ജറെമിയാ 17
അധ്യായങ്ങൾ
യൂദായുടെ പാപം
1 യൂദായുടെ പാപം നാരായംകൊണ്ട് എഴുതിയിരിക്കുന്നു; വജ്രമുനകൊണ്ട് അവരുടെ ഹൃദയഭിത്തികളിലും അവരുടെ ബലിപീഠങ്ങളുടെ കൊമ്പുകളിലും കൊത്തിവച്ചിരിക്കുന്നു.
2അത് അവർക്കെതിരേ സാക്ഷ്യം വഹിക്കും.
3ഓരോ പച്ചമരച്ചുവട്ടിലും കുന്നിൻമുകളിലും ഗിരിശൃംഗങ്ങളിലും അവർ സ്ഥാപിച്ച ബലിപീഠങ്ങളും അഷേരാപ്രതിഷ്ഠകളും നിൽക്കുന്നു. നാടുനീളെ നീ ചെയ്തിട്ടുള്ള പാപത്തിനു നിന്റെ സമ്പത്തും സകല നിക്ഷേപങ്ങളും കവർച്ചവസ്തുക്ക ളായി ഞാൻ പകരം കൊടുക്കും.
4ഞാൻ നൽകിയ അവകാശം നിനക്കു നഷ്ടപ്പെടും. നീ അറിയാത്ത ദേശത്ത് ശത്രുക്കളെ സേവിക്കാൻ നിനക്കു ഞാൻ ഇടവരുത്തും. എന്തെന്നാൽ, എന്റെ കോപം ജ്വലിക്കാൻ നീ ഇടയാക്കി; അത് എന്നും കത്തിക്കാളും.
ജ്ഞാനസൂക്തങ്ങൾ
5കർത്താവ് അരുളിച്ചെയ്യുന്നു: മനുഷ്യനെ ആശ്രയിക്കുകയും ശരീരശക്തിയെ അവലംബമാക്കുകയും ചെയ്ത് കർത്താവിൽനിന്നു ഹൃദയം തിരിക്കുന്നവൻ ശപ്തൻ.
6അവൻ മരുഭൂമിയിലെ കുറ്റിച്ചെടിപോലെയാണ്. അവനു ഋതുഭേദം ഉണ്ടാവുകയില്ല. മരുഭൂമിയിലെ വരണ്ട, നിർജനമായ ഓരുനിലത്ത് അവൻ വസിക്കും.
7കർത്താവിൽ ആശ്രയിക്കുന്നവൻ അനുഗൃഹീതൻ; അവന്റെ പ്രത്യാശ അവിടുന്നുതന്നെ.
8അവൻ ആറ്റുതീരത്തു നട്ട മരംപോലെയാണ്. അതു വെള്ളത്തിലേക്കു വേരൂന്നിയിരിക്കുന്നു. അതുവേനൽക്കാലത്തെ ഭയപ്പെടുന്നില്ല. അതിന്റെ ഇലകൾ എന്നും പച്ചയാണ്; വരൾച്ചയുടെ കാലത്തും അതിന് ഉത്കണ്ഠയില്ല; അതു ഫലം നൽകിക്കൊണ്ടേയിരിക്കും.
9ഹൃദയം മറ്റെന്തിനെക്കാളും കാപട്യമുള്ളതാണ്; ശോചനീയമാംവിധം ദുഷിച്ചതുമാണ്. അതിനെ ആർക്കാണു മനസ്സിലാക്കാൻ കഴിയുക?
10കർത്താവായ ഞാൻ മനസ്സിനെ പരിശോധിക്കുകയും ഹൃദയത്തെ പരീക്ഷിക്കുകയും ചെയ്യുന്നു. ഓരോ മനുഷ്യനും അവന്റെ ജീവിതരീതിക്കും പ്രവൃത്തിക്കും അനുസരിച്ച് ഞാൻ പ്രതിഫലം നൽകും.
11താനിടാത്ത മുട്ടയ്ക്ക് അടയിരിക്കുന്നതിത്തിരിപ്പക്ഷിയെപ്പോലെയാണ് അന്യായമായി സമ്പത്തു സമ്പാദിക്കുന്നവൻ. ജീവിതമധ്യത്തിൽ അത് അവനെ പിരിയും; അവസാനം അവൻ വിഡ്ഢിയാവുകയും ചെയ്യും.
12ആദിമുതലേ ഉന്നതത്തിൽ സ്ഥാപിതമായ മഹത്ത്വത്തിൻെറ സിംഹാസനമാണ് ഞങ്ങളുടെ വിശുദ്ധമന്ദിരം.
13ഇസ്രായേലിന്റെ പ്രത്യാശയായ കർത്താവേ, അങ്ങയെ ഉപേക്ഷിക്കുന്നവരെല്ലാം ലജ്ജിതരാകും. അങ്ങിൽനിന്നു പിന്തിരിയുന്നവർ പൂഴിയിൽ എഴുതിയ പേരുപോലെ അപ്രത്യക്ഷരാകും. എന്തെന്നാൽ, ജീവജലത്തിന്റെ ഉറവിടമായ കർത്താവിനെ അവർ ഉപേക്ഷിച്ചു.
14കർത്താവേ, എന്നെ സുഖപ്പെടുത്തണമേ; അപ്പോൾ ഞാൻ സൗഖ്യമുള്ളവനാകും. എന്നെ രക്ഷിക്കണമേ; അപ്പോൾ ഞാൻ രക്ഷപെടും; അങ്ങു മാത്രമാണ് എന്റെ പ്രത്യാശ.
15കർത്താവിന്റെ വചനം എവിടെ, അതിപ്പോൾ നിവർത്തിയാകട്ടെ എന്ന് അവർ പറയുന്നു.
16തിൻമ വരുത്താൻ ഞാൻ അങ്ങയോടു നിർബന്ധിച്ചപേക്ഷിച്ചില്ലെന്നും ദുർദിനം ഞാൻ അഭിലഷിച്ചില്ലെന്നും അവിടുത്തേക്കറിയാമല്ലോ. എന്റെ നാവിൽ നിന്നു പുറപ്പെട്ടതൊന്നും അങ്ങേക്ക് അജ്ഞാതമല്ല.
17അങ്ങ് എനിക്ക് ഭയകാരണമാകരുതേ, തിൻമയുടെ ദിനത്തിൽ അങ്ങാണ് എന്റെ സങ്കേതം.
18എന്നെ പീഡിപ്പിക്കുന്നവർ ലജ്ജിതരാകട്ടെ; ഞാൻ ലജ്ജിതനാകാതിരിക്കട്ടെ. അവർ സംഭ്രമിക്കട്ടെ; ഞാൻ സംഭ്രമിക്കാതിരിക്കട്ടെ. അവരുടെമേൽ തിൻമയുടെ ദിവസം വരുത്തണമേ. അവരെ വീണ്ടും വീണ്ടും നശിപ്പിക്കണമേ.
സാബത്താചരണം
19കർത്താവ് എന്നോട് അരുളിച്ചെയ്തു: യൂദാരാജാക്കൻമാർ കയറുകയും ഇറങ്ങുകയും ചെയ്യുന്ന ബഞ്ചമിൻ കവാടത്തിലും ജറുസലെമിൻെറ സകല കവാടങ്ങളിലുംചെന്നുപറയുക:
20 യൂദാരാജാക്കൻമാരേ, യൂദായിലെ ജനങ്ങളേ, ജറുസലെം നിവാസികളേ, ഈ കവാടങ്ങളിലൂടെ പ്രവേശിക്കുന്ന നിങ്ങൾ കർത്താവിന്റെ വാക്കു കേൾക്കുവിൻ.
21കർത്താവ് അരുളിച്ചെയ്യുന്നു: ജീവൻ വേണമെങ്കിൽ സൂക്ഷിച്ചുകൊള്ളുവിൻ. സാബത്തുദിനത്തിൽ നിങ്ങൾ ഭാരം വഹിക്കുകയോ ജറുസലെം കവാടങ്ങളിലൂടെ അതുകൊണ്ടുവരുകയോ ചെയ്യരുത്.
22സാബത്തിൽ നിന്റെ വീട്ടിൽനിന്നു പുറത്തേക്കു ചുമടു കൊണ്ടുപോകരുത്; ജോലി ചെയ്യുകയുമരുത്. നിങ്ങളുടെ പിതാക്കൻമാരോടു ഞാൻ കൽപ്പിച്ചതുപോലെ സാബത്തുദിവസം ശുദ്ധമായി ആചരിക്കുവിൻ.
23എന്നാൽ, അവർ ശ്രദ്ധിക്കുകയോ ശ്രവിക്കുകപോലുമോ ചെയ്തില്ല. നിർദേശങ്ങൾ ശ്രവിക്കുകയും സ്വീകരിക്കുകയും ചെയ്യാതെ അവർ തങ്ങളുടെ ദുർവാശിയിൽ ഉറച്ചുനിന്നു.
24കർത്താവ് അരുളിച്ചെയ്യുന്നു: നിങ്ങൾ എന്നെ അനുസരിക്കുകയും സാബത്തുദിവ സത്തിൽ ഈ നഗരത്തിൻെറ കവാടങ്ങളിലൂടെ ചുമടു കൊണ്ടുവരാതിരിക്കുകയുംജോലിയൊന്നും ചെയ്യാതെ സാബത്ത് ശുദ്ധമായി ആചരിക്കുകയും ചെയ്താൽ
25ദാവീദിന്റെ സിംഹാസനത്തിലിരിക്കുന്ന രാജാക്കൻമാർ രഥങ്ങളിലും കുതിരപ്പുറത്തും സവാരിചെയ്ത് ഈ നഗരകവാടങ്ങളിലൂടെ അകത്തു പ്രവേശിക്കും; അവരോടൊപ്പം അവരുടെ പ്രഭുക്കൻമാരും യൂദായിലെ ജനങ്ങളും ജറുസലെംനിവാസികളും. അങ്ങനെ നഗരം എന്നും ജനനിബിഡമായിരിക്കും.
26 യൂദായിലെ നഗരങ്ങളിൽനിന്നും ജറുസലെമിൻെറ പ്രാന്തപ്രദേശങ്ങളിൽനിന്നും ബഞ്ചമിൻദേശത്തുനിന്നും സമതലങ്ങൾ, മലമ്പ്രദേശങ്ങൾ, നെഗെബ് എന്നിവിടങ്ങളിൽനിന്നും ആളുകൾ വരും. അവർ കർത്താവിന്റെ ഭവനത്തിലേക്കു ദഹനബലികളും കാഴ്ചകളും ധാന്യബലികളും സുഗന്ധദ്രവ്യങ്ങളും കൃത ജ്ഞതാബലികളും കൊണ്ടുവരും.
27എന്നാൽ, നിങ്ങൾ എന്നെ അനുസരിച്ച് സാബത്ത് ശുദ്ധമായി ആചരിക്കാതിരിക്കുകയും സാബത്തിൽ ചുമടുമായി ജറുസലെ മിൻെറ കവാടങ്ങളിലൂടെ പ്രവേശിക്കുകയും ചെയ്താൽ ഞാൻ അതിന്റെ കവാടങ്ങളിൽ തീ കൊളുത്തും. അതു ജറുസലെമിലെ കൊട്ടാരങ്ങളെ വിഴുങ്ങും; ആരും അതു കെടുത്തുകയില്ല.