Menu
Print passage

പ്രിന്റിനുള്ള വചനങ്ങൾ

ഒന്നോ അതിലധികമോ അധ്യായങ്ങളും വചനപരിധിയും തിരഞ്ഞെടുക്കുക.

മത്തായി 6

അധ്യായങ്ങൾ

ധർമദാനം

1മറ്റുളളവരെ കാണിക്കാൻവേണ്ടി അവരുടെ മുമ്പിൽവച്ചു നിങ്ങളുടെ സത്കർമങ്ങൾ അനുഷ്ഠിക്കാതിരിക്കാൻ സൂക്ഷിച്ചുകൊള്ളുവിൻ. അല്ലെങ്കിൽ നിങ്ങളുടെ സ്വർഗ സ്ഥനായ പിതാവിങ്കൽ നിങ്ങൾക്കു പ്രതിഫലമില്ല.
2മറ്റുള്ളവരിൽനിന്നു പ്രശംസ ലഭിക്കാൻ കപടനാട്യക്കാർ സിനഗോഗുകളിലും തെരുവീഥികളിലും ചെയ്യുന്നതുപോലെ, നീ ഭിക്ഷകൊടുക്കുമ്പോൾ നിന്റെ മുമ്പിൽ കാഹളം മുഴക്കരുത്. സത്യമായി ഞാൻ നിങ്ങളോടു പറയുന്നു: അവർക്കു പ്രതിഫലം ലഭിച്ചുകഴിഞ്ഞു.
3നീ ധർമദാനം ചെയ്യുമ്പോൾ അതു രഹസ്യമായിരിക്കേണ്ടതിന് നിന്റെ വലത്തുകൈ ചെയ്യുന്നത് ഇടത്തുകൈ അറിയാതിരിക്കട്ടെ.
4രഹസ്യങ്ങൾ അറിയുന്ന നിന്റെ പിതാവ് നിനക്കു പ്രതിഫലം നൽകും.

പ്രാർഥന

5നിങ്ങൾ പ്രാർഥിക്കുമ്പോൾ കപടനാട്യക്കാരെപ്പോലെ ആകരുത്. അവർ മറ്റുള്ളവരെ കാണിക്കാൻവേണ്ടി സിനഗോഗുകളിലും തെരുവീഥികളുടെ കോണുകളിലും നിന്നു പ്രാർഥിക്കാനാണ് ഇഷ്ടപ്പെടുന്നത്. സത്യമായി ഞാൻ നിങ്ങളോടു പറയുന്നു: അവർക്കു പ്രതിഫലം ലഭിച്ചു കഴിഞ്ഞു.
6എന്നാൽ, നീ പ്രാർഥിക്കുമ്പോൾ നിന്റെ മുറിയിൽ കടന്ന്, കതകടച്ച്, രഹസ്യമായി നിന്റെ പിതാവിനോടു പ്രാർഥിക്കുക; രഹസ്യങ്ങൾ അറിയുന്ന പിതാവ് നിനക്കു പ്രതിഫലംനൽകും.
7പ്രാർഥിക്കുമ്പോൾ വിജാതീയരെപ്പോലെ നിങ്ങൾ അതിഭാഷണം ചെയ്യരുത്. അതിഭാഷണം വഴി തങ്ങളുടെ പ്രാർഥന കേൾക്കുമെന്ന് അവർ കരുതുന്നു. നിങ്ങൾ അവരെപ്പോലെ ആകരുത്.
8നിങ്ങൾ ചോദിക്കുന്നതിനുമുമ്പുതന്നെ നിങ്ങളുടെ ആവശ്യം നിങ്ങളുടെ പിതാവ് അറിയുന്നു.

യേശു പഠിപ്പിച്ച പ്രാർഥന

9നിങ്ങൾ ഇപ്രകാരം പ്രാർഥിക്കുവിൻ: സ്വർഗസ്ഥനായ ഞങ്ങളുടെ പിതാവേ, അങ്ങയുടെ നാമം പൂജിതമാകണമേ.
10അങ്ങയുടെ രാജ്യം വരണമേ. അങ്ങയുടെ ഹിതം സ്വർഗത്തിലെപ്പോലെ ഭൂമിയിലുമാകണമേ.
11അന്നന്നുവേണ്ട ആഹാരം ഇന്നു ഞങ്ങൾക്കു നൽകണമേ.
12ഞങ്ങളുടെ കടക്കാരോടു ഞങ്ങൾ ക്ഷമിച്ചതുപോലെ ഞങ്ങളുടെ കടങ്ങൾ ഞങ്ങളോടും ക്ഷമിക്കണമേ.
13ഞങ്ങളെ പ്രലോഭനത്തിൽ ഉൾപ്പെടുത്തരുതേ. തിൻമയിൽനിന്നു ഞങ്ങളെ രക്ഷിക്കണമേ.
14മറ്റുള്ളവരുടെ തെറ്റുകൾ നിങ്ങൾ ക്ഷമിക്കുമെങ്കിൽ സ്വർഗസ്ഥനായ നിങ്ങളുടെ പിതാവ് നിങ്ങളോടും ക്ഷമിക്കും.
15മറ്റുള്ളവരോടു നിങ്ങൾ ക്ഷമിക്കുകയില്ലെങ്കിൽ നിങ്ങളുടെ പിതാവ് നിങ്ങളുടെ തെറ്റുകളും ക്ഷമിക്കുകയില്ല.

ഉപവാസം

16നിങ്ങൾ ഉപവസിക്കുമ്പോൾ കപടനാട്യക്കാരെപ്പോലെ വിഷാദം ഭാവിക്കരുത്. തങ്ങൾ ഉപവസിക്കുന്നുവെന്ന് അന്യരെ കാണിക്കാൻവേണ്ടി അവർ മുഖം വികൃതമാക്കുന്നു. സത്യമായി ഞാൻ നിങ്ങളോടു പറയുന്നു: അവർക്കു പ്രതിഫലം ലഭിച്ചുകഴിഞ്ഞു.
17എന്നാൽ, നീ ഉപവസിക്കുന്നത് അദൃശ്യനായ പിതാവല്ലാതെ മറ്റാരും കാണാതിരിക്കുന്നതിന്, ശിരസ്സിൽ തൈലം പുരട്ടുകയും മുഖം കഴുകുകയും ചെയ്യുക.
18രഹസ്യങ്ങൾ അറിയുന്ന പിതാവ് നിനക്കു പ്രതിഫലം നൽകും.

യഥാർഥ നിക്ഷേപം

19ഭൂമിയിൽ നിക്ഷേപം കരുതിവയ്ക്കരുത്. തുരുമ്പും കീടങ്ങളും അവനശിപ്പിക്കും; കള്ളൻമാർ തുരന്നു മോഷ്ടിക്കും.
20എന്നാൽ, സ്വർഗത്തിൽ നിങ്ങൾക്കായി നിക്ഷേപങ്ങൾ കരുതിവയ്ക്കുക. അവിടെ തുരുമ്പും കീടങ്ങളും അവനശിപ്പിക്കുകയില്ല; കള്ളൻമാർ മോഷ്ടിക്കുകയില്ല.
21നിങ്ങളുടെ നിക്ഷേപം എവിടെയോ അവിടെയായിരിക്കും നിങ്ങളുടെ ഹൃദയവും.

കണ്ണ് ശരീരത്തിൻെറ വിളക്ക്

22കണ്ണാണു ശരീരത്തിന്റെ വിളക്ക്. കണ്ണ് കുറ്റമറ്റതെങ്കിൽ ശരീരം മുഴുവൻപ്രകാശിക്കും.
23കണ്ണ് ദുഷ്ടമാണെങ്കിലോ ശരീരം മുഴുവൻ ഇരുണ്ടുപോകും. നിന്നിലെ പ്രകാശം അന്ധകാരമാണെങ്കിൽ അന്ധകാരം എത്രയോ വലുതായിരിക്കും.

രണ്ട്യജമാനൻമാർ

24രണ്ട്യജമാനൻമാരെ സേവിക്കാൻ ആർക്കും സാധിക്കുകയില്ല: ഒന്നുകിൽ, ഒരുവനെ ദേ്വഷിക്കുകയും അപരനെ സ്നേഹിക്കുകയും ചെയ്യും; അല്ലെങ്കിൽ ഒരുവനെ ബഹുമാനിക്കുകയും അപരനെ നിന്ദിക്കുകയുംചെയ്യും. ദൈവത്തെയും മാമോനെയും സേവിക്കാൻ നിങ്ങൾക്കു സാധിക്കുകയില്ല.

ദൈവപരിപാലനയിൽ ആശ്രയിക്കുക

25ഞാൻ നിങ്ങളോടു പറയുന്നു: എന്തു ഭക്ഷിക്കും, എന്തു പാനംചെയ്യും എന്നു ജീവനെക്കുറിച്ചോ എന്തു ധരിക്കും എന്നു ശരീരത്തെക്കുറിച്ചോ നിങ്ങൾ ഉത്കണ്ഠാകുലരാകേണ്ടാ. ഭക്ഷണത്തെക്കാൾ ജീവനും വസ്ത്രത്തെക്കാൾ ശരീരവും ശ്രേഷ്ഠമല്ലേ?
26ആകാശത്തിലെ പക്ഷികളെ നോക്കുവിൻ: അവ വിതയ്ക്കുന്നില്ല, കൊയ്യുന്നില്ല, കളപ്പുരയിൽ ശേഖരിക്കുന്നുമില്ല. എങ്കിലും, നിങ്ങളുടെ സ്വർഗസ്ഥനായ പിതാവ് അവയെ തീറ്റിപ്പോറ്റുന്നു. അവയെക്കാൾ എത്രയോ വിലപ്പെട്ടവരാണു നിങ്ങൾ!
27ഉത്കണ്ഠമൂലം ആയുസ്സിന്റെ ദൈർഘ്യം ഒരു മുഴമെങ്കിലും കൂട്ടാൻ നിങ്ങളിലാർക്കെങ്കിലും സാധിക്കുമോ?
28വസ്ത്രത്തെപ്പറ്റിയും നിങ്ങൾ എന്തിന് ആകുലരാകുന്നു? വയലിലെ ലില്ലികൾ എങ്ങനെ വളരുന്നു എന്നു നോക്കുക; അവ അധ്വാനിക്കുന്നില്ല, നൂൽനൂൽക്കുന്നുമില്ല.
29സത്യമായി ഞാൻ നിങ്ങളോടു പറയുന്നു: സോളമൻപോലും തൻെറ സർവമഹത്വത്തിലും ഇവയിൽ ഒന്നിനെപ്പോലെ അലംകൃതനായിരുന്നില്ല.
30ഇന്നുള്ളതും നാളെ അടുപ്പിൽ എറിയപ്പെടുന്നതും ആയ പുല്ലിനെ ദൈവം ഇപ്രകാരം അലങ്കരിക്കുന്നെങ്കിൽ, അൽപവിശ്വാസികളേ, നിങ്ങളെ അവിടുന്ന് എത്രയ ധികം അലങ്കരിക്കുകയില്ല!
31അതിനാൽ എന്തു ഭക്ഷിക്കും, എന്തു പാനംചെയ്യും, എന്തു ധരിക്കും എന്നു വിചാരിച്ചു നിങ്ങൾ ആകുലരാകേണ്ടാ.
32വിജാതീയരാണ് ഇവയെല്ലാം അനേ്വഷിക്കുന്നത്. നിങ്ങൾക്കിവയെല്ലാം ആവശ്യമാണെന്നു നിങ്ങളുടെ സ്വർഗീയ പിതാവ് അറിയുന്നു.
33നിങ്ങൾ ആദ്യം അവിടുത്തെ രാജ്യവും അവിടുത്തെനീതിയും അനേ്വഷിക്കുക. അതോടൊപ്പം മറ്റുള്ളവയെല്ലാം നിങ്ങൾക്കു ലഭിക്കും.
34അതിനാൽ, നാളെയെക്കുറിച്ചു നിങ്ങൾ ആകുലരാകരുത്. നാളത്തെ ദിനംതന്നെ അതിനെക്കുറിച്ച് ആകുലപ്പെട്ടുകൊള്ളും. ഓരോ ദിവസത്തിനും അതതിന്റെ ക്ളേശം മതി.
വായനാ ക്രമീകരണങ്ങൾ
വചനം സംരക്ഷിക്കുക

വിഭാഗം തിരഞ്ഞെടുക്കുക

ഈ വചനം കണ്ടെത്താൻ സഹായിക്കുന്ന ഒരു വിഭാഗം തിരഞ്ഞെടുക്കുക.

സ്വകാര്യ കുറിപ്പ്

വചന കുറിപ്പ്

⌂ഹോം📖ബൈബിൾ✦പഠനം🔖സംരക്ഷിച്ചത്