നിയമാവർത്തനം 15
അധ്യായങ്ങൾ
സാബത്തുവർഷം
1ഓരോ ഏഴുവർഷം തികയുമ്പോഴും ഋണമോചനം നൽകണം.
2മോചനത്തിൻെറ രീതി ഇതാണ്: ആരെങ്കിലും അയൽക്കാരനു കടം കൊടുത്തിട്ടുണ്ടെങ്കിൽ, അത് ഇളവുചെയ്യണം. അയൽക്കാരനിൽ നിന്നോ സഹോദരനിൽനിന്നോ അത് ഈടാക്കരുത്. എന്തെന്നാൽ, കർത്താവിന്റെ മോചനം പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നു.
3വിദേശീയരിൽനിന്ന് കടം ഈടാക്കിക്കൊള്ളുക. എന്നാൽ, നിൻേറ ത് എന്തെങ്കിലും നിന്റെ സഹോദരന്റെ കൈവശമുണ്ടെങ്കിൽ അത് ഇളവുചെയ്യണം.
4നിങ്ങളുടെയിടയിൽ ദരിദ്രർ ഉണ്ടായിരിക്കുകയില്ല.
5എന്തെന്നാൽ, നിങ്ങളുടെ ദൈവമായ കർത്താവു നിങ്ങൾക്ക് അവകാശമായിത്തരുന്ന ദേശത്ത് നിങ്ങൾ അവിടുത്തെ വാക്കു കേൾക്കുകയും ഞാൻ ഇന്നു നൽകുന്ന അവിടുത്തെ കൽപനകളെല്ലാം ശ്രദ്ധാപൂർവം പാലിക്കുകയും ചെയ്താൽ, അവിടുന്ന് നിങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കും.
6നിങ്ങളുടെ ദൈവമായ കർത്താവു തൻെറ വാഗ്ദാനമനുസരിച്ചു നിങ്ങളെ അനുഗ്രഹിക്കും. നിങ്ങൾ അനേകം ജനതകൾക്കു കടം കൊടുക്കും. നിങ്ങൾ ഒന്നും കടം വാങ്ങുകയില്ല. നിങ്ങൾ അനേകം ജനതകളെ ഭരിക്കും; നിങ്ങളെ ആരും ഭരിക്കുകയില്ല.
7നിങ്ങളുടെ ദൈവമായ കർത്താവ് നിങ്ങൾക്കു നൽകുന്ന ദേശത്തെ പട്ടണങ്ങളിൽ ഏതിലെങ്കിലും ഒരു സഹോദരൻ ദരിദ്രനായിട്ടുണ്ടെങ്കിൽ, നീ നിന്റെ ഹൃദയം കഠിനമാക്കുകയോ അവനു സഹായം നിരസിക്കുകയോ അരുത്.
8അവന് ആവശ്യമുള്ളത് എന്തുതന്നെയായാലും ഉദാരമായി വായ്പ കൊടുക്കണം.
9മോചനത്തിൻെറ വർഷമായ ഏഴാംവർഷം അടുത്തിരിക്കുന്നുവെന്നു നിന്റെ ദുഷ്ടഹൃദയത്തിൽ ചിന്തിച്ചു ദരിദ്രനായ സഹോദരനെ നിഷ്കരുണം വീക്ഷിക്കുകയും അവന് ഒന്നും കൊടുക്കാതിരിക്കുകയും അരുത്. അവൻ നിനക്കെതിരായി കർത്താവിന്റെ സന്നിധിയിൽ നിലവിളിക്കുകയും അങ്ങനെ അതു നിനക്കു പാപമായിത്തീരുകയും ചെയ്യാതിരിക്കാൻ സൂക്ഷിച്ചുകൊള്ളുക.
10നീ അവന് ഉദാരമായി കടംകൊടുക്കണം. അതിൽ ഖേദിക്കരുത്. നിന്റെ ദൈവമായ കർത്താവു നീ ചെയ്യുന്ന എല്ലാ ജോലികളിലും നീ ആരംഭിക്കുന്ന എല്ലാ പ്രവൃത്തികളിലും നിന്നെ അനുഗ്രഹിക്കും.
11ഭൂമിയിൽ ദരിദ്രർ എന്നും ഉണ്ടായിരിക്കും. ആ കയാൽ, നിന്റെ നാട്ടിൽ വസിക്കുന്ന അഗ തിയും ദരിദ്രനുമായ നിന്റെ സഹോദരനുവേണ്ടി കൈയയച്ചു കൊടുക്കുക എന്നു ഞാൻ നിന്നോടു കൽപിക്കുന്നു.
അടിമകൾക്കു മോചനം
12നിന്റെ ഹെബ്രായസഹോദരനോ സഹോദരിയോ നിനക്കു വിൽക്കപ്പെടുകയും നിന്നെ ആറു വർഷം സേവിക്കുകയും ചെയ് താൽ, ഏഴാം വർഷം ആ ആൾക്ക് സ്വാതന്ത്ര്യം നൽകണം.
13സ്വാതന്ത്ര്യം നൽകി അയയ്ക്കുമ്പോൾ വെറും കൈയോടെ വിടരുത്.
14നിന്റെ ആട്ടിൻപറ്റത്തിൽനിന്നും മെതിക്കളത്തിൽനിന്നും മുന്തിരിച്ചക്കിൽനിന്നും അവന് ഉദാരമായി നൽകണം. നിന്റെ ദൈവമായ കർത്താവു നിനക്കു നൽകിയ ദാനങ്ങൾക്കനുസരിച്ച് നീ അവനു കൊടുക്കണം.
15നീ ഒരിക്കൽ ഈജിപ്തിൽ അടിമയായിരുന്നെന്നും നിന്റെ ദൈവമായ കർത്താവാണു നിന്നെ രക്ഷിച്ചതെന്നും ഓർക്കണം. അതിനാലാണ് ഇന്നു ഞാൻ നിന്നോട് ഇക്കാര്യം കൽപിക്കുന്നത്.
16എന്നാൽ, അവൻ നിന്നെയും നിന്റെ കുടുംബത്തെയും സ്നേഹിക്കുകയും നിന്നോടുകൂടെ താമസിക്കാൻ ഇഷ്ടപ്പെടുകയും ചെയ്യുന്നതുകൊണ്ട്, ഞാൻ നിന്നെ പിരിഞ്ഞുപോവുകയില്ല എന്നു പറഞ്ഞാൽ,
17അവനെ ഭവനവാതിൽക്കൽ കൊണ്ടുവന്ന് ഒരു തോൽസൂചികൊണ്ട് നീ അവന്റെ കാതു തുളയ്ക്കണം; അവൻ എന്നും നിന്റെ ദാസനായിരിക്കും. നിന്റെ ദാസിയോടും അപ്രകാരം ചെയ്യുക.
18അവനെ സ്വതന്ത്രനാക്കുമ്പോൾ നിനക്കു ഖേദം തോന്നരുത്. ഒരു കൂലിക്കാരന് കൊടുക്കേണ്ടതിൻെറ പകുതിച്ചെലവിന് അവൻ ആറു വർഷം നിനക്കുവേണ്ടി ജോലി ചെയ്തു. നിന്റെ ദൈവമായ കർത്താവു നിന്റെ എല്ലാ പ്രവൃത്തികളിലും നിന്നെ അനുഗ്രഹിക്കും.
കടിഞ്ഞൂലുകൾ
19നിന്റെ ആടുമാടുകളിൽ ആൺകടിഞ്ഞൂലുകളെയെല്ലാം നിന്റെ ദൈവമായ കർത്താവിനു സമർപ്പിക്കണം. കടിഞ്ഞൂൽക്കാളയെക്കൊണ്ടു പണി എടുപ്പിക്കരുത്; കടിഞ്ഞൂലാടിൻെറ രോമം കത്രിക്കുകയും അരുത്.
20നിന്റെ ദൈവമായ കർത്താവു തിരഞ്ഞെടുക്കുന്ന സ്ഥലത്തുവച്ച് അവിടുത്തെ സന്നിധിയിൽ വർഷം തോറും നീയും നിന്റെ കുടുംബവും അവയെ ഭക്ഷിക്കണം.
21അവയ്ക്ക് മുടന്തോ അന്ധതയോ മറ്റെന്തെങ്കിലുംന്യൂനതയോ ഉണ്ടെങ്കിൽ നിന്റെ ദൈവമായ കർത്താവിന് അവയെ ബലികഴിക്കരുത്.
22നിന്റെ പട്ടണത്തിൽ വച്ചുതന്നെ അതിനെ ഭക്ഷിച്ചുകൊള്ളുക. ഒരു കലമാനിനെയോ പുള്ളിമാനിനെയോ എന്നതുപോലെ, ശുദ്ധ നും അശുദ്ധനും ഒന്നുപോലെ, അതു ഭക്ഷിക്കാം.
23എന്നാൽ, രക്തം ഭക്ഷിക്കരുത്. അതു ജലംപോലെ നിലത്തൊഴിച്ചുകളയണം.