വെളിപാട് 6
അധ്യായങ്ങൾ
ആറു മുദ്രകൾ തുറക്കുന്നു
1കുഞ്ഞാട് ആ ഏഴു മുദ്രകളിൽ ഒന്നു തുറന്നപ്പോൾ ഞാൻ നോക്കി. ആ നാലു ജീവികളിൽ ഒന്ന് ഇടിനാദംപോലെയുള്ള സ്വരത്തിൽ വരുക എന്നു പറയുന്നതു ഞാൻ കേട്ടു.
2ഞാൻ ഒരു വെള്ളക്കുതിരയെ കണ്ടു. അതിന്റെ പുറത്തു വില്ലുമായി ഇരിക്കുന്ന ഒരുവൻ . അവന് ഒരു കിരീടം നൽകപ്പെട്ടു. വിജയത്തിൽനിന്നു വിജയത്തിലേക്ക് അവൻ ജൈത്രയാത്ര ആരംഭിച്ചു.
3അവൻ രണ്ടാമത്തെ മുദ്രതുറന്നപ്പോൾ രണ്ടാമത്തെ ജീവി വരുക എന്നു പറയുന്നതു ഞാൻ കേട്ടു.
4അപ്പോൾ തീക്കനലിന്റെ നിറമുള്ള മറ്റൊരു കുതിര കടന്നുവന്നു. മനുഷ്യർ പരസ്പരം ഹിംസിക്കുമാറു ഭൂമിയിൽനിന്നു സമാധാനം എടുത്തുകളയാൻ കുതിരപ്പുറത്തിരുന്നവന് അധികാരം നൽകപ്പെട്ടു. അവന് ഒരു വലിയ ഖഡ്ഗവും കൊടുത്തു.
5അവൻ മൂന്നാമത്തെ മുദ്രതുറന്നപ്പോൾ വരുക എന്നു മൂന്നാമത്തെ ജീവി പറയുന്നതു ഞാൻ കേട്ടു. നോക്കിയപ്പോൾ ഇതാ, ഒരു കറുത്ത കുതിര. അതിന്റെ പുറത്തിരിക്കുന്ന വൻെറ കൈയിൽ ഒരു ത്രാസ്.
6ആ നാലു ജീവികളുടെ മധ്യത്തിൽനിന്ന് ഉണ്ടായ ഒരു ശബ്ദംപോലെ ഞാൻ കേട്ടു: ഒരു ദനാറായ്ക്കു ഇടങ്ങഴി ഗോതമ്പ്, ഒരു ദനാറായ്ക്കു മൂന്നിടങ്ങഴി ബാർലി. എണ്ണയും വീഞ്ഞും നശിപ്പിച്ചുകളയരുത്.
7അവൻ നാലാമത്തെ മുദ്രതുറന്നപ്പോൾ വരുക എന്നു നാലാമത്തെ ജീവി പറയുന്നതു ഞാൻ കേട്ടു.
8ഞാൻ നോക്കി, ഇതാ, വിള റിയ ഒരു കുതിര. അതിന്റെ പുറത്തിരിക്കുന്നവനു മരണം എന്നു പേര്. പാതാളം അവനെ പിൻതുടരുന്നു. വാളുകൊണ്ടും ക്ഷാമംകൊണ്ടും പകർച്ചവ്യാധികൊണ്ടും ഭൂമിയിലെ വന്യമൃഗങ്ങളെക്കൊണ്ടും സംഹാരം നടത്താൻ ഭൂമിയുടെ നാലിലൊന്നിൻമേൽ അവർക്ക് അധികാരം ലഭിച്ചു.
9അവൻ അഞ്ചാമത്തെ മുദ്രതുറന്നപ്പോൾ, ദൈവവചനത്തെപ്രതിയും തങ്ങളുടെ സാക്ഷ്യത്തെപ്രതിയും വധിക്കപ്പെട്ടവരുടെ ആത്മാക്കളെ ബലിപീഠത്തിനുകീഴിൽ ഞാൻ കണ്ടു.
10വലിയ സ്വരത്തിൽ അവർ ഇങ്ങനെ വിളിച്ചുപറഞ്ഞു: പരിശുദ്ധനും സത്യവാനുമായ നാഥാ, ഭൂമിയിൽ വസിക്കുന്നവരുടെമേൽന്യായവിധി നടത്തി ഞങ്ങളുടെ രക്തത്തിനു പ്രതികാരം ചെയ്യാൻ അങ്ങ് എത്രത്തോളം വൈകും?
11അവർക്ക് ഓരോരുത്തർക്കും ധവളവസ്ത്രം നൽകപ്പെട്ടു. അവരെപ്പോലെ വധിക്കപ്പെടാനിരുന്ന സഹ ദാസരുടെയും സഹോദരരുടെയും എണ്ണം തികയുന്നതുവരെ അൽപസമയംകൂടി വിശ്രമിക്കാൻ അവർക്കു നിർദേശം കിട്ടി.
12അവൻ ആറാമത്തെ മുദ്രതുറന്നപ്പോൾ ഞാൻ നോക്കി. വലിയ ഒരു ഭൂകമ്പമുണ്ടായി; സൂര്യൻ കരിമ്പടംപോലെ കറുത്തു; ചന്ദ്രൻ ആകെ രക്തംപോലെയായി.
13കൊടുങ്കാറ്റിൽ ആടിയുലയുന്ന അത്തിവൃക്ഷത്തിൽനിന്നു പച്ചക്കായ്കൾ പൊഴിയുന്നതുപോലെ ആകാശനക്ഷത്രങ്ങൾ ഭൂമിയിൽ പതിച്ചു.
14ആകാശം തെറുത്തുമാറ്റിയ ചുരുൾപോലെ അപ്രത്യക്ഷമായി. എല്ലാ പർവതങ്ങളും ദ്വീപുകളും അവയുടെ സ്ഥാനങ്ങളിൽനിന്നു മാറ്റപ്പെട്ടു.
15ഭൂമിയിലെ രാജാക്കൻമാരും പ്രമുഖൻമാരും സൈന്യാധിപൻമാരും ധനികരും പ്രബലരും എല്ലാ അടിമകളും സ്വതന്ത്രരും ഗുഹകളിലും പാറക്കെട്ടുകളിലും ചെന്നൊളിച്ചു.
16അവർ മലകളോടും പാറകളോടും വിളിച്ചുപറഞ്ഞു: ഞങ്ങളുടെമേൽ വന്നുവീഴുവിൻ; സിംഹാസനസ്ഥന്റെ ദൃഷ്ടിയിൽനിന്നും കുഞ്ഞാടിന്റെ ക്രോധത്തിൽനിന്നും ഞങ്ങളെ മറയ്ക്കുവിൻ.
17എന്തെന്നാൽ, അവരുടെ ക്രോധത്തിന്റെ ഭീക രദിനം വന്നുകഴിഞ്ഞു; ചെറുത്തുനിൽക്കാൻ ആർക്കു കഴിയും?