2 ദിനവൃത്താന്തം 23
അധ്യായങ്ങൾ
1ഏഴാംവർഷംയഹോയാദാ പുരോഹിതൻ ശതാധിപൻമാരായ ജറോഹാമിന്റെ മകൻ അസറിയാ,യഹോഹനാൻെറ മകൻ ഇസ്മായേൽ, ഓബെദിൻെറ മകൻ അസറിയാ, അദായായുടെ മകൻ മാസെയാ, സിക്രിയുടെ മകൻ എലിഷാഫാത്ത് എന്നിവരുമായി ധൈര്യപൂർവം ഉടമ്പടിചെയ്തു.
2അവർ യൂദായിലെങ്ങും സഞ്ചരിച്ച് നഗരങ്ങളിൽ നിന്ന് ലേവ്യരെയും ഇസ്രായേൽ കുടുംബത്തലവൻമാരെയും ജറുസലെമിൽ വിളിച്ചുകൂട്ടി.
3സമൂഹം മുഴുവൻ ദേവാലയത്തിൽ വെച്ച് രാജാവുമായി ഒരുടമ്പടി ചെയ്തു.യഹോയാദാ അവരോടു പറഞ്ഞു: ഇതാ, രാജപുത്രൻ! ദാവീദിന്റെ സന്തതിയെക്കുറിച്ചു കർത്താവ് അരുളിച്ചെയ്തിരിക്കുന്നതുപോലെ ഇവൻ രാജാവായി വാഴട്ടെ!
4നിങ്ങൾ ചെയ്യേണ്ടതിതാണ്: സാബത്തിൽ തവണമാറിവരുന്ന പുരോഹിതൻമാരിലും ലേവ്യരിലും മൂന്നിലൊരുഭാഗം ദേവാലയ വാതിൽക്കൽ കാവൽ നിൽക്കണം.
5ഒരുഭാഗം രാജകൊട്ടാരം കാക്കണം. മൂന്നാമത്തെ ഭാഗം അ ടിസ്ഥാനകവാടത്തിൽ നിലയുറപ്പിക്കണം. ജനം ദേവാലയാങ്കണത്തിൽ നിൽക്കട്ടെ.
6പുരോഹിതൻമാരും ശുശ്രൂഷ നടത്തുന്ന ലേവ്യരും ഒഴികെ ആരും കർത്താവിന്റെ ആലയത്തിൽ പ്രവേശിക്കരുത്. അവർ ശുദ്ധിയുള്ള വരായതിനാൽ അവർക്കു പ്രവേശിക്കാം. എന്നാൽ, ജനം കർത്താവിന്റെ നിബന്ധന കളനുസരിച്ചു പുറത്തുതന്നെ നിൽക്കണം.
7ലേവ്യർ ആയുധമേന്തി രാജാവിനു ചുറ്റും നിലകൊള്ളണം. അകത്ത് ആരെങ്കിലും കടന്നാൽ അവനെ കൊല്ലണം. അവർ സദാ രാജാവിനോടൊപ്പമുണ്ടായിരിക്കണം.
8ലേവ്യരും യൂദാനിവാസികളുംയഹോയാദായുടെ നിർദേശമനുസരിച്ചു പ്രവർത്തിച്ചു. സാബത്തിൽ ശു{്രശൂഷയുടെ തവണ കഴിഞ്ഞവരും തവണ തുടങ്ങുന്നവരുമായ എല്ലാവരെയും അവർ കൊണ്ടുവന്നു. കാരണം,യഹോയാദാപുരോഹിതൻ ആരെയും വിട്ടയച്ചില്ല.
9ദേവാലയത്തിൽ സൂക്ഷിച്ചിരുന്ന, ദാവീദു രാജാവിന്റെ കുന്തങ്ങളും ചെറുതും വലുതുമായ പരിചകളും എടുത്ത്യഹോയാദാ നായകൻമാരെ ഏൽപിച്ചു.
10തെക്കേ അറ്റംമുതൽ വടക്കേ അറ്റംവരെ ബലിപീഠത്തിനും ആലയത്തിനു ചുറ്റും ജനങ്ങളെ ആയുധ സജ്ജരാക്കി, കാവൽ നിർത്തി.
11അനന്തരം, അവൻ രാജകുമാരനെ പുറത്തുകൊണ്ടുവന്നു കിരീടം ധരിപ്പിച്ചു; അധികാരപത്രവും നൽകി. അവർ അവനെ രാജാവായി പ്രഖ്യാപിച്ചു.യഹോയാദായും പുത്രൻമാരും ചേർന്ന് അവനെ അഭിഷേകം ചെയ്തു. രാജാവു നീണാൾ വാഴട്ടെ എന്ന് അവർ ആർത്തുവിളിച്ചു.
12ജനം ഓടിക്കൂടി രാജാവിനെ സ്തുതിക്കുന്നതിന്റെ ആരവംകേട്ട്, അത്താലിയാ കർത്താവിന്റെ ആലയത്തിൽ അവരുടെ അടുത്തേക്കു ചെന്നു.
13ദേവാലയകവാടത്തിൽ സ്തംഭത്തിനു സമീപം രാജാവു നിൽക്കുന്നതു അവൾ കണ്ടു; സേനാനായകൻമാരും കാഹളമൂതുന്നവരും രാജാവിന്റെ അടുത്തു നിന്നിരുന്നു; ജനമെല്ലാം ആഹ്ളാദഭരിതരായി കാഹളം മുഴക്കിക്കൊണ്ടിരുന്നു. ഗായകർ സംഗീതോപകരണങ്ങളുമായി ആഘോഷത്തിനു നേതൃത്വംനൽകി. അത്താ ലിയാ വസ്ത്രം കീറി; രാജദ്രോഹം! രാജദ്രോഹം! എന്നു വിളിച്ചു പറഞ്ഞു.
14യഹോയാദാപുരോഹിതൻ സേനാധിപൻമാരെ വിളിച്ചു പറഞ്ഞു: അവളെ സൈന്യനിരകളുടെ ഇടയിലൂടെ പുറത്തുകൊണ്ടുവരുവിൻ. ആരെങ്കിലും അവളെ അനുഗമിച്ചാൽ അവനെ വാളിനിരയാക്കുവിൻ. അവൻ തുടർന്നു: അവളെ കർത്താവിന്റെ ആലയത്തിൽവച്ചുകൊല്ലരുത്.
15അവർ അവളെ പിടിച്ചു കൊട്ടാരത്തിന്റെ അശ്വകവാടത്തിങ്കൽ കൊണ്ടുവന്നു വധിച്ചു.
16തങ്ങൾ കർത്താവിന്റെ ജനമായിരിക്കുമെന്നുയഹോയാദായും ജനവും രാജാവും ഉടമ്പടി ചെയ്തു.
17ജനമെല്ലാം കൂടി ബാലിന്റെ ആലയത്തിൽ കടന്ന് അതു തകർത്തു. അവന്റെ ബലിപീഠങ്ങളും വിഗ്ര ഹങ്ങളും തച്ചുടച്ചു. ബാലിന്റെ പുരോഹിതനായ മത്താനെ ബലിപീഠത്തിനു മുൻപിൽവച്ചു വധിച്ചു.
18യഹോയാദാ പുരോഹിതൻമാരുടെയും ലേവ്യരുടെയും മേൽനോട്ടത്തിൽ കർത്താവിന്റെ ആലയത്തിനു കാവൽക്കാരെ ഏർപ്പെടുത്തി. ദാവീദ് തൻെറ വിധിപ്രകാരം സന്തോഷത്തോടും ഗാനാലാപത്തോടുംകൂടെ, മോശയുടെ നിയമമനുസരിച്ചു കർത്താവിനു ദഹനബലികൾ അർപ്പിക്കുന്നതിനും അവിടുത്തെ ആലയത്തിന്റെ ചുമതല വഹിക്കുന്നതിനും ലേവ്യപുരോഹിതൻമാരെയും ലേവ്യരെയും നിയോഗിച്ചിരുന്നു.
19ഏതെങ്കിലും വിധത്തിൽ അശുദ്ധരായവർ കർത്താവിന്റെ ആലയത്തിൽ പ്രവേശിക്കാതിരിക്കുന്നതിനു വാതിൽകാവൽക്കാരെയുംയഹോയാദാ നിയമിച്ചു.
20സേനാനായകൻമാർ, പൗരമുഖ്യർ, ദേശാധിപൻമാർ എന്നിവ രുടെയും ജനത്തിന്റെയും അകമ്പടിയോടെ അവൻ രാജാവിനെ കർത്താവിന്റെ ആലയത്തിൽനിന്ന് ഉപരികവാടത്തിലൂടെ കൊട്ടാരത്തിലേക്ക് ആനയിച്ചു സിംഹാസനത്തിൽ അവരോധിച്ചു.
21ജനം ആഹ്ളാദിച്ചു. അത്താലിയാ വാളിനിരയായതോടെ നഗരം ശാന്തമായി.