പുറപ്പാട് 30
അധ്യായങ്ങൾ
ധൂപപീഠം
1ധൂപാർപ്പണത്തിനായി കരുവേലമരംകൊണ്ട് ഒരു ബലിപീഠം പണിയണം. അതു സമചതുരമായിരിക്കണം.
2നീളവും വീതിയും ഒരു മുഴം, ഉയരം രണ്ടു മുഴം; കൊമ്പുകൾ അതിനോട് ഒന്നായി ചേർന്നിരിക്കണം.
3മുകൾഭാഗവും വശങ്ങളും കൊമ്പുകളും തങ്കംകൊണ്ട് പൊതിയണം; മുകൾവശത്തു ചുറ്റിലും സ്വർണംകൊണ്ടുള്ള അരികുപാളി പിടിപ്പിക്കണം.
4അതിനു കീഴേ രണ്ടു മൂലകളിലും ഓരോ സ്വർണ വളയം പിടിപ്പിക്കണം. മറുവശത്തും ഇപ്രകാരം ചെയ്യണം; അവ പീഠത്തെ വഹിക്കാനുള്ള തണ്ടുകളിടുന്നതിനാണ്.
5തണ്ടുകൾ കരുവേലമരംകൊണ്ടുണ്ടാക്കി സ്വർണംകൊണ്ടു പൊതിയണം.
6ഞാൻ നിന്നെ സന്ദർശിക്കുന്ന സ്ഥലമായ സാക്ഷ്യപേടകത്തിനു മുകളിലുള്ള കൃപാസ നത്തിൻെറയും സാക്ഷ്യപേടകത്തെ മറയ്ക്കുന്നതിരശ്ശീലയുടെയും മുൻപിൽ അതു സ്ഥാപിക്കണം.
7ഓരോ പ്രഭാതത്തിലും വിളക്കുകളൊരുക്കുമ്പോൾ അഹറോൻ പീഠത്തിൻമേൽ പരിമളദ്രവ്യങ്ങൾ പുകയ്ക്കണം.
8സായാഹനത്തിൽ ദീപം കൊളുത്തുമ്പോഴും അവൻ അതിൻമേൽ പരിമളദ്രവ്യങ്ങൾ പുകയ്ക്കട്ടെ. തലമുറതോറും എന്നേക്കും കർത്താവിന്റെ മുൻപിൽ ഈ ധൂപാർപ്പണം നടക്കണം.
9അവിശുദ്ധ ധൂപമോ ദഹനബലിയോ ധാന്യബലിയോ അതിൻമേൽ നീ അർപ്പിക്കരുത്.
10ദ്രാവക നൈവേദ്യവും ഒഴിക്കരുത്. പാപപരിഹാരബലിയുടെ രക്തംകൊണ്ട് വർഷത്തിലൊരിക്കൽ അഹറോൻ അതിന്റെ കൊമ്പുകളിൽ പരിഹാര കർമം അനുഷ്ഠിക്കണം. തലമുറതോറും ഇപ്രകാരം ചെയ്യണം. ഇത് കർത്താവിന് അതി വിശുദ്ധമാണ്.
11കർത്താവു മോശയോട് അരുളിച്ചെയ്തു:
12ഇസ്രായേലിൽ ജനസംഖ്യക്കണക്കെ ടുക്കുമ്പോൾ തങ്ങളുടെയിടയിൽ മഹാമാ രി ഉണ്ടാകാതിരിക്കാൻ ഓരോരുത്തരും തങ്ങളുടെ ജീവനുവേണ്ടി കർത്താവിനു മോചനദ്രവ്യം കൊടുക്കണം.
13ജനസംഖ്യക്കണക്കിൽ ഉൾപ്പെടുന്ന ഓരോ വ്യക്തിയും വിശുദ്ധ മന്ദിരത്തിൽ നിലവിലുള്ള കണക്കനുസരിച്ച് അര ഷെക്കൽ വീതം കർത്താവിനു കാണിക്കയായി കൊടുക്കണം. ഒരു ഷെക്കൽ ഇരുപത് ഗേരാ.
14ജനസംഖ്യക്കണക്കിൽ ഉൾപ്പെടുന്ന ഇരുപത് വയ സ്സും അതിനുമേലും പ്രായമുള്ള ഓരോ വ്യക്തിയും ഈ കാണിക്ക കർത്താവിനു നൽകണം.
15പാപപരിഹാരത്തിനായി കർത്താവിന് ഈ കാണിക്ക നൽകുമ്പോൾ അര ഷെക്കൽ മാത്രമേ നൽകാവൂ; ധനികൻ കൂടുതലോ ദരിദ്രൻ കുറവോ കൊടുക്കാൻ പാടില്ല.
16ഇസ്രായേൽജനത്തിൽനിന്നു പാപപരിഹാരത്തുക സ്വീകരിച്ച് സമാഗമ കൂടാരത്തിലെ ശുശ്രൂഷയ്ക്ക് ഉപയോഗിക്കണം. അങ്ങനെ നിങ്ങൾക്കു പാപപരിഹാരത്തിനുതകുംവിധം അത് ഇസ്രായേൽ ജനത്തെ കർത്താവിന്റെ സ്മരണയിൽ കൊണ്ടുവരും.
17കർത്താവു മോശയോട് അരുളിച്ചെയ്തു :
18ഓടുകൊണ്ട് ഒരു ക്ഷാളനപാത്രം നിർമിക്കണം. അതിന്റെ പീഠവും ഓടുകൊണ്ടുള്ളതായിരിക്കണം. അതു സമാഗമകൂടാരത്തിനും ബലിപീഠത്തിനുമിടയ്ക്കു വയ്ക്കണം. അതിൽ വെള്ളമൊഴിക്കണം.
19അഹറോനും പുത്രൻമാർക്കും കൈകാലുകൾ കഴുകുന്നതിനുവേണ്ടിയാണത്.
20അവർ സമാഗമകൂടാരത്തിൽ പ്രവേശിക്കുകയോ ശുശ്രൂഷയ്ക്കായി ബലിപീഠത്തെ സമീപിച്ച് കർത്താവിന് ദഹനബലിയർപ്പിക്കുകയോചെയ്യുമ്പോൾ കൈകാലുകൾ കഴുകണം. അല്ലെങ്കിൽ അവർ മരിക്കും.
21മരിക്കാതിരിക്കുന്നതിന് അവർ കൈകാലുകൾ കഴുകണം. ഇത് അവർക്ക് എന്നേക്കുമുള്ള ഒരു കൽപനയാണ്; അവനും അവന്റെ സന്തതികൾക്കും തലമുറതോറുമുള്ള കൽപന.
അഭിഷേകതൈലം
22കർത്താവു മോശയോട് അരുളിച്ചെയ്തു:
23മികച്ച സുഗന്ധദ്രവ്യങ്ങൾ എടുക്കുക. വിശുദ്ധ മന്ദിരത്തിൽ നിലവിലിരിക്കുന്ന ഷെക്കലിൻെറ കണക്കനുസരിച്ച് അഞ്ഞൂറു ഷെക്കൽ ശുദ്ധമായ മീറയും ഇരുനൂറ്റൻപതു ഷെക്കൽ സുഗന്ധമുള്ള കറുവാപ്പട്ടയും, ഇരുനൂറ്റൻപതു ഷെക്കൽ സുഗ ന്ധ സസ്യവും,
24അഞ്ഞൂറു ഷെക്കൽ അമരിപ്പട്ടയും, ഒരു ഹിൻ ഒലിവെണ്ണയും എടുക്കുക.
25സുഗന്ധ തൈലങ്ങൾ നിർമിക്കുന്ന വിദഗ്ധനെപ്പോലെ ഇവയെല്ലാം കൂട്ടിക്കലർത്തി ഒരു വിശുദ്ധതൈലമുണ്ടാക്കണം. അതു വിശുദ്ധമായ അഭിഷേകതൈലമായിരിക്കും.
26സമാഗമകൂടാരവും സാക്ഷ്യപേടകവും അതുകൊണ്ട് അഭിഷേകം ചെയ്യണം.
27മേശയും വിളക്കുകാലും അവയുടെ ഉപകരണങ്ങളും, ധൂപപീഠവും
28ദഹന ബലിപീഠവും ഉപകരണങ്ങളും, ക്ഷാളനപാത്രവും അതിന്റെ പീഠവും നീ അഭിഷേചിക്കണം.
29ഏറ്റവും പരിശുദ്ധമാകേണ്ടതിന് അവയെ നീ വിശുദ്ധീകരിക്കണം. അവയെ സ്പർശിക്കുന്നതെല്ലാം വിശുദ്ധമാകും.
30പുരോഹിതരായി എനിക്കു ശുശ്രൂഷ ചെയ്യാൻ വേണ്ടി അഹറോനെയും പുത്രൻമാരെയും അഭിഷേകം ചെയ്യുകയും വേർതിരിച്ചു നിർത്തുകയും ചെയ്യുക.
31നീ ഇസ്രായേൽക്കാരോടു പറയണം: ഇതു തലമുറതോറും എനിക്കായുള്ള അഭിഷേക തൈലമായിരിക്കും.
32ഇതു സാധാരണക്കാരുടെമേൽ ഒഴിക്കരുത്. കൂട്ടുവസ്തുക്കൾ ഈ കണക്കിൽ ചേർത്ത് മറ്റൊരു തൈലമുണ്ടാക്കുകയുമരുത്. ഇതു വിശുദ്ധമാണ്. നീ ഇതിനെ വിശുദ്ധമായി കരുതണം.
33ആരെങ്കിലും ഇതുപോലൊരു ചേരുവ ഉണ്ടാക്കുകയോ സാധാരണക്കാരന്റെ മേൽ ഒഴിക്കുകയോ ചെയ്താൽ അവൻ തൻെറ ജനത്തിൽനിന്നു വിച്ഛേദിക്കപ്പെടണം.
34കർത്താവ് മോശയോട് അരുളിച്ചെയ്തു: ദേവദാരുതൈലം, നറുമ്പശ, ഗുൽഗുലു, കുന്തുരുക്കം എന്നീ സുഗന്ധദ്രവ്യങ്ങൾ സമമായി എടുക്കുക.
35സുഗന്ധതൈലം നിർമിക്കുന്ന വിദഗ്ധനെപ്പോലെ ഇവയെല്ലാം കൂട്ടിക്കലർത്തി ഉപ്പും ചേർത്ത് ധൂപാർപ്പണത്തിനുള്ള വിശുദ്ധമായ സുഗന്ധദ്രവ്യമുണ്ടാക്കുക.
36അതിൽനിന്നു കുറെയെടുത്ത് നേർമയായി പൊടിച്ച് ഒരു ഭാഗം ഞാൻ നിങ്ങളെ സന്ദർശിക്കുന്ന സമാഗമകൂടാരത്തിലെ സാക്ഷ്യപേടകത്തിന്റെ മുൻപിൽ വയ്ക്കുക. അതിനെ ഏറ്റവും പവിത്രമായി കരുതണം.
37നിങ്ങൾക്കുവേണ്ടി ഈ ചേരുവക്കണക്കനുസരിച്ച് സുഗന്ധദ്രവ്യം ഉണ്ടാക്കരുത്; കർത്താവിനു വിശുദ്ധമായ ഒന്നായി ഇതിനെ കരുതണം.
38പരിമളത്തിനുവേണ്ടി ആരെങ്കിലും അതുണ്ടാക്കിയാൽ അവൻ തൻെറ ജനത്തിൽനിന്നു വിച്ഛേദിക്കപ്പെടണം.