Menu
Print passage

പ്രിന്റിനുള്ള വചനങ്ങൾ

ഒന്നോ അതിലധികമോ അധ്യായങ്ങളും വചനപരിധിയും തിരഞ്ഞെടുക്കുക.

വെളിപാട് 3

അധ്യായങ്ങൾ

സാർദീസിലെ സഭയ്ക്ക്

1സാർദീസിലെ സഭയുടെ ദൂതന് എഴുതുക: ദൈവത്തിന്റെ സപ്താത്മാക്കളും സ പ്തതാരങ്ങളുമുള്ളവൻ പറയുന്നു: നിന്റെ ചെയ്തികൾ ഞാനറിയുന്നു. ജീവിച്ചിരിക്കുന്നവൻ എന്നാണു നിന്നെക്കുറിച്ചു പറയുന്നത്; പക്ഷേ, നീ മൃതനാണ്.
2ഉണരുക, നിന്നിൽ ആസന്നമരണമായി അവശേഷിക്കുന്നതിനെ ഉത്തേജിപ്പിക്കുക. എന്തെന്നാൽ, എന്റെ ദൈവത്തിന്റെ മുമ്പിൽ നിന്റെ പ്രവൃത്തികൾ പൂർണമായും നിർവഹിക്കപ്പെട്ടതായി ഞാൻ കാണുന്നില്ല.
3അതുകൊണ്ടു നീ സ്വീകരിച്ചതും കേട്ടതും എന്തെന്ന നുസ്മരിച്ച് അതു കാത്തുസൂക്ഷിക്കുകയും അനുതപിക്കുകയും ചെയ്യുക. നീ ഉണരുന്നില്ലെങ്കിൽ ഞാൻ കള്ളനെപ്പോലെ വരും. ഏതു സമയത്താണു ഞാൻ നിന്നെ പിടികൂടുകയെന്നു നീ അറിയുകയില്ല.
4എന്നാൽ, വസ്ത്രങ്ങൾ മലിനമാക്കിയിട്ടില്ലാത്തവരായി കുറെപ്പേർ സാർദീസിൽ നിനക്കുണ്ട്. അവർ ധവളവസ്ത്രധാരികളായി എന്റെ കൂടെ നടക്കും. അവർ അതിനുയോഗ്യരാണ്.
5വിജയം വരിക്കുന്നവനെ വെള്ളവസ്ത്രം ധരിപ്പിക്കും; ജീവന്റെ പുസ്തകത്തിൽനിന്ന് അവന്റെ നാമം ഞാൻ ഒരിക്കലും മായിച്ചുകളയുകയില്ല. എന്റെ പിതാവിന്റെയും അവിടുത്തെ ദൂതൻമാരുടെയും സന്നിധിയിൽ അവന്റെ നാമം ഞാൻ ഏറ്റുപറയും.
6ആത്മാവ് സഭകളോടു പറയുന്നതെന്തെന്നു ചെവിയുള്ളവൻകേൾക്കട്ടെ.

ഫിലദെൽഫിയായിലെ സഭയ്ക്ക്

7ഫിലദെൽഫിയായിലെ സഭയുടെ ദൂതന് എഴുതുക. പരിശുദ്ധനും സത്യവാനും ദാവീദിന്റെ താക്കോൽ കൈവശമുള്ളവനും മറ്റാർക്കും അടയ്ക്കാൻ കഴിയാത്തവണ്ണം തുറക്കുന്നവനും മറ്റാർക്കും തുറക്കാൻ കഴിയാത്തവിധം അടയ്ക്കുന്നവനും ആയവൻ പറയുന്നു:
8നിന്റെ പ്രവൃത്തികൾ ഞാനറിയുന്നു. ഇതാ, നിന്റെ മുമ്പിൽ ആർക്കും പൂട്ടാൻ കഴിയാത്തവിധം തുറന്നുകിടക്കുന്ന ഒരു വാതിൽ ഞാൻ സ്ഥാപിച്ചിരിക്കുന്നു. നിന്റെ ശക്തി പരിമിതമാണ്. എങ്കിലും നീ എന്റെ വചനം കാത്തു; എന്റെ നാമം നിഷേധിച്ചതുമില്ല.
9ഇതാ, യഹൂദരാണെന്നു പറയുകയും എന്നാൽ, അങ്ങനെയല്ലാതെ നുണയൻമാരായി നടക്കുകയും ചെയ്യുന്ന സാത്താന്റെ സിനഗോഗിൽനിന്നുള്ള ചിലർ! അവരെ ഞാൻ നിന്റെ കാൽക്കൽ വരുത്തി കുമ്പിടുവിക്കും. അങ്ങനെ, ഞാൻ നിന്നെ സ്നേഹിച്ചുവെന്ന് അവർ ഗ്രഹിക്കും.
10സകല ഭൂവാസികളെയും പരിശോധിക്കാനായി ലോകത്തിൽ ഉണ്ടാകാനിരിക്കുന്ന പരീക്ഷണങ്ങളുടെ സമയത്തു ഞാൻ നിന്നെ സംരക്ഷിക്കുകയും ചെയ്യും. എന്തെന്നാൽ, പരീക്ഷകളിൽ ഉറച്ചുനിൽക്കണമെന്നുള്ള എന്റെ വചനം നീ കാത്തു.
11ഞാൻ വേഗം വരുന്നു. നിന്റെ കിരീടം ആരും കവർന്നെടുക്കാതിരിക്കാൻ നിനക്കുള്ളതു കാത്തുസൂക്ഷിക്കുക.
12വിജയം വരിക്കുന്നവനെ ഞാൻ എന്റെ ദൈവത്തിന്റെ ആലയത്തിലെ ഒരു സ്തംഭമാക്കും; അവൻ പിന്നെ ഒരിക്കലും പുറത്തുപോവുകയില്ല. അവന്റെ മേൽ എന്റെ ദൈവത്തിന്റെ നാമവും ദൈവസന്നിധിയിൽനിന്നു സ്വർഗം വിട്ട് ഇറങ്ങിവരുന്ന പുതിയ ജറുസലെമാകുന്ന ദൈവനഗരത്തിന്റെ നാമവും എന്റെ പുതിയനാമവും ഞാൻ എഴുതും.
13ആത്മാവ് സഭകളോടരുളിച്ചെയ്യുന്നതു ചെവിയുള്ളവൻ കേൾക്കട്ടെ.

ലവൊദീക്യായിലെ സഭയ്ക്ക്

14ലവൊദീക്യായിലെ സഭയുടെ ദൂതന് എഴുതുക: വിശ്വസ്തനും സത്യവാനുമായ സാക്ഷിയും ദൈവത്തിന്റെ സൃഷ്ടികർമ്മത്തിന്റെ ആരംഭവുമായിരിക്കുന്ന ആമേൻ അരുളിചെയ്യുന്നു:
15നിന്റെ പ്രവൃത്തികൾ ഞാനറിയുന്നു; നീ തണുപ്പോ ചൂടോ ഉള്ള വനല്ല; തണുപ്പോ ചൂടോ ഉള്ളവനായിരുന്നെങ്കിൽ എന്നു ഞാൻ ആഗ്രഹിക്കുന്നു.
16ചൂടോ തണുപ്പോ ഇല്ലാതെ മന്ദോഷ്ണനാകയാൽ നിന്നെ ഞാൻ എന്റെ വായിൽനിന്നു തുപ്പിക്കളയും.
17എന്തെന്നാൽ, ഞാൻ ധന വാനാണ്, എനിക്ക് സമ്പത്തുണ്ട്, ഒന്നിനും കുറവില്ല, എന്നു നീ പറയുന്നു. എന്നാൽ, നീ നികൃഷ്ടനും ദയനീയനും ദരിദ്രനും അന്ധനും നഗ്നനും ആണെന്ന് നീ അറിയുന്നില്ല.
18ഞാൻ നിന്നെ ഉപദേശിക്കുന്നു; നീ ധനികനാകാൻ അഗ്നിശുദ്ധിവരുത്തിയ സ്വർണം എന്നോടു വാങ്ങുക; നിന്റെ നഗ്ന ത മറ്റുള്ളവർ കണ്ട് നീ ലജ്ജിക്കാതിരിക്കുവാൻ ശുഭ്രവസ്ത്രങ്ങൾ എന്നോട് വാങ്ങുക. കാഴ്ച ലഭിക്കുന്നതിനു കണ്ണിലെഴുതാനുള്ള അഞ്ജനവും എന്നോടു വാങ്ങുക.
19ഞാൻ സ്നേഹിക്കുന്നവരെ ശാസിക്കുകയും ശിക്ഷിക്കുകയും ചെയ്യുന്നു. അതുകൊണ്ട് തീക്ഷ്ണതയുള്ളവനാകുക. അനുതപിക്കുക. ഇതാ, ഞാൻ വാതിലിൽ മുട്ടുന്നു.
20ആരെങ്കിലും എന്റെ സ്വരം കേട്ടു വാതിൽ തുറന്നുതന്നാൽ ഞാൻ അവന്റെ അടുത്തേക്കു വരും. ഞങ്ങൾ ഒരുമിച്ചു ഭക്ഷിക്കുകയുംചെയ്യും.
21ഞാൻ വിജയം വരിച്ച് എന്റെ പിതാവിനോടൊത്ത് അവിടുത്തെ സിംഹാസനത്തിൽ ഇരിക്കുന്നതുപോലെ, വിജയംവരിക്കുന്നവനെ എന്നോടൊത്ത് എന്റെ സിംഹാസനത്തിൽ ഞാൻ ഇരുത്തും.
22ആത്മാവ് സഭകളോട് അരുളിച്ചെയ്യുന്നതെന്തെന്നു ചെവിയുള്ളവൻ കേൾക്കട്ടെ!
വായനാ ക്രമീകരണങ്ങൾ
വചനം സംരക്ഷിക്കുക

വിഭാഗം തിരഞ്ഞെടുക്കുക

ഈ വചനം കണ്ടെത്താൻ സഹായിക്കുന്ന ഒരു വിഭാഗം തിരഞ്ഞെടുക്കുക.

സ്വകാര്യ കുറിപ്പ്

വചന കുറിപ്പ്

⌂ഹോം📖ബൈബിൾ✦പഠനം🔖സംരക്ഷിച്ചത്