Menu
Print passage

പ്രിന്റിനുള്ള വചനങ്ങൾ

ഒന്നോ അതിലധികമോ അധ്യായങ്ങളും വചനപരിധിയും തിരഞ്ഞെടുക്കുക.

മത്തായി 22

അധ്യായങ്ങൾ

വിവാഹവിരുന്നിൻെറ ഉപമ

1 യേശു വീണ്ടും ഉപമകൾവഴി അവരോടു സംസാരിച്ചു:
2സ്വർഗരാജ്യം, തൻെറ പുത്രനുവേണ്ടി വിവാഹവിരുന്നൊരുക്കിയരാജാവിനു സദൃശം.
3വിവാഹവിരുന്നിനു ക്ഷണിക്കപ്പെട്ടവരെ വിളിക്കാൻ അവൻ ഭൃത്യൻമാരെ അയച്ചു; എന്നാൽ, വരാൻ അവർ വിസമ്മതിച്ചു.
4വീണ്ടും അവൻ വേറെ ഭൃത്യന്മാരെ അയച്ചുകൊണ്ടു പറഞ്ഞു: ഇതാ, വിരുന്നു സജ്ജമായിരിക്കുന്നു; എന്റെ കാളകളെയും കൊഴുത്ത മൃഗങ്ങളെയും കൊന്ന് എല്ലാം തയ്യാറാക്കിക്കഴിഞ്ഞു; വിവാഹവിരുന്നിനു വരുക, എന്നു ക്ഷണിക്കപ്പെട്ടവരോടു ചെന്നു പറയുവിൻ.
5എന്നാൽ, ക്ഷണിക്കപ്പെട്ടവർ അതു വകവയ്ക്കാതെ ഒരുവൻ വയലിലേക്കും, വേറൊരുവൻ വ്യാപാരത്തിനും പൊയ്ക്കളഞ്ഞു.
6മറ്റുള്ളവർ ആ ഭൃത്യൻമാരെ പിടികൂടി അവരെ അവമാനിക്കുകയും വധിക്കുകയും ചെയ്തു.
7രാജാവു ക്രുദ്ധനായി, സൈന്യത്തെ അയച്ച് ആ കൊലപാതകികളെ നശിപ്പിച്ചു; അവരുടെ നഗരം അഗ്നിക്കിരയാക്കി.
8അനന്തരം, അവൻ ഭൃത്യൻമാരോടു പറഞ്ഞു: വിവാഹ വിരുന്നു തയ്യാറാക്കിയിരിക്കുന്നു; എന്നാൽ ക്ഷണിക്കപ്പെട്ടവർ അയോഗ്യരായിരുന്നു.
9അതിനാൽ, നിങ്ങൾ വഴിക്കവലകളിൽചെന്ന് അവിടെ കണ്ടെത്തുന്നവരെയെല്ലാം വിവാഹവിരുന്നിനു ക്ഷണിക്കുവിൻ.
10ആ ഭൃത്യൻമാർ നിരത്തുകളിൽചെന്ന് ദുഷ്ടരും ശിഷ്ടരും ഉൾപ്പെടെ കണ്ടെത്തിയവരെയെല്ലാം വിളിച്ചുകൂട്ടി. അങ്ങനെ വിരുന്നുശാല അതിഥികളെക്കൊണ്ടു നിറഞ്ഞു.
11അതിഥികളെക്കാണാൻ രാജാവ് എഴുന്നള്ളിയപ്പോൾ വിവാഹവസ്ത്രം ധരിക്കാത്ത ഒരാളെ അവിടെ കണ്ടു.
12രാജാവ് അവനോടു ചോദിച്ചു: സ്നേഹിതാ, വിവാഹവസ്ത്രം ധരിക്കാതെ നീ ഇവിടെ പ്രവേശിച്ചതെങ്ങനെ? അവൻ മൗനം അവലംബിച്ചു.
13അപ്പോൾ രാജാവ് പരിചാരകൻമാരോടു പറഞ്ഞു: അവനെ കൈകാലുകൾ കെട്ടി പുറത്തെ അന്ധകാരത്തിലേക്ക് വലിച്ചെറിയുക; അവിടെ വിലാപവും പല്ലുകടിയുമായിരിക്കും.
14എന്തെന്നാൽ, വിളിക്കപ്പെട്ടവർ വളരെ; തെരഞ്ഞെടുക്കപ്പെട്ടവരോ ചുരുക്കം.

സീസറിനു നികുതി

15അപ്പോൾ ഫരിസേയർ പോയി, യേശുവിനെ എങ്ങനെ വാക്കിൽ കുടുക്കാം എന്ന് ആലോചന നടത്തി.155156
16അവർ തങ്ങളുടെ അനുയായികളെ ഹേറോദേസ് പക്ഷക്കാരോടൊത്ത് അവന്റെ അടുത്ത് അയച്ചുചോദിച്ചു: ഗുരോ, നീ സത്യവാനാണെന്നും ആരുടെയും മുഖംനോക്കാതെ നിർഭയനായി ദൈവത്തിന്റെ വഴി സത്യമായി പഠിപ്പിക്കുന്നുവെന്നും ഞങ്ങൾ അറിയുന്നു.
17അതുകൊണ്ടു ഞങ്ങളോടു പറയുക, നിനക്ക് എന്തു തോന്നുന്നു, സീസറിനു നികുതികൊടുക്കുന്നതു നിയമാനുസൃതമാണോ അല്ലയോ?
18അവരുടെ ദുഷ്ടത മനസ്സിലാക്കിക്കൊണ്ട് യേശു പറഞ്ഞു: കപടനാട്യക്കാരേ, നിങ്ങൾ എന്നെ പരീക്ഷിക്കുന്നതെന്ത്?
19നികുതിക്കുള്ള നാണയം എന്നെക്കാണിക്കുക. അവർ ഒരു ദനാറ അവനെ കാണിച്ചു.
20 യേശു ചോദിച്ചു: ഈ രൂപവും ലിഖിതവും ആരുടേതാണ്?
21സീസറിൻേറ ത് എന്ന് അവർ പറഞ്ഞു. അവൻ അരുളിച്ചെയ്തു: സീസറിനുള്ളത് സീസറിനും ദൈവത്തിനുള്ളത് ദൈവത്തിനും കൊടുക്കുക.
22ഇതുകേട്ട് അവർ വിസ്മയഭരിതരായി അവനെ വിട്ടുപോയി.

പുനരുത്ഥാനത്തെക്കുറിച്ച്

23പുനരുത്ഥാനമില്ലെന്നു പറയുന്ന സദുക്കായർ അന്നുതന്നെ അവനെ സമീപിച്ചു ചോദിച്ചു:157158
24ഗുരോ, ഒരുവൻ സന്താനമില്ലാതെ മരിച്ചാൽ അവന്റെ സഹോദരൻ ആ വിധവയെ വിവാഹം ചെയ്ത് സഹോദരനു സന്താനങ്ങളെ ഉത്പാദിപ്പിക്കണമെന്ന്മോശ അനുശാസിച്ചിട്ടുണ്ട്.
25ഞങ്ങളുടെയിടയിൽ ഏഴു സഹോദരൻമാർ ഉണ്ടായിരുന്നു. ഒന്നാമൻ വിവാഹം ചെയ്തു. സന്താനമില്ലാതെ ഭാര്യയെ സഹോദരനു വിട്ടുകൊണ്ട് അവൻ മരണമടഞ്ഞു.
26ഇങ്ങനെതന്നെ രണ്ടാമനും മൂന്നാമനും; അങ്ങനെ ഏഴാമൻവരെയും.
27അവസാനം ആ സ്ത്രീയും മരിച്ചു.
28അതിനാൽ, പുനരുത്ഥാനത്തിൽ അവൾ ഈ ഏഴുപേരിൽ ആരുടെ ഭാര്യയായിരിക്കും? അവർക്കെല്ലാം അവൾ ഭാര്യയായിരുന്നിട്ടുണ്ടല്ലോ.
29 യേശു മറുപടി പറഞ്ഞു: വിശുദ്ധലിഖിതങ്ങളോ ദൈവത്തിന്റെ ശക്തിയോ മനസ്സിലാക്കാത്തതിനാൽ നിങ്ങൾക്കു തെറ്റുപറ്റിയിരിക്കുന്നു.
30പുനരുത്ഥാനത്തിൽ അവർ വിവാഹം ചെയ്യുകയോ ചെയ്തുകൊടുക്കുകയോ ഇല്ല. പിന്നെയോ, അവർ സ്വർഗദൂതൻമാരെപ്പോലെയായിരിക്കും.
31ഞാൻ അബ്രാഹത്തിന്റെ ദൈവവും ഇസഹാക്കിന്റെ ദൈവവും യാക്കോബിൻെറ ദൈവവുമാണ് എന്നു മരിച്ചവരുടെ പുനരുത്ഥാനത്തെപ്പറ്റി ദൈവം നിങ്ങളോട് അരുളിച്ചെയ്തിരിക്കുന്നതു നിങ്ങൾ വായിച്ചിട്ടില്ലേ?
32അവിടുന്ന് മരിച്ചവരുടെ അല്ല ജീവിക്കുന്നവരുടെ ദൈവമാണ്.
33ജനക്കൂട്ടം ഇതു കേട്ടപ്പോൾ അവന്റെ പ്രബോധനത്തെപ്പറ്റി ആശ്ചര്യപ്പെട്ടു.

സുപ്രധാന കൽപനകൾ

34 യേശു സദുക്കായരെ വാക്കുമുട്ടിച്ചെന്നു കേട്ടപ്പോൾ ഫരിസേയർ ഒന്നിച്ചുകൂടി.159160
35അവരിൽ ഒരു നിയമപണ്ഡിതൻ അവനെ പരീക്ഷിക്കാൻ ചോദിച്ചു:
36ഗുരോ, നിയമത്തിലെ അതിപ്രധാനമായ കൽപന ഏതാണ്?
37അവൻ പറഞ്ഞു: നീ നിന്റെ ദൈവമായ കർത്താവിനെ പൂർണ ഹൃദയത്തോടും പൂർണാത്മാവോടും പൂർണമനസ്സോടുംകൂടെ സ്നേഹിക്കുക.
38ഇതാണ് പ്രധാനവും പ്രഥമവുമായ കൽപന.
39രണ്ടാമത്തെ കൽപനയും ഇതിനുതുല്യം തന്നെ. അതായത്, നിന്നെപ്പോലെ നിന്റെ അയൽക്കാരനെയും സ്നേഹിക്കുക.
40ഈ രണ്ടു കൽപനകളിൽ സമസ്ത നിയമവുംപ്രവാചകൻമാരും അധിഷ്ഠിതമായിരിക്കുന്നു.

ക്രിസ്തു ദാവീദിൻെറ പുത്രൻ

41ഫരിസേയർ ഒരുമിച്ചുകൂടിയപ്പോൾ യേശു അവരോടു ചോദിച്ചു:161162
42നിങ്ങൾ ക്രിസ്തുവിനെപ്പറ്റി എന്തു വിചാരിക്കുന്നു? അവൻ ആരുടെ പുത്രനാണ്? ദാവീദിന്റെ, എന്ന് അവർ പറഞ്ഞു.
43അവൻ ചോദിച്ചു: അങ്ങനെയെങ്കിൽ ദാവീദ് ആത്മാവിനാൽ പ്രചോദിതനായി അവനെ കർത്താവ് എന്നു വിളിക്കുന്നതെങ്ങനെ? അവൻ പറയുന്നു:
44കർത്താവ് എന്റെ കർത്താവിനോടരുളിച്ചെയ്തു: ഞാൻ നിന്റെ ശത്രുക്കളെ നിന്റെ പാദങ്ങൾക്കു കീഴിലാക്കുവോളം നീ എന്റെ വലത്തുഭാഗത്ത് ഉപവിഷ്ടനാവുക.
45ദാവീദ് അവനെ കർത്താവേ എന്നുവിളിക്കുന്നുവെങ്കിൽ അവൻ അവന്റെ പുത്രനാകുന്നതെങ്ങനെ?
46അവനോട് ഉത്തരമായി ഒരു വാക്കുപോലും പറയാൻ ആർക്കും കഴിഞ്ഞില്ല. അന്നുമുതൽ അവനോട് എന്തെങ്കിലും ചോദിക്കാൻ ആരും ധൈര്യപ്പെട്ടതുമില്ല.

അനുബന്ധ വചനങ്ങൾ

  1. 155 മർക്കോസ് 12:13–17
  2. 156 ലൂക്കാ 20:20–26
  3. 157 മർക്കോസ് 12:18–27
  4. 158 ലൂക്കാ 20:27–40
  5. 159 മർക്കോസ് 12:28–34
  6. 160 ലൂക്കാ 10:25–28
  7. 161 മർക്കോസ് 12:35–37
  8. 162 ലൂക്കാ 20:41–44
വായനാ ക്രമീകരണങ്ങൾ
വചനം സംരക്ഷിക്കുക

വിഭാഗം തിരഞ്ഞെടുക്കുക

ഈ വചനം കണ്ടെത്താൻ സഹായിക്കുന്ന ഒരു വിഭാഗം തിരഞ്ഞെടുക്കുക.

സ്വകാര്യ കുറിപ്പ്

വചന കുറിപ്പ്

⌂ഹോം📖ബൈബിൾ✦പഠനം🔖സംരക്ഷിച്ചത്