ജറെമിയാ 52
അധ്യായങ്ങൾ
ജറുസലെമിൻെറ നാശം
1രാജാവായപ്പോൾ സെദെക്കിയായ്ക്ക് ഇരുപത്തൊന്നു വയസ്സുണ്ടായിരുന്നു. അവൻ ജറുസലെമിൽ പതിനൊന്നുവർഷം ഭരിച്ചു. ലിബ്നായിലെ ജറെമിയായുടെ പുത്രി ഹമുത്താൽ ആയിരുന്നു അവന്റെ മാതാവ്.
2യഹോയാക്കിമിനെപ്പോലെ അവനും കർത്താവിന്റെ മുൻപിൽ തിൻമചെയ്തു.
3കർത്താവിന്റെ കോപം ജറുസലെമിൻെറയും യൂദായുടെയും മേൽ നിപതിച്ചു. അവിടുന്ന് അവരെ തൻെറ സന്നിധിയിൽനിന്നു നിഷ്കാസനം ചെയ്തു. സെദെക്കിയാ ബാബിലോൺരാജാവിനോടു കലഹിച്ചു.
4സെദെക്കിയായുടെ ഒൻപതാം ഭരണവർഷം പത്താംമാസം പത്താം ദിവസം ബാബിലോൺ രാജാവായ നബുക്കദ്നേസർ സൈന്യസമേതം ജറുസലെമിനെതിരേവന്ന് അതിനെ ആക്രമിക്കുകയും ചുറ്റും ഉപരോധമേർപ്പെടുത്തുകയും ചെയ്തു.
5അവന്റെ പതിനൊന്നാംഭരണവർഷംവരെ ആ ഉപരോധം തുടർന്നു.
6നാലാംമാസം ഒൻപതാം ദിവസം നാട്ടിൽ ഭക്ഷണം തീർന്ന് ക്ഷാമം രൂക്ഷമായിരിക്കേ അവർ നഗരഭിത്തിയിൽ വിടവുണ്ടാക്കി.
7കൽദായർ നഗരം വളഞ്ഞിരുന്നു, സെദെക്കിയാ പടയാളികളോടുകൂടെ രാത്രിയിൽ രാജകീയോദ്യാനത്തിനടുത്ത് ഇരുമതിലുകൾക്കിടയിലുള്ള കവാടത്തിലൂടെ പുറത്തുകടന്ന് അരാബായിലേക്കോടി.
8എന്നാൽ, കൽദായസൈന്യം സെദെക്കിയാരാജാവിനെ പിന്തുടർന്നുചെന്ന് ജറീക്കോസമതലത്തിൽവച്ച് പിടികൂടി. അവന്റെ സൈന്യം ചിതറിപ്പോയി.
9അവർ രാജാവിനെ ബന്ധിച്ച് ഹമാത്തിലെ റിബ്ലായിൽ ബാബിലോൺ രാജാവിന്റെ അടുത്തുകൊണ്ടുവന്നു. അവൻ സെദെക്കിയായുടെമേൽ വിധി പ്രസ്താവിച്ചു.
10ബാബിലോൺരാജാവ് സെദെക്കിയായുടെ പുത്രൻമാരെ അവന്റെ മുൻപിൽവച്ചു കൊന്നു. യൂദായിലെ പ്രഭുക്കൻമാരെയും റിബ്ലായിൽവച്ചു വധിച്ചു.
11അവൻ സെദെക്കിയായുടെ കണ്ണുകൾ ചുഴന്നെടുത്ത് അവനെ ചങ്ങലകൾകൊണ്ടു ബന്ധിച്ച് ബാബിലോണിലേക്കു കൊണ്ടുപോയി; മരണംവരെ കാരാഗൃഹത്തിലടയ്ക്കുകയും ചെയ്തു.
ദേവാലയം അഗ്നിക്കിരയാകുന്നു
12അഞ്ചാംമാസം പത്താംദിവസം - ബാബിലോൺ രാജാവായ നബുക്കദ്നേസറിൻെറ പത്തൊൻപതാം ഭരണവർഷം - നബുക്കദ്നേസറിൻെറ അംഗരക്ഷകപ്രധാനിയായ നെബുസരദാൻ ജെറുസലെമിൽ പ്രവേശിച്ചു.
13അവൻ കർത്താവിന്റെ ആലയവും രാജകൊട്ടാരവും മറ്റു മാളികകളും അഗ്നിക്കിരയാക്കി.
14അവനോടൊപ്പമുണ്ടായിരുന്ന കൽദായസൈന്യം ജറുസലെമിനു ചുറ്റുമുള്ള മതിലുകൾ തകർത്തു.
15ശിൽപികളെയും ബാബിലോൺ രാജാവിന്റെ പക്ഷം ചേർന്നവരെയും നഗരത്തിൽ അവശേഷിച്ചവരെയും നെബുസരദാൻ പിടിച്ചുകൊണ്ടുപോയി.
16അതിദരിദ്രരായ ചിലരെ മുന്തിരിത്തോപ്പു സൂക്ഷിപ്പുകാരായും അവിടെത്തന്നെ നിയമിച്ചു.
17കൽദായർ കർത്താവിന്റെ ഭവനത്തിലെ ഓട്ടുതൂണുകളും ഓടുകൊണ്ടുള്ള ജല സംഭരണിയും ഉടച്ചു കഷണങ്ങളാക്കി ബാബിലോണിലേക്കു കൊണ്ടുപോയി.
18കുടങ്ങൾ, കോരികകൾ, തിരിയണയ്ക്കാനുള്ള കത്രികകൾ, ചഷകങ്ങൾ, ധൂപകലശങ്ങൾ, ദേവാലയശുശ്രൂഷയ്ക്ക് ഉപയോഗിക്കുന്ന ഇതര ഓട്ടുപാത്രങ്ങൾ ഇവയെല്ലാം അവർ കൈക്കലാക്കി.
19കൂടാതെ സ്വർണമോ വെള്ളിയോ കൊണ്ടു നിർമിച്ച കോപ്പകൾ, വറചട്ടികൾ, തളികകൾ, കലശങ്ങൾ, വിളക്കുകാലുകൾ, ധൂപപാത്രങ്ങൾ, ക്ഷാളനപാത്രങ്ങൾ ഇവയും നെബുസരദാൻ കൊള്ളയടിച്ചു.
20സോളമൻരാജാവ് കർത്താവിന്റെ ആലയത്തിനുവേണ്ടി നിർമിച്ച ഇരുതൂണുകളുടെയും ജലസംഭരണിയുടെയും അതിനടിയിലുണ്ടായിരുന്ന പന്ത്രണ്ട് കാളകളുടെയും പീഠങ്ങളുടെയും ഓടിൻെറ തൂക്കം തിട്ടപ്പെടുത്തുക അസാധ്യം.
21തൂണുകളുടെ ഉയരം പതിനെട്ടു മുഴവും ചുറ്റളവ് പന്ത്രണ്ടുമുഴവും ആയിരുന്നു. നാലു വിരൽ കനത്തിൽ അകം പൊള്ളയായിട്ടാണ് അവ പണിതിരുന്നത്.
22അവയ്ക്ക് ഓടുകൊണ്ടുള്ള മകുടങ്ങളുണ്ടായിരുന്നു; മകുടത്തിന്റെ ഉയരം അഞ്ചുമുഴം. ചുറ്റും ഓടുകൊണ്ടു വലപോലെ നിർമിച്ച ചട്ടക്കൂടും മാതളപ്പഴങ്ങളും അതിൽ ഉണ്ടായിരുന്നു.
23രണ്ടു തൂണുകളും ഒന്നുപോലെ ആയിരുന്നു. മകുടത്തിന്റെ വശങ്ങളിൽ തൊണ്ണൂറ്റാറു മാതളപ്പഴങ്ങൾ കാണാമായിരുന്നു. ചട്ടക്കൂട്ടിൽ ആകെ നൂറു മാതളപ്പഴങ്ങളാണ് ഉണ്ടായിരുന്നത്.
ജനം പ്രവാസത്തിലേക്ക്
24പ്രധാനപുരോഹിതൻ സെരായിയായെയും
25സഹപുരോഹിതൻ സെഫാനിയായെയും, മൂന്നു വാതിൽക്കാവൽക്കാരെയും നഗരത്തിൽനിന്ന് ഒരു സേനാപതിയെയും രാജാവിന്റെ ഉപദേഷ്ടാക്കളായി നഗരത്തിൽ കണ്ട ഏഴുപേരെയും സൈന്യത്തിൽ ആളെടുക്കുന്ന സൈന്യാധിപന്റെ കാര്യദർശിയെയും ജനത്തിൽനിന്ന് പട്ടണത്തിൽ കണ്ട അറുപ തുപേരെയും കാവൽപ്പടനായകൻ ബന്ധന സ്ഥരാക്കി.
26സേനാനായകനായ നെബുസരദാൻ അവരെ റിബ്ലായിൽ ബാബിലോൺ രാജാവിന്റെ അടുത്തു കൊണ്ടുവന്നു. അവിടെവച്ചു രാജാവ് അവരെ വധിച്ചു.
27അങ്ങനെ യൂദാ സ്വന്തം നാട്ടിൽനിന്നു നിഷ്കാസിതനായി.
28നബുക്കദ്നേസർ അടിമകളായി പിടിച്ചുകൊണ്ടുപോയവരുടെ എണ്ണമിതാണ്: അവന്റെ ഏഴാം ഭരണവർഷം മൂവായിരത്തിയിരുപത്തിമൂന്നു യഹൂദർ,
29പതിനെട്ടാം ഭരണവർഷം എണ്ണൂറ്റിമുപ്പത്തിരണ്ടു പേർ,
30ഇരുപത്തിമൂന്നാം ഭരണവർഷം നെബുസരദാൻ പിടിച്ചുകൊണ്ടുപോയ എഴുനൂറ്റിനാൽപ്പത്തിയഞ്ച് യഹൂദർ, ആകെ നാലായിരത്തിയറുനൂറുപേർ.
31എവിൽമെറോദാക്ക് ബാബിലോണിൻെറ ഭരണമേറ്റെടുത്ത വർഷം യൂദാരാജാവായയഹോയാക്കിനെ കാരാഗൃഹത്തിൽ നിന്നു മോചിപ്പിച്ചു. അവന്റെ കാരാഗൃഹവാസത്തിന്റെ മുപ്പത്തിയേഴാം വർഷം പന്ത്രണ്ടാം മാസം ഇരുപത്തിയഞ്ചാം ദിവസമായിരുന്നു അത്.
32അവൻ യഹോയാക്കിനോടു സൗഹാർദപൂർവം സംസാരിക്കുകയും ബാബിലോണിൽ അവനോടൊപ്പമുള്ള രാജാക്കൻമാരെക്കാൾ ഉയർന്ന സ്ഥാനം നൽകുകയും ചെയ്തു.
33യഹോയാക്കിൻ കാരാഗൃഹവസ്ത്രങ്ങൾ ഉപേക്ഷിച്ചു. എല്ലാ ദിവസ വും അവൻ രാജാവിനോടൊത്തു ഭക്ഷണം കഴിച്ചു.
34അവന്റെ അനുദിനാവശ്യങ്ങൾ മരണംവരെ രാജാവ് നിർവഹിച്ചുപോന്നു.