Menu
Print passage

പ്രിന്റിനുള്ള വചനങ്ങൾ

ഒന്നോ അതിലധികമോ അധ്യായങ്ങളും വചനപരിധിയും തിരഞ്ഞെടുക്കുക.

മത്തായി 21

അധ്യായങ്ങൾ

ജറുസലെമിലേക്കു രാജകീയ പ്രവേശനം

1അവർ ജറുസലെമിനെ സമീപിക്കവേ, ഒലിവുമലയ്ക്കരികെയുള്ള ബഥ്ഫഗെയിലെത്തി. അപ്പോൾ യേശു തൻെറ രണ്ടു ശിഷ്യൻമാരെ ഇപ്രകാരം നിർദേശിച്ചയച്ചു:142143144
2എതിരേ കാണുന്ന ഗ്രാമത്തിലേക്കു പോകുവിൻ. അവിടെ ഒരു കഴുതയെയും അടുത്ത് അതിന്റെ കുട്ടിയെയും കെട്ടിയിരിക്കുന്നത് ഉടനെ നിങ്ങൾ കാണും. അവയെ അഴിച്ച് എന്റെ അടുക്കൽ കൊണ്ടുവരുക.
3ആരെങ്കിലും നിങ്ങളോട് എന്തെങ്കിലുംചോദിച്ചാൽ, കർത്താവിന് അവയെക്കൊണ്ട് ആവശ്യമുണ്ടെന്നു പറയുക, അവൻ ഉടനെ തന്നെ അവയെ വിട്ടുതരും.
4പ്രവാചകൻ വഴി പറയപ്പെട്ട വചനം പൂർത്തിയാകാനാണ് ഇതു സംഭവിച്ചത്.
5സീയോൻപുത്രിയോടു പറയുക: ഇതാ, നിന്റെ രാജാവ് വിനയാന്വിതനായി കഴുതയുടെയും കഴുതക്കുട്ടിയുടെയും പുറത്ത് നിന്റെ അടുത്തേക്കു വരുന്നു.
6ശിഷ്യൻമാർപോയി യേശു കൽപിച്ചതുപോലെ ചെയ്തു.
7അവർ കഴുതയെയും കഴുതക്കുട്ടിയെയുംകൊണ്ടുവന്ന് അവയുടെമേൽ വസ്ത്രങ്ങൾ വിരിച്ചു. അവൻ കയറി ഇരുന്നു.
8ജനക്കൂട്ടത്തിൽ വളരെപ്പേർ വഴിയിൽ തങ്ങളുടെ വസ്ത്രങ്ങൾ വിരിച്ചു; മറ്റു ചിലരാകട്ടെ വൃക്ഷങ്ങളിൽ നിന്നു ചില്ലകൾ മുറിച്ച് വഴിയിൽ നിരത്തി.
9 യേശുവിനു മുമ്പിലും പിമ്പിലും നടന്നിരുന്ന ജനങ്ങൾ ആർത്തു വിളിച്ചു: ദാവീദിന്റെ പുത്രനു ഹോസാന! കർത്താവിന്റെ നാമത്തിൽ വരുന്നവൻ അനുഗൃഹീതൻ! ഉന്നതങ്ങളിൽ ഹോസാന!
10അവൻ ജറുസലെമിൽ പ്രവേശിച്ചപ്പോൾ നഗരം മുഴുവൻ ഇളകിവശായി, ആരാണിവൻ എന്നു ചോദിച്ചു.
11ജനക്കൂട്ടം പറഞ്ഞു: ഇവൻ ഗലീലിയിലെ നസറത്തിൽ നിന്നുള്ള പ്രവാചകനായ യേശുവാണ്.

ദേവാലയ ശുദ്ധീകരണം

12 യേശു ദേവാലയത്തിൽ പ്രവേശിച്ച് അവിടെ ക്രയവിക്രയം ചെയ്തുകൊണ്ടിരുന്നവരെയെല്ലാം പുറത്താക്കി. നാണയമാറ്റക്കാരുടെ മേശകളും പ്രാവുവിൽപനക്കാരുടെ ഇരിപ്പിടങ്ങളും അവൻ തട്ടിമറിച്ചിട്ടു.145146147
13അവൻ അവരോടു പറഞ്ഞു: എന്റെ ഭവനം പ്രാർഥനാലയം എന്നു വിളിക്കപ്പെടും എന്ന് എഴുതപ്പെട്ടിരിക്കുന്നു. നിങ്ങളോ അതു കവർച്ചക്കാരുടെ ഗുഹയാക്കുന്നു.
14അന്ധന്മാരും മുടന്തൻമാരും ദേവാലയത്തിൽ അവന്റെ അടുത്തെത്തി. അവൻ അവരെ സുഖപ്പെടുത്തി.
15അവൻ ചെയ്ത വിസ്മയകരമായ പ്രവൃത്തികളെയും ദാവീദിന്റെ പുത്രനു ഹോസാന എന്ന് ഉദ്ഘോഷിച്ച് ദേവാലയത്തിൽ ആർപ്പുവിളിക്കുന്ന കുട്ടികളെയും കണ്ടപ്പോൾ പ്രധാനപുരോഹിതൻമാരും നിയമജ്ഞരും രോഷാകുലരായി.
16അവർ അവനോടു പറഞ്ഞു: ഇവരെന്താണു പറയുന്നതെന്ന് നീ കേൾക്കുന്നില്ലേ? യേശു പ്രതിവചിച്ചു: ഉവ്വ്; ശിശുക്കളുടെയും മുലകുടിക്കുന്നവരുടെയും അധരങ്ങളിൽ നീ സ്തുതി ഒരുക്കി എന്ന് നിങ്ങൾ ഒരിക്കലും വായിച്ചിട്ടില്ലേ?
17അനന്തരം അവൻ അവരെ വിട്ട് നഗരത്തിൽനിന്ന് ബഥാനിയായിലേക്കു പോയി അവിടെ താമസിച്ചു.

അത്തിവൃക്ഷത്തെ ശപിക്കുന്നു

18പ്രഭാതത്തിൽ നഗരത്തിലേക്കു പോകുമ്പോൾ അവനു വിശന്നു.148149
19വഴിയരികിൽ ഒരു അത്തിവൃക്ഷം കണ്ട് അവൻ അതിന്റെ അടുത്തെത്തി. എന്നാൽ, അതിൽ ഇലകളല്ലാതെ ഒന്നും കണ്ടില്ല. അവൻ അതിനോടു പറഞ്ഞു: ഇനി ഒരിക്കലും നിന്നിൽ ഫലങ്ങളുണ്ടാകാതിരിക്കട്ടെ. ആ നിമിഷം തന്നെ ആ അത്തിവൃക്ഷം ഉണങ്ങിപ്പോയി.
20ഇതുകണ്ട് ശിഷ്യൻമാർ അദ്ഭുതപ്പെട്ടു; ആ അത്തിവൃക്ഷം ഇത്രവേഗം ഉണങ്ങിപ്പോയതെങ്ങനെ എന്നു ചോദിച്ചു.
21 യേശു പറഞ്ഞു: സത്യമായി ഞാൻ നിങ്ങളോടു പറയുന്നു, നിങ്ങൾ വിശ്വസിക്കുകയും സംശയിക്കാതിരിക്കുകയും ചെയ്താൽ അത്തിവൃക്ഷത്തോടു ഞാൻ ചെയ്തതു മാത്രമല്ല നിങ്ങൾക്കു ചെയ്യാൻ കഴിയുക; ഈ മലയോട് ഇവിടെനിന്നു മാറി കടലിൽചെന്നു വീഴുക എന്നു നിങ്ങൾ പറഞ്ഞാൽ അതും സംഭവിക്കും.
22വിശ്വാസത്തോടെ പ്രാർഥിക്കുന്നതെല്ലാം നിങ്ങൾക്കു ലഭിക്കും.

യേശുവിൻെറ അധികാരം

23അവൻ ദേവാലയത്തിലെത്തി പഠിപ്പിച്ചുകൊണ്ടിരിക്കുമ്പോൾ പ്രധാനപുരോഹിതൻമാരും ജനപ്രമാണികളും അവനെ സമീപിച്ചുചോദിച്ചു: എന്തധികാരത്താലാണ് നീ ഇതൊക്കെ ചെയ്യുന്നത്? നിനക്ക് ഈ അധികാരം നൽകിയത് ആരാണ്?150151
24 യേശു പറഞ്ഞു: ഞാൻ നിങ്ങളോട് ഒന്നു ചോദിക്കട്ടെ. നിങ്ങൾ എന്നോട് ഉത്തരം പറഞ്ഞാൽ എന്തധികാരത്താലാണ് ഞാൻ ഇവയൊക്കെ ചെയ്യുന്നതെന്നു നിങ്ങളോടു പറയാം.
25യോഹന്നാന്റെ ജ്ഞാനസ്നാനം എവിടെ നിന്നായിരുന്നു? സ്വർഗത്തിൽ നിന്നോ മനുഷ്യരിൽനിന്നോ? അവർ പരസ്പരം ആലോചിച്ചു; സ്വർഗത്തിൽ നിന്ന് എന്നു നാം പറഞ്ഞാൽ, പിന്നെ എന്തുകൊണ്ട് നിങ്ങൾ അവനെ വിശ്വസിച്ചില്ല എന്ന് അവൻ ചോദിക്കും.
26മനുഷ്യരിൽനിന്ന് എന്നു പറഞ്ഞാലോ! നാം ജനക്കൂട്ടത്തെ ഭയപ്പെടുന്നു. എന്തെന്നാൽ, എല്ലാവരും യോഹന്നാനെ ഒരു പ്രവാചകനായി പരിഗണിക്കുന്നു.
27അതിനാൽ, അവർ യേശുവിനോടു മറുപടി പറഞ്ഞു: ഞങ്ങൾക്കറിഞ്ഞുകൂടാ. അപ്പോൾ അവൻ പറഞ്ഞു: എന്തധികാരത്താലാണ് ഞാൻ ഇതു ചെയ്യുന്നതെന്ന് നിങ്ങളോടു ഞാനും പറയുന്നില്ല.

രണ്ടു പുത്രൻമാരുടെ ഉപമ

28നിങ്ങൾക്ക് എന്തു തോന്നുന്നു? ഒരു മനുഷ്യനു രണ്ടു പുത്രൻമാരുണ്ടായിരുന്നു. അവൻ ഒന്നാമന്റെ അടുത്തുചെന്നു പറഞ്ഞു: മകനേ, പോയി ഇന്നു മുന്തിരിത്തോട്ടത്തിൽ ജോലി ചെയ്യുക.
29ഞാൻ പോകാം എന്ന് അവൻ പറഞ്ഞു; എങ്കിലും പോയില്ല.
30അവൻ രണ്ടാമന്റെ അടുത്തുചെന്ന് ഇതുതന്നെ പറഞ്ഞു. അവനാകട്ടെ, എനിക്കു മനസ്സില്ല എന്നു പറഞ്ഞു; എങ്കിലും പിന്നീടു പശ്ചാത്തപിച്ച് അവൻ പോയി.
31ഈ രണ്ടുപേരിൽ ആരാണ് പിതാവിന്റെ ഇഷ്ടം നിറവേറ്റിയത്? അവർ പറഞ്ഞു: രണ്ടാമൻ. യേശു പറഞ്ഞു: സത്യമായി ഞാൻ നിങ്ങളോടു പറയുന്നു, ചുങ്കക്കാരും വേശ്യകളുമായിരിക്കും നിങ്ങൾക്കു മുമ്പേ സ്വർഗരാജ്യത്തിൽ പ്രവേശിക്കുക.
32എന്തെന്നാൽ, യോഹന്നാൻ നീതിയുടെ മാർഗത്തിലൂടെ നിങ്ങളെ സമീപിച്ചു; നിങ്ങൾ അവനിൽ വിശ്വസിച്ചില്ല. എന്നാൽ ചുങ്കക്കാരും വേശ്യകളും അവനിൽ വിശ്വസിച്ചു. നിങ്ങൾ അതു കണ്ടിട്ടും അവനിൽ വിശ്വസിക്കത്തക്കവിധം അനുതപിച്ചില്ല.

മുന്തിരിത്തോട്ടത്തിലെ കൃഷിക്കാരുടെ ഉപമ

33മറ്റൊരു ഉപമ കേട്ടുകൊള്ളുക. ഒരു വീട്ടുടമസ്ഥൻ ഒരു മുന്തിരിത്തോട്ടം നട്ടുപിടിപ്പിച്ചു. അതിനുചുറ്റും വേലികെട്ടി. അതിൽ ഒരു മുന്തിരിച്ചക്കു സ്ഥാപിക്കുകയും ഗോപുരം നിർമിക്കുകയും ചെയ്തു. അനന്തരം അതു കൃഷിക്കാരെ ഏൽപിച്ചിട്ട് അവൻ പോയി.152153
34വിളവെടുപ്പുകാലം വന്നപ്പോൾ അവൻ പഴങ്ങൾ ശേഖരിക്കാൻ ഭൃത്യൻമാരെ കൃഷിക്കാരുടെ അടുത്തേക്കയച്ചു.
35എന്നാൽ, കൃഷിക്കാർ ഭൃത്യൻമാരിൽ ഒരുവനെ പിടിച്ച് അടിക്കുകയും മറ്റൊരുവനെ കൊല്ലുകയും വേറൊരുവനെ കല്ലെറിയുകയും ചെയ്തു.
36വീണ്ടും അവൻ ആദ്യത്തേതിൽ കൂടുതൽ ഭൃത്യൻമാരെ അയച്ചു. അവരോടും കൃഷിക്കാർ അപ്രകാരംതന്നെപ്രവർത്തിച്ചു.
37പിന്നീട് അവൻ , എന്റെ പുത്രനെ അവർ ബഹുമാനിക്കും എന്നുപറഞ്ഞ് സ്വപുത്രനെത്തന്നെ അവരുടെ അടുക്കലേക്കയച്ചു.
38അവനെക്കണ്ടപ്പോൾ കൃഷിക്കാർ പരസ്പരം പറഞ്ഞു: ഇവനാണ് അവകാശി; വരുവിൻ നമുക്കിവനെ കൊന്ന് അവകാശം കരസ്ഥമാക്കാം.
39അവർ അവനെ പിടിച്ച് മുന്തിരിത്തോട്ടത്തിനു വെളിയിലേക്കെറിഞ്ഞുകൊന്നുകളഞ്ഞു.
40അങ്ങനെയെങ്കിൽ മുന്തിരിത്തോട്ടത്തിന്റെ ഉടമസ്ഥൻ വരുമ്പോൾ അവൻ ആ കൃഷിക്കാരോട് എന്തുചെയ്യും?
41അവർ പറഞ്ഞു: അവൻ ആദുഷ്ടരെ നിഷ്ഠുരമായി നശിപ്പിക്കുകയും യഥാകാലം ഫലംകൊടുക്കുന്ന മറ്റു കൃഷിക്കാരെ മുന്തിരിത്തോട്ടം ഏൽപിക്കുകയും ചെയ്യും.
42 യേശു അവരോടുചോദിച്ചു: പണിക്കാർ ഉപേക്ഷിച്ചുകളഞ്ഞകല്ലു തന്നെ മൂലക്കല്ലായിത്തീർന്നു. ഇതു കർത്താവിന്റെ പ്രവൃത്തിയാണ്. നമ്മുടെ ദൃഷ്ടികൾക്ക് ഇത് അദ്ഭുതകരമായിരിക്കുന്നു എന്നു വിശുദ്ധലിഖിതത്തിൽ നിങ്ങൾ വായിച്ചിട്ടില്ലേ?
43അതുകൊണ്ടു ഞാൻ നിങ്ങളോടു പറയുന്നു, ദൈവരാജ്യം നിങ്ങളിൽ നിന്ന് എടുത്തു ഫലം പുറപ്പെടുവിക്കുന്ന ജനതയ്ക്കു നൽകപ്പെടും.
44ഈ കല്ലിൽ വീഴുന്നവൻ തകർന്നുപോകും. ഇത് ആരുടെമേൽ വീഴുന്നുവോ, അവനെ അതു ധൂളിയാക്കും.
45പ്രധാന പുരോഹിതന്മാരും ഫരിസേയരും അവന്റെ ഉപമകൾ കേട്ടപ്പോൾ, അവൻ തങ്ങളെപ്പറ്റിയാണു സംസാരിക്കുന്നതെന്നു മനസ്സിലാക്കി.
46അവർ അവനെ പിടികൂടാൻ ശ്രമിച്ചെങ്കിലും ജനക്കൂട്ടത്തെ ഭയപ്പെട്ടു. കാരണം, ജനങ്ങൾ അവനെ പ്രവാചകനായി പരിഗണിച്ചിരുന്നു.154

അനുബന്ധ വചനങ്ങൾ

  1. 142 മർക്കോസ് 11:1–11
  2. 143 ലൂക്കാ 19:28–40
  3. 144 യോഹന്നാൻ 12:12–19
  4. 145 മർക്കോസ് 11:15–19
  5. 146 ലൂക്കാ 19:45–48
  6. 147 യോഹന്നാൻ 2:13–22
  7. 148 മർക്കോസ് 11:12–14
  8. 149 മർക്കോസ് 11:20–24
  9. 150 മർക്കോസ് 11:27–33
  10. 151 ലൂക്കാ 20:1–8
  11. 152 മർക്കോസ് 12:1–12
  12. 153 ലൂക്കാ 20:9–19
  13. 154 ലൂക്കാ 14:15–24
വായനാ ക്രമീകരണങ്ങൾ
വചനം സംരക്ഷിക്കുക

വിഭാഗം തിരഞ്ഞെടുക്കുക

ഈ വചനം കണ്ടെത്താൻ സഹായിക്കുന്ന ഒരു വിഭാഗം തിരഞ്ഞെടുക്കുക.

സ്വകാര്യ കുറിപ്പ്

വചന കുറിപ്പ്

⌂ഹോം📖ബൈബിൾ✦പഠനം🔖സംരക്ഷിച്ചത്