ജറെമിയാ 40
അധ്യായങ്ങൾ
ഗദാലിയാ ഭരണാധിപൻ
1ജറുസലെമിൽനിന്നും യൂദായിൽനിന്നും ചങ്ങലകളാൽ ബന്ധിച്ച് ബാബിലോണിലേക്ക് അടിമകളായി കൊണ്ടുപോയവ രുടെ ഇടയിൽനിന്നു ജറെമിയായെ റാമായിൽവച്ച് സേനാനായകനായ നെബുസരദാൻ സ്വതന്ത്രനാക്കി. അപ്പോൾ ജറെമിയായ്ക്ക് കർത്താവിന്റെ അരുളപ്പാടുണ്ടായി.
2സേനാനായകൻ ജറെമിയായെ വിളിച്ചു പറഞ്ഞു: നിന്റെ ദൈവമായ കർത്താവ് ഈ സ്ഥലത്തിനെതിരേ ഈ അനർഥങ്ങൾ പ്രഖ്യാപിച്ചിരിക്കുന്നു. താൻ അരുളിച്ചെയ്തതു പോലെ കർത്താവ് എല്ലാം പ്രവർത്തിച്ചിരിക്കുന്നു.
3നിങ്ങൾ കർത്താവിനെതിരേ പാപം ചെയ്യുകയും അവിടുത്തെ വചനങ്ങൾ അവഗണിക്കുകയും ചെയ്തതിനാലാണ് ഇതെല്ലാം നിങ്ങളുടെമേൽ വന്നുഭവിച്ചത്.
4ഇതാ, നിന്റെ കൈകളിൽനിന്നു ഞാൻ ചങ്ങല അഴിച്ചു മാറ്റുന്നു. എന്നോടുകൂടെ ബാബിലോണിലേക്കു പോരാൻ ഇഷ്ടമെങ്കിൽ വരുക. ഞാൻ നിന്നെ സംരക്ഷിച്ചുകൊള്ളാം. ഇഷ്ടമില്ലെങ്കിൽ പോരേണ്ടാ. ഇതാ, ദേശം മുഴുവൻ നിന്റെ മുൻപിൽ, ഇഷ്ടമുള്ളിടത്തേക്കു പോകാം.
5ഇവിടെത്തന്നെ പാർക്കുന്നെങ്കിൽ യൂദായിലെ പട്ടണങ്ങളുടെ ഭരണാധിപനായി ബാബിലോൺരാജാവു നിയമിച്ച ഷാഫാൻെറ മകനായ അഹിക്കാമിന്റെ മകൻ ഗദാലിയായുടെ അടുത്തേക്കുപോയി അവനോടൊപ്പം ജനത്തിന്റെ ഇടയിൽ വസിക്കുക. അല്ലെങ്കിൽ ഉചിതമെന്നുതോന്നുന്നിടത്തേക്കു പൊയ്ക്കൊള്ളുക. നെബുസര ദാൻ ഭക്ഷണവും സമ്മാനവും നൽകി അവനെയാത്രയാക്കി.
6ജറെമിയാ മിസ്പായിൽ അഹിക്കാമിന്റെ മകൻ ഗദാലിയായുടെ അടുത്തേക്കു പോയി. ദേശത്ത് അവശേഷിച്ചിരുന്ന ജനത്തിന്റെ ഇടയിൽ അവനോടുകൂടെ വസിച്ചു.
7ബാബിലോൺരാജാവ്, അഹിക്കാമിന്റെ പുത്രൻ ഗദാലിയായെ ദേശത്തിന്റെ ഭരണാധികാരിയാക്കിയെന്നും ബാബിലോണിലേക്കു നാടുകടത്താതെ ദേശത്ത് അവശേഷിച്ച പാവപ്പെട്ട സ്ത്രീപുരുഷൻമാരെയും കുട്ടികളെയും അവനെ ഭരമേൽപിച്ചുവെന്നും നാട്ടിൻപുറത്തുണ്ടായിരുന്ന പടത്തലവൻമാരും അവരുടെ ആളുകളും അറിഞ്ഞു.
8നെത്താനിയായുടെ പുത്രൻ ഇസ്മായേൽ, കരേയായുടെ പുത്രൻ യോഹനാൻ, തൻഹുമേത്തിൻെറ പുത്രൻ സെരായാ, നെത്തോഫാത്യനായ എഫായിയുടെ പുത്രൻമാർ, മക്കാത്ത്യനായയസാനിയാ എന്നിവർ തങ്ങളുടെ ആളുകളോടൊപ്പം മിസ്പായിൽ ഗദാലിയായുടെ അടുത്തേക്കു ചെന്നു.
9ഷാഫാൻെറ മകനായ അഹിക്കാമിന്റെ പുത്രൻ ഗദാലിയാ അവരോടു ശപഥംചെയ്തു പറഞ്ഞു: കൽദായർക്കു കീഴ്പ്പെട്ടിരിക്കാൻ നിങ്ങൾ ഭയപ്പെടേണ്ടാ. ദേശത്തു വസിച്ചുകൊണ്ടു ബാബിലോൺരാജാവിനു സേവനം ചെയ്യുക. അതു നിങ്ങൾക്കു നൻമയായി ഭവിക്കും.
10ഇങ്ങോട്ടു വരുന്ന കൽദായരുടെ മുൻപിൽ നിങ്ങളെ പ്രതിനിധീകരിക്കാൻ ഞാൻ മിസ്പായിൽ വസിക്കും. എന്നാൽ, നിങ്ങൾ വീഞ്ഞും വേനൽക്കാലഫലങ്ങളും എണ്ണയും പാത്രങ്ങളിൽ ശേഖരിച്ച്, നിങ്ങൾ കൈവശമാക്കിയ നഗരങ്ങളിൽ വസിക്കുവിൻ.
11മൊവാബിലും അമ്മോന്യരുടെയും ഏദോമ്യരുടെയും ഇടയിലും മറ്റു ദേശങ്ങളിലും ഉണ്ടായിരുന്ന യഹൂദരും ബാബിലോണിലെ രാജാവ് യൂദായിൽ കുറേപ്പേരെ അവശേഷിപ്പിച്ചിട്ടുണ്ടെന്നും ഷാഫാൻെറ മകനായ അഹിക്കാമിന്റെ പുത്രൻ ഗദാലിയായെ അവരുടെ ഭരണാധിപനായി നിയമിച്ചുവെന്നും കേട്ടു.
12ഇതരദേശങ്ങളിലേക്ക് ഓടിപ്പോയ യഹൂദർ അവിടെനിന്ന് യൂദായിലേക്ക്, മിസ്പായിൽ ഗദാലിയായുടെ അടുത്ത് മടങ്ങിവന്നു. അവർ വീഞ്ഞും ഫലങ്ങളും സമൃദ്ധമായി ശേഖരിച്ചു.
ഗദാലിയാ വധിക്കപ്പെടുന്നു
13ഒരിക്കൽ കരേയായുടെ പുത്രൻ യോഹനാനും നാട്ടിൻപുറത്തുണ്ടായിരുന്ന പടത്തലവൻമാരും മിസ്പായിൽ ഗദാലിയായുടെ അടുത്തു വന്നു.
14അമ്മോന്യരുടെ രാജാവായ ബാലിസ് നിന്നെ വധിക്കാൻ നെത്താനിയായുടെ പുത്രൻ ഇസ്മായേലിനെ അയച്ചിരിക്കുന്നതു നീ അറിഞ്ഞോ എന്ന് അവർചോദിച്ചു. എന്നാൽ അഹിക്കാമിന്റെ പുത്രൻ ഗദാലിയാ അതു വിശ്വസിച്ചില്ല.
15അപ്പോൾ കരേയായുടെ പുത്രൻ യോഹനാൻമിസ്പായിൽവച്ച് ഗദാലിയായോടു രഹസ്യമായി സംസാരിച്ചു: ഞാൻ പോയി നെത്താനിയായുടെ മകൻ ഇസ്മായേലിനെ കൊല്ലാം; ആരും അറിയുകയില്ല. അവൻ നിന്നെ വധിക്കുകയും നിന്റെ അടുക്കൽ കൂടിയിരിക്കുന്ന യഹൂദരെ ചിതറിക്കുകയും യൂദായിൽ അവശേഷിക്കുന്നവരെ നശിപ്പിക്കുകയും ചെയ്യുന്നതെന്തിന്?
16എന്നാൽ അഹിക്കാമിന്റെ പുത്രൻ അവനോടു പറഞ്ഞു: അരുത്, നീ ഇസ്മായേലിനെപ്പറ്റി പറയുന്നതെല്ലാം വ്യാജമാണ്.