ദാനിയേൽ 5
അധ്യായങ്ങൾ
ചുവരെഴുത്ത്
1ബൽഷാസർ രാജാവ് തൻെറ പ്രഭുക്കൻമാരിൽ ആയിരംപേർക്ക് ഒരു വിരുന്നു നൽകുകയും അവരോടൊപ്പം വീഞ്ഞു കുടിക്കുകയും ചെയ്തു.
2വീഞ്ഞു കുടിച്ചു മദിച്ചപ്പോൾ, രാജാവായ താനും തൻെറ പ്രഭുക്കൻമാരും ഭാര്യമാരും ഉപനാരികളും വീഞ്ഞു കുടിക്കേണ്ടതിന് തൻെറ പിതാവായ നബുക്കദ്നേസർ ജറുസലെം ദേവാലയത്തിൽ നിന്നു കൊണ്ടുവന്ന സ്വർണവും വെള്ളിയും കൊണ്ടുള്ള പാത്രങ്ങൾ കൊണ്ടുവരാൻ അവൻ കൽപിച്ചു.
3ജറുസലെമിലെ ദേവാലയത്തിൽ നിന്ന് അപഹരിച്ചുകൊണ്ടുവന്ന സ്വർണം കൊണ്ടും വെള്ളികൊണ്ടുമുള്ള പാത്രങ്ങൾ കൊണ്ടുവന്നു; രാജാവും പ്രഭുക്കൻമാരും ഭാര്യമാരും ഉപനാരികളും അവയിൽ നിന്നു കുടിച്ചു.
4അവർ വീഞ്ഞു കുടിച്ചതിനുശേഷം സ്വർണവും വെള്ളിയും ഓടും ഇരുമ്പും മരവും കല്ലുംകൊണ്ടുള്ള ദേവൻമാരെ സ്തുതിച്ചു.
5പെട്ടെന്ന് ഒരു മനുഷ്യന്റെ കൈവിരലുകൾ പ്രത്യക്ഷപ്പെട്ട്, ദീപപീഠത്തിനുനേരേ, രാജകൊട്ടാരത്തിന്റെ മിനുത്ത ഭിത്തിയിൽ എന്തോ എഴുതി. എഴുതിക്കൊണ്ടിരുന്ന കൈപ്പത്തി രാജാവ് കണ്ടു. രാജാവ് വിവർണനായി.
6അവൻ ചിന്താധീനനായി, കൈകാലുകൾ കുഴയുകയും കാൽമുട്ടുകൾ കൂട്ടിയടിക്കുകയും ചെയ്തു.
7ആഭിചാരകരെയും കൽദായരെയും ജോത്സ്യൻമാരെയും വരുത്താൻ അവൻ വിളിച്ചു പറഞ്ഞു. രാജാവ് ബാബിലോണിലെ ജ്ഞാനികളോടു പറഞ്ഞു: ഈ എഴുത്തു വായിച്ചു വ്യാഖ്യാനിച്ചു തരുന്നവനെ ധൂമ്രവസ്ത്രം ധരിപ്പിച്ച്, കഴുത്തിൽ പൊൻമാല ചാർത്തി രാജ്യത്തിന്റെ മൂന്നാം ഭരണാധികാരി ആക്കുന്നതാണ്.
8രാജാവിന്റെ ജ്ഞാനികളെല്ലാം എത്തിയെങ്കിലും അവർക്കാർക്കും എഴുത്തു വായിക്കാനോ വ്യാഖ്യാനിക്കാനോ കഴിഞ്ഞില്ല.
9അപ്പോൾ ബൽഷാസർ രാജാവ് അത്യന്തം അസ്വസ്ഥ നായി, അവൻ വിവർണനായി; അവന്റെ പ്രഭുക്കൻമാരും പരിഭ്രാന്തരായി.
10രാജാവിന്റെയും പ്രഭുക്കൻമാരുടെയും സംസാരം കേട്ട് രാജ്ഞി വിരുന്നുശാലയിലെത്തി, അവൾ പറഞ്ഞു: രാജാവ് നീണാൾ വാഴട്ടെ! നിന്റെ വിചാരങ്ങൾ നിന്നെ അസ്വസ്ഥനാക്കുകയോ നിന്നെ വിവർണനാക്കുകയോ ചെയ്യാതിരിക്കട്ടെ!
11നിന്റെ രാജ്യത്ത് വിശുദ്ധദേവൻമാരുടെ ആത്മാവുള്ള ഒരുവനുണ്ട്. നിന്റെ പിതാവിന്റെ കാലത്ത്, ദേവൻമാരുടേതുപോലുള്ള തെളിഞ്ഞജ്ഞാനവും അറിവും അവനിൽ കാണപ്പെട്ടിരുന്നു.
12അസാധാരണമായ ബുദ്ധിയും വിജ്ഞാനവും സ്വപ്നങ്ങൾ വ്യാഖ്യാനിക്കാനും ഗൂഢാർഥവാക്യങ്ങൾ വിശദീകരിക്കാനും പ്രശ്നങ്ങൾ പരിഹരിക്കാനും വേണ്ട അറിവും താൻ ബൽത്തെഷാസർ എന്നു വിളിച്ചിരുന്ന ദാനിയേൽ എന്നവനിൽ ഉണ്ടെന്നു കണ്ട്, അങ്ങയുടെ പിതാവായ നബുക്കദ്നേസർ രാജാവ് അവനെ മന്ത്രവാദികളുടെയും ആഭിചാരകരുടെയും കൽദായരുടെയും ജേ്യാത്സ്യരുടെയും തലവനാക്കിയിരുന്നു. ഇപ്പോൾ ദാനിയേലിനെ വിളിക്കുക. അവൻ വ്യാഖ്യാനം അറിയിക്കും.
13ദാനിയേലിനെ രാജസന്നിധിയിൽ കൊണ്ടുവന്നു; രാജാവ് ദാനിയേലിനോടു ചോദിച്ചു: രാജാവായ എന്റെ പിതാവ് യൂദായിൽ നിന്നു കൊണ്ടുവന്ന യഹൂദപ്രവാസികളിൽ ഒരുവനായ ദാനിയേൽ നീ തന്നെയാണല്ലോ.
14വിശുദ്ധ ദേവൻമാരുടെ ആത്മാവ് നിന്നിലുണ്ടെന്നും തെളിഞ്ഞബുദ്ധിയും ജ്ഞാനവും നിനക്കുണ്ടെന്നും ഞാൻ കേട്ടിട്ടുണ്ട്.
15ഈ എഴുത്തു വായിച്ച്, അതിന്റെ അർഥം പറയുന്നതിനുവേണ്ടി ജ്ഞാനികളെയും ആഭിചാരകൻമാരെയും എന്റെ മുൻപിൽ കൊണ്ടുവന്നു; പക്ഷേ, അവർക്കാർക്കും അതു വിശദീകരിക്കാൻ സാധിച്ചില്ല.
16വ്യാഖ്യാനങ്ങൾ നൽകാനും പ്രശ്നങ്ങൾ പരിഹരിക്കാനും നിനക്കു സാധിക്കുമെന്നു ഞാൻ കേട്ടിട്ടുണ്ട്. ഇപ്പോൾ ഈ എഴുത്തു വായിച്ച്, അതെനിക്കു വ്യാഖ്യാനിച്ചു തരാൻ നിനക്കു കഴിഞ്ഞാൽ, ധൂമ്രവസ്ത്രവിഭൂഷിതനായി കഴുത്തിൽ പൊൻമാല ചാർത്തി, നീ രാജ്യത്തിന്റെ മൂന്നാം ഭരണാധികാരി ആകും.
17ദാനിയേൽ രാജസന്നിധിയിൽ ഉണർത്തിച്ചു: നിന്റെ സമ്മാനങ്ങൾ നിന്റെ കൈയിൽത്തന്നെ ഇരുന്നുകൊള്ളട്ടെ. മറ്റാർക്കെങ്കിലും കൊടുത്തേക്കൂ; ലിഖിതം വായിച്ച്, അർഥം ഞാൻ പറഞ്ഞു തരാം.
18രാജാവേ, അത്യുന്നതനായ ദൈവം നിന്റെ പിതാവായ നബുക്കദ്നേസറിന് രാജത്വവും മഹത്വവും പ്രതാപവും ആധിപത്യവും നൽകി.
19അവിടുന്ന് അവനു കൊടുത്ത മഹത്വം നിമിത്തം എല്ലാ ജനതകളും ജനപദങ്ങളും ഭാഷക്കാരും അവന്റെ മുൻപിൽ ഭയപ്പെട്ടു വിറച്ചു. അവൻ ഇഷ്ടാനുസരണം കൊല്ലുകയോ ജീവിക്കാൻ അനുവദിക്കുകയോ, ഉയർത്തുകയോ, താഴ്ത്തുകയോ ചെയ്തുപോന്നു.
20എന്നാൽ, അവൻ അഹങ്കരിക്കുകയും ഹൃദയം കഠിനമാക്കുകയും ഗർവോടെ പ്രവർത്തിക്കുകയും ചെയ്തപ്പോൾ രാജസിംഹാസനത്തിൽനിന്ന് അവൻ ബഹിഷ്കൃതനായി. അവനു മഹത്വം നഷ്ടപ്പെട്ടു.
21അവൻ മനുഷ്യരുടെ ഇടയിൽനിന്ന് ഓടിക്കപ്പെട്ടു. അവന്റെ മനസ്സു മൃഗതുല്യമായി; അവന്റെ വാസം കാട്ടുകഴുതകളോടൊത്തായി. അവൻ കാളയെപ്പോലെ പുല്ലു തിന്നു. ആകാശത്തിലെ മഞ്ഞുകൊണ്ട് അവന്റെ ദേഹം നനഞ്ഞു. അത്യുന്നതനായ ദൈവമാണു മനുഷ്യരുടെ രാജ്യം ഭരിക്കുന്നതെന്നും, അവിടുന്ന് ഇച്ഛിക്കുന്നവരെയാണ് അധികാരം ഏൽപിക്കുന്നതെന്നും മനസ്സിലാക്കുന്നതുവരെ അവൻ ഇങ്ങനെ കഴിഞ്ഞു.
22എന്നാൽ, അവന്റെ പുത്രനായ നീ ഇതെല്ലാം അറിഞ്ഞിട്ടും നിന്റെ ഹൃദയം വിനീതമാക്കിയില്ല.
23സ്വർഗത്തിന്റെ കർത്താവിനെ നീ വെല്ലുവിളിച്ചു. അവിടുത്തെ ആലയത്തിലെ പാത്രങ്ങൾ കൊണ്ടുവന്ന് നീയും നിന്റെ പ്രഭുക്കൻമാരും ഭാര്യമാരും ഉപനാരികളും അവയിൽ വീഞ്ഞു കുടിച്ചു. വെള്ളി, സ്വർണം, ഓട്, ഇരുമ്പ്, മരം, കല്ല് എന്നിവ കൊണ്ടുള്ള, കാണാനോ കേൾക്കാനോ അറിയാനോ കഴിവില്ലാത്ത ദേവൻമാരെ നീ സ്തുതിച്ചു. എന്നാൽ, നിന്റെ ജീവനെയും നിന്റെ മാർഗങ്ങളെയും നിയന്ത്രിക്കുന്ന ദൈവത്തെനീ ആദരിച്ചില്ല.
24അതുകൊണ്ട്, അവിടുത്തെ സന്നിധിയിൽനിന്ന് അയയ്ക്കപ്പെട്ട ഒരു കരം ഇത് എഴുതിയിരിക്കുന്നു.
25ആ ലിഖിതം ഇതാണ്: മെനേ, മെനേ, തെഖേൽ, പാർസീൻ.
26ഇതാണ് അർഥം: മെനേ - ദൈവം നിന്റെ രാജ്യത്തിന്റെ നാളുകൾ എണ്ണുകയും അതിന്റെ അവസാനം കുറിക്കുകയും ചെയ്തിരിക്കുന്നു.
27തെഖേൽ - നിന്നെതുലാസിൽ തൂക്കി കുറവുള്ളവനായി കണ്ടിരിക്കുന്നു.
28പേരെസ് - നിന്റെ രാജ്യം വിഭജിച്ച് മേദിയാക്കാർക്കും പേർഷ്യാക്കാർക്കും നൽകിയിരിക്കുന്നു.
29ബൽഷാസർ കൽപിച്ചതനുസരിച്ച്, ദാനിയേലിനെ ധൂമ്രവസ്ത്രം അണിയിക്കുകയും അവന്റെ കഴുത്തിൽ പൊൻമാല ചാർത്തുകയും അവൻ രാജ്യത്തിലെ മൂന്നാം ഭരണാധികാരി ആയിരിക്കുമെന്ന് വിളംബരം പുറപ്പെടുവിക്കുകയും ചെയ്തു.
30അന്നു രാത്രിയിൽ കൽദായരാജാവായ ബൽഷാസർ കൊല്ലപ്പെട്ടു.
31രാജ്യം അറുപത്തിരണ്ടു വയസ്സു പ്രായമുള്ള മേദിയക്കാരനായ ദാരിയൂസിനു ലഭിച്ചു.