2 ദിനവൃത്താന്തം 22
അധ്യായങ്ങൾ
അഹസിയാ
1അറബികളോടുകൂടി വന്ന അക്രമിസംഘം യഹോറാമിന്റെ മൂത്തമക്കളെയെല്ലാം വധിച്ചതിനാൽ, ജറുസലെംനിവാസികൾ ഇളയമകനായ അഹസിയായെരാജാവായി വാഴിച്ചു. അങ്ങനെ യഹോറാമിന്റെ മകൻ അഹസിയാ യൂദായിൽ ഭരണം നടത്തി.
2ഭരണമേറ്റപ്പോൾ അഹസിയായ്ക്ക് നാൽപത്തിരണ്ടു വയസ്സായിരുന്നു. അവൻ ജറുസലെമിൽ ഒരു വർഷം ഭരിച്ചു. ഇസ്രായേൽരാജാവായ ഓമ്രിയുടെ പൗത്രി അത്താലിയാ ആയിരുന്നു അവന്റെ അമ്മ.
3മാതാവിന്റെ ദുഷ്പ്രേരണ നിമിത്തം അഹസിയാ ആഹാബ്ഭവനത്തിൻെറ മാർഗത്തിൽ ചരിച്ചു.
4ആഹാബ്ഭവനത്തെപ്പോലെ കർത്താവിന്റെ മുൻപിൽ അവൻ തിൻമ പ്രവർത്തിച്ചു. പിതാവിന്റെ മരണത്തിനുശേഷം ആഹാബിന്റെ ഭവനത്തിൽപ്പെട്ടവരായിരുന്നു അവന്റെ ആലോചനക്കാർ. അത് അവന്റെ അധഃപതനത്തിനു കാരണമായി.
5അവരുടെ ഉപദേശമനുസരിച്ച് അവൻ ഇസ്രായേൽ രാജാവും ആഹാബിന്റെ മകനുമായ യോറാമിനോടുകൂടെ റാമോത് ഗിലയാദിൽ സിറിയാരാജാവായ ഹസായേലിനോടുയുദ്ധംചെയ്യാൻ പോയി. സിറിയാക്കാർ യോറാമിനെ മുറിവേൽപിച്ചു.
6റാമായിൽവച്ച് സിറിയാരാജാവായ ഹസായേലുമായുള്ളയുദ്ധത്തിൽ ഏറ്റ മുറിവുകൾ ചികിത്സിക്കാൻ യോറാം ജസ്രേലിലേക്കു മടങ്ങി. യൂദാരാജാവായയഹോറാമിൻെറ മകൻ അഹസിയാ, ആഹാബിന്റെ മകൻ യോറാം കിടപ്പായതിനാൽ അവനെ സന്ദർശിക്കാൻ ജസ്രേലിൽ എത്തി.
7യോറാമിനെ സന്ദർശിക്കാൻ പോയത് അഹസിയായുടെ പതനത്തിനു കാരണമാകണമെന്ന് കർത്താവു നിശ്ചയിച്ചിരുന്നു. അവിടെവച്ച് നിംഷിയുടെ മകനും ആഹാബ്ഭവനത്തെനശിപ്പിക്കാൻ കർത്താവ് അഭിഷേകം ചെയ്തിരുന്നവനുമായ യേഹുവിനെ നേരിടാൻ യോറാമിനോടൊത്ത് അവർ പോയി.
8ആഹാബ്ഭവനത്തിനെതിരേ ശിക്ഷാവിധി നടത്തുമ്പോൾ യേഹു യൂദാപ്രഭുക്കൻമാരെയും അഹസിയായുടെ ചാർച്ചക്കാരായരാജസേവകൻമാരെയും കണ്ടുമുട്ടി. അവൻ അവരെ വധിച്ചു.
9സമരിയായിൽ ഓടിയൊളിച്ച അഹസിയായെ അവർ തിരഞ്ഞുപിടിച്ച് യേഹുവിൻെറ മുൻപിൽ കൊണ്ടുവന്നു വധിച്ചു. പൂർണ ഹൃദയത്തോടെ കർത്താവിനെ പിൻചെന്ന യഹോഷാഫാത്തിന്റെ പൗത്രനാണ് എന്നതിന്റെ പേരിൽ അവർ അവനെ സംസ്കരിച്ചു. രാജ്യം ഭരിക്കാൻ കഴിവുള്ള ആരും അഹസിയാക്കുടുംബത്തിൽ അവശേഷിച്ചില്ല.
അത്താലിയാ രാജ്ഞി
10പുത്രൻമരിച്ചെന്നറിഞ്ഞപ്പോൾ അഹസിയായുടെ മാതാവ് അത്താലിയാ യൂദാരാജകുടുംബത്തിൽപ്പെട്ട സകലരെയും വധിച്ചു.
11എന്നാൽ, രാജകുമാരിയായയഹോഷാബെയാത്ത് കൊല്ലപ്പെടാൻ പോകുന്ന രാജകുമാരൻമാരുടെ ഇടയിൽനിന്ന് അഹസിയായുടെ മകൻ യോവാഷിനെ എടുത്ത് ആയയോടൊപ്പം ഒരു ശയനമുറിയിൽ ഒളിപ്പിച്ചു.യഹോറാം രാജാവിന്റെ മകളും അഹസിയായുടെ സഹോദരിയുംയഹോയാദാ പുരോഹിതന്റെ ഭാര്യയും ആയ യെഹോഷാബെയാത്ത് യോവാഷിനെ ഒളിപ്പിച്ചതുകൊണ്ട് അത്താലിയായ്ക്ക് അവനെ വധിക്കാൻ കഴിഞ്ഞില്ല.
12ആറു വർഷം അവൻ അവരോടുകൂടെ ദേവാലയത്തിൽ ഒളിവിൽ കഴിഞ്ഞു. ആ സമയം അത്താലിയാ രാജ്യം ഭരിച്ചു.