മത്തായി 7
അധ്യായങ്ങൾ
അന്യരെ വിധിക്കരുത്
2നിങ്ങൾ വിധിക്കുന്ന വിധിയാൽത്തന്നെ നിങ്ങളും വിധിക്കപ്പെടും. നിങ്ങൾ അളക്കുന്ന അളവുകൊണ്ടു തന്നെ നിങ്ങൾക്കും അളന്നുകിട്ടും.
3നീ സഹോദരന്റെ കണ്ണിലെ കരടു കാണുകയും നിന്റെ കണ്ണിലെ തടിക്കഷണം ശ്രദ്ധിക്കാതിരിക്കുകയുംചെയ്യുന്നതെന്തുകൊണ്ട്?
4അഥവാ, നിന്റെ കണ്ണിൽ തടിക്കഷണം ഇരിക്കേ, സഹോദരനോട്, ഞാൻ നിന്റെ കണ്ണിൽ നിന്നു കരടെടുത്തുകളയട്ടെ എന്ന് എങ്ങനെ പറയും?
5കപടനാട്യക്കാരാ, ആദ്യം സ്വന്തം കണ്ണിൽനിന്നു തടിക്കഷണം എടുത്തുമാറ്റുക. അപ്പോൾ സഹോദരന്റെ കണ്ണിലെ കരടെടുത്തുകളയാൻ നിനക്കു കാഴ്ച തെളിയും.
6വിശുദ്ധമായതു നായ്ക്കൾക്കു കൊടുക്കരുത്. നിങ്ങളുടെ മുത്തുകൾ പന്നികൾക്ക് ഇട്ടുകൊടുക്കരുത്. അവ അതു ചവിട്ടി നശിപ്പിക്കുകയും തിരിഞ്ഞു നിങ്ങളെ ആക്രമിക്കുകയും ചെയ്തേക്കാം.
പ്രാർഥനയുടെ ശക്തി
7ചോദിക്കുവിൻ, നിങ്ങൾക്കു ലഭിക്കും; അനേ്വഷിക്കുവിൻ, നിങ്ങൾ കണ്ടെത്തും; മുട്ടുവിൻ, നിങ്ങൾക്കു തുറന്നുകിട്ടും.33
8ചോദിക്കുന്ന ഏവനും ലഭിക്കുന്നു; അനേ്വഷിക്കുന്നവൻ കണ്ടെത്തുന്നു; മുട്ടുന്നവനു തുറന്നുകിട്ടുകയും ചെയ്യുന്നു.
9മകൻ അപ്പംചോദിച്ചാൽ കല്ലു കൊടുക്കുന്ന ആരെങ്കിലും നിങ്ങളിൽ ഉണ്ടോ?
10അഥവാ, മീൻ ചോദിച്ചാൽ പാമ്പിനെ കൊടുക്കുമോ?
11മക്കൾക്കു നല്ല വസ്തുക്കൾ കൊടുക്കണമെന്നു ദുഷ്ടരായ നിങ്ങൾ അറിയുന്നുവെങ്കിൽ, നിങ്ങളുടെ സ്വർഗസ്ഥനായ പിതാവ്, തന്നോടു ചോദിക്കുന്നവർക്ക് എത്രയോ കൂടുതൽ നൻമകൾ നൽകും!
12മറ്റുള്ളവർ നിങ്ങൾക്കുചെയ്തു തരണമെന്നു നിങ്ങൾ ആഗ്രഹിക്കുന്നതെല്ലാം നിങ്ങൾ അവർക്കു ചെയ്യുവിൻ. ഇതാണു നിയമവും പ്രവാചകൻമാരും.
ഇടുങ്ങിയ വാതിൽ
13ഇടുങ്ങിയ വാതിലിലൂടെ പ്രവേശിക്കുവിൻ; വിനാശത്തിലേക്കു നയിക്കുന്ന വാതിൽ വിസ്തൃതവും വഴി വിശാലവുമാണ്; അതിലേ കടന്നുപോകുന്നവർ വളരെയാണുതാനും.34
14എന്നാൽ, ജീവനിലേക്കു നയിക്കുന്ന വാതിൽ ഇടുങ്ങിയതും വഴി വീതികുറഞ്ഞതുമാണ്. അതു കണ്ടെത്തുന്നവരോ ചുരുക്കം.
വ്യാജപ്രവാചകൻമാർ
15ആടുകളുടെ വേഷത്തിൽ വരുന്ന വ്യാജപ്രവാചകൻമാരെ സൂക്ഷിച്ചുകൊള്ളുവിൻ. ഉള്ളിൽ അവർ കടിച്ചുചീന്തുന്ന ചെന്നായ്ക്കളാണ്.35
16ഫലങ്ങളിൽനിന്ന് അവരെ മനസ്സിലാക്കാം. മുൾച്ചെടിയിൽ നിന്നു മുന്തിരിപ്പഴമോ ഞെരിഞ്ഞിലിൽ നിന്ന് അത്തിപ്പഴമോ പറിക്കാറുണ്ടോ?
17നല്ല വൃക്ഷം നല്ല ഫലവും ചീത്ത വൃക്ഷം ചീത്തഫലവും നൽകുന്നു.
18നല്ല വൃക്ഷത്തിനു ചീത്തഫലങ്ങളോ ചീത്ത വൃക്ഷത്തിനു നല്ല ഫലങ്ങളോ പുറപ്പെടുവിക്കാൻ സാധിക്കുകയില്ല.
19നല്ല ഫലം കായ്ക്കാത്ത വൃക്ഷമെല്ലാം വെട്ടി തീയിലെറിയപ്പെടും.
20അവരുടെ ഫലങ്ങളിൽനിന്നു നിങ്ങൾ അവരെ അറിയും.
യഥാർഥ ശിഷ്യൻ
21കർത്താവേ, കർത്താവേ എന്ന്, എന്നോടു വിളിച്ചപേക്ഷിക്കുന്നവനല്ല, എന്റെ സ്വർഗസ്ഥനായ പിതാവിന്റെ ഇഷ്ടം നിറവേറ്റുന്നവനാണ്, സ്വർഗരാജ്യത്തിൽ പ്രവേശിക്കുക.3637
22അന്ന് പലരും എന്നോടു ചോദിക്കും: കർത്താവേ, കർത്താവേ, ഞങ്ങൾ നിന്റെ നാമത്തിൽ പ്രവചിക്കുകയും നിന്റെ നാമത്തിൽ പിശാചുക്കളെ പുറത്താക്കുകയും നിന്റെ നാമത്തിൽ നിരവധി അദ്ഭുതങ്ങൾ പ്രവർത്തിക്കുകയും ചെയ്തില്ലേ?
23അപ്പോൾ ഞാൻ അവരോടു പറയും: നിങ്ങളെ ഞാൻ ഒരിക്കലും അറിഞ്ഞിട്ടില്ല; അനീതി പ്രവർത്തിക്കുന്നവരേ, നിങ്ങൾ എന്നിൽനിന്ന് അകന്നുപോകുവിൻ.
24എന്റെ ഈ വചനങ്ങൾ ശ്രവിക്കുകയും അവ അനുസരിക്കുകയും ചെയ്യുന്നവൻ പാറമേൽ ഭവനം പണിത വിവേകമതിയായ മനുഷ്യനു തുല്യനായിരിക്കും.
25മഴപെയ്തു, വെള്ളപ്പൊക്കമുണ്ടായി, കാറ്റൂതി, അതു ഭവനത്തിൻമേൽ ആഞ്ഞടിച്ചു. എങ്കിലും അതു വീണില്ല. എന്തുകൊണ്ടെന്നാൽ, അതു പാറമേൽ സ്ഥാപിതമായിരുന്നു.
26എന്റെ ഈ വചനങ്ങൾ കേൾക്കുകയും എന്നാൽ, അത് അനുസരിക്കാതിരിക്കുകയും ചെയ്യുന്നവൻമണൽപ്പുറത്തു ഭവനം പണിത ഭോഷനു തുല്യനായിരിക്കും.
27മഴപെയ്തു, വെള്ളപ്പൊക്കമുണ്ടായി, കാറ്റൂതി, അതു ഭവനത്തിൻമേൽ ആഞ്ഞടിച്ചു, അതു വീണുപോയി. അതിന്റെ വീഴ്ച വലുതായിരുന്നു.
28 യേശു ഈ വചനങ്ങൾ അവസാനിപ്പിച്ചപ്പോൾ ജനാവലി അവന്റെ പ്രബോധനത്തെപ്പറ്റി വിസ്മയിച്ചു. അവരുടെ നിയമജ്ഞരെപ്പോലെയല്ല, അധികാരമുള്ളവനെപ്പോലെയാണ് അവൻ പഠിപ്പിച്ചത്.