Menu
Print passage

പ്രിന്റിനുള്ള വചനങ്ങൾ

ഒന്നോ അതിലധികമോ അധ്യായങ്ങളും വചനപരിധിയും തിരഞ്ഞെടുക്കുക.

പുറപ്പാട് 3

അധ്യായങ്ങൾ

മോശയെ വിളിക്കുന്നു

1മോശ തൻെറ അമ്മായിയപ്പനും മിദിയാനിലെ പുരോഹിതനുമായ ജത്രോയുടെ ആടുകളെ മേയിച്ചു കഴിയുകയായിരുന്നു. അവൻ മരുഭൂമിയുടെ മറുഭാഗത്തേക്ക് ആടുകളെ നയിക്കവേ ദൈവത്തിന്റെ മലയായ ഹോറെബിൽ എത്തിച്ചേർന്നു.
2അവിടെ ഒരു മുൾപ്പടർപ്പിൻെറ മധ്യത്തിൽ നിന്നു ജ്വലിച്ചുയർന്ന അഗ്നിയിൽ കർത്താവിന്റെ ദൂതൻ അവനു പ്രത്യക്ഷപ്പെട്ടു. അവൻ ഉറ്റുനോക്കി. മുൾപ്പടർപ്പു കത്തിജ്വലിക്കുകയായിരുന്നു, എങ്കിലും അത് എരിഞ്ഞു ചാമ്പലായില്ല.
3അപ്പോൾ മോശ പറഞ്ഞു: ഈ മഹാദൃശ്യം ഞാൻ അടുത്തുചെന്ന് ഒന്നു കാണട്ടെ. മുൾപ്പടർപ്പ് എരിഞ്ഞു ചാമ്പലാകുന്നില്ലല്ലോ.
4അവൻ അതു കാണുന്നതിന് അടുത്തു ചെല്ലുന്നതു കർത്താവു കണ്ടു. മുൾപ്പടർപ്പിൻെറ മധ്യത്തിൽനിന്ന് ദൈവം അവനെ വിളിച്ചു: മോശേ, മോശേ, അവൻ വിളികേട്ടു: ഇതാ ഞാൻ !
5അവിടുന്ന് അരുളിച്ചെയ്തു: അടുത്തു വരരുത്. നിന്റെ ചെരുപ്പ് അഴിച്ചുമാറ്റുക. എന്തുകൊണ്ടെന്നാൽ, നീ നിൽക്കുന്ന സ്ഥലം പരിശുദ്ധമാണ്.
6അവിടുന്നു തുടർന്നു: ഞാൻ നിന്റെ പിതാക്കൻമാരുടെ ദൈവമാണ്; അബ്രാഹത്തിന്റെയും ഇസഹാക്കിന്റെയും യാക്കോബിൻെറയും ദൈവം. മോശ മുഖം മറച്ചു. ദൈവത്തിന്റെ നേരേ നോക്കുവാൻ അവനു ഭയമായിരുന്നു.
7കർത്താവു വീണ്ടും അരുളിച്ചെയ്തു: ഈജിപ്തിലുള്ള എന്റെ ജനത്തിന്റെ ക്ലേശങ്ങൾ ഞാൻ കണ്ടു. മേൽനോട്ടക്കാരുടെ ക്രൂരത കാരണം അവരിൽനിന്ന് ഉയർന്നുവരുന്ന രോദനം ഞാൻ കേട്ടു. അവരുടെയാതനകൾ ഞാൻ അറിയുന്നു.
8ഈജിപ്തുകാരുടെ കൈയിൽനിന്ന് അവരെ മോചിപ്പിക്കാനും അവിടെനിന്നു ക്ഷേമകരവും വിസ്തൃതവും, തേനും പാലും ഒഴുകുന്നതുമായ ഒരു ദേശത്തേക്ക് - കാനാന്യർ, ഹിത്യർ, അമോര്യർ, പെരീസ്യർ, ഹിവ്യർ, ജബൂസ്യർ എന്നിവർ അധിവസിക്കുന്ന സ്ഥലത്തേക്ക്- അവരെ നയിക്കാനുമാണ് ഞാൻ ഇറങ്ങിവന്നിരിക്കുന്നത്.
9ഇതാ, ഇസ്രായേൽമക്കളുടെ നിലവിളി എന്റെ യടുത്ത് എത്തിയിരിക്കുന്നു. ഈജിപ്തുകാർ അവരെ എപ്രകാരം മർദിക്കുന്നുവെന്നു ഞാൻ കണ്ടു.
10ആകയാൽ വരൂ, ഞാൻ നിന്നെ ഫറവോയുടെ അടുക്കലേക്ക് അയയ്ക്കാം. നീ എന്റെ ജനമായ ഇസ്രായേൽ മക്കളെ ഈജിപ്തിൽനിന്നു പുറത്തുകൊണ്ടുവരണം.
11മോശ ദൈവത്തോടുപറഞ്ഞു: ഫറവോയുടെ അടുക്കൽ പോകാനും ഇസ്രായേൽ മക്കളെ ഈജിപ്തിൽനിന്നു പുറത്തുകൊണ്ടുവരാനും ഞാൻ ആരാണ്?
12അവിടുന്ന് അരുളിച്ചെയ്തു: ഞാൻ നിന്നോടുകൂടെ ഉണ്ടായിരിക്കും. ഞാനാണു നിന്നെ അയയ്ക്കുന്നത് എന്നതിന് ഇതായിരിക്കും അടയാളം: നീ ജനത്തെ ഈജിപ്തിൽനിന്നു പുറത്തുകൊണ്ടുവന്നു കഴിയുമ്പോൾ ഈ മലയിൽ നിങ്ങൾ ദൈവത്തെ ആരാധിക്കും.
13മോശ ദൈവത്തോടു പറഞ്ഞു: ഇതാ, ഞാൻ ഇസ്രായേൽ മക്കളുടെ അടുക്കൽപോയി, നിങ്ങളുടെ പിതാക്കൻമാരുടെ ദൈവം എന്നെ നിങ്ങളുടെ അടുക്കലേക്ക് അയച്ചിരിക്കുന്നു എന്നുപറയാം. എന്നാൽ, അവിടുത്തെ പേരെന്തെന്ന് അവർ ചോദിച്ചാൽ ഞാൻ എന്തുപറയണം?
14ദൈവം മോശയോട് അരുളിച്ചെയ്തു: ഞാൻ ഞാൻ തന്നെ. ഇസ്രായേൽ മക്കളോടു നീ പറയുക: ഞാനാകുന്നവൻ എന്നെ നിങ്ങളുടെ അടുത്തേക്ക് അയച്ചിരിക്കുന്നു.2
15അവിടുന്നു വീണ്ടും അ രുളിച്ചെയ്തു: ഇസ്രായേൽ മക്കളോടു നീ പറയുക: നിങ്ങളുടെ പിതാക്കൻമാരുടെ ദൈവമായ കർത്താവ്, അബ്രാഹത്തിന്റെയും ഇസഹാക്കിന്റെയും യാക്കോബിൻെറയും ദൈവം, എന്നെ നിങ്ങളുടെയടുത്തേക്ക് അയച്ചിരിക്കുന്നു. ഇതാണ് എന്നേക്കും എന്റെ നാമധേയം. അങ്ങനെ സർവപുരുഷാന്തരങ്ങളിലൂടെയും ഈ നാമധേയത്താൽ ഞാൻ അനുസ്മരിക്കപ്പെടണം.
16നീ പോയി ഇസ്രായേൽ ശ്രേഷ്ഠൻമാരെ വിളിച്ചുകൂട്ടി പറയുക: നിങ്ങളുടെ പിതാക്കൻമാരുടെ ദൈവമായ കർത്താവ്, അബ്രാഹത്തിന്റെയും ഇസഹാക്കിന്റെയും യാക്കോബിൻെറയും ദൈവം, പ്രത്യക്ഷപ്പെട്ട് എന്നോട് അരുളിച്ചെയ്തു: ഞാൻ നിങ്ങളെ സന്ദർശിക്കുകയും ഈജിപ്തുകാർ നിങ്ങളോടു പ്രവർത്തിക്കുന്നതു കാണുകയും ചെയ്തിരിക്കുന്നു.
17നിങ്ങളെ ഈജിപ്തിലെ കഷ്ടത കളിൽനിന്നു മോചിപ്പിച്ച്, കാനാന്യർ, ഹിത്യർ, അമോര്യർ, പെരീസ്യർ, ഹിവ്യർ, ജബൂസ്യർ എന്നിവരുടെ നാട്ടിലേക്ക്, തേനും പാലും ഒഴുകുന്ന ദേശത്തേക്ക്, കൊണ്ടുപോകാൻ ഞാൻ നിശ്ചയിച്ചിരിക്കുന്നു. നീ പറയുന്നത് അവർ അനുസരിക്കും.
18ഇസ്രായേൽ ശ്രേഷ്ഠൻമാരോടൊന്നിച്ച് നീ ഈജിപ്തിലെ രാജാവിന്റെ യടുക്കൽച്ചെന്നു പറയണം: ഹെബ്രായരുടെ ദൈവമായ കർത്താവു ഞങ്ങളെ സന്ദർശിച്ചിരിക്കുന്നു. മൂന്നുദിവസത്തെയാത്രചെയ്ത്, മരുഭൂമിയിൽ ഞങ്ങളുടെ ദൈവമായ കർത്താവിനു ബലിയർപ്പിക്കുവാൻ ഞങ്ങളെ അനുവദിക്കണം.
19കരുത്തുറ്റ കരംകൊണ്ട് നിർബന്ധിച്ചാലല്ലാതെ ഈജിപ്തിലെ രാജാവു നിങ്ങളെ വിട്ടയയ്ക്കില്ലെന്ന് എനിക്കറിയാം.
20ഞാൻ കൈനീട്ടി അദ്ഭുതങ്ങൾ പ്രവർത്തിച്ച് ഈജിപ്തിനെ പ്രഹരിക്കും. അപ്പോൾ അവൻ നിങ്ങളെ വിട്ടയയ്ക്കും.
21ഈജിപ്തുകാരുടെ ദൃഷ്ടിയിൽ ഈ ജനത്തോടു ഞാൻ ബഹുമാനം ഉളവാക്കും. അങ്ങനെ നിങ്ങൾ പുറപ്പെടുമ്പോൾ ഒന്നുമില്ലാത്തവരായി പോകേണ്ടിവരില്ല.
22ഓരോ സ്ത്രീയും തൻെറ അയൽക്കാരിയോടും തൻെറ വീട്ടിൽ അതിഥിയായി പാർക്കുന്നവളോടും സ്വർണവും വെള്ളിയും കൊണ്ടുള്ള ആഭരണങ്ങളും വസ്ത്രങ്ങളും ചോദിച്ചു വാങ്ങണം. അവനിങ്ങളുടെ പുത്രീപുത്രൻമാരെ അണിയിക്കണം. അങ്ങനെ നിങ്ങൾ ഈജിപ്തുകാരെ കൊള്ളയടിക്കണം.

അടിക്കുറിപ്പുകൾ

  1. 2വെളി 1, 4-8 ഞാൻ ഞാൻ തന്നെ - ഹീബ്രു, യാഹ്വെ (കർത്താവ്). ആയിരിക്കുക എന്നർതഥമുള്ള ഹയാ എന്ന ധാതുവിൽനിന്ന്.
വായനാ ക്രമീകരണങ്ങൾ
വചനം സംരക്ഷിക്കുക

വിഭാഗം തിരഞ്ഞെടുക്കുക

ഈ വചനം കണ്ടെത്താൻ സഹായിക്കുന്ന ഒരു വിഭാഗം തിരഞ്ഞെടുക്കുക.

സ്വകാര്യ കുറിപ്പ്

വചന കുറിപ്പ്

⌂ഹോം📖ബൈബിൾ✦പഠനം🔖സംരക്ഷിച്ചത്