Menu
Print passage

പ്രിന്റിനുള്ള വചനങ്ങൾ

ഒന്നോ അതിലധികമോ അധ്യായങ്ങളും വചനപരിധിയും തിരഞ്ഞെടുക്കുക.

ദാനിയേൽ 13

അധ്യായങ്ങൾ

സൂസന്ന

1യൊവാക്കിം എന്നൊരുവൻ ബാബിലോണിൽ ജീവിച്ചിരുന്നു.
2ഹിൽക്കിയായുടെ മകളും അതീവസുന്ദരിയും ദൈവ ഭക്തയും ആയ സൂസന്നയെ അവൻ വിവാഹംചെയ്തു.
3അവളുടെ മാതാപിതാക്കൻമാർ നീതിനിഷ്ഠരായിരുന്നു; മോശയുടെ നിയമമനുസരിച്ച് അവർ തങ്ങളുടെ മകളെ എല്ലാക്കാര്യങ്ങളും പഠിപ്പിച്ചിട്ടുണ്ടായിരുന്നു.
4യൊവാക്കിം വളരെ സമ്പന്നനായിരുന്നു; വീടിനോടു ചേർന്ന് അവനു വിസ്തൃതമായ ഒരു ഉദ്യാനമുണ്ടായിരുന്നു; അവൻ എല്ലാവരെയുംകാൾ ആദരണീയനായിരുന്നതിനാൽ യഹൂദർ അവനെ കാണാൻ വരുക പതിവായിരുന്നു.
5അക്കൊല്ലം ജനത്തിന്റെ ഇടയിൽനിന്നു രണ്ടു ശ്രേഷ്ഠൻമാർന്യായാധിപൻമാരായി നിയമിക്കപ്പെട്ടു. അവരെപ്പറ്റി കർത്താവ് അരുളിച്ചെയ്തിരുന്നു: ബാബിലോണിൽനിന്ന് ജനത്തെ ഭരിക്കേണ്ടവരുംന്യായാധിപൻമാരുമായ ശ്രേഷ്ഠൻമാരിൽനിന്ന് അകൃത്യം പുറപ്പെട്ടു.
6ഇവർ കൂടെക്കൂടെ യൊവാക്കിമിൻെറ വീട്ടിൽ പോയിരുന്നു. വ്യവഹാരങ്ങളുള്ളവർ അവരെ സമീപിക്കുമായിരുന്നു.
7ഉച്ചയ്ക്ക് ആളുകൾ പിരിഞ്ഞു പോയതിനുശേഷം, സൂസന്ന ഭർത്താവിന്റെ ഉദ്യാനത്തിൽ ഉലാത്താൻ പോകും.
8എല്ലാ ദിവസ വും അവളെ ഈ രണ്ടു ശ്രേഷ്ഠൻമാരും കാണാറുണ്ട്. അവർക്ക് അവളിൽ അഭിലാഷം ജനിച്ചു.
9അവർ വിവേകശൂന്യരായി ദൈവവിചാരവും ധർമബോധവും കൈവെടിഞ്ഞു.
10അവളോടുള്ള അത്യാസക്തി അവർ ഇരുവരെയും കീഴടക്കി; പക്ഷേ, തങ്ങളുടെ മനോവ്യഥ അവർ പരസ്പരം പറഞ്ഞില്ല;
11അവളെ പ്രാപിക്കാനുള്ള ആസക്തി വെളിപ്പെടുത്താൻ അവർ ലജ്ജിച്ചു.
12എന്നാൽ, ദിനംതോറും അവർ അവളെ നോക്കിക്കൊണ്ടിരുന്നു.
13അവർ അനേ്യാന്യം പറഞ്ഞു: ഭക്ഷണ സമയമായി. നമുക്കു വീട്ടിലേക്കു പോകാം. പുറത്തിറങ്ങിയ അവർ രണ്ടു വഴിക്കുപോയി.
14എന്നാൽ മടങ്ങിവന്ന് അവർ വീണ്ടും കണ്ടുമുട്ടി. ഇരുവരും കാരണം പറയാൻ നിർബന്ധിച്ചപ്പോൾ, അവർ തങ്ങളുടെ അഭിലാഷം പരസ്പരം വെളിപ്പെടുത്തി. അവളെ തനിച്ചു കണ്ടുമുട്ടാവുന്ന ഒരു സമയം അവർ പറഞ്ഞൊത്തു.
15അവർ തക്കം നോക്കിയിരിക്കവേ, പതിവുപോലെ അവൾ രണ്ടു തോഴിമാരോടൊപ്പം ഉദ്യാനത്തിൽ കടന്നു. വലിയ ചൂടായിരുന്നതുകൊണ്ട് അവൾ കുളിക്കാൻ ഒരുങ്ങി.
16ഒളിച്ചുനിന്ന് നോക്കിയിരുന്ന ആ രണ്ടുശ്രേഷ്ഠൻമാരല്ലാതെ മറ്റാരും ഉണ്ടായിരുന്നില്ല.
17അവൾ തോഴിമാരോടു പറഞ്ഞു: എനിക്കു കുളിക്കാൻ എണ്ണയും ലേപനങ്ങളും കൊണ്ടുവരുവിൻ.
18വാതിൽ അടയ്ക്കുവിൻ. അ തനുസരിച്ച്, അവർ വാതിൽ അടച്ചിട്ട്, തങ്ങളോടാവശ്യപ്പെട്ടവ കൊണ്ടുവരാൻ പിൻവാതിലിലൂടെ പോയി. ഒളിച്ചുനിന്ന ശ്രേഷ്ഠൻമാരെ അവർ കണ്ടില്ല.
19തോഴിമാർ പോയിക്കഴിഞ്ഞപ്പോൾ ആ രണ്ടു ശ്രേഷ്ഠൻമാർ അവളുടെ അടുത്ത് ഓടിയെത്തി പറഞ്ഞു:
20ഇതാ, ഉദ്യാനകവാടങ്ങൾ അടച്ചിരിക്കുന്നു; ആരും നമ്മെ കാണുന്നില്ല; ഞങ്ങൾ നിന്നെ സ്നേഹിക്കുന്നു. അതുകൊണ്ട്, നീ മടികൂടാതെ ഞങ്ങളോടൊത്തു ശയിക്കുക.
21നീ വിസമ്മതിച്ചാൽ, നിന്റെ കൂടെ ഒരുയുവാവ് ഉണ്ടായിരുന്നതുകൊണ്ടാണ് തോഴിമാരെ നീ പറഞ്ഞയച്ചതെന്ന് ഞങ്ങൾ നിനക്കെതിരേ സാക്ഷ്യപ്പെടുത്തും.
22സൂസന്ന നെടുവീർപ്പിട്ടുകൊണ്ടു പറഞ്ഞു: എല്ലാത്തരത്തിലും ഞാൻ അകപ്പെട്ടു. ഞാൻ സമ്മതിച്ചാൽ, അതെന്റെ മരണമാണ്. സമ്മതിച്ചില്ലെങ്കിൽ, നിങ്ങളുടെ കൈയിൽനിന്ന് രക്ഷപെടുകയില്ല.
23കർത്താവിന്റെ മുൻപിൽ പാപം ചെയ്യുന്നതിനെക്കാൾ നിങ്ങൾക്കു വഴങ്ങാതെ നിങ്ങളുടെ പിടിയിൽപ്പെടുന്നതാണു ഞാൻ ഇഷ്ടപ്പെടുന്നത്.
24സൂസന്ന ഉച്ചത്തിൽ നിലവിളിച്ചു. ആ ശ്രേഷ്ഠൻമാർ അവൾക്കെതിരേ അട്ടഹസിച്ചു.
25അവരിലൊരാൾ ഓടിച്ചെന്ന് ഉദ്യാനവാതിൽ തുറന്നു.
26ഉദ്യാനത്തിൽനിന്ന് അട്ടഹാസം കേട്ടപ്പോൾ സൂസന്നയ്ക്ക് എന്താണ് സംഭവിച്ചതെന്നറിയാൻ വീട്ടിലെ വേലക്കാരെല്ലാവരും ഉദ്യാനത്തിലെ പിൻവാതിലിലൂടെ ഓടിക്കൂടി.
27ശ്രേഷ്ഠൻമാർ പറഞ്ഞകഥ കേട്ട് വേലക്കാർ അത്യന്തം ലജ്ജിച്ചു; ഇത്തരത്തിലൊന്നും ഒരിക്കലും സൂസന്നയെപ്പറ്റി അവർ കേട്ടിരുന്നില്ല.
28അടുത്തദിവസം, അവളുടെ ഭർത്താവായ യൊവാക്കിമിൻെറ വീട്ടിൽ ആളുകൾ കൂടിയപ്പോൾ, സൂസന്നയെ കൊല്ലാനുള്ള ദുരാലോചനയുമായി ആ രണ്ടു ശ്രേഷ്ഠൻമാരും എത്തിച്ചേർന്നു.
29അവർ ജനത്തോടു പറഞ്ഞു: ഹിൽക്കിയായുടെ മകളും യൊവാക്കിമിൻെറ ഭാര്യയുമായ സൂസന്നയെ കൊണ്ടുവരുവിൻ.
30അവർ അവളെ കൊണ്ടുവന്നു. തൻെറ മാതാപിതാക്കൻമാരോടും കുട്ടികളോടും ബന്ധുക്കളോടും കൂടെയാണ് അവൾ വന്നത്.
31സൂസന്ന സംസ്കൃതചിത്തയും സുന്ദരിയുമായിരുന്നു.
32അവളുടെ സൗന്ദര്യം ആസ്വദിക്കാൻ വേണ്ടി മൂടുപടം മാറ്റാൻ ആദുഷ്ടൻമാർ ആജ്ഞാപിച്ചു.
33അവളുടെ കുടുംബാംഗങ്ങളും കൂട്ടുകാരും അവളെ കണ്ട എല്ലാവരും കരഞ്ഞു.
34അപ്പോൾ ആ രണ്ടു ശ്രേഷ്ഠൻമാർ ജനമധേ്യ എഴുന്നേറ്റുനിന്ന് അവളുടെ തലയിൽ കരങ്ങൾ വച്ചു.
35അവൾ കരഞ്ഞുകൊണ്ട് സ്വർഗത്തിലേക്കു ദൃഷ്ടികളുയർത്തി; അവൾ കർത്താവിൽ ആശ്രയം അർപ്പിച്ചു.
36ശ്രേഷ്ഠൻമാർ പറഞ്ഞു: ഞങ്ങൾ തനിച്ച് ഉദ്യാനത്തിൽ നടക്കുമ്പോൾ, ഇവൾ രണ്ടു തോഴിമാരോടൊപ്പം വരുകയും ഉദ്യാനവാതിലടച്ചതിനുശേഷം തോഴിമാരെ പറഞ്ഞുവിടുകയും ചെയ്തു.
37അപ്പോൾ അവിടെ ഒളിച്ചിരുന്ന ഒരുയുവാവു വന്ന് ഇവളോടുകൂടെ ശയിച്ചു.
38ഞങ്ങൾ ഉദ്യാനത്തിൽ ഒരു കോണിലായിരുന്നു; ഈ ദുഷ്ടത കണ്ട് ഞങ്ങൾ ഓടിച്ചെന്നു.
39അവർ ആലിംഗനം ചെയ്യുന്നതു ഞങ്ങൾ കണ്ടു; അവൻ ഞങ്ങളെക്കാൾ ശക്തനായിരുന്നതിനാൽ , ഞങ്ങൾക്ക് അവനെ പിടിക്കാൻ കഴിഞ്ഞില്ല; അവൻ വാതിൽ തുറന്ന് ഓടിമറഞ്ഞു.
40അതുകൊണ്ട് ഞങ്ങൾ ഇവളെ പിടിച്ച്, അവൻ ആരാണെന്നു ചോദിച്ചു; അവൾ പറഞ്ഞില്ല. ഇതു ഞങ്ങൾ സാക്ഷ്യപ്പെടുത്തുന്നു.
41കൂടിയിരുന്നവർ അവരെ വിശ്വസിച്ചു; കാരണം, അവർ ജനത്തിന്റെ ശ്രേഷ്ഠൻമാരുംന്യായാധിപൻമാരുമായിരുന്നു; അവർ അവളെ മരണത്തിനു വിധിച്ചു.
42അപ്പോൾ സൂസന്ന അത്യുച്ചത്തിൽ നിലവിളിച്ചു പറഞ്ഞു: നിത്യനായ ദൈവമേ, രഹസ്യങ്ങളെ വിവേചിക്കുന്നവനേ, വസ്തുക്കൾ ഉണ്ടാകുന്നതിനു മുൻപുതന്നെ അവയെ അറിയുന്നവനേ,
43ഇവർ എനിക്കെതിരേ കള്ളസാക്ഷ്യം പറഞ്ഞെന്ന് അങ്ങ് അറിയുന്നുവല്ലോ. ഞാനിതാ മരിക്കാൻ പോകുന്നു. എങ്കിലും എനിക്കെതിരേ ദുഷ്ടതയോടെ ആരോപിച്ചിരുന്ന കാര്യങ്ങളിലൊന്നും ഞാൻ ചെയ്തിട്ടില്ല.
44കർത്താവ് അവളുടെ നിലവിളി കേട്ടു.
45അവൾ കൊലക്കളത്തിലേക്കു നയിക്കപ്പെട്ടപ്പോൾ ദാനിയേലെന്നു പേരുള്ള ഒരു ബാലന്റെ പരിശുദ്ധമായ ആത്മാവിനെ കർത്താവ് ഉണർത്തി.
46അവൻ ഉച്ചത്തിൽ വിളിച്ചു പറഞ്ഞു: ഇവളുടെ രക്തത്തിൽ എനിക്കു പങ്കില്ല.
47ജനം അവന്റെ നേരേ തിരിഞ്ഞു: നീ എന്താണു പറഞ്ഞത്?
48അവരുടെ മധേ്യ നിന്നുകൊണ്ട് അവൻ പറഞ്ഞു: ഇസ്രായേൽമക്കളേ, നിങ്ങൾ ഇത്ര ഭോഷൻമാരാണോ? വിചാരണ നടത്താതെയും വസ്തുതകൾ ഗ്രഹിക്കാതെയും ഒരു ഇസ്രായേൽ പുത്രിയെ നിങ്ങൾ ശിക്ഷയ്ക്കു വിധിക്കുന്നുവോ?
49വിചാരണ സ്ഥലത്തേക്കു മടങ്ങുവിൻ, കാരണം, ഈ മനുഷ്യർ ഇവൾക്കെതിരേ കള്ളസാക്ഷ്യം പറഞ്ഞിരിക്കുന്നു.
50അവർ വേഗം മടങ്ങി. ശ്രേഷ്ഠൻമാർ അവനോടു പറഞ്ഞു: ഞങ്ങളുടെ ഇടയിലിരുന്ന് നിന്റെ വാദം ഉന്നയിക്കുക; ദൈവം നിനക്ക് ശ്രേഷ്ഠസ്ഥാനം നൽകിയിട്ടുണ്ടല്ലോ.
51ദാനിയേൽ പറഞ്ഞു: അവരെ രണ്ടുപേരെയും പരസ്പരം ദൂരെ മാറ്റി നിർത്തുക; ഞാൻ അവരെ വിസ്തരിക്കാം.
52അവരെ തമ്മിൽ അകറ്റി നിർത്തിയിട്ട്, അവൻ അവരിൽ ഒരുവനെ വിളിച്ചുപറഞ്ഞു: ദുഷ്ടതയിൽ തഴക്കം നേടിയവനേ, നിന്റെ മുൻകാല പാപങ്ങൾ നിന്റെ മേൽ പതിച്ചിരിക്കുന്നു.
53നിരപരാധനും നീതിമാനുമായ ഒരുവനെ കൊല്ലരുത് എന്ന് കർത്താവ് കൽപിച്ചിട്ടുണ്ടെങ്കിലും നീ നിരപരാധിനിയെ ശിക്ഷയ്ക്കുവിധിച്ചു. തെറ്റു ചെയ്തവനെ വെറുതെവിട്ടു; അങ്ങനെ അന്യായമായ വിധികൾ നീ പ്രസ്താവിച്ചു.
54എന്നാൽ, നീ അവളെ കണ്ടു എന്നത് സത്യമാണെങ്കിൽ ഞാൻ ചോദിക്കുന്നതിന് ഇപ്പോൾ ഉത്തരം പറയുക. ഏതു വൃക്ഷത്തിന്റെ ചുവട്ടിലാണ് ആലിംഗനബദ്ധരായി അവരെ നീ കണ്ടത്? ഒരു കരയാമ്പൂമരത്തിന്റെ ചുവട്ടിൽ- അവൻ മറുപടി പറഞ്ഞു.
55ദാനിയേൽ പറഞ്ഞു: കൊള്ളാം. നിന്റെ നുണ നിന്റെ തന്നെതലയ്ക്കു തിരിഞ്ഞടിക്കും. ദൈവദൂതന്, ദൈവത്തിൽനിന്നു കൽപന ലഭിച്ചിരിക്കുന്നു. അവൻ ഉടനെ നിന്നെ രണ്ടായി പിളർന്നുകളയും.
56അവനെ മാറ്റി നിർത്തിയിട്ട് അപരനെ കൊണ്ടു വരാൻ ദാനിയേൽ ആജ്ഞാപിച്ചു. ദാനിയേൽ അവനോടു പറഞ്ഞു: കാനാന്റെ സന്തതീ, നീ യൂദാഗോത്രത്തിൽപ്പെട്ടവനല്ല. സൗന്ദര്യം നിന്നെ വഞ്ചിക്കുകയും, വിഷയാസക്തി നിന്റെ ഹൃദയത്തെ വഴിതെറ്റിക്കുകയും ചെയ്തിരിക്കുന്നു.
57ഇങ്ങനെയാണു നിങ്ങൾ ഇരുവരും ഇസ്രായേൽ പുത്രിമാരോടു പെരുമാറിയത്. ഭയംമൂലം അവർ നിങ്ങളോടൊപ്പം ശയിച്ചു; പക്ഷേ, യൂദായുടെ ഒരു പുത്രി നിങ്ങളുടെ ദുഷ്ടതയ്ക്കു വഴങ്ങിയില്ല.
58എന്നാൽ, ഇപ്പോൾ എന്നോടു പറയുക, ഏതു വൃക്ഷത്തിന്റെ ചുവട്ടിൽവച്ചാണ് ആലിംഗനബദ്ധരായി അവരെ നീ കണ്ടത്? തഴച്ചുവളരുന്ന ഒരു കരുവേലകത്തിന്റെ ചുവട്ടിൽ - അവൻ മറുപടി നൽകി.
59ദാനിയേൽ പറഞ്ഞു: കൊള്ളാം. നിന്റെ നുണ നിന്റെ തലയ്ക്കു തിരിഞ്ഞടിച്ചിരിക്കുന്നു. നിന്നെ രണ്ടായി അറുത്തു മുറിക്കുന്നതിന് ദൈവദൂതൻ വാളുമായി കാത്തുനിൽക്കുന്നു; അവൻ നിങ്ങൾ ഇരുവരെയും നശിപ്പിക്കും.
60അപ്പോൾ കൂടിയിരുന്നവർ അത്യുച്ചത്തിൽ അട്ടഹസിക്കുകയും, തന്നിൽ പ്രത്യാശ വയ്ക്കുന്നവരെ രക്ഷിക്കുന്ന ദൈവത്തെ സ്തുതിക്കുകയും ചെയ്തു.
61അവർ ആ രണ്ടു ശ്രേഷ്ഠൻമാർക്കെതിരേ തിരിഞ്ഞു: എന്തെന്നാൽ, അവർ കള്ളസാക്ഷ്യം പറയുന്നെന്ന് അവരുടെ വാക്കുകൊണ്ടുതന്നെ ദാനിയേൽ തെളിയിച്ചു.
62തങ്ങളുടെ അയൽക്കാരിക്ക് അവർ നൽകാൻ ദുഷ്ടതയോടെ തീരുമാനിച്ച ശിക്ഷ അവർക്കു നല്കി. മോശയുടെ നിയമമനുസരിച്ച് ജനം അവരെ വധിച്ചു. അങ്ങനെ നിഷ്കളങ്കയായ ഒരുവൾ അന്നു രക്ഷപെട്ടു.
63ഹിൽക്കിയായും ഭാര്യയും തങ്ങളുടെ മകളായ സൂസന്നയെപ്രതി ദൈവത്തെ സ്തുതിച്ചു; അവളുടെ ഭർത്താവായ യൊവാക്കിമും ബന്ധുക്കളെല്ലാവരും അങ്ങനെതന്നെ ചെയ്തു; എന്തെന്നാൽ, ലജ്ജാകരമായയാതൊന്നും അവളിൽ കാണപ്പെട്ടില്ല.
64അന്നുമുതൽ ജനത്തിന്റെ ഇടയിൽ ദാനിയേലിനു വലിയ കീർത്തി ഉണ്ടായി.
വായനാ ക്രമീകരണങ്ങൾ
വചനം സംരക്ഷിക്കുക

വിഭാഗം തിരഞ്ഞെടുക്കുക

ഈ വചനം കണ്ടെത്താൻ സഹായിക്കുന്ന ഒരു വിഭാഗം തിരഞ്ഞെടുക്കുക.

സ്വകാര്യ കുറിപ്പ്

വചന കുറിപ്പ്

⌂ഹോം📖ബൈബിൾ✦പഠനം🔖സംരക്ഷിച്ചത്