വെളിപാട് 17
അധ്യായങ്ങൾ
കുപ്രസിദ്ധ വേശ്യയും മൃഗവും
1ഏഴു പാത്രങ്ങൾ പിടിച്ചിരുന്ന ഏഴു ദൂതൻമാരിൽ ഒരുവൻ വന്ന് എന്നോടു പറഞ്ഞു: വരുക, സമുദ്രങ്ങളുടെമേൽ ഉപവിഷ്ടയായിരിക്കുന്ന മഹാവേശ്യയുടെമേലുള്ള ശിക്ഷാവിധി നിനക്കു ഞാൻ കാണിച്ചുതരാം.
2അവളോടുകൂടെ ഭൂമിയിലെ രാജാക്കൻമാർ വ്യഭിചാരംചെയ്തു. അവളുടെ ദുർവൃത്തിയുടെ വീഞ്ഞു കുടിച്ച് ഭൂവാസികൾ ഉൻമത്തരായി.
3ആദൂതൻ ആത്മാവിൽ എന്നെ മരുഭൂമിയിലേക്കു നയിച്ചു. ദൈവദൂഷണപരമായ നാമങ്ങൾ നിറഞ്ഞതും, ഏഴു തലയും പത്തു കൊമ്പും കടുംചെമപ്പുനിറവുമുള്ളതുമായ ഒരു മൃഗത്തിന്റെ മേൽ ഇരിക്കുന്ന ഒരു സ്ത്രീയെ ഞാൻ കണ്ടു.
4ആ സ്ത്രീ ധൂമ്രവും കടുംചെമപ്പും നിറമുള്ള വസ്ത്രം ധരിച്ചിരുന്നു. സ്വർണവും വിലപിടിച്ച രത്നങ്ങളും മുത്തുകളുംകൊണ്ട് അലംകൃതയുമായിരുന്നു. വേശ്യാവൃത്തിയുടെ അശുദ്ധികളും മ്ലേച്ഛതകളുംകൊണ്ടു നിറഞ്ഞഒരു പൊൻചഷകം അവളുടെ കൈയിലുണ്ടായിരുന്നു.
5അവളുടെ നെറ്റിത്തടത്തിൽ ഒരു നിഗൂഢനാമം എഴുതപ്പെട്ടിരുന്നു: മഹാബാബിലോൺ- വേശ്യകളുടെയും ഭൂമിയിലെ മ്ലേച്ഛതകളുടെയും മാതാവ്.
6ആ സ്ത്രീ വിശുദ്ധരുടെയും യേശുവിന്റെ സാക്ഷികളുടെയും രക്തം കുടിച്ച് ഉൻമത്തയായി ലഹരി പിടിച്ചിരിക്കുന്നതും ഞാൻ കണ്ടു.
അവളെ കണ്ടപ്പോൾ ഞാൻ അദ്ഭുതപര തന്ത്രനായി.
7അപ്പോൾ ദൂതൻ എന്നോടു പറഞ്ഞു: നീ എന്തുകൊണ്ടു വിസ്മയിക്കുന്നു? ആ സ്ത്രീയുടെയും അവളെ വഹിക്കുന്ന ഏഴു തലയും പത്തുകൊമ്പുമുള്ള മൃഗത്തിന്റെയും രഹസ്യം ഞാൻ നിന്നോടു പറയാം.
8നീ കണ്ട ആ മൃഗം ഉണ്ടായിരുന്നു; എന്നാൽ ഇപ്പോൾ ഇല്ല. അതു പാതാളത്തിൽനിന്നു കയറിവന്നു നാശത്തിലേക്കു പോകും. ലോകസ്ഥാപനംമുതൽ ജീവന്റെ പുസ്ത കത്തിൽ പേരെഴുതപ്പെട്ടിട്ടില്ലാത്ത ഭൂവാസികൾ, ഉണ്ടായിരുന്നതും ഇപ്പോൾ ഇല്ലാത്ത തും വരാനിരിക്കുന്നതുമായ ആ മൃഗത്തെനോക്കി വിസ്മയിക്കും.
9ഇവിടെയാണു ജ്ഞാനമുള്ള മനസ്സിന്റെ ആവശ്യം. ഏഴു തലകൾ ആ സ്ത്രീ ഉപവിഷ്ടയായിരിക്കുന്ന ഏഴു മലകളാണ്. അവ ഏഴു രാജാക്കൻമാരുമാണ്.
10അഞ്ചുപേർ വീണുപോയി. ഒരാൾ ഇപ്പോഴുണ്ട്. മറ്റൊരാൾ ഇനിയും വന്നിട്ടില്ല. അവൻ വരുമ്പോൾ ചുരുങ്ങിയ കാലത്തേക്കേ ഇവിടെ വസിക്കുകയുള്ളൂ.
11ഉണ്ടായിരുന്നതും ഇപ്പോൾ ഇല്ലാത്തതുമായ മൃഗം എട്ടാമത്തേതും ഏഴിൽപ്പെട്ടതുമാണ്. അതു നാശത്തിലേക്കു പോകുന്നു.
12നീ കണ്ട പത്തു കൊമ്പുകൾ പത്തു രാജാക്കൻമാരാണ്. അവർ ഇനിയും രാജത്വം സ്വീകരിച്ചിട്ടില്ല. എന്നാൽ, ഒരു മണിക്കൂർ നേരത്തേക്കു മൃഗത്തോടൊത്തു രാജാക്കൻമാരുടെ അധികാരം സ്വീകരിക്കേണ്ടവരാണ് അവർ.
13അവർക്ക് ഒരേ മനസ്സാണുള്ളത്. തങ്ങളുടെ ശക്തിയും അധികാരവും അവർ മൃഗത്തിന് ഏൽപിച്ചുകൊടുക്കുന്നു.
14ഇവർ കുഞ്ഞാടിനോടുയുദ്ധം ചെയ്യും. കുഞ്ഞാട് അവരെ കീഴ്പ്പെടുത്തും. എന്തെന്നാൽ, അവൻ നാഥൻമാരുടെ നാഥനും രാജാക്കൻമാരുടെ രാജാവുമാണ്. അവനോടുകൂടെയുള്ളവർ വിളിക്കപ്പെട്ടവരും തെരഞ്ഞെടുക്കപ്പെട്ടവരും വിശ്വസ്തരുമാണ്.
15പിന്നെ അവൻ എന്നോടു പറഞ്ഞു: വേശ്യ ഇരിക്കുന്നതായി നീ കാണുന്ന ജലപ്പരപ്പ് ജനതകളും ജനസമൂഹങ്ങളും രാജ്യങ്ങളും ഭാഷകളുമാണ്.
16നീ കാണുന്ന പത്തു കൊമ്പുകളും മൃഗവും ആ വേശ്യയെ വെറുക്കും. അവളെ പരിത്യക്തയും നഗ്നയുമാക്കും. അവളുടെ മാംസം ഭക്ഷിക്കുകയും അവളെ അഗ്നിയിൽ ദഹിപ്പിക്കുകയും ചെയ്യും.
17എന്തെന്നാൽ, ദൈവത്തിന്റെ വചനം പൂർത്തിയാകുവോളം അവിടുത്തെ ഉദ്ദേശ്യം നടപ്പാക്കുന്നതിനും ഏകമനസ്സോടെ മൃഗത്തിനു തങ്ങളുടെ രാജത്വം നൽകുന്നതിനും ദൈവം അവരുടെ ഹൃദയത്തിൽ തോന്നിച്ചു.
18നീ കാണുന്ന ആ സ്ത്രീ ഭൂമിയിലെ രാജാക്കൻമാരുടെമേൽ അധീശത്വമുള്ള മഹാനഗരമാണ്.