ജറെമിയാ 10
അധ്യായങ്ങൾ
വിഗ്രഹങ്ങളും ദൈവവും
1ഇസ്രായേൽഭവനമേ, കർത്താവിന്റെ വാക്കു കേൾക്കുക.
2കർത്താവ് അരുളിച്ചെയ്യുന്നു: ജനതകളുടെ രീതി നിങ്ങൾ അനുക രിക്കരുത്; ആകാശത്തിലെ നിമിത്തങ്ങൾ കണ്ടു സംഭ്രമിക്കയുമരുത്. ജനതകളാണ് അവയിൽ സംഭ്രമിക്കുന്നത്.
3ജനതകളുടെ വിഗ്രഹങ്ങൾ വ്യർഥമാണ്. വനത്തിൽനിന്നു വെട്ടിയെടുക്കുന്ന മരത്തിൽ ശിൽപി തൻെറ ഉളി പ്രയോഗിക്കുന്നു.
4അവർ അതു വെള്ളിയും സ്വർണവും കൊണ്ടു പൊതിയുന്നു; വീണു തകരാതിരിക്കാൻ ആണിയടിച്ച് ഉറപ്പിക്കുന്നു.
5അവരുടെ വിഗ്രഹങ്ങൾ വെള്ളരിത്തോട്ടത്തിലെ കോലം പോലെയാണ്. അവയ്ക്കു സംസാരശേഷിയില്ല. അവയ്ക്കു തനിയേ നടക്കാനാവില്ല; ആരെങ്കിലും ചുമന്നുകൊണ്ടു നടക്കണം. നിങ്ങൾ അവയെ ഭയപ്പെടേണ്ടാ. അവയ്ക്കു തിൻമയോ നൻമയോ പ്രവർത്തിക്കാൻ ശക്തിയില്ല.
6കർത്താവേ, അങ്ങയെപ്പോലെ മറ്റാരുമില്ല. അങ്ങ് വലിയവനാണ്. അങ്ങയുടെ നാമം മഹത്വപൂർണമാണ്.
7ജനതകളുടെ രാജാവേ, അങ്ങയെ ഭയപ്പെടാതെ ആരുള്ളൂ? അങ്ങ് അതിന് അർഹനാണ്. ജനതകളിലെ സകല ജ്ഞാനികളുടെ ഇടയിലും അവരുടെ സകല രാജ്യങ്ങളിലും അങ്ങയെപ്പോലെ മറ്റാരുമില്ല. അവർ മൂഢൻമാരും വിഡ്ഢികളുമാണ്.
8അവർ പ്രഘോഷിക്കുന്ന വിഗ്രഹങ്ങൾ മരക്കഷണമാണ്.
9വെള്ളിത്തകിടുകൾ താർഷീഷിൽനിന്നും സ്വർണം ഊഫാസിൽനിന്നും കൊണ്ടുവരുന്നു. ശിൽപിയും സ്വർണപ്പണിക്കാരനും അവ പണിത് ഒരുക്കുന്നു. നീലയും ധൂമ്രവുമായ അങ്കി അവയെ അണിയിക്കുന്നു. ഇവയെല്ലാം വിദഗ്ധന്റെ ശിൽപങ്ങൾ മാത്രമാണ്.
10എന്നാൽ കർത്താവാണ് സത്യദൈവം; ജീവിക്കുന്ന ദൈവവും നിത്യനായരാജാവും അവിടുന്നു മാത്രം. അവിടുത്തെ ഉഗ്രകോപത്തിൽ ഭൂമി നടുങ്ങുന്നു. അവിടുത്തെ കോപം താങ്ങാൻ ജനതകൾക്കാവില്ല.
11നീ അവരോടു പറയുക: ആകാശത്തിന്റെയും ഭൂമിയുടെയും സ്രഷ്ടാക്കളല്ലാത്ത ദേവൻമാർ ഭൂമിയിൽനിന്ന്, ആകാശത്തിൻകീഴിൽനിന്ന്, തിരോഭവിക്കും.
12തൻെറ ശക്തിയാൽ ഭൂമിയെ സൃഷ്ടിച്ചതും ജ്ഞാനത്താൽ ലോകത്തെ സ്ഥാപിച്ചതും അറിവാൽ ആകാശത്തെ വിരിച്ചതും അവിടുന്നാണ്.
13അവിടുന്ന് ശബ്ദിക്കുമ്പോൾ ആകാശത്തിൽ ജലം ഗർജിക്കുന്നു. ഭൂമിയുടെ അതിർത്തികളിൽനിന്ന് അവിടുന്ന് മൂടൽമഞ്ഞുയർത്തുന്നു. മഴപെയ്യിക്കാൻമിന്നൽപ്പിണരുകൾ നിർമിക്കുന്നു. അറപ്പുര തുറന്നു കാറ്റിനെ അയയ്ക്കുന്നു.
14എല്ലാ മനുഷ്യരും അറിവില്ലാത്ത ഭോഷൻമാരാണ്. സ്വർണപ്പണിക്കാരൻ താൻ നിർമിച്ചവിഗ്ര ഹങ്ങൾനിമിത്തം ലജ്ജിതനാകുന്നു. അവന്റെ പ്രതിമകൾ വ്യാജമാണ്; ജീവശ്വാസം അവയിലില്ല.
15അവ വിലകെട്ടതും അർഥശൂന്യവുമത്രേ. ശിക്ഷാദിനത്തിൽ അവനശിക്കും.
16എന്നാൽ യാക്കോബിൻെറ അവകാശമായവൻ ഇങ്ങനെയല്ല. സർവവും രൂപപ്പെടുത്തിയത് അവിടുന്നാണ്; ഇസ്രായേൽവംശം അവിടുത്തെ അവകാശമാണ്. സൈന്യങ്ങളുടെ കർത്താവ് എന്നാണ് അവിടുത്തെനാമം.
പ്രവാസം ആസന്നം
17ഉപരോധിക്കപ്പെട്ട നഗരമേ, ഭാണ്ഡംകെട്ടി ഓടിപ്പോകുവിൻ.
18കർത്താവ് അരുളിച്ചെയ്യുന്നു: ഞാൻ ദേശവാസികളെയെല്ലാം ദൂരെയെറിയാൻ പോകുന്നു. അവരുടെമേൽ ഞാൻ ദുരിതം വരുത്തും; അവർ അതനുഭവിക്കും.
19ഹാ! കഷ്ടം. എനിക്കു മുറിവേറ്റിരിക്കുന്നു- ദാരുണമായ മുറിവ്; ഞാൻ അതു സഹിച്ചേ മതിയാവൂ. എന്റെ കൂടാരം തകർന്നുപോയി.
20ചരടുകളെല്ലാം പൊട്ടി; എന്റെ മക്കൾ എന്നെ വിട്ടുപോയി; ആരും അവശേഷിച്ചിട്ടില്ല. എന്റെ കൂടാരം വീണ്ടും പണിയാനും തിരശ്ശീല വിരിക്കാനും ആരുമില്ല.
21ഇടയൻമാരെല്ലാം ഭോഷൻമാരാണ്. അവർ കർത്താവിനെ അനേ്വഷിക്കുന്നില്ല; അതിനാൽ അവർക്ക് ഐശ്വര്യമില്ല, അവരുടെ അജഗണം ചിതറിപ്പോയിരിക്കുന്നു.
22ഇതാ, ഒരു ആരവം, അത് അടുത്തുവരുന്നു. വടക്കുനിന്നു വലിയ ഇരമ്പൽ.യൂദാപ്പട്ടണങ്ങളെ അത് വിജനമാക്കി കുറുക്കൻെറ താവളമാക്കും.
23കർത്താവേ, മനുഷ്യന്റെ മാർഗങ്ങൾ അവന്റെ നിയന്ത്രണത്തിലല്ലെന്നും നടക്കുന്നവനു തൻെറ ചുവടുകൾ സ്വാധീനമല്ലെന്നും എനിക്കറിയാം.
24കർത്താവേ, നീതിപൂർവം എന്നെതിരുത്തണമേ. എന്നാൽ കോപത്തോടെ അരുതേ. അല്ലെങ്കിൽ ഞാൻ ഇല്ലാതായിപ്പോകും.
25അങ്ങയെ അറിയാത്ത ജനതകളുടെമേലും അങ്ങയുടെ നാമം വിളിച്ചപേക്ഷിക്കാത്ത ജനപദങ്ങളുടെമേലും അവിടുത്തെ കോപം ചൊരിയുക. അവർ യാക്കോബിനെ വിഴുങ്ങിയിരിക്കുന്നു; അവനെ നിശ്ശേഷം നശിപ്പിച്ചിരിക്കുന്നു. അവന്റെ ഭവനം നിർജനമാക്കി.