ദാനിയേൽ 1
അധ്യായങ്ങൾ
ദാനിയേലും കൂട്ടുകാരും രാജകൊട്ടാരത്തിൽ
1 യൂദാരാജാവായയഹോയാക്കിമിൻെറ മൂന്നാം ഭരണവർഷം ബാബിലോൺരാജാവായ നബുക്കദ്നേസർ ജറുസലെമിനെതിരേ വന്ന് അതിനെ ആക്രമിച്ചു.
2കർത്താവ് യൂദാരാജാവായയഹോയാക്കിമിനെ അവന് ഏൽപിച്ചുകൊടുത്തു; ദേവാലയത്തിലെ പാത്രങ്ങളിൽ ചിലതും അവിടുന്ന് അവനു നൽകി. നബുക്കദ്നേസർ അവനെ പാത്രങ്ങളോടൊപ്പം ഷീനാർദേശത്ത് തൻെറ ദേവന്റെ ക്ഷേത്രത്തിലേക്കു കൊണ്ടുപോന്നു; പാത്രങ്ങൾ ദേവന്റെ ഭൺഡാരത്തിൽ സൂക്ഷിച്ചു.
3ഷൺഡൻമാരുടെ നായകനായ അഷ്പേനാസിനോടു രാജാവ് കൽപിച്ചു: രാജകുലത്തിലും പ്രഭുവർഗത്തിലും ജനിച്ച കുറെ ഇസ്രായേൽക്കാരെ കൊണ്ടുവരുക.
4അവർ കുറ്റമറ്റവരും സുമുഖരും വൈദഗ്ധ്യമുള്ളവരും വിജ്ഞാനമാർജിച്ചവരും ഗ്രഹണശക്തിയുള്ളവരും കൊട്ടാരത്തിൽ സേവനം ചെയ്യാൻ കഴിവുള്ളവരും ആയയുവാക്കളായിരിക്കണം. കൽദായഭാഷയും ലിപിയും അവരെ പഠിപ്പിക്കണം.
5വിഭവ സമൃദ്ധമായ രാജകീയ ഭക്ഷണത്തിന്റെയും രാജാവ് കുടിച്ചിരുന്ന വീഞ്ഞിന്റെയും ഓഹരി ദിവസേന അവർക്കു കൊടുക്കുന്നതിനും രാജാവ് നിർദേശിച്ചു. അപ്രകാരം മൂന്നുവർഷത്തെ പരിശീലനത്തിനുശേഷം അവർ രാജസേവനത്തിൽ പ്രവേശിക്കേണ്ടിയിരുന്നു.
6ഇപ്രകാരം തിരഞ്ഞെടുക്കപ്പെട്ടവരുടെ കൂട്ടത്തിൽ യൂദാഗോത്രത്തിൽപ്പെട്ട ദാനിയേൽ, ഹനനിയാ, മിഷായേൽ, അസറിയാ എന്നിവർ ഉണ്ടായിരുന്നു.
7കൊട്ടാരഷൺഡൻമാരുടെ നായകൻ അവർക്കു പേരുകൾ നൽകി: ദാനിയേലിനെ ബൽത്തെഷാസർ എന്നും ഹനനിയായെ ഷദ്രാക് എന്നും മിഷായേലിനെ മെഷാക്ക് എന്നും അസറിയായെ അബെദ്നെഗോ എന്നും വിളിച്ചു.
8എന്നാൽ, രാജാവിന്റെ വിഭവസമൃദ്ധമായ ഭക്ഷണംകൊണ്ടോ അവൻ കുടിച്ചിരുന്ന വീഞ്ഞുകൊണ്ടോ മലിനനാവുകയില്ലെന്നു ദാനിയേൽ നിശ്ചയിച്ചു. അതിനാൽ, മലിനനാകാതിരിക്കാൻ തന്നെ അനുവദിക്കണമെന്ന് അവൻ ഷൺഡൻമാരുടെ നായകനോട് അഭ്യർഥിച്ചു.
9ദാനിയേലിനോട് അവനു പ്രീതിയും അനുകമ്പയും തോന്നാൻ ദൈവം ഇടയാക്കി.
10അവൻ ദാനിയേലിനോടു പറഞ്ഞു: നിന്റെ പ്രായത്തിലുള്ള മറ്റുയുവാക്കൻമാരെക്കാൾ നീ ക്ഷീണിച്ചിരിക്കുന്നതായി, നിനക്കു ഭക്ഷണപാനീയങ്ങൾ തരാൻ നിയോഗിച്ച എന്റെ രാജാവ് കണ്ടേക്കുമെന്നു ഞാൻ ഭയപ്പെടുന്നു. അങ്ങനെയായാൽ രാജസമക്ഷം എന്റെ ജീവൻ നീ അപകടത്തിലാക്കും.
11തനിക്കും ഹനനിയായ്ക്കും മിഷായേലിനും അസറിയായ്ക്കുംവേണ്ടി പ്രധാന ഷൺഡൻ നിയമിച്ചിരുന്ന വിചാരിപ്പുകാരനോട് ദാനിയേൽ പറഞ്ഞു:
12നിന്റെ ഈ ദാസൻമാരെ പത്തു ദിവസത്തേക്കു പരീക്ഷിച്ചു നോക്കൂ; ഞങ്ങൾക്കു സസ്യഭക്ഷണവും ജലവും മാത്രം തരുക.
13അതിനുശേഷം, ഞങ്ങളുടെയും രാജകീയഭക്ഷണം കഴിക്കുന്നയുവാക്കളുടെയും മുഖം നീ കാണുക. നീ കാണുന്നതനുസരിച്ച് നിന്റെ ദാസൻമാരോടു വർത്തിച്ചാലും.
14അവരുടെ വാക്കുകേട്ട് അവൻ അവരെ പത്തു ദിവസത്തേക്കു പരീക്ഷിച്ചു.
15പത്തുദിവസങ്ങൾക്കുശേഷം അവർ രാജ കീയ ഭക്ഷണം കഴിച്ചിരുന്നയുവാക്കളെക്കാൾ ആരോഗ്യമുള്ളവരും കൊഴുത്തവരുമായി കാണപ്പെട്ടു.
16അതുകൊണ്ട്, വിചാരിപ്പുകാരൻ അവരുടെ വിഭവസമൃദ്ധമായ ഭക്ഷണത്തിനും അവർ കുടിക്കേണ്ടിയിരുന്ന വീഞ്ഞിനും പകരം അവർക്കു സസ്യഭക്ഷണം നൽകി.
17ദൈവം ഈ നാലുയുവാക്കൾക്ക് എല്ലാ വിദ്യകളിലും വിജ്ഞാനത്തിലും അറിവും സാമർഥ്യവും നൽകി. സകലവിധ ദർശനങ്ങളും സ്വപ്നങ്ങളും വ്യാഖ്യാനിക്കാൻ ദാനിയേലിനു കഴിഞ്ഞിരുന്നു.
18അവരെ തൻെറ മുൻപിൽ കൊണ്ടുവരണമെന്നു രാജാവ് കൽപിച്ചിരുന്ന ദിവസം വന്നപ്പോൾ പ്രധാന ഷൺഡൻ അവരെ നബുക്കദ്നേസറിൻെറ മുൻപിൽ കൊണ്ടുവന്നു.
19രാജാവ് അവരോടു സംസാരിച്ചു. എന്നാൽ ദാനിയേൽ, ഹനനിയാ, മിഷായേൽ, അസറിയാ എന്നിവർക്കു തുല്യരായി അവരിൽ ആരുമുണ്ടായിരുന്നില്ല. അതിനാൽ അവർ രാജസേവകരായിത്തീർന്നു.
20വിജ്ഞാനത്തെയും അറിവിനെയും സംബന്ധിച്ച് രാജാവ് ചോദിച്ച ഏതു കാര്യത്തിലും അവർ രാജ്യത്തെ ഏതു മാന്ത്രികനെയും ആഭിചാരകനെയുംകാൾ പത്തിരട്ടി മെച്ചപ്പെട്ടവരായി കാണപ്പെട്ടു.
21സൈറസ്രാജാവിൻെറ ഒന്നാം ഭരണ വർഷംവരെ ദാനിയേൽ അവിടെ കഴിഞ്ഞു.