Menu
Print passage

പ്രിന്റിനുള്ള വചനങ്ങൾ

ഒന്നോ അതിലധികമോ അധ്യായങ്ങളും വചനപരിധിയും തിരഞ്ഞെടുക്കുക.

നിയമാവർത്തനം 5

അധ്യായങ്ങൾ

ഹോറെബിലെ ഉടമ്പടി

1മോശ ഇസ്രായേൽക്കാരെയെല്ലാം വിളിച്ചു കൂട്ടി പറഞ്ഞു: ഇസ്രായേലേ, കേട്ടാലും. നിങ്ങളോടു ഞാനിന്നു പറയുന്ന ചട്ടങ്ങളും നിയമങ്ങളും പഠിക്കുകയും അനുഷ്ഠിക്കുവാൻ ശ്രദ്ധിക്കുകയും ചെയ്യുവിൻ.
2നമ്മുടെ ദൈവമായ കർത്താവ് ഹോറെബിൽവച്ചു നമ്മോട് ഒരു ഉടമ്പടി ചെയ്തു.
3നമ്മുടെ പിതാക്കൻമാരോടല്ല നമ്മോടാണ് കർത്താവ് ഉടമ്പടി ചെയ്തത് - ഇന്ന് ഇവിടെ ജീവനോടെയിരിക്കുന്ന നമ്മോട്.
4മലയിൽ വച്ച് അഗ്നിയുടെ മധ്യത്തിൽ നിന്നുകൊണ്ട് അവിടുന്നു നിങ്ങൾക്ക് അഭിമുഖമായി സംസാരിച്ചു.
5ഞാനപ്പോൾ കർത്താവിൻെറയും നിങ്ങളുടെയും മധേ്യ അവിടുത്തെ വാക്കുകൾ നിങ്ങളെ അറിയിക്കാൻ നിൽക്കുകയായിരുന്നു. എന്തെന്നാൽ, അഗ്നി നിമിത്തം നിങ്ങൾ ഭയപ്പെട്ടു മലയിലേക്കു കയറിപ്പോയില്ല.

പത്തു കൽപനകൾ

6അവിടുന്നു പറഞ്ഞു: അടിമത്തത്തിന്റെ ഭവനമായ ഈജിപ്തിൽനിന്നു നിന്നെ മോചിപ്പിച്ചുകൊണ്ടുവന്ന നിന്റെ ദൈവമായ കർത്താവു ഞാനാണ്.
7ഞാനല്ലാതെ മറ്റൊരുദൈവം നിനക്കുണ്ടാകരുത്.
8നിനക്കായി ഒരു വിഗ്രഹവും ഉണ്ടാക്കരുത്; മുകളിൽ ആകാശത്തോ താഴെ ഭൂമിയിലോ ഭൂമിക്കടിയിലെ ജലത്തിലോ ഉള്ള ഒന്നിന്റെയും പ്രതിമ ഉണ്ടാക്കരുത്.
9നീ അവയെ കുമ്പിട്ടാരാധിക്കുകയോ സേവിക്കുകയോ ചെയ്യരുത്. എന്തെന്നാൽ, നിന്റെ ദൈവവും കർത്താവുമായ ഞാൻ എന്നെ വെറുക്കുന്നവരുടെ മൂന്നും നാലും തലമുറകൾവരെയുള്ള മക്കളെ അവരുടെ പിതാക്കൻമാരുടെ തിൻമമൂലം ശിക്ഷിക്കുന്ന അസഹിഷ്ണുവായ ദൈവമാണ്.
10എന്നാൽ, എന്നെ സ്നേഹിക്കുകയും എന്റെ കൽപനകൾ പാലിക്കുകയുംചെയ്യുന്നവരോട് ആയിരം തലമുറവരെ ഞാൻ കാരുണ്യം കാണിക്കും.
11നിന്റെ ദൈവമായ കർത്താവിന്റെ നാമം വൃഥാ ഉപയോഗിക്കരുത്. തൻെറ നാമം വൃഥാ ഉപയോഗിക്കുന്നവനെ കർത്താവു ശിക്ഷിക്കാതെ വിട്ടയയ്ക്കുകയില്ല.
12നിന്റെ ദൈവമായ കർത്താവു കൽപിച്ചതുപോലെ സാബത്ത് ആചരിക്കുക - വിശുദ്ധമായി കൊണ്ടാടുക.
13ആറുദിവസം അധ്വാനിക്കുകയും എല്ലാ ജോലികളും നിർവഹിക്കുകയും ചെയ്തുകൊള്ളുക.
14എന്നാൽ, ഏഴാംദിവസം നിന്റെ ദൈവമായ കർത്താവിന്റെ സാബത്താണ്. അന്ന് ഒരു ജോലിയും ചെയ്യരുത്; നീയും നിന്റെ മകനോ മകളോ ദാസനോ ദാസിയോ കാളയോ കഴുതയോ മൃഗങ്ങളിലേതെങ്കിലുമോ നിന്റെ പട്ടണത്തിലുള്ള പരദേശിയോ ഒരു ജോലിയും ചെയ്യരുത്. നിന്നെപ്പോലെതന്നെ നിന്റെ ദാസനും ദാസിയും വിശ്രമിക്കട്ടെ.
15നീ ഈജിപ്തിൽ ദാസനായിരുന്നുവെന്നും നിന്റെ ദൈവമായ കർത്താവു തൻെറ കരുത്തുറ്റ കരം നീട്ടി അവിടെനിന്ന് നിന്നെ മോചിപ്പിച്ചു കൊണ്ടുവന്നുവെന്നും ഓർമിക്കുക. അതുകൊണ്ട് സാബത്തുദിനം ആചരിക്കാൻ അവിടുന്നു നിന്നോടു കൽപിച്ചിരിക്കുന്നു.
16നീ ദീർഘനാൾ ജീവിച്ചിരിക്കാനും നിന്റെ ദൈവമായ കർത്താവ് തരുന്ന നാട്ടിൽ നിനക്കു നൻമയുണ്ടാകാനും വേണ്ടി അവിടുന്നു കൽപിച്ചിരിക്കുന്നതുപോലെ നിന്റെ പിതാവിനെയും മാതാവിനെയും ബഹുമാനിക്കുക.
17നീ കൊല്ലരുത്.
18വ്യഭിചാരം ചെയ്യ രുത്.
19നീ മോഷ്ടിക്കരുത്.
20അയൽക്കാരനെതിരായി നീ കള്ളസാക്ഷ്യം നൽകരുത്.
21നിന്റെ അയൽക്കാരന്റെ ഭാര്യയെ നീമോഹിക്കരുത്; അവന്റെ ഭവനത്തെയോ വയലിനെയോ ദാസനെയോ ദാസിയെയോ കാളയെയോ കഴുതയെയോ അവന്റെ മറ്റെന്തെങ്കിലുമോ നീ ആഗ്രഹിക്കരുത്.

നിയമം മോശവഴി

22ഈ വചനങ്ങൾ കർത്താവു മലയിൽ അഗ്നിയുടെയും മേഘത്തിൻെറയും കനത്ത അന്ധകാരത്തിന്റെയും മധേ്യനിന്നുകൊണ്ട് അത്യുച്ചത്തിൽ നിങ്ങളുടെ സമൂഹം മുഴുവനോടുമായി അരുളിച്ചെയ്തു: അവിടുന്ന് ഇതിൽ കൂടുതലൊന്നും പറഞ്ഞില്ല. അവിടുന്നു രണ്ടു കൽപലകകളിൽ ഇവയെല്ലാം എഴുതി എന്നെ ഏൽപിച്ചു. പർവതം കത്തിയെരിഞ്ഞുകൊണ്ടിരിക്കെ അന്ധകാരത്തിന്റെ മധ്യത്തിൽനിന്നു സ്വരംകേട്ട് നിങ്ങൾ,
23എല്ലാ ഗോത്രത്തലവൻമാരും ശ്രേഷ്ഠൻമാരും എന്റെ അടുക്കൽ വന്നു.
24നിങ്ങൾ പറഞ്ഞു: ഇതാ, ദൈവമായ കർത്താവ് തൻെറ പ്രതാപവും മഹത്വവും ഞങ്ങളെ കാണിച്ചിരിക്കുന്നു; അഗ്നിയുടെ മധ്യത്തിൽനിന്ന് അവിടുത്തെ സ്വരവും ഞങ്ങൾ കേട്ടു; ദൈവം മനുഷ്യനോടു സംസാരിച്ചിട്ടും അവൻ ജീവനോടുകൂടിത്തന്നെ ഇരിക്കുന്നത് ഇന്നു ഞങ്ങൾ കണ്ടു.
25ആകയാൽ, ഞങ്ങളെന്തിനു മരിക്കണം? എന്തെന്നാൽ, ഈ വലിയ അഗ്നി ഞങ്ങളെ വിഴുങ്ങും. ഞങ്ങളുടെദൈവമായ കർത്താവിന്റെ സ്വരം ഇനിയുംശ്രവിച്ചാൽ ഞങ്ങൾ മരിച്ചുപോകും.
26എന്തെന്നാൽ, അഗ്നിയുടെ മധ്യത്തിൽ നിന്നു സംസാരിക്കുന്ന ജീവനുള്ള ദൈവത്തിന്റെ ശബ്ദം കേട്ടിട്ടും ജീവിച്ചിരിക്കുന്ന ഞങ്ങളെപ്പോലെയുള്ള മർത്യർ വേറെആരുള്ളൂ?
27നീ അടുത്തുപോയി നമ്മുടെ ദൈവമായ കർത്താവു പറയുന്നതെല്ലാം കേൾക്കുക; അവിടുന്നു നിന്നോടു പറയുന്നതെല്ലാം ഞങ്ങളോടു വന്നു പറയുക. ഞങ്ങൾ അവയെല്ലാം കേട്ടനുസരിച്ചുകൊള്ളാം.
28നിങ്ങൾ എന്നോടു സംസാരിച്ചതുകേട്ടിട്ട് കർത്താവ് എന്നോടരുളിച്ചെയ്തു: നിന്നോട് ഈ ജനം പറഞ്ഞതു ഞാൻ കേട്ടു. അവർ പറഞ്ഞതെല്ലാം നന്നായിരിക്കുന്നു.
29എന്നും എന്നെ ഭയപ്പെടാനും എന്റെ കൽപനകൾ പാലിക്കുന്നതുവഴി അവർക്കും അവരുടെ സന്തതികൾക്കും എന്നേക്കും നൻമയുണ്ടാകാനുമായി ഇതുപോലെ സന്നദ്ധതയുള്ള ഒരു മനസ്സ് അവർക്ക് എന്നും ഉണ്ടായിരുന്നെങ്കിൽ!
30കൂടാരങ്ങളിലേക്കു മടങ്ങിപ്പോകാൻ അവരോടുപറയുക.
31നീ ഇവിടെ എന്റെ കൂടെ നിൽക്കുക; ഞാൻ അവകാശമായി നൽകുന്ന സ്ഥലത്തു ചെല്ലുമ്പോൾ അവർ അനുഷ്ഠിക്കേണ്ട എല്ലാ നിയമങ്ങളും കൽപനകളും ചട്ടങ്ങളും അവരെ പഠിപ്പിക്കാൻ ഞാൻ നിനക്കു പറഞ്ഞുതരാം.
32ആകയാൽ, നിങ്ങളുടെ ദൈവമായ കർത്താവു നിങ്ങളോടു കൽപിച്ചതുപോലെ പ്രവർത്തിക്കാൻ നിങ്ങൾ ശ്രദ്ധാലുക്കളായിരിക്കണം; നിങ്ങൾ ഇടംവലം വ്യതിചലിക്കരുത്.
33നിങ്ങൾ ജീവിച്ചിരിക്കാനും നിങ്ങൾക്കു നൻമയുണ്ടാകാനും നിങ്ങൾ കൈവശമാക്കുന്ന ദേശത്ത് ദീർഘനാൾ വസിക്കാനുംവേണ്ടി നിങ്ങളുടെ ദൈവമായ കർത്താവു കൽപിച്ചിട്ടുളള മാർഗത്തിലൂടെ ചരിക്കണം.
വായനാ ക്രമീകരണങ്ങൾ
വചനം സംരക്ഷിക്കുക

വിഭാഗം തിരഞ്ഞെടുക്കുക

ഈ വചനം കണ്ടെത്താൻ സഹായിക്കുന്ന ഒരു വിഭാഗം തിരഞ്ഞെടുക്കുക.

സ്വകാര്യ കുറിപ്പ്

വചന കുറിപ്പ്

⌂ഹോം📖ബൈബിൾ✦പഠനം🔖സംരക്ഷിച്ചത്