മത്തായി 4
അധ്യായങ്ങൾ
മരുഭൂമിയിലെ പരീക്ഷ
2 യേശു നാൽപതു ദിനരാത്രങ്ങൾ ഉപവസിച്ചു. അപ്പോൾ അവനു വിശന്നു.
3പ്രലോഭകൻ അവനെ സമീപിച്ചു പറഞ്ഞു: നീ ദൈവപുത്രനാണെങ്കിൽ ഈ കല്ലുകൾ അപ്പമാകാൻ പറയുക.
4അവൻ പ്രതിവചിച്ചു: മനുഷ്യൻ അപ്പംകൊണ്ടു മാത്രമല്ല, ദൈവത്തിന്റെ നാവിൽ നിന്നു പുറപ്പെടുന്ന ഓരോ വാക്കുകൊണ്ടുമാണു ജീവിക്കുന്നത് എന്ന് എഴുതപ്പെട്ടിരിക്കുന്നു.
5അനന്തരം, പിശാച് അവനെ വിശുദ്ധ നഗരത്തിലേക്കു കൂട്ടിക്കൊണ്ടുപോയി ദേവാലയത്തിന്റെ അഗ്രത്തിൽ കയറ്റി നിർത്തിയിട്ടു പറഞ്ഞു:
6നീ ദൈവപുത്രനാണെങ്കിൽ താഴേക്കു ചാടുക; നിന്നെക്കുറിച്ച് അവൻ തൻെറ ദൂതൻമാർക്കു കൽപന നൽകും; നിന്റെ പാദം കല്ലിൽ തട്ടാതിരിക്കാൻ അവർ നിന്നെ കൈകളിൽ താങ്ങിക്കൊള്ളും എന്ന് എഴുതപ്പെട്ടിരിക്കുന്നു.
7 യേശു പറഞ്ഞു: നിന്റെ ദൈവമായ കർത്താവിനെ പരീക്ഷിക്കരുത് എന്നുകൂടി എഴുതപ്പെട്ടിരിക്കുന്നു.
8വീണ്ടും, പിശാച് വളരെ ഉയർന്ന ഒരു മലയിലേക്ക് അവനെ കൂട്ടിക്കൊണ്ടുപോയി, ലോകത്തിലെ എല്ലാ രാജ്യങ്ങളും അവയുടെ മഹത്വവും അവനെ കാണിച്ചുകൊണ്ട്, അവനോടു പറഞ്ഞു:
9നീ സാഷ്ടാംഗം പ്രണമിച്ച് എന്നെ ആരാധിച്ചാൽ ഇവയെല്ലാം നിനക്കു ഞാൻ നൽകും.
10 യേശു കൽപിച്ചു: സാത്താനേ, ദൂരെപ്പോവുക; എന്തെന്നാൽ, നിന്റെ ദൈവമായ കർത്താവിനെ ആരാധിക്കണം; അവിടുത്തെ മാത്രമേ പൂജിക്കാവൂ എന്ന് എഴുതപ്പെട്ടിരിക്കുന്നു.
11അപ്പോൾ പിശാച് അവനെ വിട്ടുപോയി. ദൈവദൂതൻമാർ അടുത്തുവന്ന് അവനെ ശുശ്രൂഷിച്ചു.
യേശു ദൗത്യം ആരംഭിക്കുന്നു
13അവൻ നസറത്തുവിട്ടു സെബുലൂണിൻെറയും നഫ്ത്താലിയുടെയും അതിർത്തിയിൽ, സമുദ്രതീരത്തുള്ള കഫർണാമിൽചെന്നു പാർത്തു.
14ഇത് ഏശയ്യാപ്രവാചകൻ വഴി അരുളിച്ചെയ്യപ്പെട്ടത് നിവൃത്തിയാകാൻ വേണ്ടിയാണ്:
15സമുദ്രത്തിലേക്കുള്ള വഴിയിൽ, ജോർദാന്റെ മറുകരയിൽ, സെബുലൂൺ, നഫ്ത്താലി പ്രദേശങ്ങൾ - വിജാതീയരുടെ ഗലീലി!
16അന്ധകാരത്തിൽ സ്ഥിതിചെയ്തിരുന്ന ജനങ്ങൾ വലിയ പ്രകാശം കണ്ടു. മരണത്തിന്റെ മേഖലയിലും നിഴലിലും വസിച്ചിരുന്നവർക്കായി ഒരു ദീപ്തി ഉദയം ചെയ്തു.
17അപ്പോൾ മുതൽ യേശു പ്രസംഗിക്കാൻ തുടങ്ങി: മാനസാന്തരപ്പെടുവിൻ; സ്വർഗരാജ്യം സമീപിച്ചിരിക്കുന്നു.
ആദ്യത്തെനാലു ശിഷ്യൻമാർ
18അവൻ ഗലീലിക്കടൽത്തീരത്തു നടക്കുമ്പോൾ, കടലിൽ വലവീശിക്കൊണ്ടിരുന്ന രണ്ടു സഹോദരൻമാരെ കണ്ടു - പത്രോസ് എന്നു വിളിക്കപ്പെടുന്ന ശിമയോനെയും സഹോദരൻ അന്ത്രയോസിനെയും. അവർ മീൻപിടിത്തക്കാരായിരുന്നു.1314
19അവൻ അവരോടു പറഞ്ഞു: എന്നെ അനുഗമിക്കുക; ഞാൻ നിങ്ങളെ മനുഷ്യരെപ്പിടിക്കുന്നവരാക്കും.
20തത്ക്ഷണം അവർ വലകളുപേക്ഷിച്ച് അവനെ അനുഗമിച്ചു.
21അവർ അവിടെ നിന്നു മുന്നോട്ടു നീങ്ങിയപ്പോൾ വേറെ രണ്ടു സഹോദരൻമാരെ കണ്ടു - സെബദീപുത്രനായ യാക്കോബും സഹോദരൻ യോഹന്നാനും. അവർ പിതാവുമൊത്ത് വഞ്ചിയിലിരുന്നു വല നന്നാക്കുകയായിരുന്നു. അവരെയും അവൻ വിളിച്ചു.
22തത്ക്ഷണം അവർ വഞ്ചി ഉപേക്ഷിച്ച്, പിതാവിനെയും വിട്ട്, അവനെ അനുഗമിച്ചു.
യേശു രോഗികളെ സുഖപ്പെടുത്തുന്നു
23അവൻ അവരുടെ സിനഗോഗുകളിൽ പഠിപ്പിച്ചും രാജ്യത്തിന്റെ സുവിശേഷംപ്രസംഗിച്ചും ജനങ്ങളുടെ എല്ലാരോഗങ്ങളും വ്യാധികളും സുഖപ്പെടുത്തിയും ഗലീലി മുഴുവൻ ചുറ്റിസഞ്ചരിച്ചു.15
24അവന്റെ കീർത്തി സിറിയായിലെങ്ങും വ്യാപിച്ചു. എല്ലാ രോഗികളെയും, വിവിധ വ്യാധികളാലും വ്യഥകളാലും അവശരായവരെയും, പിശാചുബാധിതർ, അപസ്മാരരോഗികൾ, തളർവാതക്കാർ എന്നിവരെയും അവർ അവന്റെ അടുത്തുകൊണ്ടുവന്നു. അവൻ അവരെ സുഖപ്പെടുത്തി.
25ഗലീലി, ദക്കാപ്പോളിസ്, ജറുസലെം, യൂദയാ, ജോർദാന്റെ മറുകര എന്നിവിടങ്ങളിൽനിന്ന് വലിയ ജനക്കൂട്ടങ്ങൾ അവനെ അനുഗമിച്ചു.