2 ദിനവൃത്താന്തം 2
അധ്യായങ്ങൾ
ദേവാലയ നിർമാണത്തിന് ഒരുക്കം
1കർത്താവിന്റെ നാമത്തിന് ആലയവും തനിക്കുവേണ്ടി കൊട്ടാരവും പണിയാൻ സോളമൻ തീരുമാനിച്ചു.
2എഴുപതിനായിരം ചുമട്ടുകാരെയും എൺപതിനായിരം കല്ലുവെട്ടുകാരെയും അവരുടെ മേൽനോട്ടം വഹിക്കാൻമൂവായിരത്തിയറുനൂറു പേരെയും സോളമൻ നിയമിച്ചു.
3ടയിർരാജാവായ ഹീരാമിനു സോളമൻ സന്ദേശം കൊടുത്തയച്ചു: എന്റെ പിതാവായ ദാവീദുരാജാവ് കൊട്ടാരം പണിതപ്പോൾ അങ്ങാണല്ലോ ദേവദാരു നൽകിയത്. അതുപോലെ എനിക്കും തരുക.
4സുഗന്ധദ്രവ്യങ്ങൾ കത്തിക്കുകയും നിരന്തരമായി തിരുസ്സാന്നിധ്യയപ്പം കാഴ്ച വയ്ക്കുകയും, ഇസ്രായേലിന് എന്നേക്കുമായി നിശ്ചയിച്ചിരിക്കുന്ന സാബത്തിലും അമാവാസിയിലും ദൈവമായ കർത്താവിന്റെ ഉത്സവ ദിവസങ്ങളിലും, കാലത്തും വൈ കുന്നേരവും ദഹനബലി അർപ്പിക്കുകയും ചെയ്യാൻവേണ്ടി എന്റെ ദൈവമായ കർത്താവിന് ആലയം പണിതു പ്രതിഷ്ഠിക്കുന്നതിനു ഞാൻ ഒരുങ്ങുകയാണ്.
5ഞങ്ങളുടെ ദൈവം സകല ദേവൻമാരിലും ശ്രേഷ്ഠനാണ്. അതിനാൽ, മഹത്തായ ഒരാലയം പണിയാനാണ് ഞാൻ ആഗ്രഹിക്കുന്നത്.
6സ്വർഗത്തിനോ സ്വർഗാധിസ്വർഗത്തിനുപോലുമോ ഉൾകൊള്ളാൻ കഴിയാത്ത അവിടുത്തേക്ക് ആലയം പണിയാൻ ആർക്കു കഴിയും? സുഗന്ധദ്രവ്യങ്ങൾ അർപ്പിക്കാൻ ഒരു മന്ദിരം എന്നതിൽക്കവിഞ്ഞ് അവിടുത്തേക്ക് ആലയം പണിയാൻ ഞാൻ ആരാണ്?
7അതിനാൽ, സ്വർണം, വെള്ളി, പിച്ചള, ഇരുമ്പ് ഇവ കൊണ്ടുള്ള പണിയിലും നീലം - ധൂമ്രം - കടുംചെമപ്പു നൂലുകളുടെ നെയ്ത്തിലും ചിത്രവേലയിലും സമർഥനായ ഒരാളെ അയച്ചുതരുക. യൂദായിലും ജറുസലെമിലുംനിന്ന് എന്റെ പിതാവു തിരഞ്ഞെടുത്ത വിദഗ്ധ ജോലിക്കാരോടുകൂടെ അവനും ചേരട്ടെ.
8അതിനാൽ, ലബനോനിലെ ദേവദാരുവും സരളമരവും രക്തചന്ദനവും അയച്ചുതരുക. നിന്റെ മരംവെട്ടുകാർ വളരെ സമർഥരാണെന്ന് എനിക്കറിയാം. എന്റെ ജോലിക്കാരെയും അവരോടുകൂടെ നിർത്താം.
9ബൃഹത്തും വിസ്മയനീയവുമായ ആലയമാണു ഞാൻ പണിയാൻ ആഗ്രഹിക്കുന്നത്. അതിനു വളരെയധികം തടി ആവശ്യമുണ്ട്.
10നിന്റെ വേലക്കാരുടെ ആവശ്യത്തിന് ഇരുപതിനായിരം കോർ ഉമികളഞ്ഞഗോതമ്പും അത്രയും ബാർലിയും ഇരുപതിനായിരം ബത്ത് വീഞ്ഞും അത്രയും എണ്ണയും ഞാൻ തരാം.
11ടയിർരാജാവായ ഹീരാം സോളമന് മറുപടി അയച്ചു. കർത്താവ് തൻെറ ജനത്തെ സ്നേഹിക്കുന്നതിനാലാണ് അങ്ങയെ അവർക്കു രാജാവായി നിയമിച്ചത്.
12കർത്താവിന് ആലയവും രാജാവിനു കൊട്ടാരവും പണിയാൻ വിവേകവും അറിവും ഉള്ള ജ്ഞാനിയായ ഒരു മകനെ ദാവീദുരാജാവിനു നൽകിയ, ആകാശത്തെയും ഭൂമിയെയും സൃഷ്ടിച്ച, ദൈവമായ കർത്താവ് വാഴ്ത്തപ്പെടട്ടെ.
13ബുദ്ധിമാനും സമർഥനുമായ ഹൂരാമബിയെ ഞാൻ അങ്ങോട്ടയയ്ക്കുന്നു.
14അവന്റെ അമ്മ ദാൻ ഗോത്രജയും പിതാവ് ടയിർ ദേശക്കാരനുമാണ്. സ്വർണം, വെള്ളി, പിച്ചള, ഇരുമ്പ്, കല്ല്, തടി - ഇവ കൊണ്ടുള്ള പണിയിലും നീലം - ധൂമ്രം - കടും ചെമപ്പു നൂലുകളും നേർത്ത ചണവും കൊണ്ടുള്ള നെയ്ത്തിലും എല്ലാത്തരം കൊത്തുപണികളിലും അവൻ അതിവിദഗ്ധനാണ്. അങ്ങയുടെയും അങ്ങയുടെ പിതാവായ ദാവീദിന്റെയും കരകൗശലപ്പണിക്കാരോടു ചേർന്ന് അവനെ ഏൽപിക്കുന്ന ഏതു പണിയും ചെയ്യാൻ അവൻ നിപുണനുമാണ്.
15അങ്ങു പറഞ്ഞഗോതമ്പും ബാർലിയും എണ്ണയും വീഞ്ഞും ഭൃത്യൻമാർവഴി കൊടുത്തയയ്ക്കുക.
16ആവശ്യമുള്ളത്ര തടി ലബനോനിൽ നിന്നു ഞങ്ങൾ വെട്ടിത്തരാം. അതു ചങ്ങാടംകെട്ടി കടൽവഴി ജോപ്പായിൽ എത്തിക്കാം. അവിടെനിന്നു ജറുസലെമിലേക്കു നിങ്ങൾക്കു കൊണ്ടുപോകാമല്ലോ.
17പിന്നീട് പിതാവായ ദാവീദിനെപ്പോലെ സോളമനും ഇസ്രായേൽദേശത്തു പാർക്കുന്ന വിദേശികളുടെ കണക്കെടുത്തു. അവർ ഒരു ലക്ഷത്തിയൻപത്തിമൂവായിരത്തിയറുനുറുപേർ ഉണ്ടായിരുന്നു.
18അതിൽ, എഴുപതിനായിരംപേരെ ചുമട്ടുകാരും എൺപതിനായിരംപേരെ കല്ലുവെട്ടുകാരും മൂവായിരത്തിയറുനൂറുപേരെ മേൽനോട്ടക്കാരുമായി നിയമിച്ചു.