2 ദിനവൃത്താന്തം 19
അധ്യായങ്ങൾ
യഹോഷാഫാത്തിൻെറ നവീകരണം
1 യൂദാരാജാവായയഹോഷാഫാത്ത് സുരക്ഷിതനായി ജറുസലെമിലെ കൊട്ടാരത്തിൽ മടങ്ങിയെത്തി.
2അപ്പോൾ ഹനാനിയുടെ മകനായ യേഹുദീർഘദർശി അവനെ കാണുവാൻ ചെന്നു. അവൻ രാജാവിനോടു പറഞ്ഞു: നീ അധർമികളെ സഹായിക്കുകയും കർത്താവിനെ ദേ്വഷിക്കുന്നവരെ സ്നേഹിക്കുകയും ചെയ്യുന്നുവോ? നിന്റെ ഈ പ്രവൃത്തിമൂലം കർത്താവിന്റെ ക്രോധം നിനക്കെതിരേ പുറപ്പെട്ടിരിക്കുന്നു.
3എന്നാലും അഷേരാപ്രതിഷ്ഠകളെ നശിപ്പിക്കുകയും ദൈവഹിതം അനുസരിച്ച് ജീവിക്കുവാൻ ശ്രമിക്കുകയും ചെയ്തതിനാൽ നിന്നിൽ കുറച്ചു നൻമയുണ്ട്.
4യഹോഷാഫാത്ത് രാജാവ് ജറുസലെമിലാണ് വസിച്ചിരുന്നത്. ജനങ്ങളെ തങ്ങളുടെ പിതാക്കൻമാരുടെ ദൈവമായ കർത്താവിങ്കലേക്കു തിരിച്ചുകൊണ്ടുവരുന്നതിനുവേണ്ടി അവൻ ബേർഷെബാ മുതൽ എഫ്രായിംമലമ്പ്രദേശംവരെ വീണ്ടും സഞ്ചരിച്ചു.
5 യൂദായിലെ സുരക്ഷിത നഗരങ്ങളിലെല്ലാംന്യായാധിപൻമാരെ നിയമിച്ചു.
6അവർക്ക് ഈ നിർദേശവും കൊടുത്തു: നിങ്ങൾ ശ്രദ്ധയുള്ളവരായിരിക്കണം. കാരണം, നിങ്ങൾ മനുഷ്യന്റെ പേരിലല്ല, കർത്താവിന്റെ പേരിലാണ് വിധി പ്രസ്താവിക്കുന്നത്. വിധി പ്രസ്താവിക്കുമ്പോഴെല്ലാം അവിടുന്നു നിങ്ങളോടുകൂടെയുണ്ട്.
7നിങ്ങൾ കർത്താവിനെ ഭയപ്പെടണം. ശ്രദ്ധയോടെ പ്രവർത്തിക്കുവിൻ. അനീതിയും പക്ഷപാതവും കൈക്കൂലിയും അവിടുന്നു പൊറുക്കുകയില്ല.
8കർത്താവിന്റെ നാമത്തിൽ വിധിക്കുന്നതിനും തർക്കം തീർക്കുന്നതിനുംയഹോഷാഫാത്ത് ഏതാനും ലേവ്യരെയും പുരോഹിതൻമാരെയും കുടുംബത്തലവൻമാരെയും ജറുസലെമിൽ നിയമിച്ചു.
9അവിടെയായിരുന്നു അവരുടെ ആസ്ഥാനം. അവൻ അവരോടു നിർദേശിച്ചു: ദൈവഭയത്തോടും വിശ്വസ്തയോടും പൂർണഹൃദയത്തോടും കൂടി നിങ്ങളുടെ കർത്തവ്യം നിർവഹിക്കുവിൻ.
10ഏതെങ്കിലും പട്ടണത്തിൽനിന്നു നിങ്ങളുടെ സഹോദരർ കൊലപാതകത്തെയോ നിയമം, പ്രമാണം, കൽപന, ചട്ടങ്ങൾ എന്നിവയുടെ ലംഘനത്തെയോ സംബന്ധിക്കുന്ന പരാതിയുമായി വരുമ്പോൾ, കർത്താവിന്റെ മുൻപിൽ അവർ കുറ്റക്കാരായിത്തീരുകയും അങ്ങനെ നിങ്ങളുടെയും സഹോദരരുടെയുംമേൽ അവിടുത്തെ ക്രോധം പതിക്കുകയും ചെയ്യാതിരിക്കേണ്ടതിന്, നിങ്ങൾ അവർക്കുവേണ്ട ഉപദേശം നൽകണം. ഇപ്രകാരം പ്രവർത്തിച്ചാൽ നിങ്ങൾ കുറ്റക്കാരാവുകയില്ല.
11കർത്താവിനെ സംബന്ധിക്കുന്ന കാര്യങ്ങളിൽ അന്തിമ തീരുമാനം എടുക്കേണ്ടത് പ്രധാന പുരോഹിതനായ അമരിയാ ആണ്. രാജാവിനെ സംബന്ധിക്കുന്ന കാര്യങ്ങളിൽ അന്തിമ തീരുമാനം യൂദാഭവനത്തിലെ അധിപനും ഇസ്മായേലിന്റെ മകനുമായ സെബദിയായും. ലേവ്യർ നിങ്ങളുടെ സേവകരായിരിക്കും. ധൈര്യപൂർവം പ്രവർത്തിക്കുവിൻ. കർത്താവ് നീതിമാന്റെ പക്ഷത്തായിരിക്കും.