Menu
Print passage

പ്രിന്റിനുള്ള വചനങ്ങൾ

ഒന്നോ അതിലധികമോ അധ്യായങ്ങളും വചനപരിധിയും തിരഞ്ഞെടുക്കുക.

നിയമാവർത്തനം 7

അധ്യായങ്ങൾ

ഇസ്രായേലും മററു ജനതകളും

1നിങ്ങൾ ചെന്ന് കൈവശമാക്കാൻ പോകുന്ന ദേശത്തേക്കു നിങ്ങളുടെ ദൈവമായ കർത്താവു നിങ്ങളെ കൊണ്ടുപോകുകയും അനേകം ജനതകളെ - നിങ്ങളെക്കാൾ സംഖ്യാബലവും ശക്തിയുമുള്ള ഹിത്യർ, ഗിർഗാഷ്യർ, അമോര്യർ, കാനാന്യർ, പെരീസ്യർ, ഹിവ്യർ, ജബൂസ്യർ എന്നീ ഏഴു ജനതകളെ -
2നിങ്ങളുടെ മുൻപിൽനിന്ന് ഓടിക്കുകയും, അവരെ നിങ്ങൾക്കേൽപിച്ചു തരുകയുംചെയ്യുമ്പോൾ, അവരെ പരാജയപ്പെടുത്തുകയും നിശ്ശേഷം നശിപ്പിക്കുകയും ചെയ്യണം. അവരുമായി ഉടമ്പടി ഉണ്ടാക്കുകയോ അവരോടു കരുണ കാണിക്കുകയോ അരുത്.
3അവരുമായി വിവാഹബന്ധത്തിലേർപ്പെടരുത്. നിങ്ങളുടെ പുത്രിമാരെ അവരുടെ പുത്രൻമാർക്കു കൊടുക്കുകയോ അവരുടെ പുത്രിമാരെ നിങ്ങളുടെ പുത്രൻമാർക്കുവേണ്ടി സ്വീകരിക്കുകയോ ചെയ്യരുത്.
4എന്തെന്നാൽ, മറ്റു ദേവൻമാരെ സേവിക്കാനായി നിങ്ങളുടെ മക്കളെ എന്നിൽനിന്ന് അവർ അകറ്റിക്കളയും. അപ്പോൾ കർത്താവിന്റെ കോപം നിങ്ങൾക്കെതിരേ ജ്വലിക്കുകയും നിങ്ങളെ വേഗം നശിപ്പിക്കുകയും ചെയ്യും.
5ഇപ്രകാരമാണ് നിങ്ങൾ അവരോടുചെയ്യേണ്ടത്: അവരുടെ ബലിപീഠങ്ങൾ നശിപ്പിക്കണം, സ്തംഭങ്ങൾ തകർക്കണം, അഷേ രാദേവതയുടെ സ്തൂപങ്ങൾ വെട്ടിവീഴ്ത്തണം. വിഗ്രഹങ്ങൾ തീയിൽ ചുട്ടെരിക്കണം.
6നിങ്ങളുടെ ദൈവമായ കർത്താവിനു നിങ്ങൾ വിശുദ്ധജനമാണ്. ഭൂമുഖത്തുള്ള എല്ലാ ജനതകളിലുംനിന്നു തൻെറ സ്വന്തം ജനമാകേണ്ടതിന് അവിടുന്നു നിങ്ങളെ തിരഞ്ഞെടുത്തിരിക്കുന്നു.
7കർത്താവു നിങ്ങളെ സ്നേഹിച്ചതും തിരഞ്ഞെടുത്തതും മറ്റു ജനതകളെക്കാൾ നിങ്ങൾ എണ്ണത്തിൽ കൂടുതലായിരുന്നതുകൊണ്ടല്ല; നിങ്ങൾ മറ്റെല്ലാ ജനതകളെയുംകാൾ ചെറുതായിരുന്നു.
8കർത്താവു നിങ്ങളെ സ്നേഹിക്കുകയും നിങ്ങളുടെ പിതാക്കൻമാരോടു ചെയ്ത ശപഥം പാലിക്കുകയും ചെയ്യുന്നതുകൊണ്ടാണ്, തൻെറ ശക്തമായ കരത്താൽ നിങ്ങളെ പുറത്തുകൊണ്ടു വന്നതും ഈജിപ്തിലെ രാജാവായ ഫറവോയുടെ കൈയിൽനിന്ന് - അടിമത്തത്തിന്റെ ഭവനത്തിൽനിന്ന് - നിങ്ങളെ രക്ഷിച്ചതും.
9അതിനാൽ, നിങ്ങൾ അറിഞ്ഞുകൊള്ളുക, നിങ്ങളുടെ ദൈവമായ കർത്താവാണു ദൈവം. തന്നെ സ്നേഹിക്കുകയും തൻെറ കൽപന പാലിക്കുകയുംചെയ്യുന്നവനോട് ആയിരം തലമുറകൾവരെ ഉടമ്പടി പാലിക്കുകയും അചഞ്ചലമായ സ്നേഹം പ്രകടിപ്പിക്കുകയും ചെയ്യുന്ന വിശ്വസ്തനായ ദൈവം.
10തന്നെ വെറുക്കുന്നവരെ നശിപ്പിച്ചുകൊണ്ട് അവിടുന്ന് പ്രതികാരം ചെയ്യും;അവരോടു നേരിട്ടു പ്രതികാരം ചെയ്യാൻ അവിടുന്ന് വൈകുകയില്ല.
11ആകയാൽ, ഞാനിന്നു കൽപിക്കുന്ന പ്രമാണങ്ങളും ചട്ടങ്ങളും നിയമങ്ങളും അനുസരിക്കാൻ നിങ്ങൾ ശ്രദ്ധിക്കണം.
12നിങ്ങൾ ഈ നിയമങ്ങൾ കേൾക്കുകയും വിശ്വസ്തതയോടെ പാലിക്കുകയും ചെയ്താൽ നിങ്ങളുടെ ദൈവമായ കർത്താവു നിങ്ങളുടെ പിതാക്കൻമാരോടു ശപഥം ചെയ്തിട്ടുള്ള ഉടമ്പടിയും കരുണയും നിങ്ങളോടും പുലർത്തും.
13അവിടുന്നു നിങ്ങളെ സ്നേഹിക്കുകയും അനുഗ്രഹിക്കുകയും വർധിപ്പിക്കുകയും ചെയ്യും. നിങ്ങൾക്ക് തരുമെന്ന് അവിടുന്നു നിങ്ങളുടെ പിതാക്കൻമാരോടു ശപഥം ചെയ്തിട്ടുള്ള നാട്ടിൽ നിങ്ങളെ സന്താനപുഷ്ടിയുള്ളവരും നിങ്ങളുടെ ഭൂമി ഫലപുഷ്ടിയുള്ളതുമാക്കും; ധാന്യം, വീഞ്ഞ്, എണ്ണ, കന്നുകാലികൾ, ആട്ടിൻപറ്റം എന്നിവയെ അവിടുന്ന് ആശീർവദിക്കുകയും ചെയ്യും.
14നിങ്ങൾ മറ്റെല്ലാ ജനതകളെയുംകാൾ അനുഗൃഹീതരായിരിക്കും. നിങ്ങൾക്കോ നിങ്ങളുടെ കന്നുകാലികൾക്കോ വന്ധ്യത ഉണ്ടായിരിക്കുകയില്ല.
15കർത്താവു നിങ്ങളിൽ നിന്ന് എല്ലാ രോഗങ്ങളും മാറ്റിക്കളയും. ഈജിപ്തിൽവച്ചു നിങ്ങൾ കണ്ടിട്ടുള്ള ദുർവ്യാധികളിലൊന്നും നിങ്ങളുടെമേൽ അവിടുന്നു വരുത്തുകയില്ല. എന്നാൽ നിങ്ങളെ എതിർക്കുന്നവരുടെമേൽ, അവയെല്ലാം വരുത്തും.
16നിങ്ങളുടെ ദൈവമായ കർത്താവു നിങ്ങൾക്കേൽപിച്ചുതരുന്ന ജനങ്ങളെയെല്ലാം സംഹ രിക്കണം. അവരോടു കരുണ കാണിക്കരുത്. നിങ്ങൾ അവരുടെ ദേവൻമാരെ സേവിക്കരുത്; അതു നിങ്ങൾക്കു കെണിയായിരിക്കും.
17ഈ ജനതകൾ എന്നെക്കാൾ വലുതാണ്; എങ്ങനെ അവരുടെ അവകാശം എനിക്കു പിടിച്ചുപറ്റാൻ കഴിയും എന്നു വിചാരിച്ച് ഭയപ്പെടരുത്.
18നിങ്ങളുടെ ദൈവമായ കർത്താവ് ഫറവോയോടും ഈജിപ്തു മുഴുവനോടും ചെയ്തതെന്തെന്ന് ഓർമിക്കുക.
19നിങ്ങളുടെ കണ്ണുകൾ കണ്ട മഹാമാരികൾ, അടയാളങ്ങൾ, അദ്ഭുതങ്ങൾ, കരബലം, ശക്തിപ്രകടനം എന്നിവയാലാണ് നിങ്ങളുടെ ദൈവമായ കർത്താവ് നിങ്ങളെ പുറത്തുകൊണ്ടുവന്നത്. നിങ്ങൾ ഭയപ്പെടുന്ന ജന തകളോടെല്ലാം അവിടുന്ന് അതുപോലെതന്നെ പ്രവർത്തിക്കും.
20മാത്രമല്ല, നിങ്ങളുടെ അടുത്തുനിന്ന് ഓടിയൊളിക്കുന്നവർ നശിക്കുന്നതുവരെ നിങ്ങളുടെ ദൈവമായ കർത്താവ് അവരുടെയിടയിൽ കടന്നലുകളെ അയയ്ക്കും.
21അവരെ ഭയപ്പെടരുത്. എന്തെന്നാൽ, നിങ്ങളുടെ ദൈവമായ കർത്താവ് - വലിയവനും ഭീതിദനുമായ ദൈവം- നിങ്ങളുടെ മധേ്യ ഉണ്ട്.
22നിങ്ങളുടെ ദൈവമായ കർത്താവ് ഈ ജനതകളെ ക്രമേണ ഉൻമൂലനം ചെയ്യും; നീ അവരെ ഒന്നിച്ചു നശിപ്പിക്കരുത്. അല്ലെങ്കിൽ വന്യമൃഗങ്ങൾ പെരുകി നിനക്കു ഭീഷണിയാകും.
23നിങ്ങളുടെ ദൈവമായ കർത്താവ് ഈ ജനതകളെ നിങ്ങൾക്ക് ഏൽപിച്ചുതരും; നിശ്ശേഷം നശിക്കുന്നതുവരെ അവരെ പരിഭ്രാന്തരാക്കുകയും ചെയ്യും.
24അവരുടെ രാജാക്കൻമാരെ അവിടുന്ന് നിങ്ങളുടെ കൈയിൽ ഏൽപിക്കും. ആകാശത്തിൻ കീഴിൽനിന്ന് അവരുടെ പേരുകൾ നിങ്ങൾ നിർമാർജനംചെയ്യണം; അവരെ നിശ്ശേഷം നശിപ്പിക്കുന്നതുവരെ നിങ്ങൾക്കെതിരായി നിൽക്കാൻ ആരും ശക്തിപ്പെടുകയില്ല.
25അവരുടെ ദേവൻമാരുടെ വിഗ്രഹങ്ങൾ അഗ്നിയിൽ ദഹിപ്പിക്കണം; നിങ്ങൾക്ക് ഒരു കെണിയാകാതിരിക്കാൻ അവയിലുള്ള വെള്ളിയോ സ്വർണമോ മോഹിക്കുകയോ എടുക്കുകയോ ചെയ്യരുത്. എന്തെന്നാൽ, നിങ്ങളുടെ ദൈവമായ കർത്താവിന് ഇതു നിന്ദ്യമാണ്.
26വിഗ്രഹത്തെപ്പോലെ നിങ്ങളും ശാപഗ്രസ്തരാകാതിരിക്കാൻ നിന്ദ്യമായ ഒരു വസ്തുവും വീട്ടിലേക്കുകൊണ്ടുവരരുത്. അതിനെ നിശ്ശേഷം വെറുക്കുകയും ഉപേക്ഷിക്കുകയും ചെയ്യണം; എന്തെന്നാൽ, അതു ശാപഗ്രസ്തമാണ്.
വായനാ ക്രമീകരണങ്ങൾ
വചനം സംരക്ഷിക്കുക

വിഭാഗം തിരഞ്ഞെടുക്കുക

ഈ വചനം കണ്ടെത്താൻ സഹായിക്കുന്ന ഒരു വിഭാഗം തിരഞ്ഞെടുക്കുക.

സ്വകാര്യ കുറിപ്പ്

വചന കുറിപ്പ്

⌂ഹോം📖ബൈബിൾ✦പഠനം🔖സംരക്ഷിച്ചത്