പുറപ്പാട് 2
അധ്യായങ്ങൾ
മോശ ജനിക്കുന്നു
1അക്കാലത്ത് ലേവി ഗോത്രത്തിൽപെട്ട ഒരാൾ തൻെറ തന്നെ ഗോത്രത്തിൽപെട്ട ഒരു സ്ത്രീയെ വിവാഹം ചെയ്തു.
2അവൾ ഗർഭംധരിച്ച് ഒരു പുത്രനെ പ്രസവിച്ചു. ശിശുകോമളനായിരുന്നതിനാൽ അവൾ അവനെ മൂന്നുമാസം രഹസ്യമായി വളർത്തി.
3അവനെ തുടർന്നും രഹസ്യത്തിൽ വളർത്തുക ദുഷ്കരമായിത്തീർന്നപ്പോൾ അവൾ ഞാങ്ങണകൊണ്ടു നെയ്ത് കളിമണ്ണും താറും പൂശിയ ഒരു പേടകത്തിൽ അവനെ കിടത്തി. നദീതീരത്തുള്ള ഞാങ്ങണച്ചെടികളുടെയിടയിൽ പേടകം കൊണ്ടുചെന്നുവച്ചു.
4അവന് എന്തു സംഭവിക്കുമെന്ന് ഉറ്റുനോക്കിക്കൊണ്ട് അവന്റെ സഹോദരി കുറെയകലെ കാത്തുനിന്നിരുന്നു.
5അപ്പോൾ ഫറവോയുടെ പുത്രിവന്ന് കുളിക്കാൻ നദിയിലേക്കി റങ്ങി. അവളുടെ തോഴിമാർ നദീതീരത്തിലൂടെ നടക്കുകയായിരുന്നു. രാജകുമാരി ഞാങ്ങണച്ചെടികളുടെയിടയിൽ ആ പേടകം കണ്ടു. ഒരു ദാസിയെ അയച്ച് അവൾ അതെടുപ്പിച്ചു.
6തുറന്നുനോക്കിയപ്പോൾ അവൾ ശിശുവിനെകണ്ടു. അവൻ കരയുകയായിരുന്നു. അവൾക്ക് അവനോട് അനുകമ്പ തോന്നി. ഇത് ഒരു ഹെബ്രായ ശിശുവാണ് എന്ന് അവൾ പറഞ്ഞു.
7അപ്പോൾ അവന്റെ സഹോദരി ഫറവോയുടെ പുത്രിയോടു ചോദിച്ചു: നിനക്കുവേണ്ടി ഈ കുട്ടിയെ മുലയൂട്ടി വളർത്തുന്നതിന് ഒരു ഹെബ്രായ സ്ത്രീയെ ഞാൻ വിളിച്ചുകൊണ്ടുവരട്ടെയോ?
8ഫറവോയുടെ പുത്രി അവളോടു പറഞ്ഞു: അങ്ങനെയാവട്ടെ. അവൾ പോയി ശിശുവിന്റെ അമ്മയെ വിളിച്ചുകൊണ്ടുവന്നു.
9ഫറവോയുടെ പുത്രി അവളോടു പറഞ്ഞു: ഈ ശിശുവിനെ കൊണ്ടുപോയി എനിക്കുവേണ്ടി മുലയൂട്ടി വളർത്തുക. ഞാൻ നിനക്കു ശമ്പളം തന്നുകൊള്ളാം. അവൾ ശിശുവിനെ കൊണ്ടുപോയി വളർത്തി.
10ശിശു വളർന്നപ്പോൾ അവൾ അവനെ ഫറവോയുടെ പുത്രിയുടെയടുക്കൽകൊണ്ടുചെന്നു. അവൾ അവനെ പുത്രനായി സ്വീകരിച്ചു. ഞാൻ അവനെ വെള്ളത്തിൽ നിന്നെടുത്തു എന്നുപറഞ്ഞുകൊണ്ട് അവൾ അവനു മോശ എന്നു പേരിട്ടു.
മോശ ഒളിച്ചോടുന്നു
11പ്രായപൂർത്തിയായതിനുശേഷം മോശ ഒരിക്കൽ തൻെറ സഹോദരരെ സന്ദർശിക്കാൻ പോയി. അവൻ അവരുടെ കഠിനാധ്വാനംനേരിൽക്കണ്ടു. തത്സമയം സ്വജനത്തിൽപെട്ട ഒരു ഹെബ്രായനെ ഒരു ഈജിപ്തുകാരൻ പ്രഹരിക്കുന്നതു കണ്ടു.
12അവൻ ചുറ്റുംനോക്കി. ആരുമില്ലെന്നു കണ്ടപ്പോൾ ആ ഈജിപ്തുകാരനെ കൊന്ന് മണലിൽ മറവുചെയ്തു.
13അടുത്ത ദിവസം അവൻ ചുറ്റിസഞ്ചരിക്കുമ്പോൾ രണ്ടു ഹെബ്രായർ തമ്മിൽ ശണ്ഠകൂടുന്നതു കണ്ടു, തെറ്റുചെയ്തവനോട് അവൻ ചോദിച്ചു: നീ എന്തിനാണ് കൂട്ടുകാരനെ അടിക്കുന്നത്?
14അപ്പോൾ അവൻ ചോദിച്ചു: ആരാണ് നിന്നെ ഞങ്ങളുടെ മേലധികാരിയുംന്യായാധിപനുമായി നിയമിച്ചത്? ഈജിപ്തുകാരനെ കൊന്നതുപോലെ എന്നെയും കൊല്ലാനാണോ നീ ഉദ്ദേശിക്കുന്നത്? മോശ ഭയപ്പെട്ടു; ആ സംഭവം പരസ്യമായെന്ന് അവൻ വിചാരിച്ചു.
15ഫറവോ ഈ കാര്യം കേട്ടപ്പോൾമോശയെ വധിക്കാനുദ്യമിച്ചു. പക്ഷേ, മോശ ഫറവോയുടെ പിടിയിൽപെടാതെ ഒളിച്ചോടി മിദിയാൻ നാട്ടിലെത്തി, അവിടെ ഒരു കിണറിനു സമീപം ഇരുന്നു.
16മിദിയാനിലെ പുരോഹിതന് ഏഴു പെൺമക്കളുണ്ടായിരുന്നു. അവർ പിതാവിന്റെ ആടുകൾക്കു കുടിക്കാൻ തൊട്ടികളിൽ വെള്ളം കോരി നിറച്ചു.
17അപ്പോൾ ചില ആട്ടിടയൻമാർ വന്ന് അവരെ ഓടിച്ചു. എന്നാൽ, മോശ ആ പെൺകുട്ടികളുടെ സഹായത്തിനെത്തുകയും അവരുടെ ആടുകൾക്കു വെള്ളം കൊടുക്കുകയും ചെയ്തു.
18അവർ പിതാവായ റവുവേലിൻെറ യടുക്കൽ മടങ്ങിച്ചെന്നപ്പോൾ അവൻ ചോദിച്ചു: നിങ്ങൾ ഇന്നു നേരത്തേ തിരിച്ചെത്തിയതെങ്ങനെ?
19അവർ പറഞ്ഞു: ഈജിപ്തുകാരനായ ഒരാൾ ഞങ്ങളെ ഇടയൻമാരിൽ നിന്നു രക്ഷിച്ചു, അവൻ ഞങ്ങൾക്കു വേണ്ടി വെള്ളം കോരി ആടുകൾക്കു കുടിക്കാൻ കൊടുക്കുകപോലും ചെയ്തു.
20റവുവേൽ ചോദിച്ചു: അവൻ എവിടെ? നിങ്ങൾ എന്തുകൊണ്ട് ആ മനുഷ്യനെ വിട്ടിട്ടുപോന്നു? അവനെ ഭക്ഷണത്തിനു ക്ഷണിക്കുവിൻ.
21അങ്ങനെ മോശ അവനോടൊപ്പം താമസിക്കാൻ തീരുമാനിച്ചു. അവൻ തൻെറ മകൾ സിപ്പോറയെ മോശയ്ക്ക് ഭാര്യയായി കൊടുത്തു.
22അവൾ ഒരു പുത്രനെ പ്രസവിച്ചു. ഞാൻ പ്രവാസിയായിക്കഴിയുന്നു എന്നുപറഞ്ഞ് മോശ അവനു ഗർഷോം എന്നു പേരിട്ടു.
23കുറേക്കാലം കഴിഞ്ഞ് ഈജിപ്തിലെ രാജാവു മരിച്ചു. അടിമകളായിക്കഴിഞ്ഞിരുന്ന ഇസ്രായേൽ മക്കൾ നെടുവീർപ്പിട്ടു നിലവിളിച്ചു. അവരുടെ നിലവിളി ദൈവസന്നിധിയിലെത്തി.
24ദൈവം അവരുടെ ദീനരോദനം ശ്രവിക്കുകയും അബ്രാഹത്തോടും ഇസഹാക്കിനോടും യാക്കോബിനോടും ചെയ്ത ഉടമ്പടി ഓർമിക്കുകയും ചെയ്തു. അവിടുന്ന് അവരെ കടാക്ഷിച്ചു.
അടിക്കുറിപ്പുകൾ
- 1മൂലത്തിൽ ഈ വാചകം അപൂർണമാണ്.