ദാനിയേൽ 2
അധ്യായങ്ങൾ
നബുക്കദ്നേസറിൻെറ സ്വപ്നം
1നബുക്കദ്നേസറിൻെറ രണ്ടാം ഭരണവർഷം രാജാവിനു ചില സ്വപ്നങ്ങളുണ്ടായി. തൻമൂലം അവന്റെ മനസ്സ് കലങ്ങി, ഉറക്കം നഷ്ടപ്പെട്ടു.
2സ്വപ്നം വ്യാഖ്യാനിക്കാൻമന്ത്രവാദികളെയും ആഭിചാരകൻമാരെയും ക്ഷുദ്രപ്രയോഗക്കാരെയും കൽദായരെയും വരുത്താൻ രാജാവ് കൽപിച്ചു. അവരെല്ലാവരും രാജസന്നിധിയിൽ വന്നു.
3രാജാവ് അവരോടു പറഞ്ഞു: എനിക്ക് ഒരു സ്വപ്ന മുണ്ടായി; അതിന്റെ അർഥം അറിയാൻ എനിക്ക് ഉത്കണ്ഠയുണ്ട്.
4കൽദായർ രാജാവിനോടു പറഞ്ഞു: രാജാവ് നീണാൾ വാഴട്ടെ! സ്വപ്നം എന്തെന്ന് ഈ ദാസരോടു പറഞ്ഞാലും. ഞങ്ങൾ വ്യാഖ്യാനിക്കാം.
5രാജാവ് കൽദായരോടു പറഞ്ഞു: എന്റെ വാക്കിനു മാറ്റമില്ല. സ്വപ്നവും അതിന്റെ വ്യാഖ്യാനവും പറയുന്നില്ലെങ്കിൽ നിങ്ങളെ കഷണം കഷണമായി അരിയുകയും നിങ്ങളു ടെ ഭവനങ്ങൾ നശിപ്പിക്കുകയും ചെയ്യും.
6എന്നാൽ, സ്വപ്നവും അതിന്റെ വ്യാഖ്യാനവും നൽകിയാൽ വിശേഷസമ്മാനങ്ങളും പ്രതിഫലവും വലിയ ബഹുമതിയും നിങ്ങൾക്കു ലഭിക്കും. അതുകൊണ്ട്, സ്വപ്നവും അതിന്റെ അർഥവും പറയുവിൻ.
7അവർ വീണ്ടും പറഞ്ഞു: സ്വപ്നം എന്തെന്ന് ഈ ദാസരോടു പറയുക; ഞങ്ങൾ വ്യാഖ്യാനിക്കാം.
8രാജാവു പറഞ്ഞു: നിങ്ങൾ കൂടുതൽ സമയം ലഭിക്കാൻ ശ്രമിക്കുകയാണെന്ന് എനിക്കറിയാം. എന്റെ വാക്കിന് ഇളക്കമില്ലെന്നു നിങ്ങൾക്കറിയാം.
9സ്വപ്നം എന്തെന്നു പറയുന്നില്ലെങ്കിൽ നിങ്ങളുടെ വിധി ഒന്നുമാത്രമാണെന്നു നിങ്ങൾക്കറിയാം. അതിനാൽ ഈ സ്ഥിതിക്കു മാറ്റം വരുന്നതുവരെ എന്റെ മുൻപിൽ വ്യാജവും ദുഷിച്ചവാക്കുകളും പറയാൻ നിങ്ങൾ ഒത്തുചേർന്നിരിക്കുകയാണ്. സ്വപ്നം എന്തെന്നു പറയുക; അപ്പോൾ അതു വ്യാഖ്യാനിക്കാൻ നിങ്ങൾക്കു കഴിയുമോ എന്ന് എനിക്കറിയാം.
10കൽദായർ രാജാവിനോടു പറഞ്ഞു: രാജഹിതം നിറവേറ്റാൻ കഴിയുന്ന ഒരുവനും ഭൂമുഖത്തില്ല. ശ്രേഷ്ഠനും ശക്തനുമായ ഒരു രാജാവും ഇത്തരം ഒരു കാര്യം ഒരു മാന്ത്രികനോടോ ആഭിചാരകനോടോ കൽദായനോടോ ആവശ്യപ്പെട്ടിട്ടില്ല.
11രാജാവ് ആവശ്യപ്പെടുന്ന കാര്യം ദുഷ്കരമാണ്. അതു വ്യക്തമാക്കിത്തരാൻ ദേവൻമാർക്കല്ലാതെ ആർക്കും സാധിക്കയില്ല. അവരാകട്ടെ, മനുഷ്യരുടെയിടയിൽ ഇല്ലതാനും.
12ഇതുകേട്ട് രാജാവ് അത്യന്തം കോപാക്രാന്തനായി, ബാബിലോണിലെ ജ്ഞാനികളെയെല്ലാം നശിപ്പിക്കാൻ കൽപിച്ചു.
13ജ്ഞാനികളെയെല്ലാം വധിക്കണമെന്ന കൽപന പുറപ്പെട്ടു. അതിനാൽ ദാനിയേലിനെയും കൂട്ടുകാരെയും കൊല്ലേണ്ടതിന് അവർ അനേ്വഷിച്ചു.
14ബാബിലോണിലെ ജ്ഞാനികളെയെല്ലാം വധിക്കാൻ പുറപ്പെട്ട രാജസേനാനിയായ അരിയോക്കിനോട് ദാനിയേൽ ബുദ്ധിപൂർവമായും വിവേകത്തോടുകൂടെയും ചോദിച്ചു:
15എന്തുകൊണ്ടാണ് രാജകൽപന ഇത്ര ക്രൂരമായിരിക്കുന്നത്? അരിയോക്ക് ദാനിയേലിനെ കാര്യം ധരിപ്പിച്ചു.
16ദാനിയേൽ രാജസന്നിധിയിലെത്തി, സ്വപ്നം വ്യാഖ്യാനിക്കാൻ തനിക്ക് സമയം അനുവദിക്കണമെന്ന് അപേക്ഷിച്ചു.
17പിന്നീട് ദാനിയേൽ വാസ സ്ഥലത്തുചെന്ന് തൻെറ സ്നേഹിതരായ ഹനനിയായെയും മിഷായേലിനെയും അസ റിയായെയും കാര്യം അറിയിച്ചു.
18ബാബിലോണിലെ മറ്റു ജ്ഞാനികളോടൊപ്പം താനും കൂട്ടുകാരും നശിക്കാതിരിക്കേണ്ടതിന്, ഈ രഹസ്യത്തെപ്പറ്റി സ്വർഗസ്ഥനായ ദൈവത്തിന്റെ കരുണയാചിക്കണമെന്ന് ദാനിയേൽ അവരോട് ആവശ്യപ്പെട്ടു.
19രാത്രിയിൽ ഒരു ദർശനത്തിൽ ദാനിയേലിന് രഹ സ്യം വെളിപ്പെട്ടു. അപ്പോൾ അവൻ സ്വർഗ സ്ഥനായ ദൈവത്തെ സ്തുതിച്ചു.
20അവൻ പറഞ്ഞു: ദൈവത്തിന്റെ നാമം എന്നെന്നും വാഴ്ത്തപ്പെടട്ടെ! ജ്ഞാനവും ശക്തിയും അവിടുത്തേതാണ്.
21സമയങ്ങളുടെയും കാലങ്ങളുടെയും മാറ്റം അവിടുന്ന് നിശ്ചയിക്കുന്നു, രാജാക്കൻമാരെ നീക്കുന്നതും വീണ്ടും പ്രതിഷ്ഠിക്കുന്നതും അവിടുന്നാണല്ലോ. ജ്ഞാനിക്ക് ജ്ഞാനവും അറിവുള്ളവന് അറിവും പ്രദാനം ചെയ്യുന്നത് അവിടുന്നാണ്.
22അഗാധവും അജ്ഞേയവുമായ കാര്യങ്ങൾ അവിടുന്ന് വെളിപ്പെടുത്തുന്നു;അന്ധകാരത്തിൽ മറഞ്ഞിരിക്കുന്നത് എന്താണെന്ന് അവിടുന്ന് അറിയുന്നു; പ്രകാശം അവിടുത്തോടൊപ്പം വസിക്കുന്നു.
23എന്റെ പിതാക്കൻമാരുടെ ദൈവമേ, ഞാൻ അങ്ങേക്കു നന്ദി പറയുന്നു; അങ്ങയെ സ്തുതിക്കുന്നു. അങ്ങ് എനിക്ക് ജ്ഞാനവും ശക്തിയും നൽകി; ഞങ്ങൾ അപേക്ഷിച്ചത് അവിടുന്ന് എന്നെ അറിയിച്ചു. രാജാവിന്റെ സ്വപ്നം അങ്ങ് ഞങ്ങൾക്കു വെളിപ്പെടുത്തി.
24ബാബിലോണിലെ ജ്ഞാനികളെ നശിപ്പിക്കാൻ രാജാവ് നിയമിച്ചിരുന്ന അരിയോക്കിനെ സമീപിച്ച് ദാനിയേൽ പറഞ്ഞു: ബാബിലോണിലെ ജ്ഞാനികളെ നശിപ്പിക്ക രുത്; എന്നെ രാജസന്നിധിയിൽ കൊണ്ടുപോവുക; ഞാൻ രാജാവിന്റെ സ്വപ്നം വ്യാഖ്യാനിക്കാം.
25അരിയോക്ക് ഉടൻ തന്നെ ദാനിയേലിനെ രാജസന്നിധിയിൽ കൊണ്ടു ചെന്നു പറഞ്ഞു: രാജാവിന്റെ സ്വപ്നം വ്യാഖ്യാനിക്കാൻ കഴിവുള്ള ഒരുവനെ യൂദായിൽ നിന്നുള്ള പ്രവാസികളുടെയിടയിൽ ഞാൻ കണ്ടെത്തിയിരിക്കുന്നു.
26ബൽത്തെഷാസർ എന്നു പേരുള്ള ദാനിയേലിനോടു രാജാവു ചോദിച്ചു: ഞാൻ കണ്ട സ്വപ്നവും അതിന്റെ വ്യാഖ്യാനവും വെളിപ്പെടുത്താൻ നിനക്കു കഴിയുമോ?
27ദാനിയേൽ പറഞ്ഞു: ഒരു ജ്ഞാനിക്കും ആഭിചാരകനും മാന്ത്രികനും ജേ്യാത്സ്യനും രാജാവ് ആവശ്യപ്പെട്ട രഹസ്യം വെളിപ്പെടുത്താനാവില്ല.
28എന്നാൽ, രഹസ്യങ്ങൾ വെളിപ്പെടുത്തുന്ന ഒരു ദൈവം സ്വർഗത്തിലുണ്ട്; അവിടുന്ന് ഭാവിയിൽ സംഭവിക്കാനിരിക്കുന്ന കാര്യങ്ങൾ നബുക്കദ്നേസർരാജാവിനു വെളിപ്പെടുത്തിയിരിക്കുന്നു. നിന്റെ സ്വപ്നവും, കിടക്കയിൽ വച്ചുണ്ടായ ദർശനങ്ങളും ഇവയാണ്.
29രാജാവേ, ഭാവിയിൽ സംഭവിക്കാനിരിക്കുന്നവയെപ്പറ്റി ചില ചിന്തകൾ, കിടക്കയിലായിരിക്കുമ്പോൾ നിനക്ക് ഉണ്ടായി, രഹസ്യങ്ങൾ വെളിപ്പെടുത്തുന്നവൻ വരാനിരിക്കുന്ന കാര്യങ്ങൾ നിന്നെ അറിയിച്ചിരിക്കുന്നു.
30ഈ രഹസ്യം എനിക്കു വെളിപ്പെടുത്തിയത് ജീവിച്ചിരിക്കുന്ന മറ്റാരെയുംകാൾ കൂടുതലായ ജ്ഞാനം എനിക്കുള്ളതുകൊണ്ടല്ല; പ്രത്യുത, രാജാവ് വ്യാഖ്യാനം അറിയേണ്ടതിനും മനസ്സിലുള്ള വിചാരങ്ങൾ ഗ്രഹിക്കേണ്ടതിനും ആണ്.
31രാജാവേ, നീ വലിയ ഒരു പ്രതിമ കണ്ടു. തിളങ്ങുന്ന ആ വലിയ പ്രതിമ നിന്റെ മുൻപിൽ നിന്നു; അതിന്റെ രൂപം ഭയങ്കരമായിരുന്നു.
32ആ പ്രതിമയുടെ ശിരസ്സ് തങ്കംകൊണ്ടും, മാറിടവും കരങ്ങളും വെള്ളികൊണ്ടും, വയറും തുടകളും ഓടുകൊണ്ടും,
33കാലുകൾ ഇരുമ്പുകൊണ്ടും ആയിരുന്നു; പാദങ്ങൾ ഇരുമ്പും കളിമണ്ണും ചേർന്നതും.
34നീ നോക്കിക്കൊണ്ടിരിക്കേ, ഒരു കല്ല് ആരും തൊടാതെ അടർന്നു വന്നു ബിംബത്തിൻെറ ഇരുമ്പും കളിമണ്ണും ചേർന്ന പാദങ്ങളിൽ പതിച്ച്, അതിനെ ഛിന്നഭിന്നമാക്കി.
35ഇരുമ്പും കളിമണ്ണും ഓടും വെള്ളിയും സ്വർണവുമെല്ലാം ഒന്നുപോലെ പൊടിഞ്ഞ് വേനൽക്കാലത്തു മെതിക്കളത്തിലെ പതിരുപോലെയായി; അവയുടെ ഒരു തരിപോലും കാണാനില്ലാത്തവിധം കാറ്റ് അവയെ പറത്തിക്കൊണ്ടുപോയി. പ്രതിമ തകർത്ത കല്ലാകട്ടെ, ഒരു മഹാപർവതമായിത്തീർന്ന് ഭൂമി മുഴുവൻ നിറഞ്ഞു.
36ഇതായിരുന്നു സ്വപ്നം. ഞങ്ങൾ ഇതിന്റെ വ്യാഖ്യാനവും നിന്നോടു പറയാം.
37രാജാവേ, രാജാധിരാജനായ നിനക്ക്, സ്വർഗസ്ഥനായ ദൈവം അധികാരവും ശക്തിയും മഹത്വവും നൽകി,
38എല്ലായിടത്തുമുള്ള മനുഷ്യമക്കളെയും വന്യമൃഗങ്ങളെയും ആകാശപ്പറവകളെയും അടക്കിഭരിക്കാൻ ദൈവം നിന്നെ ഏൽപിച്ചു! സ്വർണംകൊണ്ടുള്ള തല നീതന്നെ.
39നിനക്കുശേഷം നിൻേറ തിനേക്കാൾ പ്രതാപം കുറഞ്ഞഒരു സാമ്രാജ്യം ഉണ്ടാകും; മൂന്നാമതാകട്ടെ, ഭൂമി മുഴുവൻ അടക്കി ഭരിക്കുന്ന ഓടുകൊണ്ടുള്ള സാമ്രാജ്യവും.
40നാലാമത് ഇരുമ്പുപോലെ ശക്തിയുള്ള രാജ്യമാണ്; ഇരുമ്പ് എല്ലാ വസ്തുക്കളെയും തകർത്തു തരിപ്പണമാക്കുന്നു; ഞെരിച്ചുതകർക്കുന്ന ഇരുമ്പുപോലെ അത് എല്ലാറ്റിനെയും തകർത്തുഞെരിക്കും.
41നീ കണ്ട പാദങ്ങളും വിരലുകളും ഭാഗികമായി കുശവൻെറ കളിമണ്ണും ഭാഗികമായി ഇരുമ്പും കൊണ്ടായിരുന്നതുപോലെ, അതൊരു വിഭക്തരാജ്യമായിരിക്കും; എന്നാൽ, ഉടഞ്ഞുപോകുന്ന കളിമണ്ണിനോട് ഇരുമ്പ് ചേർക്കപ്പെട്ടിരുന്നതായി നീ ദർശിച്ചതുപോലെ, ഇരുമ്പിൻെറ ഉറപ്പ് അതിനും ഭാഗികമായി ഉണ്ടായിരിക്കും.
42വിരലുകൾ ഭാഗികമായി ഇരുമ്പും കളിമണ്ണും ആയിരുന്നതുപോലെ, രാജ്യവും, ഭാഗികമായി ശക്തവും ഭാഗികമായി ദുർബലവും ആയിരിക്കും.
43ഉറപ്പില്ലാത്ത കളിമണ്ണിനോട് ഇരുമ്പ് ചേർക്കപ്പെട്ടതായി നീ കണ്ടതുപോലെ, അവർ വിവാഹത്തിൽ പരസ്പരം ഇടകലരും; പക്ഷേ, ഇരുമ്പ് കളിമണ്ണുമായി കലരാത്തതുപോലെ അവരും തമ്മിൽ ചേരുകയില്ല.
44ആ രാജാക്കൻമാരുടെ നാളുകളിൽ, ഒരിക്കലും നശിപ്പിക്കപ്പെടാത്തതും പരമാധികാരം മറ്റൊരു ജനതയ്ക്കും വിട്ടുകൊടുക്കാത്തതുമായ ഒരു രാജ്യം സ്വർഗസ്ഥനായ ദൈവം പടുത്തുയർത്തും. മേൽപറഞ്ഞരാജ്യങ്ങളെ എല്ലാം തകർത്ത്, ഇല്ലാതാക്കി, അത് എന്നേക്കും നിലനിൽക്കും.
45മലമുകളിൽ നിന്ന് ആരും തൊടാതെ കല്ല് അടർന്നുവരുന്നതും ഇരുമ്പും ഓടും കളിമണ്ണും വെള്ളിയും സ്വർണവും ഇടിച്ചുപൊടിയാക്കുന്നതും നീ ദർശിച്ചതുപോലെതന്നെ. ഉന്നതനായ ദൈവമാണ് ഭാവികാര്യങ്ങൾ നിനക്കു വെളിപ്പെടുത്തിയിരിക്കുന്നത്. സ്വപ്നം തീർച്ചയായും ഇതുതന്നെ. വ്യാഖ്യാനത്തിനും മാറ്റമില്ല.
46അപ്പോൾ നബുക്കദ്നേസർരാജാവ് സാഷ്ടാംഗം വീണ് ദാനിയേലിനെ വന്ദിച്ചു; കാഴ്ചയും ധൂപവും അവനുവേണ്ടി അർപ്പിക്കാൻ കൽപിക്കുകയും ചെയ്തു.
47രാജാവ് ദാനിയേലിനോടു പറഞ്ഞു: നിന്റെ ദൈവം സത്യമായും ദേവൻമാരുടെ ദൈവവും, രാജാക്കൻമാരുടെ കർത്താവും രഹസ്യങ്ങൾ വെളിപ്പെടുത്തുന്നവനുമാണ്. എന്തെന്നാൽ, ഈ രഹസ്യം വെളിപ്പെടുത്താൻ നിനക്കു കഴിഞ്ഞിരിക്കുന്നു.
48രാജാവ് ഉന്നത ബഹുമതികളും വിലപ്പെട്ട സമ്മാനങ്ങളും ദാനിയേലിനു കൊടുത്തു. അവനെ ബാബിലോൺ പ്രവിശ്യയുടെ ഭരണകർത്താവും, ബാബിലോണിലെ എല്ലാ ജ്ഞാനികളുടെയും തലവനും ആയി നിയമിക്കുകയും ചെയ്തു.
49ഷദ്രാക്ക്, മെഷാക്, അബെദ്നെഗോ എന്നിവരെ ദാനിയേലിന്റെ അപേക്ഷയനുസരിച്ച്, അവൻ ബാബിലോൺ പ്രവിശ്യയുടെ ചുമ തല ഏൽപിച്ചു. ദാനിയേൽ രാജകൊട്ടാരത്തിൽ വസിച്ചു.