വെളിപാട് 9
അധ്യായങ്ങൾ
അഞ്ചാമത്തെ കാഹളം
1അഞ്ചാമത്തെ ദൂതൻ കാഹളം മുഴക്കി. അപ്പോൾ ആകാശത്തുനിന്നു ഭൂമിയിലേക്ക് ഒരു നക്ഷത്രം വീഴുന്നതു ഞാൻ കണ്ടു. പാതാളഗർത്തത്തിന്റെ താക്കോൽ അതിനു നൽപ്പെട്ടു.
2അതു പാതാളഗർത്തം തുറന്നു. അവിടെനിന്നു വലിയ തീച്ചൂളയിൽനിന്ന് എന്നപോലെ പുകപൊങ്ങി.
3ആ പുകകൊണ്ട് സൂര്യനും അന്തരീക്ഷവും ഇരുണ്ടുപോയി. ആ പുകയിൽനിന്നു വെട്ടുകിളികൾ ഭൂമിയിലേക്കു പുറപ്പെട്ടു വന്നു. ഭൂമിയിലെ തേളുകളുടേതുപോലുള്ള ശക്തി അവയ്ക്കു നൽകപ്പെട്ടു.
4നെററിയിൽ ദൈവത്തിന്റെ മുദ്രയില്ലാത്ത മനുഷ്യരെയല്ലാതെ മറ്റാരെയും, ഭൂമിയിലെ പുല്ലിനെയോ പച്ചച്ചെടികളെയോ വൃക്ഷങ്ങളെയോ ഉപദ്രവിക്കരുതെന്ന് അവയോടു കൽപിച്ചു.
5മനുഷ്യരെ കൊല്ലാനല്ല, അഞ്ചുമാസം പീഡിപ്പിച്ചു ഞെരുക്കാനാണ് അവയ്ക്ക് അ നുവാദം നൽകപ്പെട്ടത്.
6അവരുടെ പീഡനമാകട്ടെ തേളുകുത്തുമ്പോഴത്തേതു പോലെതന്നെ. ആ നാളുകളിൽ മനുഷ്യർ മരണത്തെതേടും; പക്ഷേ, കണ്ടെത്തുകയില്ല. അവർ മരിക്കാൻ ആഗ്രഹിക്കും; എന്നാൽ, മരണം അവരിൽനിന്ന് ഓടിയകലും.
7വെട്ടുകിളികൾ പടക്കോപ്പണിഞ്ഞകു തിരകൾക്കു സദൃശമായിരുന്നു. അവയുടെ തലയിൽ സ്വർണകിരീടം പോലെ എന്തോ ഒന്ന്. മുഖം മനുഷ്യമുഖംപോലെയും.
8അവയ്ക്കു സ്ത്രീകളുടേതുപോലുള്ള തലമുടി. സിംഹങ്ങളുടേതുപോലുള്ള പല്ലുകൾ.
9ഇരു മ്പുകവചങ്ങൾ പോലുള്ള ശല്ക്കങ്ങൾ, അവയുടെ ചിറകുകളുടെ ശബ്ദം പോർക്കളത്തിലേക്കു പായുന്ന അനേകം അശ്വരഥങ്ങളുടെ ശബ്ദം പോലെ.
10അവയ്ക്കു തേളു കളുടേതുപോലെ വാലും വിഷമുള്ളും ഉണ്ടായിരുന്നു. ഈ വാലുകളിൽ അഞ്ചുമാസത്തേക്കു മനുഷ്യരെ പീഡിപ്പിക്കാൻ പോന്ന ശക്തിയുണ്ടായിരുന്നു.
11പാതാളത്തിന്റെ ദൂതനാണ് അവയുടെ രാജാവ്. അവന്റെ പേര് ഹെബ്രായ ഭാഷയിൽ അബദോൻ, ഗ്രീക്കുഭാഷയിൽ അപ്പോളിയോൻ.
12ഒന്നാമത്തെ ദുരിതം കടന്നുപോയി രണ്ടു ദുരിതങ്ങൾകൂടി ഇനിയും വരാനിരിക്കുന്നു.
ആറാമത്തെ കാഹളം
13ആറാമത്തെ ദൂതൻ കാഹളം മുഴക്കി. അപ്പോൾ ദൈവസന്നിധിയിലുള്ള സുവർണ ബലിപീഠത്തിന്റെ നാലു വളർകോണുകളിൽനിന്ന് ഒരു സ്വരം ഞാൻ കേട്ടു.
14അതു കാഹളം പിടിച്ചിരുന്ന ആറാമത്തെ ദൂതനോടു പറഞ്ഞു:യൂഫ്രട്ടീസ് വൻനദിയുടെ കരയിൽ ബന്ധിതരായിക്കഴിയുന്ന നാലുദൂതൻമാരെ അഴിച്ചുവിടുക.
15ആ നാലു ദൂതൻമാരും വിമോചിതരായി. അവർ, മനുഷ്യരിൽ മൂന്നിലൊരു ഭാഗത്തെ കൊന്നൊടുക്കാൻ നിശ്ചയിക്കപ്പെട്ടിരുന്ന മണിക്കൂറിനും ദിവസത്തിനും മാസത്തിനും വർഷത്തിനുംവേണ്ടി തയ്യാറാക്കി നിറുത്തിയിരുന്നവരാണ്.
16ഞാൻ കുതിരപ്പടയുടെ എണ്ണം കേട്ടു; പതിനായിരങ്ങളുടെ ഇരുപതിനായിരം മടങ്ങ്.
17ഞാൻ ദർശനത്തിൽ കുതിരകളെയും അവയുടെ പുറത്തിരുന്നവരെയും കണ്ടു. അവർക്കു തീയുടെയും ഇന്ദ്രനീലക്കല്ലിന്റെയും ഗന്ധകത്തിന്റെയും നിറമുള്ള കവചങ്ങളുണ്ടായിരുന്നു. കുതിരകളുടെ തലകൾ സിംഹങ്ങളുടെ തലപോലെ; അവയുടെ വായിൽ നിന്നു തീയും പുകയും ഗന്ധകവും പുറപ്പെട്ടിരുന്നു.
18അവയുടെ വായിൽനിന്നു പുറപ്പെട്ടിരുന്നതീ, പുക, ഗന്ധകം എന്നീ മൂന്നു മഹാമാരികൾമൂലം മനുഷ്യരിൽ മൂന്നിലൊരു ഭാഗം മൃതരായി.
19ആ കുതിരകളുടെ ശക്തി വായിലും വാലിലും ആണ്. അവയുടെ വാലുകൾ സർപ്പങ്ങളെപ്പോലെയാണ്. അവയ്ക്കു തലകളുണ്ട്, ആ തലകൾ കൊണ്ട് അവ മുറിവേൽപിക്കുന്നു.
20ഈ മഹാമാരികൾ നിമിത്തം മൃതരാകാതെ അവശേഷിച്ചവർ, തങ്ങളുടെ കരവേലയെപ്പറ്റി അനുതപിക്കുകയോ, പിശാചുക്കളെയും കാണാനോ കേൾക്കാനോ നടക്കാനോ കഴിവില്ലാത്തതും സ്വർണം, വെള്ളി, പിച്ചള, കല്ല്, തടി എന്നിവയാൽ നിർമിക്കപ്പെട്ടതും ആയ വിഗ്രഹങ്ങളെയും ആരാധിക്കുന്നതിൽ നിന്നു പിന്തിരിയുകയോ ചെയ്തില്ല.
21തങ്ങളുടെ കൊലപാതകം, മന്ത്രവാദം, വ്യഭിചാരം, മോഷണം എന്നിവയെക്കുറിച്ചും അവർ അനുതപിച്ചില്ല.