Menu
Print passage

പ്രിന്റിനുള്ള വചനങ്ങൾ

ഒന്നോ അതിലധികമോ അധ്യായങ്ങളും വചനപരിധിയും തിരഞ്ഞെടുക്കുക.

മത്തായി 23

അധ്യായങ്ങൾ

നിയമജ്ഞരുടെയും ഫരിസേയരുടെയും കപടനാട്യം

1 യേശു ജനക്കൂട്ടത്തോടും തൻെറ ശിഷ്യൻമാരോടും അരുളിച്ചെയ്തു:163164165
2നിയമജ്ഞരും ഫരിസേയരും മോശയുടെ സിംഹാസനത്തിൽ ഇരിക്കുന്നു.
3അതിനാൽ, അവർ നിങ്ങളോടു പറയുന്നതെല്ലാം അനുസരിക്കുകയും അനുഷ്ഠിക്കുകയും ചെയ്യുവിൻ. എന്നാൽ, അവരുടെ പ്രവൃത്തികൾ നിങ്ങൾ അനുകരിക്കരുത്. അവർ പറയുന്നു; പ്രവർത്തിക്കുന്നില്ല.
4അവർ ഭാരമുള്ള ചുമടുകൾ മനുഷ്യരുടെ ചുമലിൽ വച്ചുകൊടുക്കുന്നു. സഹായിക്കാൻ ചെറുവിരൽ അനക്കാൻപോലും തയ്യാറാകുന്നുമില്ല.
5മറ്റുള്ളവർ കാണുന്നതിനുവേണ്ടിയാണ്അവർ തങ്ങളുടെ പ്രവൃത്തികളെല്ലാം ചെയ്യുന്നത്. അവർ തങ്ങളുടെ നെറ്റിപ്പട്ടകൾക്കു വീതിയും വസ്ത്രത്തിന്റെ തൊങ്ങലുകൾക്കു നീളവും കൂട്ടുന്നു;
6വിരുന്നുകളിൽ പ്രമുഖസ്ഥാനവും സിനഗോഗുകളിൽ പ്രധാനപീഠവും
7നഗരവീഥികളിൽ അഭിവാദനവും ഇഷ്ടപ്പെടുന്നു. റബ്ബീ എന്നു സംബോധന ചെയ്യപ്പെടാനും ആഗ്രഹിക്കുന്നു.
8എന്നാൽ, നിങ്ങൾ റബ്ബീ എന്നു വിളിക്കപ്പെടരുത്. എന്തെന്നാൽ നിങ്ങൾക്ക് ഒരു ഗുരുവേയുള്ളൂ. നിങ്ങളെല്ലാം സഹോദരൻമാരാണ്.
9ഭൂമിയിൽ ആരെയും നിങ്ങൾ പിതാവെന്നു വിളിക്കരുത്. എന്തെന്നാൽ, നിങ്ങൾക്ക് ഒരു പിതാവേയുള്ളൂ - സ്വർഗസ്ഥനായ പിതാവ്.
10നിങ്ങൾ നേതാക്കൻമാർ എന്നും വിളിക്കപ്പെടരുത്. എന്തെന്നാൽ, ക്രിസ്തുവാണ് നിങ്ങളുടെ ഏക നേതാവ്.
11നിങ്ങളിൽ ഏറ്റവും വലിയവൻ നിങ്ങളുടെ ശുശ്രൂഷകനായിരിക്കണം.
12തന്നെത്തന്നെ ഉയർത്തുന്നവൻ താഴ്ത്തപ്പെടും; തന്നെത്തന്നെതാഴ്ത്തുന്നവൻ ഉയർത്തപ്പെടും.
13കപടനാട്യക്കാരായ നിയമജ്ഞരേ, ഫരിസേയരേ, നിങ്ങൾക്കു ദുരിതം! നിങ്ങൾ മനുഷ്യരുടെ മുമ്പിൽ സ്വർഗരാജ്യം അടച്ചുകളയുന്നു.
14നിങ്ങൾ അതിൽ പ്രവേശിക്കുന്നില്ല; പ്രവേശിക്കാൻ വരുന്നവരെ അനുവദിക്കുന്നുമില്ല.
15കപടനാട്യക്കാരായ നിയമജ്ഞരേ, ഫരിസേയരേ, നിങ്ങൾക്കു ദുരിതം! ഒരുവനെ നിങ്ങളുടെ മതത്തിൽ ചേർക്കാൻ നിങ്ങൾ കടലും കരയും ചുറ്റി സഞ്ചരിക്കുന്നു. ചേർന്നു കഴിയുമ്പോൾ നിങ്ങൾ അവനെ നിങ്ങളുടെ ഇരട്ടി നരകസന്തതിയാക്കിത്തീർക്കുന്നു.
16അന്ധരായ മാർഗദർശികളേ, നിങ്ങൾക്കു ദുരിതം! നിങ്ങൾ പറയുന്നു: ഒരുവൻ ദേവാലയത്തെക്കൊണ്ട് ആണയിട്ടാൽ ഒന്നുമില്ല. ദേവാലയത്തിലെ സ്വർണത്തെക്കൊണ്ട് ആണയിട്ടാൽ അവൻ കടപ്പെട്ടവനാണ്.
17അന്ധരും മൂഢരുമായവരേ, ഏതാണു വലുത്? സ്വർണമോ സ്വർണത്തെ പവിത്രമാക്കുന്ന ദേവാലയമോ?
18നിങ്ങൾ പറയുന്നു: ഒരുവൻ ബലിപീഠത്തെക്കൊണ്ട് ആണയിട്ടാൽ ഒന്നുമില്ല; എന്നാൽ ബലിപീഠത്തിലെ കാഴ്ചവസ്തുവിനെക്കൊണ്ട് ആണയിട്ടാൽ അവൻ കടപ്പെട്ടവനാണ്.
19അന്ധരേ, ഏതാണു വലുത്? കാഴ്ചവസ്തുവോ കാഴ്ചവസ്തുവിനെ പവിത്രമാക്കുന്ന ബലിപീഠമോ?
20ബലിപീഠത്തെക്കൊണ്ട് ആണയിടുന്നവൻ അതിനെക്കൊണ്ടും അതിൻമേലുള്ള എല്ലാ വസ്തുക്കളെക്കൊണ്ടും ആണയിടുന്നു.
21ദേവാലയത്തെക്കൊണ്ട് ആണയിടുന്നവൻ അതിനെക്കൊണ്ടും അതിൽ വസിക്കുന്നവനെക്കൊണ്ടും ആണയിടുന്നു.
22സ്വർഗത്തെക്കൊണ്ട് ആണയിടുന്നവൻ ദൈവത്തിന്റെ സിംഹാസനത്തെക്കൊണ്ടും അതിൽ ഇരിക്കുന്നവനെക്കൊണ്ടും ആണയിടുന്നു.
23കപടനാട്യക്കാരായ നിയമജ്ഞരേ, ഫരിസേയരേ, നിങ്ങൾക്കു ദുരിതം! നിങ്ങൾ തുളസി, ചതകുപ്പ, ജീരകം എന്നിവയ്ക്കു ദശാംശം കൊടുക്കുകയും നിയമത്തിലെ ഗൗരവമേറിയ കാര്യങ്ങളായ നീതി, കാരുണ്യം, വിശ്വസ്തത എന്നിവ അവഗണിക്കുകയും ചെയ്യുന്നു. ഇവയാണു നിങ്ങൾ ചെയ്യേണ്ടിയിരുന്നത് - മറ്റുള്ളവ അവഗണിക്കാതെതന്നെ.
24അന്ധരായ മാർഗദർശികളേ, കൊതുകിനെ അരിച്ചു നീക്കുകയും ഒട്ടകത്തെ വിഴുങ്ങുകയുംചെയ്യുന്നവരാണു നിങ്ങൾ!
25കപടനാട്യക്കാരായ നിയമജ്ഞരേ, ഫരിസേയരേ, നിങ്ങൾക്കു ദുരിതം! നിങ്ങൾ പാനപാത്രത്തിന്റെയും ഭക്ഷണപാത്രത്തിൻെറയും പുറംവെടിപ്പാക്കുന്നു; എന്നാൽ, അവയുടെ ഉള്ള് കവർച്ചയും ആർത്തിയുംകൊണ്ട് നിറഞ്ഞിരിക്കുന്നു.
26അന്ധനായ ഫരിസേയാ, പാനപാത്രത്തിന്റെയും ഭക്ഷണപാത്രത്തിൻെറയും പുറംകൂടി ശുദ്ധിയാകാൻവേണ്ടി ആദ്യമേ അകം ശുദ്ധിയാക്കുക.
27കപടനാട്യക്കാരായ നിയമജ്ഞരേ, ഫരിസേയരേ, നിങ്ങൾക്കു ദുരിതം! നിങ്ങൾ വെള്ളയടിച്ച കുഴിമാടങ്ങൾക്കു സദൃശരാണ്. അവ പുറമേ മനോഹരമായി കാണപ്പെടുന്നെങ്കിലും അവയ്ക്കുള്ളിൽ മരിച്ചവരുടെ അസ്ഥികളും സർവവിധ മാലിന്യങ്ങളും നിറഞ്ഞുകിടക്കുന്നു.
28അതുപോലെ, ബാഹ്യമായി മനുഷ്യർക്കു നല്ലവരായി കാണപ്പെടുന്ന നിങ്ങൾ ഉള്ളിൽ കാപട്യവും അനീതിയും നിറഞ്ഞ വരാണ്.
29കപടനാട്യക്കാരായ നിയമജ്ഞരേ, ഫരിസേയരേ, നിങ്ങൾക്കു ദുരിതം! നിങ്ങൾ പ്രവാചകൻമാർക്കു ശവകുടീരങ്ങൾ നിർമിക്കുകയും നീതിമാൻമാരുടെ സ്മാരകങ്ങൾ അലങ്കരിക്കുകയുംചെയ്തുകൊണ്ടുപറയുന്നു,
30ഞങ്ങൾ ഞങ്ങളുടെ പിതാക്കൻമാരുടെ കാലത്തു ജീവിച്ചിരുന്നെങ്കിൽ പ്രവാചകൻമാരുടെ രക്തത്തിൽ അവരോടുകൂടെ പങ്കാളികളാകുമായിരുന്നില്ല എന്ന്.
31അങ്ങനെ, നിങ്ങൾ പ്രവാചകൻമാരെ വധിച്ചവരുടെ സന്താനങ്ങളാണെന്ന് നിങ്ങൾക്കുതന്നെ എതിരായി സാക്ഷ്യം നൽകുന്നു.
32നിങ്ങളുടെ പിതാക്കൻമാരുടെ ചെയ്തികൾ നിങ്ങൾ പൂർത്തിയാക്കുവിൻ!
33സർപ്പങ്ങളേ, അണലി സന്തതികളേ, നരകവിധിയിൽ നിന്നൊഴിഞ്ഞുമാറാൻ നിങ്ങൾക്കെങ്ങനെ കഴിയും?
34അതുകൊണ്ട്, ഇതാ, പ്രവാചകൻമാരെയും ജ്ഞാനികളെയും നിയമജ്ഞരെയും ഞാൻ നിങ്ങളുടെ അടുക്കലേക്കയയ്ക്കുന്നു. അവരിൽ ചിലരെ നിങ്ങൾ വധിക്കുകയും ക്രൂശിക്കുകയുംചെയ്യും; ചിലരെ നിങ്ങൾ നിങ്ങളുടെ സിനഗോഗുകളിൽ വച്ച്, ചമ്മട്ടി കൊണ്ടടിക്കുകയും പട്ടണംതോറും പിന്തുടർന്നു പീഡിപ്പിക്കുകയും ചെയ്യും.
35അങ്ങനെ, നിരപരാധനായ ആബേലിന്റെ രക്തം മുതൽ ദേവാലയത്തിനും ബലിപീഠത്തിനും മധേ്യ വച്ചു നിങ്ങൾ വധിച്ച ബറാക്കിയായുടെ പുത്രനായ സഖറിയായുടെ രക്തംവരെ, ഭൂമിയിൽ ചൊരിയപ്പെട്ട എല്ലാ നീതിമാൻമാരുടെയും രക്തം നിങ്ങളുടെമേൽ പതിക്കും.
36സത്യമായി ഞാൻ നിങ്ങളോടു പറയുന്നു. ഇവയെല്ലാം ഈ തലമുറയ്ക്കു സംഭവിക്കുകതന്നെ ചെയ്യും.

യേശു ജറുസലെമിനെക്കുറിച്ചു വിലപിക്കുന്നു

37ജറുസലെം, ജറുസലെം, പ്രവാചകൻമാരെ വധിക്കുകയും നിന്റെ അടുത്തേക്ക് അയയ്ക്കപ്പെടുന്നവരെ കല്ലെറിയുകയും ചെയ്യുന്നവളേ, പിടക്കോഴി കുഞ്ഞുങ്ങളെ ചിറകുകൾക്കുള്ളിൽ കാത്തുകൊള്ളുന്നതുപോലെ നിന്റെ സന്തതികളെ ഒരുമിച്ചുകൂട്ടാൻ ഞാൻ എത്രയോ പ്രാവശ്യം ആഗ്രഹിച്ചു! പക്ഷേ, നിങ്ങൾ വിസമ്മതിച്ചു.166
38ഇതാ, നിങ്ങളുടെ ഭവനം പരിത്യക്തവും ശൂന്യവുമായിത്തീർന്നിരിക്കുന്നു.
39ഞാൻ നിങ്ങളോടു പറയുന്നു, കർത്താവിന്റെ നാമത്തിൽ വരുന്നവൻ അനുഗൃഹീതനാണ് എന്നു നിങ്ങൾ പറയുന്നതുവരെ ഇനി നിങ്ങൾ എന്നെ കാണുകയില്ല.

അനുബന്ധ വചനങ്ങൾ

  1. 163 മർക്കോസ് 12:38–40
  2. 164 ലൂക്കാ 11:37–52
  3. 165 ലൂക്കാ 20:45–47
  4. 166 ലൂക്കാ 13:34–35
വായനാ ക്രമീകരണങ്ങൾ
വചനം സംരക്ഷിക്കുക

വിഭാഗം തിരഞ്ഞെടുക്കുക

ഈ വചനം കണ്ടെത്താൻ സഹായിക്കുന്ന ഒരു വിഭാഗം തിരഞ്ഞെടുക്കുക.

സ്വകാര്യ കുറിപ്പ്

വചന കുറിപ്പ്

⌂ഹോം📖ബൈബിൾ✦പഠനം🔖സംരക്ഷിച്ചത്