Menu
Print passage

പ്രിന്റിനുള്ള വചനങ്ങൾ

ഒന്നോ അതിലധികമോ അധ്യായങ്ങളും വചനപരിധിയും തിരഞ്ഞെടുക്കുക.

ദാനിയേൽ 9

അധ്യായങ്ങൾ

വർഷങ്ങളുടെ എഴുപത് ആഴ്ചകൾ

1അഹസേ്വരൂസിൻെറ മകനും, ജനനം കൊണ്ടു മേദിയക്കാരനും, കൽദായരുടെ ദേശത്തു രാജാവുമായിരുന്ന ദാരിയൂസിന്റെ ഒന്നാം ഭരണവർഷം.
2അവന്റെ വാഴ്ചയുടെ ഒന്നാം വർഷം ദാനിയേലായ ഞാൻ, ജറെ മിയാ പ്രവാചകന് കർത്താവിൽ നിന്നുണ്ടായ അരുളപ്പാടനുസരിച്ച് ജറുസലെം നിർജനമായിക്കിടക്കേണ്ട എഴുപതു വർഷങ്ങളെക്കുറിച്ച്, വിശുദ്ധലിഖിതങ്ങളിൽ വായിക്കുകയും അതിനെപ്പറ്റി ചിന്തിക്കുകയും ചെയ്തു.
3അപ്പോൾ, ഞാൻ ചാക്കുടുത്ത്, ചാരംപൂശി, ഉപവസിച്ച്, ദൈവമായ കർത്താവിനോടു തീക്ഷ്ണമായി പ്രാർഥിച്ചു.
4ദൈവമായ കർത്താവിനോടു ഞാൻ പ്രാർഥിക്കുകയും ഏറ്റുപറയുകയും ചെയ്തു: കർത്താവേ, അങ്ങയെ സ്നേഹിക്കുകയും അങ്ങയുടെ കൽപനകൾ പാലിക്കുകയും ചെയ്യുന്നവരുമായി ഉടമ്പടി പാലിക്കുകയും അവരെ നിത്യമായി സ്നേഹിക്കുകയും ചെയ്യുന്ന ഉന്നതനും ഭീതിദനുമായ ദൈവമേ,
5ഞങ്ങൾ അങ്ങയുടെ കൽപനകളിലും ചട്ടങ്ങളിലുംനിന്ന് അകന്ന്, അകൃത്യങ്ങളും അപരാധങ്ങളും ചെയ്യുകയും ദുഷ്ടതയോടെ വർത്തിക്കുകയും അങ്ങയെ ധിക്കരിക്കുകയും ചെയ്തു.
6ഞങ്ങളുടെ രാജാക്കൻമാരോടും പ്രഭുക്കൻമാരോടും പിതാക്കൻമാരോടും ദേശത്തെ ജനത്തോടും അങ്ങയുടെ നാമത്തിൽ സംസാരിച്ച അങ്ങയുടെ ദാസൻമാരായ പ്രവാചകരുടെ വാക്കു ഞങ്ങൾ ചെവിക്കൊണ്ടില്ല.
7കർത്താവേ, നീതി അങ്ങയുടേതാണ്. എന്നാൽ, ഞങ്ങളുടെ മുഖത്ത് അങ്ങേക്കെതിരേ ചെയ്ത വഞ്ചനനിമിത്തം, അങ്ങ് വിവിധ ദേശങ്ങളിൽ ചിതറിച്ചു കളഞ്ഞ യൂദായിലെയും ജറുസലെമിലെയും നിവാസികളുടെയും, സമീപസ്ഥരും ദൂരസ്ഥരുമായ ഇസ്രായേൽ ജനത്തിന്റെയും മുഖത്ത്, ഇന്നു കാണപ്പെടുന്നതുപോലെ, ലജ്ജയാണ് നിഴലിക്കുന്നത്.
8കർത്താവേ, അങ്ങേക്കെതിരേ പാപം ചെയ്തതിനാൽ ഞങ്ങളും ഞങ്ങളുടെ രാജാക്കൻമാരും പ്രഭുക്കൻമാരും പിതാക്കൻമാരും ലജ്ജിതരാണ്.
9ഞങ്ങളുടെ ദൈവമായ കർത്താവേ, കാരുണ്യവും പാപമോചനവും അങ്ങയുടേതാണ്; എന്നാൽ, ഞങ്ങൾ അങ്ങയോടു മത്സരിച്ചു.
10ഞങ്ങളുടെ ദൈവമായ കർത്താവിന്റെ സ്വരം ഞങ്ങൾ ചെവിക്കൊണ്ടില്ല. അവിടുന്ന് തൻെറ ദാസൻമാരായ പ്രവാചകൻമാർ വഴി ഞങ്ങൾക്കു നൽകിയ നിയമം ഞങ്ങൾ അനുസരിച്ചില്ല.
11ഇസ്രായേൽ ജനം മുഴുവൻ അങ്ങയുടെ നിയമം ലംഘിച്ച്, അങ്ങയുടെ സ്വരം ശ്ര വിക്കാതെ വഴിതെറ്റിപ്പോയി. ഞങ്ങൾ അവിടുത്തേക്കെതിരായി പാപം ചെയ്തതിനാൽ, ദൈവത്തിന്റെ ദാസനായ മോശയുടെ നിയമത്തിൽ എഴുതപ്പെട്ടിരിക്കുന്ന ശാപവും ശിക്ഷയും ഞങ്ങളുടെ മേൽ ചൊരിയപ്പെട്ടിരിക്കുന്നു.
12ഞങ്ങൾക്കും ഞങ്ങളുടെ ഭരണാധികാരികൾക്കും എതിരേ അവിടുന്ന് സംസാരിച്ചവാക്ക് ഞങ്ങളുടെമേൽ വിനാശം വരുത്തിക്കൊണ്ട് അങ്ങ് നിറവേറ്റിയിരിക്കുന്നു. ജറുസലെമിനു സംഭവിച്ചതുപോലുള്ള നാശം ആകാശത്തിനു കീഴിൽ മറ്റൊരിടത്തും സംഭവിച്ചിട്ടില്ല.
13മോശയുടെ നിയമത്തിൽ എഴുതപ്പെട്ടിരിക്കുന്നതുപോലെ ഈ വിനാശം ഞങ്ങളുടെ മേൽ പതിച്ചു. എന്നിട്ടും അങ്ങയുടെ സത്യം ശ്രവിച്ച്, അകൃത്യങ്ങളിൽ നിന്നു പിന്തിരിഞ്ഞ്, അങ്ങയുടെ കാരുണ്യത്തിനുവേണ്ടി ഞങ്ങൾയാചിച്ചില്ല.
14അതുകൊണ്ട്, കർത്താവ് ഉചിതമായ സമയത്ത് ഞങ്ങളുടെ മേൽ, വിനാശം വരുത്തി. എന്തെന്നാൽ, ഞങ്ങളുടെ ദൈവമായ കർത്താവ് താൻ ചെയ്യുന്ന എല്ലാ കാര്യങ്ങളിലും നീതിമാനാണ്; ഞങ്ങളോ അവിടുത്തെ സ്വരം അനുസരിച്ചില്ല.
15ഞങ്ങളുടെ ദൈവമായ കർത്താവേ, അങ്ങ് ശക്തമായ കരത്താൽ ഞങ്ങളെ ഈജിപ്തിൽ നിന്നു മോചിപ്പിച്ച്, അങ്ങയുടെ നാമത്തെ മഹത്ത്വപൂർണമാക്കി. അങ്ങയുടെ ശക്തി ഇന്നും അനുസ്മരിക്കപ്പെടുന്നു. എന്നാൽ, ഞങ്ങൾ പാപം ചെയ്യുകയും ദുഷ്ടത പ്രവർത്തിക്കുകയും ചെയ്തു.
16കർത്താവേ, അങ്ങയുടെ നീതിപൂർവമായ എല്ലാ പ്രവൃത്തികൾക്കും തക്കവിധം അങ്ങയുടെ കോപവും ക്രോധവും അങ്ങയുടെ വിശുദ്ധ ഗിരിയായ ജറുസലെം നഗരത്തിൽനിന്ന് അകന്നുപോകട്ടെ! ഞങ്ങളുടെ പാപങ്ങളും പിതാക്കൻമാരുടെ അകൃത്യങ്ങളും നിമിത്തം ജറുസലെമും അങ്ങയുടെ ജനവും ചുറ്റുമുള്ളവർക്കു നിന്ദാവിഷയമായി.
17ആകയാൽ, ഞങ്ങളുടെ ദൈവമേ, അങ്ങയുടെ ദാസൻെറ പ്രാർഥനയുംയാചനകളും ചെവിക്കൊണ്ട് ശൂന്യമായിക്കിടക്കുന്ന അങ്ങയുടെ ആലയത്തെ അങ്ങയുടെ നാമത്തെപ്രതി കടാക്ഷിക്കണമേ!
18എന്റെ ദൈവമേ, അങ്ങ്ചെവി ചായിച്ച് കേൾക്കണമേ! അങ്ങയുടെ കണ്ണുകൾ തുറന്ന് ഞങ്ങളുടെ നാശങ്ങളെയും അങ്ങയുടെ നാമം വഹിക്കുന്ന നഗരത്തെയും കടാക്ഷിക്കണമേ! ഞങ്ങളുടെയാചനകൾ അങ്ങയുടെ മുൻപിൽ സമർപ്പിക്കുന്നതു ഞങ്ങളുടെ നീതിയിലല്ല, അങ്ങയുടെ മഹത്തായ കാരുണ്യത്തിൽ മാത്രം ആശ്രയിച്ചുകൊണ്ടാണ്.
19കർത്താവേ, ശ്രവിക്കണമേ! കർത്താവേ, ക്ഷമിക്കണമേ! കർത്താവേ,ചെവിക്കൊള്ളുകയും പ്രവർത്തിക്കുകയും ചെയ്യണമേ! എന്റെ ദൈവമേ, അങ്ങയുടെ നാമത്തെപ്രതി വൈകരുതേ; എന്തെന്നാൽ, അങ്ങയുടെ നഗരവും ജനവും അങ്ങയുടെ നാമമാണല്ലോ വഹിക്കുന്നത്.
20എന്റെ ദൈവമായ കർത്താവിന്റെ സന്നിധിയിൽ എന്റെ ദൈവത്തിന്റെ വിശുദ്ധഗിരിക്കുവേണ്ടി എന്റെയും എന്റെ ജനമായ ഇസ്രായേ ലിൻെറയും പാപങ്ങൾ ഏറ്റുപറഞ്ഞ് ഞാൻ പ്രാർഥിക്കുകയുംയാചന അർപ്പിക്കുകയും ചെയ്തു.
21അപ്പോൾ, ആദ്യം ദർശനത്തിൽ ഞാൻ കണ്ട ഗബ്രിയേൽ സായാഹ്നബലിയുടെ സമയത്ത് എന്റെ അടുത്തേക്കു പറന്നുവന്നു.
22അവൻ എന്നോടു പറഞ്ഞു: ദാനിയേലേ, നിനക്കു ജ്ഞാനവും അറിവും നൽകാൻ ഞാൻ വന്നിരിക്കുന്നു.
23നിന്റെ യാചനകളുടെ ആരംഭത്തിൽത്തന്നെ ഒരു വചനം ഉണ്ടായി. അതു നിന്നെ അറിയിക്കാൻ ഞാൻ വന്നിരിക്കുന്നു. അവിടുന്ന് നിന്നെ അത്യധികം സ്നേഹിക്കുന്നു. ആ വചനം കേട്ട് ദർശനം ഗ്രഹിച്ചുകൊള്ളുക.
24അക്രമം നിർത്തിവയ്ക്കുന്നതിനും പാപത്തിന് അറുതിവരുത്തുന്നതിനും കുറ്റങ്ങൾക്കു പ്രായശ്ചിത്തം ചെയ്യുന്നതിനുംശാശ്വതനീതി നടപ്പിലാക്കുന്നതിനും ദർശനത്തിനും പ്രവാചകനും മുദ്രവയ്ക്കുന്നതിനും അതിവിശുദ്ധസ്ഥലത്തെ അഭിഷേകം ചെയ്യുന്നതിനുംവേണ്ടി, നിന്റെ ജനത്തിനും വിശുദ്ധ നഗരത്തിനും വർഷങ്ങളുടെ എഴുപത് ആഴ്ച കൾ നിശ്ചയിക്കപ്പെട്ടിരിക്കുന്നു.
25അതുകൊണ്ട്, നീ ഗ്രഹിക്കുക. ജറുസലെമിൻെറ പുനർനിർമാണത്തിന് കൽപന പുറപ്പെട്ടതുമുതൽ അഭിഷിക്തനായ ഒരു രാജാവു വരുന്നതുവരെ ഏഴ്ആഴ്ചകൾ ഉണ്ടായിരിക്കും. തുടർന്ന് കഷ്ടതനിറഞ്ഞഅറുപത്തിരണ്ട് ആഴ്ചകൾ. അക്കാലത്ത് വീഥികളും കിടങ്ങുകളും പണിയും.
26അറുപത്തിരണ്ട് ആഴ്ച കൾക്കുശേഷം അഭിഷിക്തൻ അകാരണമായി വിച്ഛേദിക്കപ്പെടും. പിൻഗാമിയായ രാജാവിന്റെ ആളുകൾ നഗരത്തെയും വിശുദ്ധമന്ദിരത്തെയും നശിപ്പിക്കും. അതിന്റെ അവസാനം പ്രളയമായിരിക്കും. അവ സാനംവരെയുദ്ധമുണ്ടായിരിക്കും.
27നാശം വിധിക്കപ്പെട്ടിരിക്കുന്നു. ഒരാഴ്ചത്തേക്ക് അവൻ പലരുമായി ശക്തമായ ഉടമ്പടി ഉണ്ടാക്കും. പകുതി ആഴ്ചത്തേക്ക് ബലിയും കാഴ്ചകളും അവൻ നിരോധിക്കും. ദേവാലയത്തിന്റെ ചിറകിൻമേൽ വിനാശകരമായ മ്ളേച്ഛത വരും. ദൈവമൊരുക്കിയ വിധി വിനാശകന്റെ മേൽ പതിക്കുന്നതുവരെ അത് അവിടെ നിൽക്കും.
വായനാ ക്രമീകരണങ്ങൾ
വചനം സംരക്ഷിക്കുക

വിഭാഗം തിരഞ്ഞെടുക്കുക

ഈ വചനം കണ്ടെത്താൻ സഹായിക്കുന്ന ഒരു വിഭാഗം തിരഞ്ഞെടുക്കുക.

സ്വകാര്യ കുറിപ്പ്

വചന കുറിപ്പ്

⌂ഹോം📖ബൈബിൾ✦പഠനം🔖സംരക്ഷിച്ചത്