Menu
Print passage

പ്രിന്റിനുള്ള വചനങ്ങൾ

ഒന്നോ അതിലധികമോ അധ്യായങ്ങളും വചനപരിധിയും തിരഞ്ഞെടുക്കുക.

2 ദിനവൃത്താന്തം 35

അധ്യായങ്ങൾ

ജോസിയാ പെസഹാ ആഘോഷിക്കുന്നു

1ജോസിയാ ജറുസലെമിൽ കർത്താവിന്റെ പെസഹാ ആചരിച്ചു. ഒന്നാംമാസം പതിനാലാംദിവസം അവർ പെസഹാക്കുഞ്ഞാടിനെ കൊന്നു.
2പുരോഹിതൻമാരെ അവരുടെ ചുമതലകൾ ഏൽപിക്കുകയും കർത്താവിന്റെ ആലയത്തിലെ ശുശ്രൂഷകൾക്ക് അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.
3ഇസ്രായേൽജനത്തെ പഠിപ്പിക്കുന്നവരും കർത്താവിനുവേണ്ടി വേർതിരിക്കപ്പെട്ടവരും ആയ ലേവ്യരോട് അവൻ പറഞ്ഞു: ദാവീദിന്റെ പുത്രനും ഇസ്രായേൽ രാജാവുമായ സോളമൻ നിർമിച്ച ആലയത്തിൽ വിശുദ്ധപേടകം പ്രതിഷ്ഠിക്കുവിൻ. നിങ്ങൾ ഇനി അതു തോളിൽ വഹിക്കേണ്ടതില്ല. നിങ്ങളുടെ ദൈവമായ കർത്താവിനും അവിടുത്തെ ജനമായ ഇസ്രായേലിനും ശുശ്രൂഷ ചെയ്യുവിൻ.
4ഇസ്രായേൽ രാജാവായ ദാവീദിന്റെയും പുത്രനായ സോളമന്റെയും നിർദേശങ്ങളനുസരിച്ച് കുടുംബക്രമത്തിൽ ഗണംതിരിഞ്ഞ് ഒരുങ്ങുവിൻ.
5നിങ്ങളുടെ സഹോദരൻമാരായ സാമാന്യജനങ്ങളുടെ കുടുംബങ്ങൾക്കു സേവനം ചെയ്യാൻ നിങ്ങൾ വിശുദ്ധസ്ഥലത്തു നിൽക്കുവിൻ. ലേവ്യർക്ക് ഇസ്രായേൽക്കുടുംബങ്ങളിൽ ഓഹരിയുണ്ടായിരിക്കണം.
6പെസഹാക്കുഞ്ഞാടിനെ കൊല്ലുകയും നിങ്ങളെത്തന്നെ ശുദ്ധീകരിക്കുകയും ചെയ്യുവിൻ. മോശ മുഖേന കർത്താവരുളിച്ചെയ്തതനുസരിച്ച് നിങ്ങളുടെ സഹോദരർക്ക് സേവനം ചെയ്യാൻ ഒരുങ്ങുവിൻ.
7അവിടെ സന്നിഹിതരായിരുന്ന സാമാന്യജനം പെസഹാകാഴ്ച അർപ്പിക്കുവാൻവേണ്ടി തൻെറ മൃഗസമ്പത്തിൽനിന്നു മുപ്പതിനായിരം ചെമ്മരിയാടുകളെയും കോലാട്ടിൻ കുട്ടികളെയും മൂവായിരം കാളകളെയും ജോസിയാ അവർക്കു ദാനംചെയ്തു.
8അവന്റെ പ്രഭുക്കൻമാർ ജനത്തിനും പുരോഹിതൻമാർക്കും ലേവ്യർക്കും സ്വമനസാ ദാനങ്ങൾ നൽകി. ദേവാലയത്തിലെ മുഖ്യസേവകൻമാരായ ഹിൽക്കിയാ, സഖറിയാ,യഹിയേൽ എന്നിവർ പുരോഹിതൻമാർക്കു പെസഹാകാഴ്ച അർപ്പിക്കാൻ രണ്ടായിരിത്തിയറുനൂറു ചെമ്മ രിയാടുകളെയും കോലാട്ടിൻകുട്ടികളെയും മുന്നൂറു കാളകളെയും നൽകി.
9ലേവ്യപ്രമുഖരായ കൊനാനിയായും, അവന്റെ സഹോദരൻമാരായ ഷെമായായും നഥാനേലും, ഹഷാബിയാ, ജയിയ്യേൽ, യോസാബാദ് എന്നിവരും പെസഹാകാഴ്ചയർപ്പിക്കാൻ ലേവ്യർക്ക് അയ്യായിരം ചെമ്മരിയാടുകളെയും കോലാട്ടിൻകുട്ടികളെയും അഞ്ഞൂറു കാളകളെയും നൽകി.
10ശുശ്രൂഷയ്ക്കുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായപ്പോൾ പുരോഹിതൻമാരും ലേവ്യരും രാജകൽപനയനുസരിച്ചു താന്താങ്ങളുടെ സ്ഥാനങ്ങളേറ്റെടുത്തു.
11അവർ പെസഹാക്കുഞ്ഞാടിനെ കൊന്നു. പുരോഹിതൻമാർ ലേവ്യരിൽനിന്നു രക്തം സ്വീകരിച്ചു ബലിപീഠത്തിൻമേൽ തളിച്ചു. ലേവ്യർ മൃഗത്തിൻെറ തോലുരിഞ്ഞു.
12ദഹനബലിക്കുള്ള മൃഗങ്ങളെ സാമാന്യജനത്തിനു കുടുംബക്രമമനുസരിച്ചു വീതിച്ചുകൊടുത്തു. മോശയുടെ നിയമഗ്രന്ഥത്തിൽ എഴുതിയിരിക്കുന്നതുപോലെ കർത്താവിനു ബലി അർപ്പിക്കുവാനായിരുന്നു അത്.
13ലേവ്യർ പെസഹാക്കുഞ്ഞാടിനെ ചട്ടപ്രകാരം തീയിൽ ചുട്ടെടുത്തു. ശേഷിച്ചവ കലങ്ങളിലും കുട്ട കങ്ങളിലും ചട്ടികളിലും വേവിച്ച് ഉടനെ ജനത്തിനു വിതരണം ചെയ്തു.
14അനന്തരം, അവർ തങ്ങൾക്കും പുരോഹിതൻമാർക്കുമുള്ളതും തയ്യാറാക്കി. കാരണം, അഹറോന്റെ പുത്രൻമാരായ പുരോഹിതൻമാർ മേദസ്സും ദഹനബലിയും അർപ്പിക്കുന്നതിൽ രാത്രിവരെ വ്യാപൃതരായിരുന്നു.
15ദാവീദിന്റെയും ആസാഫ്, ഹേമാൻ, രാജാവിന്റെ ദീർഘദർശിയായയദുഥൂൻ എന്നിവരുടെയും നിർദേശമനുസരിച്ച് ആസാഫിന്റെ സന്തതികളായ ഗായകർ സ്വസ്ഥാനങ്ങളിൽ നിന്നു. കാവൽക്കാർ ഓരോ വാതിൽക്കലും നിലയുറപ്പിച്ചു. അവർക്കു വേണ്ടത് സഹോദരൻമാരായ ലേവ്യർ ഒരുക്കിയിരുന്നതിനാൽ അവർക്കു ശുശ്രൂഷയിൽനിന്നു പിന്തിരിയേണ്ടിവന്നില്ല.
16ജോസിയാ രാജാവിന്റെ കൽപനയനുസരിച്ചു പെസഹാ ആചരിക്കുകയും കർത്താവിന്റെ ബലിപീഠത്തിൽ ദഹന ബലികൾ അർപ്പിക്കുകയും ചെയ്ത്, കർത്താവിനെ ശുശ്രൂഷിക്കാൻ വേണ്ടതെല്ലാം അവർ ഒരുക്കി.
17അവിടെ സമ്മേളിച്ച ഇസ്രായേൽജനം പെ സഹാത്തിരുനാളും ഏഴു ദിവസം നീളുന്ന പുളിപ്പില്ലാത്ത അപ്പത്തിന്റെ തിരുനാളും അന്ന് ആഘോഷിച്ചു.
18സാമുവൽ പ്രവാചകന്റെ കാലത്തിനുശേഷം അതുപോലൊരു പെസഹാ ഇസ്രായേലിൽ ആഘോഷിച്ചിട്ടില്ല. ജോസിയായും പുരോഹിതൻമാരും ലേവ്യരും അവിടെ സമ്മേളിച്ച യൂദായിലെയും ഇസ്രായേലിലെയും ജനങ്ങളും ജറുസലെം നിവാസികളും ചേർന്ന് ആഘോഷിച്ച ആ പെ സഹാപോലെ ഒന്ന് ഇസ്രായേൽ രാജാക്കൻമാരിൽ ആരും ആഘോഷിച്ചിട്ടില്ല.
19ജോസിയായുടെ പതിനെട്ടാം ഭരണവർഷത്തിലാണ് ഈ പെസഹാ ആഘോഷിച്ചത്.

ജോസിയായുടെ മരണം

20ജോസിയാ ദേവാലയക്രമീകരണങ്ങൾ പൂർത്തിയാക്കി. അപ്പോൾ ഈജിപ്തുരാജാവായ നെക്കൊ യൂഫ്രട്ടീസ്തീരത്തുള്ള കർക്കെമീഷിലേക്കുയുദ്ധത്തിനു പോവുകയായിരുന്നു. ജോസിയാ അവനെതിരേ ചെന്നു.
21നെക്കൊ ദൂതൻമാർ മുഖേന ജോസിയായോടു പറഞ്ഞു: യൂദാ രാജാവേ, നാം തമ്മിൽ എന്തു തർക്കം? ഞാൻ വരുന്നതു നിന്നെ ആക്രമിക്കാനല്ല, എന്റെ ശത്രുഭവനത്തിനെതിരായിട്ടാണ്. തിടുക്കംകൂട്ടാൻ ദൈവം എന്നോടു കൽപിച്ചിരിക്കുന്നു. എന്നോടൊത്തുള്ള ദൈവത്തെ എതിർക്കുന്നതിൽനിന്നു പിന്തിരിയുക. അല്ലെങ്കിൽ, അവിടുന്ന് നിന്നെ നശിപ്പിക്കും.
22എന്നാൽ, ജോസിയാ പിൻമാറിയില്ല. വേഷപ്രച്ഛന്നനായിയുദ്ധത്തിനു ചെന്നു. നെക്കൊയിലൂടെ ദൈവം അരുളിച്ചെയ്ത വാക്കു കേൾക്കാതെ മെഗിദോ സമതലത്തിൽവച്ച് ജോസിയാ അവനുമായി ഏറ്റുമുട്ടി.
23വില്ലാളികൾ ജോസിയാരാജാവിനെ എയ്തു. രാജാവു ഭൃത്യൻമാരോടു പറഞ്ഞു: എനിക്കു കഠിനമായി മുറിവേറ്റിരിക്കുന്നു, എന്നെ ഇവിടെനിന്നു കൊണ്ടുപോകുവിൻ.
24അവർ അവനെ ആ രഥത്തിൽ നിന്ന് ഇറക്കി മറ്റൊരു രഥത്തിൽ കിടത്തി ജറുസലെമിലേക്കു കൊണ്ടുവന്നു. അവൻ മരിച്ചു; പിതാക്കൻമാരുടെ കല്ലറയിൽ സംസ്കരിക്കപ്പെട്ടു. യൂദായും ജറുസലെമും ജോസിയായെ ഓർത്തു വിലപിച്ചു.
25ജറെമിയായും ജോസിയായെക്കുറിച്ച് ഒരു വിലാപഗാനം രചിച്ചു. ജോസിയായെക്കുറിച്ചു വിലപിക്കുമ്പോൾ ഇസ്രായേലിലെ ഗായകരായ സ്ത്രീപുരുഷൻമാർ ഈ ഗാനം ആലപിക്കാറുണ്ട്. ഇസ്രായേലിൽ ഇതൊരു പതിവായി. വിലാപഗീതങ്ങളിൽ ഈ ഗാനവും ചേർത്തിരിക്കുന്നു.
26ജോസിയായുടെ ഇതര പ്രവർത്തനങ്ങളും കർത്താവിന്റെ നിയമത്തിൽ എഴുതിയിരിക്കുന്നതനുസരിച്ച്
27അവൻ ചെയ്ത നല്ല കാര്യങ്ങളും ആദ്യന്തം ഇസ്രായേൽരാജാക്കൻമാരുടെയും യൂദാരാജാക്കൻമാരുടെയും പുസ്തകത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു.
വായനാ ക്രമീകരണങ്ങൾ
വചനം സംരക്ഷിക്കുക

വിഭാഗം തിരഞ്ഞെടുക്കുക

ഈ വചനം കണ്ടെത്താൻ സഹായിക്കുന്ന ഒരു വിഭാഗം തിരഞ്ഞെടുക്കുക.

സ്വകാര്യ കുറിപ്പ്

വചന കുറിപ്പ്

⌂ഹോം📖ബൈബിൾ✦പഠനം🔖സംരക്ഷിച്ചത്