ജറെമിയാ 16
അധ്യായങ്ങൾ
ജറെമിയാ ഏകാകി
1കർത്താവ് എന്നോട് അരുളിച്ചെയ്തു:
2ഈ സ്ഥലത്തുവച്ചു നീ വിവാഹംകഴിക്കുകയോ നിനക്കു മക്കളുണ്ടാവുകയോ അരുത്.
3ഈ സ്ഥലത്തുവച്ചു ജനിക്കുന്ന പുത്രീപുത്രൻമാരെപ്പറ്റിയും അവരുടെ മാതാപിതാക്കളെപ്പറ്റിയും കർത്താവ് അരുളിച്ചെയ്യുന്നു:
4മാരകരോഗത്താൽ അവർ മരിക്കും; അവരെയോർത്തു ദുഃഖിക്കാനോ അവരെ സംസ്കരിക്കാനോ ആരുമുണ്ടായിരിക്കുകയില്ല. നിലത്തു വിതറിയ വളമെന്നപോലെ അവർ കിടക്കും. അവർ വാളിനും പട്ടിണിക്കും ഇരയാകും. അവരുടെ മൃതദേഹങ്ങൾ ആകാശത്തിലെ പക്ഷികളും ഭൂമിയിലെ മൃഗങ്ങളും ഭക്ഷിക്കും.
5കർത്താവ് അരുളിച്ചെയ്യുന്നു:നീ വിലാപഗൃഹത്തിൽ പോവുകയോ വിലപിക്കുകയോ അവരോടു സഹതപിക്കുകയോ ചെയ്യരുത്. എന്തെന്നാൽ, എന്റെ സമാധാനം ഈ ജനത്തിൽനിന്നു ഞാൻ പിൻവലിച്ചിരിക്കുന്നു. എന്റെ സ്നേഹവും കരുണയും അവർക്കുണ്ടായിരിക്കുകയില്ല.
6വലിയവരും ചെറിയവരും ഒന്നുപോലെ ഈ ദേശത്തു മരിച്ചുവീഴും. ആരും അവരെ സംസ്കരിക്കുകയില്ല; അവരെക്കുറിച്ച് ആരും വിലപിക്കുകയില്ല; ആരും തന്നെത്തന്നെ മുറിവേൽപ്പിച്ചും തല മുണ്ഡനം ചെയ്തും ദുഃഖമാചരിക്കുകയില്ല.
7മരിച്ചവരെക്കുറിച്ചു വിലപിക്കുന്നവന് ആശ്വാസമേകാൻ ആരും അപ്പം മുറിച്ചുകൊടുക്കുകയില്ല; മാതാവിന്റെ യോ പിതാവിന്റെ യോ വേർപാടിൽ ദുഃഖിക്കുന്നവന് ആരും ആശ്വാസത്തിന്റെ പാനപാത്രം നൽകുകയുമില്ല.
8വിരുന്നു നടക്കുന്ന വീടുകളിൽ പോവുകയോ അവരോടു ചേർന്നു തിന്നുകയോ കുടിക്കുകയോ അരുത്.
9എന്തെന്നാൽ, ഇസ്രായേലിന്റെ ദൈവമായ, സൈന്യങ്ങളുടെ കർത്താവ് അരുളിച്ചെയ്യുന്നു: നിങ്ങളുടെ ജീവിതകാലത്ത്, നിങ്ങളുടെ കൺമുൻപിൽവച്ചുതന്നെ, ഈ ദേശത്തുനിന്ന് ഉല്ലാസത്തിന്റെയും ആഹ്ലാദത്തിന്റെയും ആരവവും മണവാളന്റെയും മണവാട്ടിയുടെയും സ്വര വും ഞാൻ ഇല്ലാതാക്കും.
10ജനത്തോടു നീ ഇതു പറയുമ്പോൾ അവർ ചോദിക്കും: എന്തിനാണു കർത്താവ് ഞങ്ങൾക്കെതിരായി ഇത്ര വലിയ ദുരിതങ്ങൾ പ്രഖ്യാപിച്ചിരിക്കുന്നത്? എന്താണു ഞങ്ങൾ ചെയ്ത തെറ്റ്? ഞങ്ങളുടെ ദൈവമായ കർത്താവിനെതിരായി എന്തു പാപമാണു ഞങ്ങൾ ചെയ്തത്?
11അപ്പോൾ നീ അവരോടു പറയണം, കർത്താവ് അരുളിച്ചെയ്യുന്നു: നിങ്ങളുടെ പിതാക്കൻമാർ എന്നെ ഉപേക്ഷിച്ചു. അവർ അന്യദേവൻമാരെ സ്വീകരിക്കുകയും സേവിക്കുകയും ആരാധിക്കുകയും ചെയ്തു. അവർ എന്നെ പരിത്യജിച്ചു; എന്റെ നിയമം പാലിച്ചില്ല.
12നിങ്ങളുടെ പ്രവൃത്തികൾ നിങ്ങളുടെ പിതാക്കൻമാരുടെതിനെക്കാൾ ചീത്തയാണ്. നിങ്ങൾ താന്താങ്ങളുടെ കഠിനഹൃദയത്തിൻെറ ദുഷ്ടമായ ഇംഗിതങ്ങളെ പിഞ്ചെല്ലുന്നു; എന്നെ അനുസരിക്കാൻ നിങ്ങൾക്കു മനസ്സില്ല.
13അതുകൊണ്ട് ഞാൻ നിങ്ങളെ ഈ ദേശത്തുനിന്നു നിങ്ങളോ നിങ്ങളുടെ പിതാക്കൻമാരോ കേട്ടിട്ടില്ലാത്ത ഒരു ദേശത്തേക്കു വലിച്ചെറിയും. അവിടെ നിങ്ങൾ അന്യദേവൻമാരെ രാവും പകലും സേവിക്കും. ഞാൻ നിങ്ങളോടു കൃപ കാണിക്കുകയില്ല.
14ഈജിപ്തിൽ നിന്ന് ഇസ്രായേൽജനതയെ കൂട്ടിക്കൊണ്ടുവന്ന കർത്താവാണേ എന്നുപറഞ്ഞ് ആരും ശപഥം ചെയ്യാത്ത ദിനങ്ങൾ ഇതാ വരുന്നു - കർത്താവ് അരുളിച്ചെയ്യുന്നു.
15തങ്ങളെ തുരത്തിയോടിച്ച ഉത്തരദേശത്തുനിന്നും, ഇതര രാജ്യങ്ങളിൽനിന്നും ഇസ്രായേൽജനത്തെ തിരിച്ചുകൊണ്ടുവന്ന കർത്താവാണേ എന്നു പറഞ്ഞായിരിക്കും അവർ സത്യം ചെയ്യുക. എന്തെന്നാൽ, അവരുടെ പിതാക്കൻമാർക്കു ഞാൻ കൊടുത്ത അവരുടെ സ്വന്തം നാട്ടിലേക്കു ഞാൻ അവരെ തിരിച്ചുകൊണ്ടുവരും.
16ഞാൻ അനേകം മീൻപിടുത്തക്കാരെ വരുത്തും; അവർ അവരെ പിടികൂടും - കർത്താവ് അരുളിച്ചെയ്യുന്നു. പിന്നീട് ഞാൻ അനേകം നായാട്ടുകാരെ വരുത്തും. അവർ പർവതങ്ങളിൽനിന്നും മല കളിൽനിന്നും പാറയിടുക്കുകളിൽനിന്നുംഅവരെ വേട്ടയാടി പിടിക്കും.
17അവരുടെ പ്രവൃത്തികൾ ഞാൻ കാണുന്നുണ്ട്; അവ എനിക്ക് അജ്ഞാതമല്ല; അവരുടെ അകൃത്യങ്ങൾ എന്റെ കണ്ണുകൾക്കു ഗോപ്യവുമല്ല.
18അവർ നിർജീവ വിഗ്രഹങ്ങൾകൊണ്ട് എന്റെ ദേശം ദുഷിപ്പിച്ചു; തങ്ങളുടെ മ്ലേച്ഛ വസ്തുക്കൾകൊണ്ട് എന്റെ അവകാശഭൂമി നിറച്ചു. അതിനാൽ അവരുടെ അകൃത്യത്തിനും പാപത്തിനും ഞാൻ ഇരട്ടി പ്രതികാരംചെയ്യും.
19എന്റെ ബലവും കോട്ടയുമായ കർത്താവേ, കഷ്ടദിനത്തിൽ എന്റെ സങ്കേതമേ, ഭൂമിയുടെ അതിർത്തികളിൽനിന്നു ജനതകൾ അവിടുത്തെ അടുക്കൽവന്നു പറയും: ഞങ്ങളുടെ പിതാക്കൻമാർ വ്യാജമല്ലാതെ മറ്റൊന്നും അവകാശപ്പെടുത്തിയിട്ടില്ല. ഉപയോഗശൂന്യമായ വിലകെട്ട വസ്തുക്കൾ മാത്രം.
20തനിക്കുവേണ്ടി ദേവൻമാരെ ഉണ്ടാക്കാൻമനുഷ്യനു സാധിക്കുമോ? അവ ദേവൻമാരല്ല.
21അതുകൊണ്ട് ഞാൻ അവരെ പഠിപ്പിക്കും. എന്റെ ശക്തിയും ബലവും അവരെ ഞാൻ ബോധ്യപ്പെടുത്തും. അപ്പോൾ കർത്താവെന്നാണ് എന്റെ നാമമെന്ന് അവർ അറിയും.