നിയമാവർത്തനം 19
അധ്യായങ്ങൾ
അഭയനഗരങ്ങൾ
1നിന്റെ ദൈവമായ കർത്താവു ജനതകളെ നശിപ്പിച്ച് അവരുടെ സ്ഥലം നിനക്കുതരുകയും നീ അതു കൈവശമാക്കി അവരുടെ പട്ടണങ്ങളിലും ഭവനങ്ങളിലും വാസ മുറപ്പിക്കുകയും ചെയ്യുമ്പോൾ,
2അവിടുന്നു നിനക്ക് അവകാശമായിത്തരുന്ന ദേശത്തു മൂന്നു പട്ടണങ്ങൾ വേർതിരിക്കണം.
3ആ ദേശത്തെ, മൂന്നായി വിഭജിക്കുകയും ഏതു കൊലപാതകിക്കും ഓടിയൊളിക്കാൻവേണ്ടി അവിടെയുള്ള മൂന്നു പട്ടണങ്ങളിലേക്കും വഴി നിർമിക്കുകയും വേണം.
4കൊലപാതകിക്ക് അവിടെ അഭയംതേടി ജീവൻ രക്ഷിക്കാവുന്ന സാഹചര്യം ഇതാണ്: പൂർവവിദേ്വഷം കൂടാതെ അബദ്ധവശാൽ തൻെറ അയൽക്കാരനെ കൊല്ലാനിടയാൽ,
5ഉദാഹരണത്തിന്, അവൻ മരംമുറിക്കാനായി അയൽക്കാരനോടുകൂടെ കാട്ടിലേക്കു പോകുകയും മരം മുറിക്കുന്നതിനിടയിൽ കോടാലി കൈയിൽനിന്നു തെറിച്ച് അയൽക്കാരന്റെ മേൽ പതിക്കുകയും, തൻമൂലം അവൻ മരിക്കുകയും ചെയ്താൽ, അവൻ മേൽപറഞ്ഞഏതെങ്കിലും പട്ടണത്തിൽ ഓടിയൊളിക്കട്ടെ.
6അഭയ നഗരത്തിലേക്കുള്ള വഴി ദീർഘമാണെങ്കിൽ, വധിക്കപ്പെട്ടവൻെറ രക്തത്തിനു പ്രതികാരം ചെയ്യേണ്ട ബന്ധു കോപാക്രാന്തനായി ഘാതകന്റെ പിറകേ ഓടിയെത്തുകയും പൂർവവിദേ്വഷം ഇല്ലാതിരുന്നതിനാൽ മരണശിക്ഷയ്ക്ക് അർഹനല്ലെങ്കിൽപ്പോലും അവനെ കൊല്ലുകയും ചെയ്തേക്കാം.
7അതുകൊണ്ടാണ് മൂന്നു പട്ടണങ്ങൾ തിരിച്ചിടണമെന്ന് ഞാൻ കൽപിക്കുന്നത്.
8ഞാനിന്നു നൽകുന്ന ഈ കൽപനകളെല്ലാം ശ്രദ്ധാപൂർവംഅനുസരിച്ച് നിന്റെ ദൈവമായ
9കർത്താവിനെ സ്നേഹിക്കുകയും എന്നും അവിടുത്തെ വഴിയിൽ നടക്കുകയും ചെയ്താൽ നിന്റെ ദൈവമായ കർത്താവു നിന്റെ പിതാക്കൻമാരോടു ശപഥം ചെയ്തിട്ടുള്ളതുപോലെ നിന്റെ രാജ്യത്തിന്റെ അതിർത്തി വിസ്തൃതമാക്കി നിന്റെ പിതാക്കൻമാർക്കു നൽകുമെന്നു വാഗ്ദാനം ചെയ്ത ദേശം മുഴുവൻ നിനക്കു തരും. അപ്പോൾ മറ്റു മൂന്നു പട്ടണങ്ങൾകൂടി നീ ആദ്യത്തെ മൂന്നിനോടു ചേർക്കും.
10നിന്റെ ദൈവമായ കർത്താവു നിനക്ക് അവകാശമായിത്തരുന്ന ദേശത്ത് നിർദോഷന്റെ രക്തം ഒഴുകുകയും ആ രക്തത്തിന്റെ കുറ്റം നിന്റെ മേൽ പതിക്കുകയും ചെയ്യാതിരിക്കേണ്ടതിനാണിത്.
11എന്നാൽ, ഒരുവൻ തൻെറ അയൽക്കാരനെ വെറുക്കുകയും പതിയിരുന്ന് ആക്രമിക്കുകയും മാരകമായി മുറിവേൽപിച്ചു കൊല്ലുകയും ചെയ്തതിനുശേഷം ഈ പട്ടണങ്ങളിൽ ഒന്നിൽ ഓടിയൊളിച്ചാൽ
12അവന്റെ പട്ടണത്തിലെ ശ്രേഷ്ഠൻമാർ അവനെ ആളയച്ചു വരുത്തി രക്തത്തിനു പ്രതികാരം ചെയ്യേണ്ടവന്റെ കരങ്ങളിൽ കൊല്ലാൻ ഏൽപിച്ചുകൊടുക്കണം.
13അവനോടു കാരുണ്യം കാണിക്കരുത്; നിഷ്കളങ്കരക്തം ചിന്തിയ കുറ്റം ഇസ്രായേലിൽനിന്നു തുടച്ചുമാറ്റണം. അപ്പോൾ നിനക്കു നൻമയുണ്ടാകും.
14നിന്റെ ദൈവമായ കർത്താവ് അവകാശമായിത്തരുന്ന ദേശത്തു നിനക്ക് ഓഹരി ലഭിക്കുമ്പോൾ അയൽക്കാരന്റെ അതിർത്തിക്കല്ലു പൂർവികർ സ്ഥാപിച്ചിടത്തു നിന്നു മാറ്റരുത്.
സാക്ഷികൾ
15തെറ്റിൻെറ യോ കുറ്റത്തിൻെറ യോ സത്യാവസ്ഥ തീരുമാനിക്കാൻ ഒരു സാക്ഷി പോരാ; രണ്ടോ മൂന്നോ സാക്ഷികളുടെ മൊഴി വേണം.
16ആരെങ്കിലും വ്യാജമായി ഒരുവനെതിരേ കുറ്റമാരോപിക്കുകയാണെങ്കിൽ
17ഇരുവരും കർത്താവിന്റെ സന്നിധിയിൽ അന്നത്തെ പുരോഹിതൻമാരുടെയുംന്യായാധിപൻമാരുടെയും അടുത്തു ചെല്ലണം.
18ന്യായാധിപൻമാർ സൂക്ഷമമായ അനേ്വഷണം നടത്തണം. സാക്ഷി കള്ളസാക്ഷിയാണെന്നും അവൻ തൻെറ സഹോദരനെ തിരായി വ്യാജാരോപണം നടത്തിയെന്നുംതെളിഞ്ഞാൽ,
19അവൻ തൻെറ സഹോദരനോടു ചെയ്യാൻ ഉദ്ദേശിച്ചത് നീ അവനോടു ചെയ്യണം. അങ്ങനെ ആ തിൻമ നിങ്ങളുടെ ഇടയിൽനിന്നു നീക്കിക്കളയണം.
20മറ്റുള്ളവർ ഇതുകേട്ടു ഭയപ്പെട്ട് ഇത്തരം തിൻമ നിങ്ങളുടെ ഇടയിൽ മേലിൽ പ്രവർത്തിക്കാതിരിക്കട്ടെ.
21നീ അവനോടു കാരുണ്യം കാണിക്കരുത്. ജീവനു പകരം ജീവൻ, കണ്ണിനു കണ്ണ്, പല്ലിനു പല്ല്, കൈക്കു കൈ, കാലിനു കാല്.