Menu
Print passage

പ്രിന്റിനുള്ള വചനങ്ങൾ

ഒന്നോ അതിലധികമോ അധ്യായങ്ങളും വചനപരിധിയും തിരഞ്ഞെടുക്കുക.

ദാനിയേൽ 8

അധ്യായങ്ങൾ

ആട്ടുകൊറ്റൻമാർ

1ബൽഷാസർ രാജാവിന്റെ മൂന്നാം ഭരണ വർഷം, ദാനിയേലായ എനിക്ക് വീണ്ടും ഒരു ദർശനമുണ്ടായി.
2ദർശനത്തിൽ ഞാൻ കണ്ടു: ഞാൻ ഏലാം ദേശത്ത്, തലസ്ഥാന മായ സൂസായിലായിരുന്നു; ഞാൻ ഉലായ് നദിയുടെ കരയിൽ നിൽക്കുകയായിരുന്നു.
3ഞാൻ കണ്ണുകളുയർത്തി. ഇതാ, ഒരു മുട്ടാട് നദീതീരത്തു നിൽക്കുന്നു; അതിനു രണ്ടു വലിയ കൊമ്പുകളുണ്ടായിരുന്നു; ഒന്നു മറ്റേതിനെക്കാൾ നീളമുള്ളതായിരുന്നു; നീളം കൂടുതലുള്ളത് അവസാനം മുളച്ചതാണ്.
4ആ മുട്ടാട് പടിഞ്ഞാറോട്ടും വടക്കോട്ടും തെക്കോട്ടും ഇടിച്ചു മുന്നേറുന്നതു ഞാൻ കണ്ടു; ഒരു മൃഗത്തിനും അവനോടു എതിർത്തു നിൽക്കാനോ അവന്റെ ശക്തിയിൽനിന്നു രക്ഷപെടാനോ കഴിഞ്ഞില്ല. തന്നിഷ്ടംപോലെ അവൻ പ്രവർത്തിക്കുകയും ഗർവ് കാണിക്കുകയും ചെയ്തു.
5ഞാൻ ചിന്തിച്ചുകൊണ്ടിരിക്കേ, ഇതാ, ഒരു കോലാട്ടുകൊറ്റൻ, ഭൂതലത്തിനു കുറുകെ, പടിഞ്ഞാറു നിന്ന്, നിലംതൊടാതെ, പാഞ്ഞുവരുന്നു. ആ കോലാടിനു കണ്ണുകൾക്കിടയിൽ തങ്ങിനിൽക്കുന്ന ഒരു കൊമ്പുണ്ടായിരുന്നു.
6നദീതീരത്തു നിൽക്കുന്നതായി ഞാൻ കണ്ട, ഇരുകൊമ്പുകളുള്ള മുട്ടാടിനുനേരേ ഉഗ്രമായ കോപത്തോടെ അതു പാഞ്ഞുവന്നു;
7അവൻ മുട്ടാടിനടുത്തെത്തുന്നതും, ഉഗ്രകോപം പൂണ്ട്, ഇടിച്ചു മുട്ടാടിന്റെ കൊമ്പു രണ്ടും തകർക്കുന്നതും ഞാൻ കണ്ടു; അവനെ നേരിടാൻമുട്ടാടിനു ശക്തിയില്ലായിരുന്നു; അവൻ അതിനെ നിലത്തു വീഴ്ത്തി ചവിട്ടിമെതിച്ചു; അതിനെ അവനിൽ നിന്നു രക്ഷിക്കാൻ ആർക്കും കഴിഞ്ഞില്ല.
8പിന്നീട് കോലാട്ടുകൊറ്റൻ അതീവശക്ത നായി; പക്ഷേ, ശക്തിയുടെ പാരമ്യത്തിൽ എത്തിയപ്പോൾ അവന്റെ വലിയ കൊമ്പു തകർന്നുപോയി. അതിനു പകരം ആകാശത്തിന്റെ നാലു കാറ്റുകളുടെയും നേരേ ശക്തമായ നാലു കൊമ്പുകൾ മുളച്ചുവന്നു.
9അവയിൽ ഒന്നിൽ നിന്ന് ഒരു ചെറിയ കൊ മ്പു മുളച്ചു തെക്കോട്ടും കിഴക്കോട്ടും മഹ ത്വത്തിൻെറ ദേശത്തിനുനേരേയും വളർന്നു വലുതായി.
10അത് ആകാശസൈന്യത്തോളം വളർന്നു വലുതായി. നക്ഷത്രവ്യൂഹങ്ങളിൽ ചിലതിനെ കുത്തിവീഴ്ത്തി ചവിട്ടിമെതിച്ചു.
11അത് ആകാശസൈന്യത്തിന്റെ അധിപനെ വെല്ലുവിളിക്കുക പോലും ചെയ്തു. അവിടുത്തെനിരന്തര ദഹനബലികൾ മുടക്കുകയും വിശുദ്ധമന്ദിരത്തെ കീഴ്മേൽ മറിക്കുകയും ചെയ്തു.
12ജനം തങ്ങളുടെ പാപം നിമിത്തം അവന്റെ പിടിയിൽ അമർന്നു. നിരന്തരദഹനബലി മുടങ്ങി; സത്യം നിലത്തു വലിച്ചെറിയപ്പെട്ടു; കൊമ്പാകട്ടെ അടിക്കടി വിജയം നേടി.
13അപ്പോൾ, ഒരു പരിശുദ്ധൻ സംസാരിക്കുന്നതു ഞാൻ കേട്ടു; വേറൊരു പരിശുദ്ധൻ ആദ്യം സംസാരിച്ചവനോടു പറഞ്ഞു: നിരന്തര ദഹനബലിയെയും, നാശം വിതയ്ക്കുന്ന പാപത്തെയും, വിശുദ്ധ മന്ദിരവും സൈന്യവും കാൽക്കീഴിൽ ചവിട്ടി മെതിക്കപ്പെടുന്നതിനെയും കുറിച്ച് ദർശനത്തിൽ ഞാൻ കണ്ടത് എത്രത്തോളം നീണ്ടുനിൽക്കും?
14അവൻ അവനോടു പറഞ്ഞു: രണ്ടായിരത്തി മൂന്നൂറു സന്ധ്യകളും പ്രഭാതങ്ങളുംവരെ. അപ്പോൾ വിശുദ്ധമന്ദിരം പുനരുദ്ധരിക്കപ്പെടും.
15ദാനിയേലായ ഞാൻ ഈ ദർശനം ഗ്രഹിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കേ, ഇതാ, എന്റെ മുൻപിൽ മനുഷ്യരൂപമുള്ള ഒരുവൻ നിൽക്കുന്നു.
16ഉലായ്ത്തീരങ്ങളിൽ നിന്ന് ഒരുവൻ വിളിച്ചു പറയുന്നതു ഞാൻ കേട്ടു: ഗബ്രിയേൽ, ദർശനം ഇവനെ ഗ്രഹിപ്പിക്കുക.
17ഞാൻ നിന്നിടത്തേക്ക് അവൻ വന്നു. അവൻ വന്നപ്പോൾ ഞാൻ ഭയവിഹ്വലനായി സാഷ്ടാംഗം വീണു. അവൻ എന്നോടു പറഞ്ഞു: മനുഷ്യപുത്രാ, ഗ്രഹിച്ചുകൊള്ളുക; ഈ ദർശനം അവസാനകാലത്തേക്കുള്ളതാണ്.
18അവൻ എന്നോടു സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ, ഞാൻ മൂർഛിച്ചു വീണു. എന്നാൽ, അവൻ എന്നെ തൊട്ട് എഴുന്നേൽപിച്ചു നിർത്തി.
19അവൻ പറഞ്ഞു: കാലത്തിന്റെ അവസാനത്തിൽ, ക്രോധത്തിന്റെ നിമിഷത്തിൽ, എന്തു സംഭവിക്കുമെന്ന് ഞാൻ നിനക്കു വെളിപ്പെടുത്തിത്തരാം.യുഗാന്തത്തെ സംബന്ധിക്കുന്നതാണ് ഇത്.
20രണ്ടു കൊമ്പുള്ളതായി നീ കണ്ട മുട്ടാട് മേദിയായിലെയും പേർഷ്യായിലെയും രാജാക്കൻമാരാണ്.
21കോലാട്ടുകൊറ്റൻയവനരാജാവാണ്; അവന്റെ കണ്ണുകൾക്കിടയിലുള്ള വലിയ കൊമ്പ് ആദ്യത്തെ രാജാവാണ്.
22തകർക്കപ്പെട്ട കൊമ്പിന്റെ സ്ഥാനത്തു മറ്റു നാലെണ്ണം മുളച്ചതുപോലെ, അവന്റെ രാജ്യത്തുനിന്നു നാലു രാജ്യങ്ങൾ ഉദയം ചെയ്യും. പക്ഷേ, അവന്റെ ശക്തി അവർക്കുണ്ടായിരിക്കുകയില്ല.
23അവരുടെ ഭരണത്തിൻെറ അവസാനഘട്ടത്തിൽ പാപികളുടെ അതിക്രമം പൂർണരൂപം പ്രാപിക്കുമ്പോൾ, ഉഗ്രഭാവമുള്ളവനും തന്ത്രശാലിയുമായ ഒരു രാജാവ് ഉയർന്നുവരും.
24അവന്റെ ശക്തി വലുതായിരിക്കും; അവൻ ഭീകരനാശങ്ങൾക്കു കാരണമാകും; തൻെറ പ്രവൃത്തികളിലെല്ലാം അവൻ വിജയിക്കും; ശക്തരെയും പരിശുദ്ധരെയും അവൻ നശിപ്പിക്കും.
25കൗശലംകൊണ്ട് അവൻ വഞ്ചന നിറഞ്ഞമാർഗങ്ങളിൽ വിജയിക്കും. അവൻ അതിരറ്റ് അഹങ്കരിക്കും. മുന്നറിയിപ്പുകൂടാതെ അവൻ അനേകരെ നശിപ്പിക്കും; രാജാധിരാജനെതിരേപോലും അവൻ പൊരുതും; എന്നാൽ, അവൻ തകർക്കപ്പെടും; മനുഷ്യകരംകൊണ്ട് ആയിരിക്കുകയില്ല.
26സന്ധ്യകളെയും പ്രഭാതങ്ങളെയും കുറിച്ച് അറിയിച്ച ദർശനം സത്യമാണ്. എന്നാൽ, അനേക നാളുകൾക്കു ശേഷം സംഭവിക്കേണ്ടതാകയാൽ അതു മൂടി മുദ്രവയ്ക്കുക.
27ദാനിയേലായ ഞാൻ തളർന്ന് ഏതാനും ദിവസം രോഗിയായി കിടന്നു. പിന്നെ ഞാൻ എഴുന്നേറ്റ് രാജാവിന്റെ കാര്യങ്ങളിൽ മുഴുകി. ദർശനം നിമിത്തം ഞാൻ അസ്വസ്ഥനായിരുന്നു; അതു ഗ്രഹിക്കാൻ എനിക്കു സാധിച്ചതുമില്ല.
വായനാ ക്രമീകരണങ്ങൾ
വചനം സംരക്ഷിക്കുക

വിഭാഗം തിരഞ്ഞെടുക്കുക

ഈ വചനം കണ്ടെത്താൻ സഹായിക്കുന്ന ഒരു വിഭാഗം തിരഞ്ഞെടുക്കുക.

സ്വകാര്യ കുറിപ്പ്

വചന കുറിപ്പ്

⌂ഹോം📖ബൈബിൾ✦പഠനം🔖സംരക്ഷിച്ചത്