Menu
Print passage

പ്രിന്റിനുള്ള വചനങ്ങൾ

ഒന്നോ അതിലധികമോ അധ്യായങ്ങളും വചനപരിധിയും തിരഞ്ഞെടുക്കുക.

2 ദിനവൃത്താന്തം 16

അധ്യായങ്ങൾ
1ആസായുടെ മുപ്പത്തിയാറാം ഭരണവർഷം ഇസ്രായേൽ രാജാവായ ബാഷാ യൂദായ്ക്കെതിരേ പുറപ്പെട്ടു. യൂദാരാജാവായ ആസായുമായി ബന്ധമുണ്ടാകാതിരിക്കാൻ അവൻ റാമാ നിർമിച്ചു തുടങ്ങി.
2ആസാ ദേവാലയത്തിലെയും കൊട്ടാരത്തിലെയും ഭൺഡാരത്തിൽനിന്നു സ്വർണവും വെള്ളിയും ദമാസ്ക്കസിൽ വസിച്ചിരുന്ന സിറിയാരാജാവായ ബൻഹദാദിന് കൊടുത്തയച്ചുകൊണ്ടുപറഞ്ഞു:
3നമ്മുടെ പിതാക്കൻമാർ തമ്മിൽ ഉണ്ടായിരുന്നതുപോലെ നമുക്കും ഒരു സഖ്യം ചെയ്യാം. ഞാനിതാ സ്വർണവും വെള്ളിയും സമ്മാനമായി അയയ്ക്കുന്നു. ഇസ്രായേൽ രാജാവായ ബാഷാ എന്റെ രാജ്യത്തുനിന്നു പിൻമാറുന്നതിന് അവനുമായുള്ള സഖ്യം വിച്ഛേദിക്കുക.
4ആസാ രാജാവിന്റെ അഭ്യർഥന സ്വീകരിച്ചു ബൻഹദാദ് സേനാധിപൻമാരെ ഇസ്രായേൽ നഗരങ്ങൾക്കെതിരേ അയച്ചു. അവർ ഈയോൻ, ദാൻ, ആബേൽമയിം എന്നിവയും നഫ്താലിയിലെ എല്ലാ സംഭരണനഗരങ്ങളും പിടിച്ചടക്കി.
5ഇതു കേട്ടപ്പോൾ ബാഷാ റാമായുടെ പണി നിർത്തിവച്ചു.
6ആസാരാജാവ് യൂദാനിവാസികളെയെല്ലാം കൂട്ടി റാമാ പണിയാൻ ബാഷാ കൊണ്ടുവന്നു വച്ചിരുന്ന കല്ലും തടിയും എടുത്തുകൊണ്ടുപോയി. അവകൊണ്ടു ഗേബയും മിസ്പായും പണിതു.
7ആ സമയത്ത് ഹനാനിദീർഘദർശി യൂദാരാജാവായ ആസായുടെ അടുത്തുചെന്നു പറഞ്ഞു: നിന്റെ ദൈവമായ കർത്താവിൽ ആശ്രയിക്കാതെ സിറിയാരാജാവിനെ അഭയം തേടിയതിനാൽ സിറിയാരാജാവിൻെറ സൈന്യം നിന്റെ കൈയിൽനിന്നു രക്ഷപെട്ടു.
8അസംഖ്യം രഥങ്ങളും കുതിരപ്പടയാളികളുമടങ്ങിയ ഒരു വലിയ സൈന്യമല്ലേ എതേ്യാപ്യർക്കും ലിബിയർക്കും ഉണ്ടായിരുന്നത്? എന്നിട്ടും നീ കർത്താവിൽ ആശ്രയിച്ചതിനാൽ അവിടുന്ന് അവരെ നിന്റെ കൈയിൽ ഏൽപിച്ചുതന്നു.
9തൻെറ മുൻപിൽ നിഷ്കളങ്കരായി വർത്തിക്കുന്നവർക്കുവേണ്ടി ശക്തി പ്രകടിപ്പിക്കുവാൻ കർത്താവിന്റെ ദൃഷ്ടികൾ ഭൂമിയിലുടനീളം പായുന്നു. എന്നാൽ നീ ചെയ്തത് ഭോഷത്തമാണ്. ഇനിയുദ്ധം നിന്നെ വിട്ടുമാറുകയില്ല.
10ആസാ കോപിച്ച്, ദീർഘദർശിയെ ചങ്ങലയാൽ ബന്ധിച്ചു കാരാഗൃഹത്തിലടച്ചു. കാരണം, ഈ വാക്കുകൾ അവനെ പ്രകോപിപ്പിച്ചു. അന്ന് ആസാ ജനത്തിൽ ചിലരെ ക്രൂരമായി പീഡിപ്പിച്ചു.
11ആസായുടെ പ്രവർത്തനങ്ങൾ ആദ്യവസാനം യൂദായുടെയും ഇസ്രായേലിന്റെയും രാജാക്കൻമാരുടെ പുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
12തൻെറ മുപ്പത്തിയൊൻപതാം ഭരണവർഷം ആസായുടെ കാലിൽ രോഗബാധയുണ്ടായി. അതു മൂർച്ഛിച്ചിട്ടും അവൻ വൈദ്യൻമാരിലല്ലാതെ കർത്താവിൽ ആശ്രയിച്ചില്ല.
13നാൽപത്തിയൊന്നാം ഭരണവർഷം ആസാ പിതാക്കൻമാരോടുചേർന്നു.
14ദാവീദിന്റെ നഗരത്തിൽ തനിക്കുവേണ്ടി തയ്യാറാക്കിയ കല്ലറയിൽ അവൻ സംസ്കരിക്കപ്പെട്ടു. വിദഗ്ധമായി കൂട്ടിയെ ടുത്ത പലവിധ പരിമളദ്രവ്യങ്ങൾ കൊണ്ടു നിറച്ച മഞ്ചത്തിൽ അവനെ കിടത്തി. അവന്റെ ബഹുമാനത്തിനായി വലിയൊരു തീക്കൂന കൂട്ടി.
വായനാ ക്രമീകരണങ്ങൾ
വചനം സംരക്ഷിക്കുക

വിഭാഗം തിരഞ്ഞെടുക്കുക

ഈ വചനം കണ്ടെത്താൻ സഹായിക്കുന്ന ഒരു വിഭാഗം തിരഞ്ഞെടുക്കുക.

സ്വകാര്യ കുറിപ്പ്

വചന കുറിപ്പ്

⌂ഹോം📖ബൈബിൾ✦പഠനം🔖സംരക്ഷിച്ചത്