ജറെമിയാ 20
അധ്യായങ്ങൾ
പാഷൂറുമായി വിവാദം
1ഇമ്മെറിൻെറ മകനും ദേവാലയത്തിലെ പ്രധാന മേൽവിചാരിപ്പുകാരനുമായ പാഷൂർ എന്ന പുരോഹിതൻ ജറെമിയാ പ്രവചിക്കുന്നതു കേട്ടു.
2അവൻ ജറെമിയാ പ്രവാചകനെ അടിച്ചിട്ട് ദേവാലയത്തിലേക്കുള്ള മുകളിലെ ബഞ്ചമിൻകവാടത്തിൽ ഒരു മുക്കാലിയിൽ കെട്ടിയിട്ടു.
3പിറ്റേദിവസം പാഷൂർ ജറെമിയായെ അഴിച്ചുവിട്ടു. അപ്പോൾ ജറെമിയാ അവനോടു പറഞ്ഞു: കർത്താവ് നിന്നെ വിളിക്കുന്നത് പാഷൂർ എന്നല്ല, സർവത്ര ഭീതി എന്നാണ്.
4കർത്താവ് അരുളിച്ചെയ്യുന്നു: ഞാൻ നിന്നെ നിനക്കുതന്നെയും നിന്റെ സകല സുഹൃത്തുക്കൾക്കും ഭീതിയാക്കിത്തീർക്കും. നിന്റെ കൺമുൻപിൽവച്ച് അവർ ശത്രുക്കളുടെ വാളിനിരയാകും. യൂദാ മുഴുവനെയും ഞാൻ ബാബിലോൺ രാജാവിന്റെ കൈകളിലേൽപിക്കും. അവൻ അവരെ തടവുകാരാക്കി ബാബിലോണിലേക്കു കൊണ്ടുപോയി വാളുകൊണ്ടു വധിക്കും.
5നഗരത്തിലെ സർവസമ്പത്തും ആദായവും വില പിടിപ്പുള്ള സകല വസ്തുക്കളും യൂദാരാജാക്കൻമാരുടെ സമസ്ത നിക്ഷേപങ്ങളുംഅവരുടെ ശത്രുക്കൾക്കു ഞാൻ കൊടുക്കും. ശത്രുക്കൾ അവ കൊള്ളയടിച്ച് ബാബിലോണിലേക്കു കൊണ്ടുപോകും.
6പാഷൂർ, നീയും നിന്റെ കുടുംബവും ബാബിലോണിലേക്കു നാടുകടത്തപ്പെടും. അവിടെവച്ചു നീയും നിന്റെ വ്യാജപ്രവചനം ശ്രവിച്ച നിന്റെ കൂട്ടുകാരെല്ലാവരും മരിച്ചു മണ്ണടിയും.
ജറെമിയായുടെ പരാതി
7കർത്താവേ, അങ്ങ് എന്നെ വഞ്ചിച്ചിരിക്കുന്നു; ഞാൻ വഞ്ചിതനായി. അങ്ങ് എന്നേക്കാൾ ശക്തനാണ്. അങ്ങ് വിജയിച്ചിരിക്കുന്നു. ദിവസം മുഴുവൻ ഞാൻ പരിഹാസ പാത്രമായി. എല്ലാവരും എന്നെ അപഹസിക്കുന്നു.
8വായ് തുറക്കുമ്പോഴൊക്കെ അക്രമം, നാശം എന്നാണു ഞാൻ വിളിച്ചുപറയുന്നത്. കർത്താവിന്റെ വചനം എനിക്ക് ഇടവിടാത്തനിന്ദനത്തിനും പരിഹാസത്തിനും ഹേതുവായിരിക്കുന്നു.
9അവിടുത്തെപ്പറ്റി ഞാൻ ചിന്തിക്കുകയില്ല, അവിടുത്തെനാമത്തിൽ മേലിൽ സംസാരിക്കുകയില്ല എന്നു ഞാൻ പറഞ്ഞു. എന്നാൽ ഹൃദയത്തെ ദഹിപ്പിക്കുന്ന അഗ്നി എന്റെ അസ്ഥികൾക്കുള്ളിൽ അടച്ചിട്ടിരിക്കുന്നതുപോലെ എനിക്കനുഭവപ്പെട്ടു. അതിനെ അടക്കാൻ ശ്രമിച്ചു ഞാൻ തളർന്നു; എനിക്കു സാധിക്കുന്നില്ല.
10പലരും അടക്കംപറയുന്നതു ഞാൻ കേൾക്കുന്നു: സർവത്ര ഭീതി! അവനെതിരേ ആരോപണം നടത്തുക, നമുക്ക് അവനെതിരേ കുറ്റാരോപണം നടത്താം. എന്റെ കൂട്ടുകാരായിരുന്നവർ ഞാൻ വീഴുന്നതു കാണാൻ കാത്തിരിക്കുകയാണ്. അവനു വഴിതെറ്റിയേക്കാം. അപ്പോൾ നമുക്ക് അവന്റെ മേൽ വിജയം നേടാം; പ്രതികാരം നടത്തുകയും ചെയ്യാം.
11എന്നാൽ വീരയോദ്ധാവിനെപ്പോലെ കർത്താവ് എന്റെ പക്ഷത്തുണ്ട്. അതിനാൽ എന്റെ പീഡകർക്കു കാലിടറും. അവർ എന്റെ മേൽ വിജയം വരിക്കുകയില്ല. വിജയിക്കാതെവരുമ്പോൾ അവർ വല്ലാതെ ലജ്ജിക്കും. അവർക്കുണ്ടാകുന്ന നിത്യമായ അവമാനം ഒരിക്കലും വിസ്മരിക്കപ്പെടുകയില്ല.
12സൈന്യങ്ങളുടെ കർത്താവേ, നീതിമാനെ പരിശോധിക്കുകയും ഹൃദയവും മനസ്സും കാണുകയും ചെയ്യുന്നവനേ, അങ്ങ് അവരോടു പ്രതികാരം ചെയ്യുന്നതു കാണാൻ എന്നെ അനുവദിക്കണമേ. അങ്ങിലാണല്ലോ ഞാൻ ആശ്രയിക്കുന്നത്.
13കർത്താവിനു കീർത്തനം പാടുവിൻ; അവിടുത്തെ സ്തുതിക്കുവിൻ. എന്തെന്നാൽ, ദുഷ്ടരുടെ കൈയിൽനിന്ന് ദരിദ്രരുടെ ജീവനെ അവിടുന്ന് രക്ഷിച്ചു.
14ഞാൻ പിറന്ന ദിവസം ശപിക്കപ്പെട്ടതാകട്ടെ; എന്റെ അമ്മ എന്നെ പ്രസവിച്ച ദിവസം അനുഗ്രഹിക്കപ്പെടാതിരിക്കട്ടെ.
15എന്റെ പിതാവിന്റെ അടുക്കൽ ചെന്ന് നിനക്ക് ഒരു പുത്രൻ ജനിച്ചിരിക്കുന്നു എന്ന വാർത്ത അറിയിച്ച് അവനെ സന്തോഷിപ്പിച്ചവൻ ശപിക്കപ്പെട്ടവനാകട്ടെ.
16കർത്താവ് നിർദയം നശിപ്പിച്ച പട്ടണംപോലെയാകട്ടെ അവൻ . രാവിലെ നിലവിളിയും ഉച്ചയ്ക്കു പോർവിളിയും അവനു കേൾക്കാനിടവരട്ടെ.
17എന്തുകൊണ്ട് അവൻ എന്നെ പിറക്കുന്നതിനുമുൻപു കൊന്നില്ല? എന്റെ അമ്മയുടെ ഉദരം എന്നേക്കും എന്റെ ശവകുടീരമാകുമായിരുന്നു.
18എന്തിനാണ് ഞാൻ ഉദരത്തിൽനിന്നു പുറത്തുവന്നത്? അധ്വാനവും സങ്കടവും കാണാനോ? എന്റെ ദിനങ്ങൾ അവമാനത്തിൽ കഴിച്ചുകൂട്ടുന്നതിനോ?