Menu
Print passage

പ്രിന്റിനുള്ള വചനങ്ങൾ

ഒന്നോ അതിലധികമോ അധ്യായങ്ങളും വചനപരിധിയും തിരഞ്ഞെടുക്കുക.

ദാനിയേൽ 6

അധ്യായങ്ങൾ

ദാനിയേൽ സിംഹക്കുഴിയിൽ

1രാജ്യം ഭരിക്കാൻ അതിന്റെ എല്ലാ ഭാഗങ്ങളിലുമായി നൂറ്റിയിരുപതു പ്രധാന ദേശാധിപൻമാരെ നിയമിക്കുന്നതു നല്ലതാണെന്നു ദാരിയൂസിനു തോന്നി.
2അവരുടെമേൽ മൂന്നു തലവൻമാരെയും അവൻ നിയമിച്ചു. അവരിൽ ഒരുവൻ ദാനിയേലായിരുന്നു. രാജാവിനു നഷ്ടം സംഭവിക്കാതിരിക്കാൻ പ്രധാനദേശാധിപൻമാർ ഇവരെ കണക്കു ബോധിപ്പിക്കേണ്ടിയിരുന്നു.
3അദ്ഭുതകരമായ ദൈവികചൈതന്യമുണ്ടായിരുന്നതുകൊണ്ട്, ദാനിയേൽ മറ്റെല്ലാ തലവൻമാരെയും പ്രധാന ദേശാധിപൻമാരെയുംകാൾ ശ്രേഷ്ഠനായിത്തീർന്നു; തൻെറ രാജ്യം മുഴുവൻെറയും അധികാരിയായി അവനെ നിയമിക്കാൻ രാജാവ് ആലോചിച്ചു.
4അപ്പോൾ തലവൻമാരും പ്രധാന ദേശാധിപൻമാരും ദാനിയേലിന്റെ മേൽ രാജദ്രോഹക്കുറ്റം ആരോപിക്കാൻ പഴുതു നോക്കി; പരാതിക്കു മതിയായ കാരണമോ കുറ്റമോ കണ്ടെണ്ടത്താൻ അവർക്കു സാധിച്ചില്ല. എന്തെന്നാൽ, അവൻ വിശ്വസ്തനായിരുന്നു. ഒരു കുറ്റവും അവർ അവനിൽ കണ്ടില്ല.
5അപ്പോൾ, അവർ പറഞ്ഞു: ഈ ദാനിയേലിൽ, അവന്റെ ദൈവത്തിന്റെ നിയമത്തെ സംബന്ധിച്ചല്ലാതെ മറ്റു പരാതിക്കു കാരണം കണ്ടെണ്ടത്താൻ നമുക്കു കഴിയുകയില്ല.
6ഈ തലവൻമാരും പ്രധാന ദേശാധിപൻമാരും തമ്മിൽ ആലോചിച്ചുറച്ച്, രാജാവിന്റെ അടുത്തെത്തി പറഞ്ഞു: ദാരിയൂസ് രാജാവ് നീണാൾ വാഴട്ടെ!
7എല്ലാ തല വൻമാരും സ്ഥാനപതികളും പ്രധാനദേശാധിപൻമാരും ഉപദേശകരും നാടുവാഴികളും ഒരു കാര്യം തീരുമാനിച്ചിരിക്കുന്നു. രാജാവേ, അടുത്ത മുപ്പതു ദിവസത്തേക്ക് നിന്നോടല്ലാതെ മറ്റേതെങ്കിലും ദേവൻമാരോടോ മനുഷ്യരോടോ പ്രാർഥിക്കുന്നവനെ സിംഹങ്ങളുടെ കുഴിയിൽ എറിഞ്ഞു കളയുമെന്ന് ഒരു കൽപന പുറപ്പെടുവിച്ച്, നിരോധനം ഏർപ്പെടുത്തണം.
8രാജാവേ, മേദിയാക്കാരുടെയും പേർഷ്യാക്കാരുടെയും നിയമമനുസരിച്ച് മാറ്റം വരുത്തുകയോ ലംഘിക്കുകയോ ചെയ്യാനാവാത്ത ആ നിരോധനാജ്ഞ മുദ്രവച്ചു സ്ഥിരീകരിക്കണം.
9ദാരിയൂസ് നിരോധനാജ്ഞയിൽ മുദ്രവച്ചു.
10രേഖയിൽ മുദ്രവച്ചിരിക്കുന്നെന്ന് അറിഞ്ഞദാനിയേൽ സ്വഭവനത്തിലേക്കു പോയി. വീടിന്റെ മുകളിലത്തെനിലയിൽ ജറുസലെമിനു നേരേ തുറന്നുകിടക്കുന്ന ജാലകങ്ങളുണ്ടായിരുന്നു. താൻമുൻപ് ചെയ്തിരുന്നതു പോലെ, അവൻ അവിടെ ദിവസേന മൂന്നു പ്രാവശ്യം മുട്ടിൻമേൽനിന്ന് തൻെറ ദൈവത്തോടു പ്രാർഥിക്കുകയും നന്ദി പറയുകയും ചെയ്തു.
11മേൽപറഞ്ഞമനുഷ്യർ തീരുമാനിച്ചിരുന്നതു പോലെ ചെന്ന്, ദാനിയേൽ തൻെറ ദൈവത്തിന്റെ മുൻപിൽ പ്രാർഥിക്കുന്നതും അപേക്ഷിക്കുന്നതും കണ്ടു.
12അവർ രാജ സന്നിധിയിലെത്തി നിരോധനാജ്ഞയെപ്പറ്റി പറഞ്ഞു: രാജാവേ, മുപ്പതു ദിവസത്തേക്ക് നിന്നോടല്ലാതെ ഏതെങ്കിലും ദേവനോടോ മനുഷ്യനോടോ ആരെങ്കിലും പ്രാർഥിച്ചാൽ അവനെ സിംഹങ്ങളുടെ കുഴിയിൽ തള്ളും എന്നൊരു നിരോധനാജ്ഞയിൽ നീ ഒപ്പുവച്ചിരുന്നില്ലേ? രാജാവ് പറഞ്ഞു: മേദിയക്കാരുടെയും പേർഷ്യാക്കാരുടെയും അലംഘനീയമായ നിയമമനുസരിച്ച്, അത് തീർച്ചയായും അങ്ങനെതന്നെ.
13അവർ പറഞ്ഞു: രാജാവേ, യൂദായിൽനിന്നുള്ള പ്രവാസികളിലൊരുവനായ ആദാനിയേൽ നിന്നെയാകട്ടെ, നീ ഒപ്പുവച്ച നിരോധനാജ്ഞയെ ആകട്ടെ മാനിക്കാതെ ദിവസവും മൂന്നു പ്രാവശ്യം തൻെറ പ്രാർഥന നടത്തുന്നു.
14ഇതുകേട്ടപ്പോൾ രാജാവ് അത്യധികം വ്യസനിച്ചു; ദാനിയേലിനെ രക്ഷിക്കാൻമനസ്സിലുറച്ച് അവനെ രക്ഷിക്കുന്നതിനുവേണ്ടി സൂര്യൻ അസ്തമിക്കുന്നതുവരെ അവൻ പരിശ്രമിച്ചു.
15അപ്പോൾ, ആലോചിച്ചുറച്ചു വന്നിരുന്ന ആളുകൾ രാജാവിനോടു പറഞ്ഞു: രാജാവേ, നീ അറിഞ്ഞാലും. മേദിയക്കാരുടെയും പേർഷ്യാക്കാരുടെയും നിയമമനുസരിച്ച്, രാജാവ് പുറപ്പെടുവിക്കുന്ന കൽപനയും ശാസനയും മാറ്റിക്കൂടാ.
16രാജാവ് കൽപിച്ചതനുസരിച്ച് ദാനിയേലിനെ കൊണ്ടുവന്നു സിംഹങ്ങളുടെ കുഴിയിലേക്കെറിഞ്ഞു. രാജാവ് ദാനിയേലിനോടു പറഞ്ഞു: നീ നിരന്തരം സേവിക്കുന്ന നിന്റെ ദൈവം നിന്നെ രക്ഷിക്കട്ടെ!
17ദാനിയേലിനെക്കുറിച്ചുള്ള വിധിക്കു മാറ്റം വരാതിരിക്കാൻ കുഴി ഒരു കല്ലുകൊണ്ട് അടയ്ക്കുകയും രാജാവിന്റെയും പ്രഭുക്കൻമാരുടെയും മോതിരങ്ങൾകൊണ്ട് അതിനു മുദ്രവയ്ക്കുകയും ചെയ്തു.
18രാജാവു കൊട്ടാരത്തിലേക്കു പോയി. രാത്രി മുഴുവൻ ഉപവാസത്തിൽ കഴിച്ചുകൂട്ടി. വിനോദങ്ങളെല്ലാം അവൻ പരിത്യജിച്ചു; നിദ്രഅവനെ സമീപിച്ചില്ല.
19രാജാവ് അതിരാവിലെ എഴുന്നേറ്റ് സിംഹങ്ങളുടെ കുഴിയിലേക്കു തിടുക്കത്തിൽ ചെന്നു;
20ദാനിയേലിനെ ഇട്ടിരുന്ന കുഴിക്കടുത്തു ചെന്നപ്പോൾ, ദുഃഖം നിറഞ്ഞസ്വരത്തിൽ രാജാവ് വിളിച്ചു ചോദിച്ചു: ദാനിയേൽ, ജീവിക്കുന്ന ദൈവത്തിന്റെ ദാസാ, നീ നിരന്തരം സേവിക്കുന്ന നിന്റെ ദൈവം നിന്നെ സിംഹങ്ങളിൽ നിന്നു രക്ഷിക്കാൻ ശക്തനായിരുന്നോ?
21ദാനിയേൽ രാജാവിനോടു പറഞ്ഞു: രാജാവ് നീണാൾ വാഴട്ടെ!
22തൻെറ മുൻപിൽ ഞാൻ കുറ്റമറ്റവനാണെന്നു കണ്ടതിനാൽ എന്റെ ദൈവം ദൂതനെ അയച്ച് സിംഹങ്ങളുടെ വായ് അടച്ചു; അവ എന്നെ ഉപദ്രവിച്ചില്ല. രാജാവേ, നിന്റെ മുൻപിലും ഞാൻ നിരപരാധനാണല്ലോ.
23അപ്പോൾ രാജാവ് അത്യധികം സന്തോഷിച്ച്, ദാനിയേലിനെ കുഴിയിൽ നിന്നു പുറത്തുകൊണ്ടുവരാൻ കൽപിച്ചു. ദാനിയേലിനെ കുഴിയിൽ നിന്നു കയറ്റി. തൻെറ ദൈവത്തിൽ ആശ്രയിച്ചിരുന്നതുകൊണ്ട് അവന് ഒരു പോറൽ പോലും ഏറ്റതായി കണ്ടില്ല.
24ദാനിയേലിനെ കുറ്റംവിധിച്ചവരെയും അവരുടെ ഭാര്യമാരെയും കുട്ടികളെയും രാജകൽപനപ്രകാരംകൊണ്ടുവന്ന് സിംഹത്തിന്റെ കുഴിയിൽ എറിഞ്ഞു. കുഴിയുടെ അടിയിലെത്തും മുൻപേ, സിംഹങ്ങൾ അവരെ അടിച്ചു വീഴ്ത്തി, അസ്ഥികൾ ഒടിച്ചു നുറുക്കി.
25ദാരിയൂസ് രാജാവ് ഭൂമുഖത്തുള്ള സകല ജനതകൾക്കും ജനപദങ്ങൾക്കും ഭാഷക്കാർക്കും എഴുതി: നിങ്ങൾക്കു സമാധാനം സമൃദ്ധമാകട്ടെ!
26എന്റെ അധികാരത്തിലുള്ള എല്ലാവരും ദാനിയേലിന്റെ ദൈവത്തിനു മുൻപിൽ ഭയന്നു വിറയ്ക്കണമെന്ന് ഞാൻ വിളംബരം ചെയ്യുന്നു. എന്തെന്നാൽ, അവിടുന്നാണ് നിത്യനും ജീവിക്കുന്നവനുമായ ദൈവം; അവിടുത്തെ രാജ്യം ഒരിക്കലും നശിപ്പിക്കപ്പെടുകയില്ല. അവിടുത്തെ ആധിപത്യത്തിന് അവസാനമില്ല.
27അവിടുന്ന് രക്ഷിക്കുകയും വീണ്ടെടുക്കുകയും ചെയ്യുന്നു. ആകാശത്തിലും ഭൂമിയിലും അവിടുന്ന് അടയാളങ്ങളും അദ്ഭുതങ്ങളും പ്രവർത്തിക്കുന്നു. അവിടുന്നാണ് ദാനിയേലിനെ സിംഹങ്ങളുടെ പിടിയിൽ നിന്നു രക്ഷിച്ചത്.
28ദാരിയൂസിന്റെയും പേർഷ്യാക്കാരനായ സൈറസിന്റെയും ഭരണകാലത്ത് ദാനിയേൽ ഐശ്വര്യപൂർവം ജീവിച്ചു.
വായനാ ക്രമീകരണങ്ങൾ
വചനം സംരക്ഷിക്കുക

വിഭാഗം തിരഞ്ഞെടുക്കുക

ഈ വചനം കണ്ടെത്താൻ സഹായിക്കുന്ന ഒരു വിഭാഗം തിരഞ്ഞെടുക്കുക.

സ്വകാര്യ കുറിപ്പ്

വചന കുറിപ്പ്

⌂ഹോം📖ബൈബിൾ✦പഠനം🔖സംരക്ഷിച്ചത്