നിയമാവർത്തനം 10
അധ്യായങ്ങൾ
വീണ്ടും ഉടമ്പടിപ്പത്രിക
1കർത്താവ് എന്നോട് അരുളിച്ചെയ്തു: ആദ്യത്തേതുപോലെ രണ്ട് കൽപലകകൾ വെട്ടിയെടുത്തുകൊണ്ട് മലയുടെ മുകളിൽ എന്റെ യടുത്തു വരുക. മരംകൊണ്ട് ഒരു പേടകവും ഉണ്ടാക്കുക.
2നീ ഉടച്ചുകളഞ്ഞആദ്യത്തെ പലകകളിലുണ്ടായിരുന്ന വാക്കുകൾ ഞാൻ അവയിൽ എഴതും; നീ അവ ആ പേടകത്തിൽ വയ്ക്കണം.
3അതനുസരിച്ച് കരുവേലമരംകൊണ്ടു ഞാൻ ഒരു പേടകം ഉണ്ടാക്കി, മുൻപിലത്തേതുപോലെയുള്ള രണ്ടു കൽപലകകളും വെട്ടിയെടുത്തുകൊണ്ട് മലമുകളിലേക്കു പോയി.
4ജനത്തിന്റെ സമ്മേളനദിവസം നിങ്ങളുടെ ദൈവമായ കർത്താവ് മലയിൽവച്ച് അഗ്നിയുടെ മധ്യത്തിൽനിന്നു നിങ്ങളോട് അരുളിച്ചെയ്ത പത്തു പ്രമാണങ്ങളും ആദ്യത്തേതുപോലെ ആ പലകകളിൽ എഴുതി എനിക്കു തന്നു.
5പിന്നീടു ഞാൻ മലയിൽ നിന്ന് ഇറങ്ങിവന്നു; ഞാനുണ്ടാക്കിയ പേടകത്തിൽ ആ പല കകൾ നിക്ഷേപിച്ചു. കർത്താവ് എന്നോടു കൽപിച്ചതുപോലെ അവ അതിൽ സൂക്ഷിച്ചിരിക്കുന്നു.
6ഇസ്രായേൽജനംയാക്കാൻെറ മക്കളുടെ കിണറുകളുടെ സമീപത്തു നിന്നു മൊസേറയിലേക്ക്യാത്രചെയ്തു. അവിടെ വച്ച് അഹറോൻമരിച്ചു; അവിടെത്തന്നെ അവനെ സംസ്കരിക്കുകയും ചെയ്തു. അവനുപകരം മകൻ എലെയാസർ പുരോഹിത ശുശ്രൂഷ ഏറ്റെടുത്തു.
7അവിടെനിന്ന് അവർ ഗുദ്ഗോദായിലേക്കും ഗുദ്ഗോദായിൽനിന്ന് അരുവികളുടെ നാടായ യോത്ബാത്തായിലേക്കുംയാത്രചെയ്തു.
8അക്കാലത്ത് കർത്താവിന്റെ ഉടമ്പടിയുടെ പേടകം വഹിക്കാനും അവിടുത്തെ സന്നിധിയിൽ അവിടുത്തേക്കു ശുശ്രൂഷ ചെയ്യാനും അവിടുത്തെനാമത്തിൽ അനുഗ്രഹിക്കാനുമായി ലേവിയുടെ ഗോത്രത്തെ കർത്താവു വേർതിരിച്ചു. ഇവയാണ് ഇന്നോളം അവരുടെ കടമകൾ.
9അതിനാൽ, ലേവ്യർക്കു തങ്ങളുടെ സഹോദരരോടൊത്ത് ഒരു ഓഹരിയും അവകാശവും ഇല്ല. നിന്റെ ദൈവമായ കർത്താവ് അരുളിച്ചെയ്തതുപോലെ അവിടുന്നാണ് അവരുടെ അവകാശം.
10ആദ്യത്തേതുപോലെ നാൽപതു രാവും പകലും ഞാൻ മലയിൽ താമസിച്ചു. ആ പ്രാവശ്യവും കർത്താവ് എന്റെ പ്രാർഥന കേട്ടു; അവിടുന്നു നിങ്ങളെ നശിപ്പിക്കുകയില്ലെന്നു തീരുമാനിച്ചു.
11കർത്താവ് എന്നോടരുളിച്ചെയ്തു: ഞാൻ അവർക്കു കൊടുക്കാമെന്ന് അവരുടെ പിതാക്കൻമാരോടു ശപഥം ചെയ്തിട്ടുള്ള ദേശം അവർ പോയി കരസ്ഥമാക്കേണ്ടതിന് നീ എഴുന്നേറ്റ് അവരെ നയിക്കുക.
അനുസരണം ആവശ്യപ്പെടുന്നു
12ഇസ്രായേലേ, നിങ്ങളുടെ ദൈവമായ കർത്താവു നിങ്ങളിൽനിന്ന് ആവശ്യപ്പെടുന്നത്, നിങ്ങൾ അവിടുത്തെ ഭയപ്പെടുകയും അവിടുത്തെ മാർഗത്തിൽ ചരിക്കുകയും അവിടുത്തെ സ്നേഹിക്കുകയും പൂർണഹൃദയത്തോടും പൂർണാത്മാവോടുംകൂടെ അവിടുത്തെ സേവിക്കുകയും,
13നിങ്ങളുടെ നൻമയ്ക്കായി ഞാനിന്നു നൽകുന്ന കർത്താവിന്റെ കൽപനകളും ചട്ടങ്ങളും അനുസരിക്കുകയും ചെയ്യുക എന്നതല്ലാതെ എന്താണ്?
14ആകാശവും ആകാശങ്ങളുടെ ആകാശവും ഭൂമിയും അവയിലുള്ള സമസ്തവും നിന്റെ ദൈവമായ കർത്താവിൻേറതാണ്.
15എങ്കിലും കർത്താവു നിങ്ങളുടെ പിതാക്കൻമാരിൽ സംപ്രീതനായി അവരെ സ്നേഹിക്കുകയും അവർക്കുശേഷം അവരുടെ സന്തതികളായ നിങ്ങളെ ഇന്നും നിങ്ങൾ ആയിരിക്കുന്നതുപോലെ മറ്റെല്ലാ ജനങ്ങൾക്കുമുപരിയായി തിരഞ്ഞെടുക്കുകയും ചെയ്തു.
16ആകയാൽ, ഹൃദയം തുറക്കുവിൻ; ഇനിമേൽ ദുശ്ശാഠ്യക്കാരായിരിക്കരുത്.
17എന്തെന്നാൽ, നിങ്ങളുടെ ദൈവമായ കർത്താവു ദൈവങ്ങളുടെ ദൈവവും നാഥൻമാരുടെ നാഥനും മഹാനും ശക്തനും ഭീതിദനുമായ ദൈവവും മുഖം നോക്കാത്തവനും കൈക്കൂലി വാങ്ങാത്തവനും ആണ്.
18അവിടുന്ന് അനാഥർക്കും വിധവകൾക്കും നീതി നടത്തിക്കൊടുക്കുന്നു; ഭക്ഷണവും വസ്ത്രവും നൽകി പരദേശിയെ സ്നേഹിക്കുകയും ചെയ്യുന്നു.
19അതിനാൽ, പരദേശിയെ സ്നേഹിക്കുക; ഈജിപ്തിൽ നിങ്ങൾ പരദേശികളായിരുന്നല്ലോ.
20നിങ്ങളുടെ ദൈവമായ കർത്താവിനെ ഭയപ്പെടണം. നിങ്ങൾ അവിടുത്തെ സേവിക്കുകയും അവിടുത്തോടു ചേർന്നുനിൽക്കുകയും അവിടുത്തെനാമത്തിൽ മാത്രം സത്യംചെയ്യുകയും വേണം.
21അവിടുന്നാണു നിങ്ങളുടെ അഭിമാനം. നിങ്ങളുടെ കണ്ണുകൾ കണ്ടിട്ടുള്ള മഹത്തും ഭയങ്കരവുമായ ഈ പ്രവൃത്തികൾ നിങ്ങൾക്കുവേണ്ടി ചെയ്ത നിങ്ങളുടെ ദൈവമാണ് അവിടുന്ന്.
22നിങ്ങളുടെ പിതാക്കൻമാർ എഴുപതുപേരാണ് ഈജിപ്തിലേക്കു പോയത്. എന്നാൽ ഇപ്പോൾ നിങ്ങളുടെ ദൈവമായ കർത്താവു നിങ്ങളെ ആകാശത്തിലെ നക്ഷത്രങ്ങൾ കണക്കെ അസംഖ്യമായി വർധിപ്പിച്ചിരിക്കുന്നു.