽ, മോശ പറഞ്ഞു: ഞാൻ കേൾക്കുന്നത് വിജയത്തിന്റെ അട്ടഹാസമോ പരാജയത്തിന്റെ മുറവിളിയോ അല്ല; പാട്ടുപാടുന്ന ശബ്ദമാണ്.
19മോശ പാളയത്തിനടുത്തെത്തിയപ്പോൾ കാളക്കുട്ടിയെ കണ്ടു; അവർ നൃത്തം ചെയ്യുന്നതും കണ്ടു; അവന്റെ കോപം ആളിക്കത്തി. അവൻ കൽപലകകൾ വലിച്ചെറിഞ്ഞ് മലയുടെ അടിവാരത്തിൽ വച്ച് അവ തകർത്തുകളഞ്ഞു.
20അവൻ കാളക്കുട്ടിയെ എടുത്തു തീയിലിട്ടുചുട്ടു; അത് ഇടിച്ചുപൊടിച്ചു പൊടി വെള്ളത്തിൽക്കലക്കി ഇസ്രായേൽ ജനത്തെക്കൊണ്ടു കുടിപ്പിച്ചു:
21മോശ അഹറോനോടു ചോദിച്ചു: നീ ഈ ജനത്തിന്റെ മേൽ ഇത്ര വലിയൊരു പാപം വരുത്തിവയ്ക്കാൻ അവർ നിന്നോട് എന്തുചെയ്തു?
22അഹറോൻ പറഞ്ഞു: അങ്ങയുടെ കോപം ജ്വലിക്കാതിരിക്കട്ടെ. ഈ ജനത്തിന് തിൻമയിലേക്കുള്ള ചായ്വ് അങ്ങേക്കറിവുള്ളതാണല്ലോ.
23അവർ എന്നോടു പറഞ്ഞു: ഞങ്ങളെ നയിക്കാൻ ഞങ്ങൾക്കു ദേവൻമാരെ ഉണ്ടാക്കിത്തരുക. എന്തെന്നാൽ, ഈജിപ്തിൽനിന്നു ഞങ്ങളെ കൊണ്ടുവന്ന മോശ എന്ന മനുഷ്യന് എന്തുസംഭവിച്ചു എന്നു ഞങ്ങൾക്കറിവില്ല.
24ഞാൻ പറഞ്ഞു: സ്വർണം കൈവശമുള്ളവർ അതു കൊണ്ടുവരട്ടെ. അവർ കൊണ്ടുവന്നു. ഞാൻ അതു തീയിലിട്ടു. അപ്പോൾ ഈ കാളക്കുട്ടി പുറത്തുവന്നു.
25ജനത്തിന്റെ അഴിഞ്ഞാട്ടം മോശ കണ്ടു. ശത്രുക്കളുടെയിടയിൽ സ്വയം ലജ്ജിത രാകത്തക്കവിധം അഴിഞ്ഞാടുന്നതിന് അഹറോൻ അവരെ അനുവദിച്ചിരുന്നു.
26മോശ പാളയത്തിന്റെ വാതിൽക്കൽ നിന്നുകൊണ്ടു പറഞ്ഞു: കർത്താവിന്റെ പക്ഷത്തുള്ളവർ എന്റെ അടുത്തേക്കു വരട്ടെ. ലേവിയുടെ പുത്രൻമാരെല്ലാവരും അവന്റെ അടുക്കൽ ഒന്നിച്ചുകൂടി.
27അവൻ അവരോടു പറഞ്ഞു: ഇസ്രായേലിന്റെ ദൈവമായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു. ഓരോ മനുഷ്യനും തൻെറ വാൾ പാർശ്വത്തിൽ ധരിക്കട്ടെ. പാളയത്തിലുടനീളം കവാടംതോറും ചെന്ന് ഓരോരുത്തനും തൻെറ സഹോദരനെയും സ്നേഹിതനെയും അയൽക്കാരനെയും നിഗ്രഹിക്കട്ടെ.
28ലേവിയുടെ പുത്രൻമാർ മോശയുടെ കൽപനയനുസരിച്ചു പ്രവർത്തിച്ചു. അന്നേദിവസം മൂവായിരത്തോളം പേർ മരിച്ചു വീണു.
29മോശ പറഞ്ഞു: കർത്താവിന്റെ ശുശ്രൂഷയ്ക്കായി ഇന്നു നിങ്ങൾ നിങ്ങളെത്തന്നെ സമർപ്പിച്ചിരിക്കുന്നു. ഓരോരുത്തനും തൻെറ പുത്രനും സഹോദരനുമെതിരായി നിന്നതുകൊണ്ട് കർത്താവ് നിങ്ങൾക്ക് ഇന്ന് ഒരനുഗ്രഹം തരും.
30പിറേറദിവസം മോശ ജനത്തോടു പറഞ്ഞു: നിങ്ങൾ കഠിനപാപം ചെയ്തിരിക്കുന്നു. ഞാൻ ഇപ്പോൾ കർത്താവിന്റെ അടുത്തേക്കു കയറിച്ചെല്ലാം; നിങ്ങളുടെ പാപത്തിനു പരിഹാരംചെയ്യാൻ എനിക്ക് കഴിഞ്ഞേക്കും.
31മോശ കർത്താവിന്റെ യടുക്കൽ തിരിച്ചു ചെന്നു പറഞ്ഞു: ഈ ജനം ഒരു വലിയ പാപം ചെയ്തുപോയി. അവർ തങ്ങൾക്കായി സ്വർണംകൊണ്ടു ദേവൻമാരെ നിർമിച്ചു.
32അവിടുന്നു കനിഞ്ഞ് അവരുടെ പാപം ക്ഷമിക്കണം; അല്ലെങ്കിൽ, അവിടുന്ന് എഴുതിയിട്ടുള്ള പുസ്തകത്തിൽ നിന്ന് എന്റെ പേരു മായിച്ചു കളഞ്ഞാലും.
33അപ്പോൾ കർത്താവു മോശയോടു പറഞ്ഞു: എനിക്കെതിരായി പാപം ചെയ്തവനെയാണ് എന്റെ പുസ്തകത്തിൽ നിന്നും ഞാൻ തുടച്ചുനീക്കുക.
34നീ പോയി ഞാൻ നിന്നോടു പറഞ്ഞിട്ടുള്ള സ്ഥലത്തേക്കു ജനത്തെനയിക്കുക. എന്റെ ദൂതൻ നിന്റെ മുൻപേ പോകും. എങ്കിലും ഞാൻ അവരെ സന്ദർശിക്കുന്ന ദിവസം അവരുടെ പാപങ്ങളെപ്രതി അവരെ ശിക്ഷിക്കും.
35കാളക്കുട്ടിയെ നിർമിക്കാൻ അവർ അഹറോനെ നിർബന്ധിച്ചതിനാൽ കർത്താവ് അവരുടെ മേൽ മഹാമാരി അയച്ചു.