Menu
Print passage

പ്രിന്റിനുള്ള വചനങ്ങൾ

ഒന്നോ അതിലധികമോ അധ്യായങ്ങളും വചനപരിധിയും തിരഞ്ഞെടുക്കുക.

ജറെമിയാ 13

അധ്യായങ്ങൾ

അരക്കച്ചയും തോൽക്കുടവും

1കർത്താവ് എന്നോട് അരുളിച്ചെയ്തു: നീ പോയി ഒരു ചണവസ്ത്രം വാങ്ങിക്കൊണ്ടുവന്ന് അരയിൽ ചുറ്റുക.
2അതു വെള്ളത്തിൽ മുക്കരുത്. കർത്താവിന്റെ വാക്കനുസരിച്ച് ഞാൻ ഒരു ചണവസ്ത്രം വാങ്ങി ഉടുത്തു.
3കർത്താവ് വീണ്ടും എന്നോട് അരുളിച്ചെയ്തു:
4നീ വാങ്ങി ഉടുത്ത വസ്ത്രംയൂഫ്രെട്ടീസ്തീരത്തു കൊണ്ടുപോയി അവിടെ ഒരു പാറയിടുക്കിൽ ഒളിച്ചുവയ്ക്കുക.
5കർത്താവ് കൽപിച്ചതനുസരിച്ച് ഞാൻ അത്യൂഫ്രെട്ടീസിൻെറ തീരത്ത് ഒളിച്ചുവച്ചു.
6അനേക ദിവസങ്ങൾക്കുശേഷം കർത്താവ് എന്നോട് അരുളിച്ചെയ്തു: നീയൂഫ്രെട്ടീസ് തീരത്തുചെന്ന് എന്റെ കൽപനപ്രകാരം ഒളിച്ചുവച്ചിരിക്കുന്ന അരക്കച്ച അവിടെനിന്ന് എടുക്കുക.
7ഞാൻ അവിടെച്ചെന്ന് അരക്കച്ച ഒളിച്ചുവച്ചിരുന്ന സ്ഥലം കുഴിച്ച് അതു പുറത്തെടുത്തു. ആ വസ്ത്രം ഒന്നിനും കൊള്ളാത്തവിധം ജീർണിച്ചുപോയിരുന്നു.
8അപ്പോൾ എനിക്കു കർത്താവിന്റെ അരുളപ്പാടുണ്ടായി.
9കർത്താവ് അരുളിച്ചെയ്യുന്നു: യൂദായുടെ അഹങ്കാരത്തെയും ജറുസലെമിൻെറ ഔദ്ധത്യത്തെയും ഞാൻ ഇതേവിധം നശിപ്പിക്കും.
10എന്റെ വാക്കുകേൾക്കാതെ തന്നിഷ്ടപ്രകാരം നടക്കുകയും അന്യദേവൻമാരുടെ പിറകേപോയി അവരെ സേവിക്കുകയും ആരാധിക്കുകയും ചെയ്ത ഈ ദുഷ്ടജനത ഒന്നിനും കൊള്ളാത്ത ഈ അര ക്കച്ചപോലെ ആയിത്തീരും.
11അരക്കച്ച അരയോടു ചേർന്നിരിക്കുന്നതുപോലെ ഇസ്രായേൽഭവനവുംയൂദാഭവനവും എന്നോടു ചേർന്നിരിക്കണമെന്നു ഞാൻ ആഗ്രഹിച്ചു. ഇത് അവർ എന്റെ ജനവും കീർത്തിയും അഭിമാനവും മഹത്ത്വവുമായി നിലകൊള്ളേണ്ടതിനായിരുന്നു. എന്നാൽ അവർ അതു കൂട്ടാക്കിയില്ല - കർത്താവ് അരുളിച്ചെയ്യുന്നു.
12നീ അവരോടു പറയണം, ഇസ്രായേലിന്റെ ദൈവമായ കർത്താവ് അരുളിച്ചെയ്യുന്നു: എല്ലാ ഭരണികളിലും വീഞ്ഞു നിറയ്ക്കും. അവർ നിന്നോടു ചോദിക്കും - എല്ലാ ഭരണികളിലും വീഞ്ഞു നിറയ്ക്കുമെന്നു ഞങ്ങൾക്കു നന്നായി അറിയാവുന്നതല്ലേ?
13അപ്പോൾ നീ അവരോടു പറയണം. കർത്താവ് അരുളിച്ചെയ്യുന്നു: ഈ ദേശവാസികളെ - ദാവീദിന്റെ സിംഹാസനത്തിലിരിക്കുന്ന രാജാക്കൻമാരെയും പുരോഹിതൻമാരെയും പ്രവാചകൻമാരെയും ജറുസലെംനിവാസികളെയും - ഞാൻ ലഹരികൊണ്ടു നിറയ്ക്കും.
14എന്നിട്ടു ഞാൻ ഒരുവനെ എടുത്ത് മറ്റൊരുവന്റെ മേൽ അടിക്കും; പിതാക്കൻമാരെയും മക്കളെയും ഒന്നുപോലെ. ഞാൻ ആരോടും കരുണകാണിക്കുകയില്ല; ഒരുവനെയും വെറുതെവിടുകയില്ല; എല്ലാവരെയും നിർദയം നശിപ്പിക്കും - കർത്താവ് അരുളിച്ചെയ്യുന്നു.

ജറുസലെമിനു മുന്നറിയിപ്പ്

15നിങ്ങൾ കാതോർത്തുകേൾക്കുവിൻ; അഹങ്കരിക്കരുത് - കർത്താവാണ് അരുളിച്ചെയ്തിരിക്കുന്നത്.
16കർത്താവ് അന്ധകാരം വരുത്തുന്നതിനുമുൻപ്, നിങ്ങളുടെ കാൽപാദങ്ങൾ ഇരുൾനിറഞ്ഞമലകളിൽ ഇടറുന്നതിനുമുൻപ്, നിങ്ങളുടെദൈവമായ കർത്താവിനു മഹത്ത്വം നൽകുവിൻ. അല്ലെങ്കിൽ നിങ്ങൾ വെളിച്ചം തേടുമ്പോൾ മരണത്തിന്റെ നിഴലും കൂരിരുട്ടുമായിരിക്കും ലഭിക്കുക.
17നിങ്ങൾ അനുസരിക്കുന്നില്ലെങ്കിൽ നിങ്ങളുടെ അഹങ്കാരത്തെച്ചൊല്ലി രഹസ്യത്തിൽ എന്റെ ആത്മാവ് കരയും. കർത്താവിന്റെ അജഗണത്തെ അടിമത്തത്തിലേക്കു കൊണ്ടുപോകയാൽ ഞാൻ ഉള്ളുരുകിക്ക രയും; കണ്ണീർ ധാരധാരയായി ഒഴുകും.
18രാജാവിനോടും രാജമാതാവിനോടും പറയുക, സിംഹാസനത്തിൽനിന്നു താഴെയിറങ്ങുക; നിങ്ങളുടെ മഹത്തായ കിരീടം നിങ്ങളുടെ ശിരസ്സിൽനിന്നു താഴെ വീണിരിക്കുന്നു.
19നെഗെബിലെ നഗരങ്ങൾ ഉപരോധിക്കപ്പെട്ടിരിക്കുന്നു; രക്ഷിക്കാൻ ആരുമില്ല. യൂദാ നാടുകടത്തപ്പെടുന്നു; സകലരെയും അടിമകളായി കൊണ്ടുപോകുന്നു.
20നീ കണ്ണുകളുയർത്തി വടക്കുനിന്നു വരുന്നവരെ കാണുക. നിന്നെ ഭരമേൽപ്പിച്ചിരുന്ന ആട്ടിൻപറ്റം, നിന്റെ മനോഹരമായ അജഗണം, എവിടെ?
21സുഹൃത്തുക്കളെന്നു കരുതിയിരുന്നവർ നിന്നെ തോൽപിച്ച് നിന്റെ മേൽ ഭരണം നടത്തുമ്പോൾ നീ എന്തുപറയും? ഈറ്റുനോവെടുത്തവളെപ്പോലെ നീ വേദനയാൽ പുളയുകയില്ലേ?
22എനിക്ക് എന്തുകൊണ്ട് ഇങ്ങനെവന്നു എന്ന് നീ ആത്മഗതം ചെയ്യുന്നുണ്ടാവാം. നിന്റെ തിൻമകളുടെ ആധിക്യം നിമിത്തമാണ് അവർ വസ്ത്രമുരിഞ്ഞു നിന്നെ ബലാൽക്കാരം ചെയ്തത്.
23എതേ്യാപ്യക്കാരനു തൻെറ തൊലിയോ പുള്ളിപ്പുലിക്കു തൻെറ പുള്ളിയോ മാറ്റാനാകുമോ? എങ്കിൽ തിൻമചെയ്തു ശീലിച്ച നിനക്കു നൻമചെയ്യാനാകും.
24മരുഭൂമിയിൽനിന്നു വീശുന്ന കാറ്റിൽ പതിരെന്നപോലെ നിങ്ങളെ ഞാൻ ചിതറിക്കും.
25നിനക്കായി ഞാൻ അളന്നുവച്ചിരിക്കുന്ന ഓഹരി ഇതാണ്. എന്തെന്നാൽ, നീ എന്നെ മറക്കുകയും നുണകളിൽ വിശ്വസിക്കുകയും ചെയ്തു - കർത്താവ് അരുളിച്ചെയ്യുന്നു.
26ഞാൻ തന്നെ നിന്റെ ഉടുതുണി ഉരിഞ്ഞുമാറ്റും; നിന്റെ നഗ്നത വെളിവാക്കപ്പെടും.
27നിന്റെ മ്ലേച്ഛതകളും വ്യഭിചാരങ്ങളും വിഷയാസ ക്തിയുടെ സീൽക്കാരവും കാമാന്ധമായ വേശ്യാവൃത്തികളും നാട്ടിൻപുറത്തും മലകളിലും ഞാൻ കണ്ടു. ജറുസലെമേ, നിനക്കു ദുരിതം! എന്നാണ് നീ ശുദ്ധയാവുക?
വായനാ ക്രമീകരണങ്ങൾ
വചനം സംരക്ഷിക്കുക

വിഭാഗം തിരഞ്ഞെടുക്കുക

ഈ വചനം കണ്ടെത്താൻ സഹായിക്കുന്ന ഒരു വിഭാഗം തിരഞ്ഞെടുക്കുക.

സ്വകാര്യ കുറിപ്പ്

വചന കുറിപ്പ്

⌂ഹോം📖ബൈബിൾ✦പഠനം🔖സംരക്ഷിച്ചത്