ജറെമിയാ 27
അധ്യായങ്ങൾ
ബാബിലോണിൻെറ നുകം
1 യൂദാരാജാവായ ജോസിയായുടെ പുത്രൻ സെദെക്കിയായുടെ ഭരണത്തിൻെറ ആദ്യകാലത്ത് ജറെമിയായ്ക്കു കർത്താവിന്റെ അരുളപ്പാടുണ്ടായി.
2കർത്താവ് എന്നോട് അരുളിച്ചെയ്തു: നുകവും കയറും ഉണ്ടാക്കി നിന്റെ കഴുത്തിൽ വയ്ക്കുക.
3ജറുസലെമിൽ യൂദാരാജാവായ സെദെക്കിയായുടെ അടുക്കൽ വരുന്ന ദൂതൻമാർവശം ഏദോം, മൊവാബ്, അമ്മോൻ, ടയിർ, സീദോൻ എന്നിവിടങ്ങളിലെ രാജാക്കൻമാർക്ക് ഈ സന്ദേശം അയയ്ക്കുക.
4തങ്ങളുടെയജമാനൻമാരെ അറിയിക്കാൻ അവരോടു പറയണം. ഇസ്രായേലിന്റെ ദൈവമായ, സൈന്യങ്ങളുടെ കർത്താവ് അരുളിച്ചെയ്യുന്നു:
5ശക്തമായ കരം നീട്ടി ഭൂമിയെയും അതിലുള്ള മനുഷ്യരെയും മൃഗങ്ങളെയും സൃഷ്ടിച്ചതു ഞാനാണ്. എനിക്ക് ഉചിതമെന്നു തോന്നുന്നവനു ഞാൻ അതു നൽകും.
6ബാബിലോൺ രാജാവായ എന്റെ ദാസൻ നബുക്കദ്നേസറിൻെറ കരങ്ങളിൽ ഞാൻ ഈ ദേശങ്ങൾ നൽകിയിരിക്കുന്നു. അവനെ സേവിക്കാൻ വയലിലെ മൃഗങ്ങളെയും ഞാൻ കൊടുത്തിരിക്കുന്നു.
7സകല ജനതകളും അവനെയും അവന്റെ പുത്രനെയും പൗത്രനെയും അവന്റെ രാജ്യത്തിന്റെ കാലം പൂർത്തിയാകുന്നതുവരെ സേവിക്കും; അതിനുശേഷം അനേക ജനതകളും മഹാരാജാക്കൻമാരും അവനെ തങ്ങളുടെ സേവകനാക്കും.
8ബാബിലോൺരാജാവായ നബുക്കദ്നേസറിനെ സേവിക്കുകയോ അവന്റെ നുകത്തിനു കഴുത്തു കുനിച്ചുകൊടുക്കുകയോ ചെയ്യാത്ത ജനതയെയും രാജ്യത്തെയും അവന്റെ കൈകൊണ്ടു നിശ്ശേഷം നശിപ്പിക്കുന്നതുവരെ പടയും പട്ടിണിയും പകർച്ചവ്യാധിയും അയച്ച് ഞാൻ ശിക്ഷിക്കും - കർത്താവ് അരുളിച്ചെയ്യുന്നു.
9അതിനാൽ ബാബിലോൺരാജാവിനെ സേവിക്കരുത് എന്നു പറയുന്ന നിങ്ങളുടെ പ്രവാചകൻമാരുടെയും പ്രശ്നക്കാരുടെയും സ്വപ്നക്കാരുടെയും ശകുനക്കാരുടെയും ക്ഷുദ്രക്കാരുടെയും വാക്കു നിങ്ങൾ ശ്രവിക്കരുത്.
10നിങ്ങളുടെ ദേശത്തുനിന്നു നിങ്ങളെ അകറ്റാനും ഞാൻ നിങ്ങളെ തുരത്തി നശിപ്പിക്കാനും ഇടയാകത്തക്ക നുണയാണ് അവർ പ്രവചിക്കുന്നത്.
11ബാബിലോൺരാജാവിൻെറ നുകത്തിനു കഴുത്തു കുനിച്ചുകൊടുത്ത് അവനെ സേവിക്കുന്ന ജനതയെ സ്വദേശത്തു തന്നെ വസിക്കാൻ ഞാൻ അനുവദിക്കും. അവർ അവിടെ കൃഷിചെയ്തു ജീവിക്കും - കർത്താവ് അരുളിച്ചെയ്യുന്നു.
12 യൂദാരാജാവായ സെദെക്കിയായോടും ഞാൻ അങ്ങനെതന്നെ പറഞ്ഞു: ബാബിലോൺരാജാവിൻെറ നുകത്തിനു കഴുത്തു കുനിച്ചുകൊടുത്ത് അവനെയും അവന്റെ ജനത്തെയും സേവിച്ചു കൊണ്ടു ജീവിക്കുക.
13ബാബിലോൺരാജാവിനെ സേവിക്കാത്ത ജനതകളെക്കുറിച്ചു കർത്താവ് അരുളിച്ചെയ്തതുപോലെ നീയും നിന്റെ ജനവും വാളും ക്ഷാമവും പകർച്ചവ്യാധിയുംകൊണ്ട് എന്തിനു മരിക്കണം?
14ബാബിലോൺരാജാവിനെ സേവിക്കരുത് എന്നുപറയുന്ന പ്രവാചകൻമാരുടെ വാക്കു നിങ്ങൾ കേൾക്ക രുത്. അവർ പ്രവചിക്കുന്നതു നുണയാണ്.
15ഞാൻ അവരെ അയച്ചിട്ടില്ല. ഞാൻ നിങ്ങളെ ആട്ടിയോടിക്കുന്നതിനും നിങ്ങളും നിങ്ങളോടു പ്രവചിക്കുന്ന പ്രവാചകൻമാരും നശിക്കുന്നതിനും വേണ്ടിയാണ് എന്റെ നാമത്തിൽ അവർ വ്യാജം പ്രവചിക്കുന്നത് - കർത്താവ് അരുളിച്ചെയ്യുന്നു.
16പുരോഹിതൻമാരോടും ജനത്തോടും ഞാൻ പറഞ്ഞു. കർത്താവ് അരുളിച്ചെയ്യുന്നു: ഇതാ, ദേവാലയത്തിലെ ഉപകരണങ്ങൾ ബാബിലോണിൽ നിന്ന് ഉടനെ തിരികെക്കൊണ്ടുവരുമെന്ന് പ്രവചിക്കുന്ന നിങ്ങളുടെ പ്രവാചകൻമാരുടെ വാക്കുകൾക്കു ചെവികൊടുക്ക രുത്. അവർ നുണയാണ് പ്രവചിക്കുന്നത്.
17അവരുടെ വാക്കു നിങ്ങൾ കേൾക്കരുത്. ബാബിലോൺരാജാവിനെ സേവിച്ചുകൊണ്ടു ജീവിക്കുക. എന്തിന് ഈ നഗരം ശൂന്യമാകണം?
18അവർ പ്രവാചകൻമാരെങ്കിൽ, കർത്താവിന്റെ വചനം അവരോടുകൂടെയുണ്ടെങ്കിൽ, ദേവാലയത്തിലും യൂദാരാജാവിൻെറ കൊട്ടാരത്തിലും ജറുസലെമിലും ഉള്ള ഉപകരണങ്ങൾ ബാബിലോണിലേക്ക്കൊണ്ടുപോകാതിരിക്കാൻ സൈന്യങ്ങളുടെ കർത്താവിനോടുയാചിക്കട്ടെ.
19 യൂദാരാജാവായയഹോയാക്കിമിൻെറ പുത്രൻ
20യക്കോണിയായെയും യൂദായിലെയും ജറുസലെമിലെയും കുലീനരെയും ബാബിലോൺരാജാവായ നബുക്കദ്നേസർ ജറുസലെമിൽനിന്നു ബാബിലോണിലേക്കു പിടിച്ചു കൊണ്ടുപോയപ്പോൾ അവൻ എടുക്കാതെവിട്ട സ്തംഭങ്ങൾ, ജലസംഭരണി, പീഠങ്ങൾ, പട്ട ണത്തിൽ ശേഷിച്ചിരുന്ന ഉപകരണങ്ങൾ എന്നിവ സംബന്ധിച്ച് സൈന്യങ്ങളുടെ കർത്താവ് അരുളിച്ചെയ്യുന്നു.
21ഇസ്രായേലിന്റെ ദൈവമായ, സൈന്യങ്ങളുടെ കർത്താവ് അവിടുത്തെ ആലയത്തിലും യൂദാരാജാവിൻെറ കൊട്ടാരത്തിലും ജറുസലെമിലും ശേഷിച്ചിട്ടുള്ള ഉപകരണങ്ങളെക്കുറിച്ച് അരുളിച്ചെയ്യുന്നു:
22അവയെ ബാബിലോണിലേക്കു കൊണ്ടുപോകും. എന്റെ സന്ദർശന ദിവസംവരെ അവ അവിടെ ആയിരിക്കും. കർത്താവ് അരുളിച്ചെയ്യുന്നു: അന്ന് ഞാൻ അവ തിരികെ കൊണ്ടുവന്ന് ഈ സ്ഥലത്തു പുനഃസ്ഥാപിക്കും.