മർക്കോസ് 4
അധ്യായങ്ങൾ
വിതക്കാരൻെറ ഉപമ
1കടൽത്തീരത്തുവച്ച് യേശു വീണ്ടും പഠിപ്പിക്കാൻ തുടങ്ങി. വളരെ വലിയ ഒരു ജനാവലി അവനുചുറ്റും കൂടി. അതിനാൽ, കടലിൽ കിടന്ന ഒരു വഞ്ചിയിൽ അവൻ കയറി ഇരുന്നു. ജനങ്ങളെല്ലാം കരയിൽ കടലിനഭിമുഖമായി നിന്നു.3334
2അവൻ ഉപമ കൾവഴി പല കാര്യങ്ങൾ അവരെ പഠിപ്പിച്ചു.
3അവരെ ഉപദേശിച്ചുകൊണ്ട് അവൻ പറഞ്ഞു: കേൾക്കുവിൻ, ഒരു വിതക്കാരൻ വിതയ്ക്കാൻ പുറപ്പെട്ടു.
4വിതച്ചപ്പോൾ വിത്തുകളിൽ ചിലതു വഴിയരികിൽ വീണു. പക്ഷികൾ വന്ന് അവ തിന്നുകളഞ്ഞു.
5മറ്റുചിലത് മണ്ണ് അധികമില്ലാത്ത പാറപ്പുറത്തു വീണു. മണ്ണിന് ആഴമില്ലാതിരുന്നതിനാൽ അതു പെട്ടെന്നു മുളച്ചുപൊങ്ങി.
6സൂര്യനുദിച്ചപ്പോൾ അതു വെയിലേറ്റു വാടുകയും വേരില്ലാതിരുന്നതിനാൽ കരിഞ്ഞുപോവുകയുംചെയ്തു.
7വേറെ ചിലതു മുൾച്ചെടികൾക്കിടയിൽ വീണു. മുൾച്ചെടികൾ വളർന്ന് അതിനെ ഞെരുക്കിക്ക ളഞ്ഞു. അതു ഫലം പുറപ്പെടുവിച്ചില്ല.
8ശേഷിച്ചവിത്തുകൾ നല്ല മണ്ണിൽ പതിച്ചു. അവ തഴച്ചുവളർന്ന്, മുപ്പതുമേനിയും അറുപതുമേനിയും നൂറുമേനിയും ഫലം വിളയി ച്ചു.
9അവൻ പറഞ്ഞു: കേൾക്കാൻ ചെവിയുള്ളവൻ കേൾക്കട്ടെ.
ഉപമകളുടെ ഉദ്ദേശ്യം
10അവൻ തനിച്ചായപ്പോൾ പന്ത്രണ്ടുപേരും കൂടെയുണ്ടായിരുന്ന മറ്റുള്ളവരും ഉപമകളെക്കുറിച്ച് അവനോടു ചോദിച്ചു.3536
11അവൻ പറഞ്ഞു: ദൈവരാജ്യത്തിന്റെ രഹസ്യം നിങ്ങൾക്കാണു നൽകപ്പെട്ടിരിക്കുന്നത്, പുറത്തുള്ളവർക്കാകട്ടെ, എല്ലാം ഉപമകളിലൂടെ മാത്രം.
12അവർ കണ്ടിട്ടും കാണാതിരിക്കുന്നതിനും കേട്ടിട്ടും ഗ്രഹിക്കാതിരിക്കുന്നതിനും അങ്ങനെ അവർ മനസ്സുതിരിഞ്ഞ് മോചനം പ്രാപിക്കാതിരിക്കുന്നതിനും വേണ്ടിയാണ് അത്.
വിതക്കാരൻെറ ഉപമ - വിശദീകരണം
13അവൻ അവരോടു ചോദിച്ചു: ഈ ഉപമ നിങ്ങൾക്കു മനസ്സിലാകുന്നില്ലേ? അങ്ങനെയെങ്കിൽ, ഉപമകളെല്ലാം നിങ്ങൾ എങ്ങനെ മനസ്സിലാക്കും?3738
14വിതക്കാരൻ വചനം വിതയ്ക്കുന്നു. ചിലർ വചനം ശ്ര വിക്കുമ്പോൾത്തന്നെ സാത്താൻവന്ന്,
15അവരിൽ വിതയ്ക്കപ്പെട്ട വചനം നീക്കംചെയ്യുന്നു. ഇവരാണ് വഴിയരികിൽ വിതയ്ക്കപ്പെട്ട വിത്ത്.
16ചിലർ വചനം കേൾക്കുമ്പോൾ സന്തോഷപൂർവം അതു സ്വീകരിക്കുന്നു. പാറപ്പുറത്തു വിതയ്ക്കപ്പെട്ട വിത്ത് ഇവരാണ്.
17വേരില്ലാത്തതിനാൽ, അവ അൽപസമയത്തേക്കുമാത്രം നിലനിൽക്കുന്നു. വചനത്തെപ്രതി ക്ലേശവും പീഡയുമുണ്ടാകുമ്പോൾ തത്ക്ഷണം അവർ വീണുപോകുന്നു.
18മുൾച്ചെടികൾക്കിടയിൽ വിതയ്ക്കപ്പെട്ടത് മറ്റുചിലരാണ്. അവർ വചനം ശ്രവിക്കുന്നു.
19എന്നാൽ, ലൗകിക വ്യഗ്രതയും ധനത്തിൻെറ ആകർഷണവും മറ്റു വസ്തുക്കൾക്കുവേണ്ടിയുള്ള ആഗ്രഹവും അവരിൽ കടന്നുകൂടി വചനത്തെ ഞെരുക്കുകയും അതു ഫലശൂന്യമാവുകയും ചെയ്യുന്നു.
20നല്ല മണ്ണിൽ വിതയ്ക്കപ്പെട്ട വിത്താകട്ടെ, വചനം ശ്രവിക്കുകയും സ്വീകരിക്കുകയും ചെയ്യുന്നവരാണ്. അവർ മുപ്പതുമേനിയും അറുപതുമേനിയും നൂറുമേനിയും ഫലം പുറപ്പെടുവിക്കുന്നു.
ദീപം മറച്ചുവയ്ക്കരുത്
21അവൻ അവരോടു പറഞ്ഞു: വിളക്കുകൊണ്ടുവരുന്നത് പറയുടെ കീഴിലോകട്ടിലിൻെറ അടിയിലോ വയ്ക്കാനാണോ? പീഠത്തിൻമേൽ വയ്ക്കാനല്ലേ?39
22വെളിപ്പെടുത്തപ്പെടാതെ മറഞ്ഞിരിക്കുന്ന ഒന്നുമില്ല. വെളിച്ചത്തുവരാതെ രഹസ്യമായിരിക്കുന്നതും ഒന്നുമില്ല.
23കേൾക്കാൻ ചെവിയുള്ളവൻ കേൾക്കട്ടെ. അവൻ പറഞ്ഞു:
24നിങ്ങൾ ശ്രദ്ധിച്ചു കേൾക്കുവിൻ. നിങ്ങൾ അളക്കുന്ന അളവിൽത്തന്നെ നിങ്ങൾക്കും അളന്നുകിട്ടും; കൂടുതലും ലഭിക്കും.
25ഉള്ള വനു നൽകപ്പെടും; ഇല്ലാത്തവനിൽനിന്ന് ഉള്ളതുപോലും എടുക്കപ്പെടും.
വിത്തിൻെറ ഉപമ
26അവൻ പറഞ്ഞു: ദൈവരാജ്യം, ഒരുവൻ ഭൂമിയിൽ വിത്തു വിതയ്ക്കുന്നതിനു സദൃശം.
27അവൻ രാവും പകലും ഉറങ്ങിയും ഉണർന്നും കഴിയുന്നു. അവൻ അറിയാതെതന്നെ വിത്തുകൾ പൊട്ടിമുളച്ചു വളരുന്നു.
28ആദ്യം ഇല, പിന്നെ കതിർ, തുടർന്ന് കതിരിൽ ധാന്യമണികൾ - ഇങ്ങനെ ഭൂമി ഫലം പുറപ്പെടുവിക്കുന്നു.
29ധാന്യം വിളയുമ്പോൾ കൊയ്ത്തിനു കാലമാകുന്നതുകൊണ്ട് അവൻ അരിവാൾ വയ്ക്കുന്നു.
കടുകുമണിയുടെ ഉപമ
30അവൻ വീണ്ടും പറഞ്ഞു: ദൈവരാജ്യത്തെ എന്തിനോടു താരതമ്യപ്പെടുത്തും? എന്ത് ഉപമകൊണ്ട് അതിനെ വിശദീകരിക്കും?404142
31അത് ഒരു കടുകുമണിക്കു സദൃശ മാണ്. നിലത്തു പാകുമ്പോൾ അതു ഭൂമിയിലുള്ള എല്ലാ വിത്തുകളെയുംകാൾ ചെറുതാണ്.
32എന്നാൽ, പാകിക്കഴിയുമ്പോൾ അതുവളർന്ന് എല്ലാ ചെടികളെയുംകാൾ വലുതാവുകയും വലിയ ശാഖകൾ പുറ പ്പെടുവിക്കുകയും ചെയ്യുന്നു. അങ്ങനെ, ആകാശത്തിലെ പക്ഷികൾക്ക് അതിന്റെ തണലിൽ ചേക്കേറാൻ കഴിയുന്നു.
33അവർക്കു മനസ്സിലാകുംവിധം ഇത്തരം അനേകം ഉപമകളിലൂടെ അവൻ വചനം പ്രസംഗിച്ചു.
34ഉപമകളിലൂടെയല്ലാതെ അവൻ അവരോടു സംസാരിച്ചിരുന്നില്ല. എന്നാൽ, ശിഷ്യൻമാർക്ക് എല്ലാം രഹസ്യമായി വിശ ദീകരിച്ചുകൊടുത്തിരുന്നു.
കടലിനെ ശാന്തമാക്കുന്നു
36നമുക്ക് അക്കരയ്ക്കുപോകാം. അവർ ജനക്കൂട്ടത്തെ വിട്ട്, അവൻ ഇരുന്ന വഞ്ചിയിൽത്തന്നെ അവനെ അക്കരയ്ക്കു കൊണ്ടുപോയി. വേറെ വള്ളങ്ങളും കൂടെയുണ്ടായിരുന്നു.
37അപ്പോൾ ഒരു വലിയ കൊടുങ്കാറ്റുണ്ടായി. തിരമാലകൾ വഞ്ചിയിലേക്ക് ആഞ്ഞടിച്ചു കയറി. വഞ്ചിയിൽ വെള്ളം നിറഞ്ഞുകൊണ്ടിരുന്നു.
38 യേശു അമരത്തു തലയണവച്ച് ഉറങ്ങുകയായിരുന്നു. അവർ അവനെ വിളിച്ചുണർത്തി പറഞ്ഞു: ഗുരോ, ഞങ്ങൾ നശിക്കാൻ പോകുന്നു. നീ അതു ഗൗനിക്കുന്നില്ലേ?
39അവൻ ഉണർന്ന് കാറ്റിനെ ശാസിച്ചുകൊണ്ട് കടലിനോടു പറഞ്ഞു: അടങ്ങുക; ശാന്തമാവുക. കാറ്റു ശമിച്ചു; പ്രശാന്തത ഉണ്ടായി.
40അവൻ അവരോടു ചോദിച്ചു: നിങ്ങൾ ഭയപ്പെടുന്നതെന്ത്? നിങ്ങൾക്കു വിശ്വാസമില്ലേ?
41അവർ അത്യധികം ഭയന്ന് പരസ്പരം പറഞ്ഞു: ഇവൻ ആരാണ്! കാറ്റും കടലും പോലും ഇവനെ അനുസരിക്കുന്നല്ലോ!