Menu
Print passage

പ്രിന്റിനുള്ള വചനങ്ങൾ

ഒന്നോ അതിലധികമോ അധ്യായങ്ങളും വചനപരിധിയും തിരഞ്ഞെടുക്കുക.

ദാനിയേൽ 4

അധ്യായങ്ങൾ

നബുക്കദ്നേസറിൻെറ രണ്ടാം സ്വപ്നം

1നബുക്കദ്നേസർ രാജാവ് ഭൂമുഖത്തുള്ള സകല ജനതകൾക്കും ജനപദങ്ങൾക്കും ഭാഷക്കാർക്കും എഴുതുന്നത്: നിങ്ങൾക്കു സമാധാനം സമൃദ്ധമായി ഉണ്ടാകട്ടെ!
2അത്യുന്നതനായ ദൈവം എനിക്കറിയിച്ചുതന്ന അടയാളങ്ങളും അദ്ഭുതങ്ങളും പ്രസിദ്ധമാക്കുന്നതു നല്ലതാണെന്ന് എനിക്കു തോന്നുന്നു.
3അവിടുത്തെ അടയാളങ്ങൾ എത്ര മഹത്വമുള്ളത്! അവിടുത്തെ അദ്ഭുതങ്ങൾ എത്ര ശക്തിയുള്ളവ! അവിടുത്തെ രാജ്യമോ, എന്നേക്കും നിലനിൽക്കുന്നത്! അവിടുത്തെ ആധിപത്യം തലമുറകളോളം നിലനിൽക്കുന്നത്!
4നബുക്കദ്നേസറായ ഞാൻ എന്റെ കൊട്ടാരത്തിൽ സൈ്വരമായി ഐശ്വര്യത്തോടെ വസിക്കുകയായിരുന്നു.
5എനിക്കുണ്ടായ ഒരു സ്വപ്നം എന്നെ ഭയപ്പെടുത്തി. കിടക്കയിൽ വച്ച് എനിക്കുണ്ടായ വിചിത്രദർശനങ്ങൾ എന്നെ അസ്വസ്ഥനാക്കി.
6സ്വപ്നത്തിന്റെ വ്യാഖ്യാനം പറഞ്ഞു തരേണ്ടതിന്, ബാബിലോണിലെ സകല ജ്ഞാനികളെയും എന്റെ മുൻപിൽ കൊണ്ടുവരാൻ ഞാൻ കൽപിച്ചു.
7മന്ത്രവാദികളും ആഭിചാരകൻമാരും കൽദായരും, ജോ്യത്സ്യൻമാരും വന്നു. ഞാൻ സ്വപ്നം എന്തെന്നു പറഞ്ഞെങ്കിലും അവർക്കാർക്കും അതു വ്യാഖ്യാനിക്കാൻ കഴിഞ്ഞില്ല.
8അവസാനം, എന്റെ ദേവന്റെ നാമധേയമനുസരിച്ച് ബൽത്തഷാസർ എന്നു വിളിക്കപ്പെടുന്നവനും വിശുദ്ധദേവൻമാരുടെ ആത്മാവ് ഉള്ളവനും ആയ ദാനിയേൽ എന്റെ മുൻപിൽ വന്നു; അവനോടു ഞാൻ സ്വപ്നത്തെപ്പറ്റി ഇങ്ങനെ പറഞ്ഞു:
9മന്ത്രവാദികളിൽ പ്രമുഖനായ ബൽത്തെഷാസർ, വിശുദ്ധദേവൻമാരുടെ ആത്മാവ് നിന്നിലുണ്ടെന്നും ഒരു രഹസ്യവും നിനക്ക് അജ്ഞേയമല്ലെന്നും എനിക്കറിയാം; ഇതാ, ഞാൻ കണ്ട സ്വപ്നം; അതിന്റെ വ്യാഖ്യാനം പറയുക.
10എനിക്കു കിടക്കയിൽ വച്ചുണ്ടായ ദർശനങ്ങൾ ഇവയാണ്: ഭൂമിയുടെ മധ്യത്തിൽ വളരെ ഉയരമുള്ള ഒരു വൃക്ഷം ഞാൻ കണ്ടു.
11ആ വൃക്ഷം വളർന്നു വലുതായി; അതിന്റെ അഗ്രം ആകാശംവരെ എത്തി; ഭൂമിയുടെ ഏതറ്റത്തു നിന്നാലും അതു ദൃഷ്ടിഗോചരമായിരുന്നു.
12ഭംഗിയുള്ള ഇലകളോടുകൂടിയ അത് ഫലസമൃദ്ധമായിരുന്നു. എല്ലാവർക്കും ആവശ്യകമായ ഭക്ഷണം അതിൽ നിന്നു ലഭിച്ചു. വന്യമൃഗങ്ങൾ അതിന്റെ തണലിൽ അഭയം തേടി; ആകാശപ്പറവകൾ അതിന്റെ കൊമ്പുകളിൽവസിച്ചു; എല്ലാ ജീവികൾക്കും അതിൽനിന്നു ഭക്ഷണം കിട്ടി.
13കിടക്കയിൽവച്ച് എനിക്കുണ്ടായ ദർശനത്തിൽ ഇതാ, ഒരു ദൂതൻ, ഒരു പരിശുദ്ധൻ, സ്വർഗത്തിൽനിന്ന് ഇറങ്ങിവരുന്നു.
14അവൻ അത്യുച്ചത്തിൽ വിളിച്ചുപറഞ്ഞു: ഈ വൃക്ഷം വെട്ടിമുറിച്ച്, കൊമ്പുകൾ ഛേദിച്ച്, ഇലകൾതല്ലിക്കൊഴിച്ച്, കായ്കൾ ചിതറിച്ചുകളയുവിൻ. വന്യമൃഗങ്ങൾ അതിന്റെ ചുവട്ടിൽ നിന്നും, പക്ഷികൾ അതിന്റെ ശാഖകളിൽ നിന്നും ഓടിയൊളിക്കട്ടെ.
15അതിന്റെ കുറ്റി ഇരുമ്പും ഓടും കൊണ്ടു ബന്ധിച്ച്, വയലിലെ ഇളംപുല്ലുകളോടൊപ്പം ഉപേക്ഷിക്കുക. ആകാശത്തിലെ മഞ്ഞുകൊണ്ട് അവൻ നനയട്ടെ. വന്യമൃഗങ്ങളോടുകൂടെ ഭൂമിയിലെ പുല്ലിൽ കഴിയാനായിരിക്കട്ടെ അവന്റെ വിധി.
16അവന് മനുഷ്യന്റെ മനസ്സ് നഷ്ടപ്പെട്ട് മൃഗത്തിൻെറ മനസ്സു ലഭിക്കട്ടെ. ഏഴു സംവത്സരം അവൻ അങ്ങനെ കഴിയട്ടെ.
17ഈ വിധി ദൂതൻമാരുടെ, പരിശുദ്ധൻമാരുടെ, കൽപന അനുസരിച്ചാണ്. അത്യുന്നതനാണ് മനുഷ്യരുടെ രാജ്യങ്ങളെ ഭരിക്കുന്നതെന്നും താൻ തീരുമാനിക്കുന്നവർക്ക് അവിടുന്ന് അതു നൽകുമെന്നും മനുഷ്യരിൽ ഏറ്റവും എളിയവരെ അതിൻമേൽ വാഴിക്കുമെന്നും മനുഷ്യരെല്ലാവരും ഗ്രഹിക്കേണ്ട തിനാണിത്.
18ഈ സ്വപ്നമാണ് നബുക്കദ്നേസർരാജാവായ ഞാൻ കണ്ടത്. ആകയാൽ, അല്ലയോ ബൽത്തെഷാസർ, വ്യാഖ്യാനമെന്തെന്നു പറയുക; എന്റെ രാജ്യത്തെ ജ്ഞാനികളിലാർക്കും ഇതു വ്യാഖ്യാനിക്കാൻ സാധിച്ചില്ല. എന്നാൽ, പരിശുദ്ധദേവൻമാരുടെ ആത്മാവ് നിന്നിലുള്ളതുകൊണ്ടു നിനക്കു സാധിക്കും.
19ബൽത്തെഷാസർ എന്നു പേരുള്ള ദാനിയേൽ ഒരു നിമിഷത്തേക്ക് അസ്വസ്ഥനായി; ചിന്തകൾ അവനെ പരിഭ്രാന്തനാക്കി. രാജാവ് പറഞ്ഞു: ബൽത്തെഷാസർ, സ്വപ്നമോ അതിന്റെ അർഥമോ നിന്നെ ആകുലനാക്കാതിരിക്കട്ടെ. ബൽത്തെഷാസർ പറഞ്ഞു: പ്രഭോ, സ്വപ്നം നിന്നെ വെറുക്കുന്നവരെയും, വ്യാഖ്യാനം നിന്റെ വൈരികളെയും ഉദ്ദേശിച്ചായിരിക്കട്ടെ!
20ആകാശംമുട്ടെ വളർന്ന് ശക്തിപ്പെട്ടതും
21ഭൂമിയിൽ എവിടെയും നിന്നു കാണാവുന്നതും, മനോഹരമായ ഇല കളും നിറയെ ഫലങ്ങളും ഉള്ളതും,
22അങ്ങനെ എല്ലാവർക്കും ഭക്ഷണം നൽകിയിരുന്നതും, ചുവട്ടിൽ വന്യമൃഗങ്ങൾ അഭയം കണ്ടെണ്ടത്തിയിരുന്നതും, കൊമ്പുകളിൽ ആകാശത്തിലെ പക്ഷികൾ പാർത്തിരുന്നതുമായി നീ കണ്ട വൃക്ഷം, വളർന്നു ബലിഷ്ഠനായ നീ തന്നെയാണ്. നിന്റെ മഹത്വം വർധിച്ച് ആകാശംവരെയും, നിന്റെ ആധിപത്യം ഭൂമിയുടെ അതിരുകൾവരെയും എത്തിയിരിക്കുന്നു.
23ആ വൃക്ഷം വെട്ടിമുറിച്ച് നശിപ്പിക്കുവിൻ; എന്നാൽ അതിന്റെ കുറ്റി വേരുകളോടൊപ്പം ഇരുമ്പും ഓടുംകൊണ്ടു ബന്ധിതമായി, വയലിലെ ഇളംപുല്ലുകളുടെ ഇടയിൽ ഉപേക്ഷിക്കുക, ആകാശത്തിലെ മഞ്ഞുകൊണ്ട് അവൻ നനയട്ടെ, ഏഴു സംവത്സരം കഴിയുംവരെ അവന്റെ ഭാഗധേയം വന്യമൃഗങ്ങളോടൊപ്പമായിരിക്കട്ടെ, എന്നിങ്ങനെ ഒരു ദൂതൻ, ഒരു പരിശുദ്ധൻ, സ്വർഗത്തിൽ നിന്നിറങ്ങിവന്ന് വിളിച്ചു പറയുന്നതു രാജാവു കണ്ടല്ലോ.
24രാജാവേ, ഇതാണ് അതിന്റെ വ്യാഖ്യാനം. അത്യുന്നതനായ ദൈവത്തിൽനിന്ന് എന്റെ നാഥനായ രാജാവിന്റെ മേൽ വന്നവിധിവാചകമാണിത്.
25നീ മനുഷ്യരുടെ ഇടയിൽനിന്ന് ഓടിക്കപ്പെടും. നിന്റെ വാസം വന്യമൃഗങ്ങളോടുകൂടെയായിരിക്കും; കാളയെപ്പോലെ പുല്ലുതിന്നുന്നതിനു നീ നിർബന്ധിതനാകും; ആകാശത്തിലെ മഞ്ഞുകൊണ്ടു നീ നനയും. അങ്ങനെ ഏഴു സംവത്സരം കടന്നുപോകും; അപ്പോൾ അത്യുന്നതനാണ് മനുഷ്യരുടെ രാജ്യത്തെ ഭരിക്കുന്നതെന്നും താൻ ഇച്ഛിക്കുന്നവർക്ക് അവിടുന്ന് രാജ്യം കൊടുക്കുമെന്നും നീ അറിയും.
26സ്വർഗത്തിന്റെ പരമാധികാരം നീ അംഗീകരിക്കുമ്പോൾ വൃക്ഷത്തിന്റെ കുറ്റിവേര് ഉപേക്ഷിക്കാൻ കൽപിക്കപ്പെട്ട തനുസരിച്ച് നിന്റെ രാജ്യം നിനക്കു തിരിച്ചുകിട്ടും.
27അതിനാൽ രാജാവേ, എന്റെ ഉപദേശം സ്വീകരിക്കുക. ധർമനിഷ്ഠപാലിച്ചുകൊണ്ട്, പാപങ്ങളിൽനിന്നും, മർദിതരോടു കാരുണ്യം കാണിച്ചുകൊണ്ട് അകൃത്യങ്ങളിൽനിന്നും ഒഴിഞ്ഞുനിൽക്കുക. ഒരു പക്ഷേ നിന്റെ സ്വസ്ഥതയുടെ കാലം നീട്ടിക്കിട്ടിയേക്കും.
28ഇതെല്ലാം നബുക്കദ്നേസർ രാജാവിനു സംഭവിച്ചു.
29പന്ത്രണ്ടുമാസം കഴിഞ്ഞ് ബാബിലോണിലെ രാജകൊട്ടാരത്തിന്റെ മട്ടുപ്പാവിൽ ഉലാത്തുമ്പോൾ രാജാവ് പറഞ്ഞു:
30എന്റെ രാജകീയമഹത്വത്തിനുവേണ്ടി രാജ മന്ദിരമായി, എന്റെ മഹാപ്രഭാവത്താൽ ഞാൻ നിർമിച്ചതല്ലേ മഹത്തായ ഈ ബാബിലോൺ?
31ഈ വാക്കുകൾ രാജാവിന്റെ വായിൽ നിന്നു വീഴുന്നതിനു മുൻപുതന്നെ, സ്വർഗത്തിൽ നിന്ന് ഒരു സ്വരം കേട്ടു. നബുക്കദ്നേസർരാജാവേ, നിന്നോടാണു പറയുന്നത്: രാജ്യം നിന്നിൽ നിന്നു വേർപെട്ടിരിക്കുന്നു.
32നീ മനുഷ്യരുടെ ഇടയിൽനിന്ന് ഓടിക്കപ്പെടുകയും നിന്റെ വാസം വന്യമൃഗങ്ങളോടൊത്ത് ആയിരിക്കുകയും ചെയ്യും; കാളയെപ്പോലെ നീ പുല്ലുതിന്നും. മനുഷ്യരുടെ രാജ്യം ഭരിക്കുന്നത് അത്യുന്നതനാണെന്നും, താൻ ഇച്ഛിക്കുന്നവന് അവിടുന്ന് അത് നൽകുമെന്നും, നീ അറിയുന്നതുവരെ ഏഴു സംവത്സരം കടന്നുപോകും.
33അപ്പോൾത്തന്നെ ആ വാക്കുകൾ നബുക്കദ് നേസറിൽ നിവൃത്തിയായി. അവൻ മനുഷ്യരുടെയിടയിൽനിന്ന് ഓടിക്കപ്പെടുകയും, അവന്റെ നഖം പക്ഷിയുടെ നഖംപോലെയും, രോമം കഴുകൻെറ തൂവലുകൾപോലെയും വളരുന്നതുവരെ കാളയെപ്പോലെ പുല്ലു തിന്നുകയും, ദേഹം ആകാശത്തിലെ മഞ്ഞുകൊണ്ടു നനയുകയും ചെയ്തു.
34ആ നാളുകൾ കഴിഞ്ഞപ്പോൾ നബുക്കദ്നേസറായ ഞാൻ സ്വർഗത്തിലേക്കു കണ്ണുകൾ ഉയർത്തി. എന്റെ ബുദ്ധി തിരിച്ചുകിട്ടി. ഞാൻ അത്യുന്നതനെ വാഴ്ത്തുകയും നിത്യം ജീവിക്കുന്ന അവിടുത്തെ സ്തുതിക്കുകയും മഹത്ത്വപ്പെടുത്തുകയും ചെയ്തു. അവിടുത്തെ ആധിപത്യം അനന്തമാണ്; അവിടുത്തെ രാജ്യം തലമുറ തലമുറയായി നിലനിൽക്കുന്നു.
35സകല ഭൂവാസികളും അവിടുത്തെ മുൻപിൽ ഒന്നുമല്ല; സ്വർഗീയ സൈന്യത്തോടും ഭൂവാസികളോടും തൻെറ ഇച്ഛയ്ക്കൊത്ത് അവിടുന്ന് പ്രവർത്തിക്കുന്നു. ആർക്കും അവിടുത്തെ കരം തടയാനോ എന്താണ് ഈ ചെയ്തത് എന്ന് അവിടുത്തോടു ചോദിക്കാനോ സാധിക്കയില്ല.
36ആ നിമിഷത്തിൽത്തന്നെ എനിക്കു ബുദ്ധി തിരിച്ചു കിട്ടി; എന്റെ രാജ്യത്തിന്റെ മഹത്വത്തിനായി, എന്റെ രാജത്വവും പ്രതാപവും എനിക്കു തിരിച്ചുകിട്ടി; എന്റെ ഉപദേശ കൻമാരും പ്രഭുക്കൻമാരും എന്നെ തേടിവന്നു; എന്റെ രാജ്യത്തിൽ ഞാൻ വീണ്ടും പ്രതിഷ്ഠിക്കപ്പെട്ടു; പൂർവാധികം മഹത്വം എനിക്കു ലഭിച്ചു.
37നബുക്കദ്നേസറായ ഞാൻ ഇപ്പോൾ സ്വർഗത്തിന്റെ രാജാവിനെ സ്തുതിക്കുകയും പുകഴ്ത്തുകയും മഹത്വപ്പെടുത്തുകയും ചെയ്യുന്നു. എന്തെന്നാൽ, അവിടുത്തെ പ്രവൃത്തികൾ ശരിയായിട്ടുള്ള തും മാർഗങ്ങൾ നീതിപൂർണവുമാണ്; അഹങ്കാരികളെ താഴ്ത്താൻ അവിടുത്തേക്കു കഴിയും.
വായനാ ക്രമീകരണങ്ങൾ
വചനം സംരക്ഷിക്കുക

വിഭാഗം തിരഞ്ഞെടുക്കുക

ഈ വചനം കണ്ടെത്താൻ സഹായിക്കുന്ന ഒരു വിഭാഗം തിരഞ്ഞെടുക്കുക.

സ്വകാര്യ കുറിപ്പ്

വചന കുറിപ്പ്

⌂ഹോം📖ബൈബിൾ✦പഠനം🔖സംരക്ഷിച്ചത്