2 ദിനവൃത്താന്തം 27
അധ്യായങ്ങൾ
യോഥാം
1രാജാവാകുമ്പോൾ യോഥാമിന് ഇരുപത്തഞ്ചുവയസ്സായിരുന്നു. അവൻ ജറുസലെമിൽ പതിനാറുവർഷം ഭരിച്ചു. സാദോക്കിൻെറ മകളായയരൂഷാ ആയിരുന്നു അവന്റെ അമ്മ.
2പിതാവായ ഉസിയായെപ്പോലെ അവനും കർത്താവിന്റെ മുൻപിൽ നീതി പ്രവർത്തിച്ചു. പിതാവു ചെയ്തതുപോലെ അവൻ കർത്താവിന്റെ ആലയത്തിൽ അനധികൃതമായി പ്രവേശിച്ചില്ല. ജനം ദുരാചാരങ്ങൾ തുടർന്നുപോന്നു.
3അവൻ ദേവാലയത്തിന്റെ ഉപരികവാടം പണികഴിപ്പിച്ചു. ഓഫേലിൻെറ മതിലിന്റെ പണി കുറെനടത്തി.
4 യൂദാമലമ്പ്രദേശത്ത് പട്ടണങ്ങളും വൃക്ഷനിബിഡമായ മലകളിൽ കോട്ടകളും ഗോപുരങ്ങളും പണിതു.
5അവൻ അമ്മോന്യരാജാവിനെയുദ്ധം ചെയ്തു തോൽപിച്ചു. അമ്മോന്യർ അവന് ആ വർഷം നൂറു താലന്തു വെള്ളിയും പതിനായിരം കോർ ഗോതമ്പും, അത്രയും ബാർലിയും കപ്പംകൊടുത്തു. തുടർന്നുള്ള രണ്ടു വർഷങ്ങളിലും അവർ അങ്ങനെതന്നെ ചെയ്തു.
6കർത്താവിന്റെ ഇഷ്ടമനുസരിച്ച് തൻെറ ജീവിതംക്രമപ്പെടുത്തിയതിനാൽ, യോഥാം പ്രബലനായി.
7അവന്റെ മറ്റു പ്രവർത്തനങ്ങളുംയുദ്ധങ്ങളും രീതികളും ഇസ്രായേലിലെയും യൂദായിലെയും രാജാക്കൻമാരുടെ പുസ്തകത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു.
8ഇരുപത്തിയഞ്ചാംവയസ്സിൽ ഭരണം ആരംഭിച്ച യോഥാം ജറുസലെമിൽ പതിനാറുവർഷം ഭരിച്ചു.
9അവൻ പിതാക്കൻമാരോടു ചേർന്നു. ദാവീദിന്റെ നഗരത്തിൽ സംസ്കരിക്കപ്പെട്ടു. മകൻ ആഹാസ് രാജാവായി.