Menu
Print passage

പ്രിന്റിനുള്ള വചനങ്ങൾ

ഒന്നോ അതിലധികമോ അധ്യായങ്ങളും വചനപരിധിയും തിരഞ്ഞെടുക്കുക.

2 രാജാക്കന്മാർ 4

അധ്യായങ്ങൾ

വിധവയുടെ എണ്ണ

1പ്രവാചകഗണത്തിൽ ഒരുവന്റെ ഭാര്യ എലീഷായോടു പറഞ്ഞു: അങ്ങയുടെ ദാസനായ എന്റെ ഭർത്താവ് മരിച്ചിരിക്കുന്നു. അവൻ കർത്താവിന്റെ ഭക്തനായിരുന്നുവെന്ന് അങ്ങേക്ക് അറിയാമല്ലോ. അവനു കടംകൊടുത്തവൻ ഇതാ എന്റെ കുട്ടികൾ രണ്ടുപേരെയും അടിമകളാക്കാൻ വന്നിരിക്കുന്നു.
2എലീഷാ അവളോടു പറഞ്ഞു: ഞാൻ നിനക്കുവേണ്ടി എന്തുചെയ്യണം? പറയുക. നിന്റെ വീട്ടിൽ എന്തുണ്ട്? അവൾ പറഞ്ഞു: ഈ ദാസിയുടെ വീട്ടിൽ ഒരു ഭരണി എണ്ണയല്ലാതെ മറ്റൊന്നുമില്ല.
3അവൻ പറഞ്ഞു: നീ ചെന്ന് അയൽക്കാരിൽനിന്ന് ഒഴിഞ്ഞപാത്രങ്ങൾ ധാരാളം ശേഖരിക്കുക.
4പിന്നെ നീയും നിന്റെ പുത്രൻമാരും അകത്തുകടന്ന്പാത്രങ്ങളിൽ എണ്ണ പകരുക. നിറയുന്നതു നിറയുന്നതു മാറ്റിവയ്ക്കുക.
5അവൾ വീട്ടിൽച്ചെന്ന് പുത്രൻമാരെ അകത്തുവിളിച്ച് വാതിലടച്ചു. അവൾ പകരുകയും അവർ പാത്രങ്ങൾ എടുത്തുകൊടുക്കുകയും ചെയ്തു.
6പാത്രങ്ങൾ നിറഞ്ഞപ്പോൾ അവൾ പുത്രനോട് ഇനിയും കൊണ്ടുവരുക എന്നുപറഞ്ഞു. ഇനി പാത്രമില്ലെന്ന് അവൻ പറഞ്ഞപ്പോൾ എണ്ണയുടെ ഒഴുക്കു നിലച്ചു.
7അവൾ ദൈവപുരുഷന്റെ അടുത്തുചെന്നു വിവരം അറിയിച്ചപ്പോൾ അവൻ പറഞ്ഞു: പോയി എണ്ണ വിറ്റു കടം വീട്ടുക. ശേഷിക്കുന്നതുകൊണ്ട് നീയും പുത്രൻമാരും ഉപജീവനം കഴിക്കുക.

ഷൂനേംകാരിയുടെ മകൻ

8ഒരിക്കൽ എലീഷാ ഷൂനേമിൽ ചെന്നപ്പോൾ ഒരു ധനിക അവനെ ഭക്ഷണത്തിനു ക്ഷണിച്ചു. ആ വഴി കടന്നുപോകുമ്പോഴെല്ലാം അവൻ ഭക്ഷണത്തിന് ആ വീട്ടിൽ ചെല്ലുക പതിവായി.
9അവൾ ഭർത്താവിനോടു പറഞ്ഞു: ഇതിലെ പോകാറുള്ള ആ മനുഷ്യൻ ഒരു ദൈവപുരുഷനാണ്.
10നമുക്കു മട്ടുപ്പാവിൽ ചെറിയ ഒരു മുറിയുണ്ടാക്കി അതിൽ കിടക്കയും മേശയും കസേരയും വിളക്കും വയ്ക്കാം. വരുമ്പോഴൊക്കെ അവന് അവിടെ വിശ്രമിക്കാമല്ലോ.
11ഒരിക്കൽ അവൻ അവിടെ വിശ്രമിക്കുകയായിരുന്നു.
12ഷൂനേംകാരിയെ വിളിക്കാൻ അവൻ തൻെറ ഭൃത്യൻ ഗഹസിയോടു പറഞ്ഞു: അവൻ വിളിച്ചപ്പോൾ അവൾ വന്ന് മുൻപിൽനിന്നു.
13എലീഷാ ഭൃത്യനോടു പറഞ്ഞു: അവളോടുപറയുക, നീ ഞങ്ങൾക്കുവേണ്ടി എത്ര ബുദ്ധിമുട്ടി. ഞങ്ങൾ എന്താണ് നിനക്കുവേണ്ടി ചെയ്യേണ്ടത്? രാജാവിനോടോ സൈന്യാധിപനോടോ ശുപാർശ ചെയ്യണമോ? അവൾ പറഞ്ഞു: ഞാൻ വസിക്കുന്നത് എന്റെ ജനത്തിന്റെ കൂടെയാണ്.
14എലീഷാ പറഞ്ഞു: അവൾക്കുവേണ്ടി എന്താണ് ചെയ്യേണ്ടത്? ഗഹസി പറഞ്ഞു: അവൾക്കു മക്കളില്ല, ഭർത്താവ് വൃദ്ധനുമാണ്.
15അവൻ പറഞ്ഞു: അവളെ വിളിക്കുക. വിളിച്ചപ്പോൾ അവൾ വാതിൽക്കൽ വന്നുനിന്നു.
16എലീഷാ പറഞ്ഞു: അടുത്തവർഷം ഈ സമയത്ത് നീ ഒരു പുത്രനെ താലോലിക്കും. അവൾ പറഞ്ഞു: ഇല്ല, ദൈവപുരുഷാ, പ്രഭോ, ഈ ദാസിയോടു വ്യാജം പറയരുതേ!
17എലീഷാ പറഞ്ഞതുപോലെ അവൾ ഗർഭം ധരിച്ച് അടുത്ത വസന്തത്തിൽ ഏകദേശം ആ സമയത്ത് ഒരു പുത്രനെ പ്രസവിച്ചു.
18കുട്ടി വളർന്നു. ഒരു ദിവസം അവൻ കൊയ്ത്തുകാരോടുകൂടെ ആയിരുന്ന പിതാവിന്റെ അടുത്തേക്കു ചെന്നു.
19അവൻ പറഞ്ഞു: അയ്യോ! എന്റെ തല, എന്റെ തല വേദനിക്കുന്നു. പിതാവു ഭൃത്യനോടു പറഞ്ഞു: അവനെ അമ്മയുടെ അടുക്കൽ കൊണ്ടുപോയി ആക്കൂ.
20അവൻ കുട്ടിയെ എടുത്ത് അമ്മയുടെ അടുക്കൽ ആക്കി. ഉച്ചവരെ കുട്ടി അമ്മയുടെ മടിയിൽ ഇരുന്നു. പിന്നെ അവൻ മരിച്ചു.
21അവൾ അവനെ മുകളിൽ കൊണ്ടുചെന്ന് ദൈവപുരുഷന്റെ കിടക്കയിൽ കിടത്തിയതിനുശേഷം വാതിലടച്ചു പുറത്തുപോന്നു.
22അവൾ ഭർത്താവിനോടു വിളിച്ചുപറഞ്ഞു: ഒരു വേലക്കാരനെയും കഴുതയെയും ഇങ്ങോട്ടയയ്ക്കുക. ഞാൻ വേഗംപോയി ദൈവപുരുഷനെ കണ്ടു വരട്ടെ.
23അവൻ ചോദിച്ചു: നീ ഇന്ന് അവന്റെ അടുത്തേക്ക് പോകുന്നതെന്തിന്? ഇന്ന് അമാവാസിയോ സാബത്തോ അല്ലല്ലോ. അവൾ പറഞ്ഞു: നൻമ ഭവിക്കും.
24കഴുതയ്ക്കു ജീനിയിട്ടതിനുശേഷം അവൾ ഭൃത്യനോടു പറഞ്ഞു: വേഗം ഓടിക്കുക; ഞാൻ പറയാതെ വേഗം കുറയ്ക്കരുത്.
25അവൾ കാർമൽമലയിൽ ദൈവപുരുഷന്റെ അടുത്തെത്തി. അവൾ വരുന്നതു കണ്ടപ്പോൾ അവൻ ഭൃത്യൻ ഗഹസിയോടു പറഞ്ഞു: അതാ ഷൂനേംകാരി.
26ഓടിച്ചെന്ന് അവളെ സ്വീകരിച്ച് അവൾക്കും ഭർത്താവിനും കുഞ്ഞിനും സുഖംതന്നെയോ എന്ന് അനേ്വഷിക്കുക. സുഖംതന്നെ, അവൾ പറഞ്ഞു.
27അവൾ മലയിൽ ദൈവപുരുഷന്റെ അടുത്തെത്തി അവന്റെ പാദങ്ങളിൽ പിടിച്ചു. അവളെ തള്ളിമാറ്റുന്നതിന് ഗഹസി മുൻപോട്ടുവന്നു. എന്നാൽ, ദൈവപുരുഷൻ പറഞ്ഞു: അവളെ തടയരുത്. അവൾ കഠിനദുഃഖത്തിലാണ്. കർത്താവ് അത് എന്നിൽനിന്നു മറച്ചിരിക്കുന്നു, എന്നെ അറിയിച്ചിട്ടില്ല.
28അപ്പോൾ അവൾ പറഞ്ഞു: പ്രഭോ, ഞാൻ അങ്ങയോടു പുത്രനെ ആവശ്യപ്പെട്ടോ? എന്നെ വഞ്ചിക്കരുതെന്നു ഞാൻ പറഞ്ഞതല്ലേ?
29അവൻ ഗഹസിയോടു പറഞ്ഞു: അരപ്പട്ട ധരിച്ച് എന്റെ വടിയും എടുത്തു ചെല്ലുക. വഴിയിൽ ആരെ കണ്ടാലും അഭിവാദനം ചെയ്യരുത്; ആരെങ്കിലും അഭിവാദനം ചെയ്താൽ പ്രത്യഭിവാദനം ചെയ്യുകയുമരുത്. എന്റെ വടി കുട്ടിയുടെ മുഖത്തു വയ്ക്കുക.
30അപ്പോൾ കുട്ടിയുടെ അമ്മ പറഞ്ഞു: കർത്താവിനെയും അങ്ങയെയും സാക്ഷിയാക്കി ഞാൻ പറയുന്നു, ഞാൻ അങ്ങയെ വിട്ടുപോവുകയില്ല. അപ്പോൾ അവൻ അവളെ അനുഗമിച്ചു.
31ഗഹസി മുൻപേ പോയി വടി കുട്ടിയുടെ മുഖത്തു വച്ചു. എന്നാൽ അനക്കമോ ജീവന്റെ ലക്ഷണമോ ഉണ്ടായില്ല. അവൻ മടങ്ങിവന്ന് എലീഷായോടു കുട്ടി ഉണർന്നിട്ടില്ലെന്നു പറഞ്ഞു.
32എലീഷാ ആ ഭവനത്തിൽ ചെന്നപ്പോൾ കുട്ടി കിടക്കയിൽ മരിച്ചുകിടക്കുന്നതു കണ്ടു.
33അവൻ ഉള്ളിൽകടന്ന് വാതിലടച്ചു. മുറിക്കുള്ളിൽ അവനും കുട്ടിയും മാത്രമായി. എലീഷാ കർത്താവിനോടു പ്രാർഥിച്ചു.
34അനന്തരം, കിടക്കയിൽ കയറി തൻെറ വായ് കുട്ടിയുടെ വായോടും തൻെറ കണ്ണുകൾ അവന്റെ കണ്ണുകളോടും തൻെറ കൈകൾ അവന്റെ കൈകളോടും ചേർത്തുവച്ച് അവന്റെ മേൽ കിടന്നു. അപ്പോൾ കുട്ടിയുടെ ശരീരം ചൂടുപിടിച്ചുതുടങ്ങി.
35എലീഷാ എഴുന്നേറ്റു മുറിയിൽ അങ്ങോട്ടുമിങ്ങോട്ടും ഒരു പ്രാവശ്യം നടന്നു; വീണ്ടും കുട്ടിയുടെമേൽ കിടന്നു. കുട്ടി ഏഴുപ്രാവശ്യം തുമ്മിയതിനുശേഷം കണ്ണു തുറന്നു.
36എലീഷാ ഗഹസിയോടു ഷൂനേംകാരിയെ വിളിക്കുക എന്നുപറഞ്ഞു. അവൻ വിളിച്ചു; അവൾ വന്നു. എലീഷാ അവളോടു പറഞ്ഞു: നിന്റെ പുത്രനെ എടുത്തുകൊള്ളുക.
37അവൾ അവന്റെ പാദത്തിങ്കൽ വീണു നമസ്കരിച്ചു; എന്നിട്ട് കുട്ടിയെ എടുത്തുകൊണ്ടുപോയി.

വിഷം കലർന്ന ഭക്ഷണം

38എലീഷാ വീണ്ടും ഗിൽഗാലിൽ എത്തി. അവിടെ ക്ഷാമമായിരുന്നു. പ്രവാചകഗണം മുൻപിലിരിക്കേ അവൻ ഭൃത്യനോടു പറഞ്ഞു: പ്രവാചകഗണത്തിന് വലിയ പാത്രത്തിൽ അവിയൽ തയ്യാറാക്കുക.
39അവരിലൊരാൾ വയലിൽനിന്നു സസ്യങ്ങൾ ശേഖരിക്കുമ്പോൾ ഒരു കാട്ടുമുന്തിരി കാണുകയും അതിൽനിന്നു മടി നിറയെ കായ്കൾ പറിച്ചെടുക്കുകയും ചെയ്തു. അവ എന്താണെന്നു മനസ്സിലാക്കാതെ നുറുക്കി പാത്രത്തിലിട്ടു.
40അനന്തരം, അവിയൽ വിളമ്പി. ഭക്ഷിച്ചു തുടങ്ങിയപ്പോൾ അവർ നിലവിളിച്ചു: ദൈവപുരുഷാ, പാത്രത്തിൽ മരണം പതിയിരിക്കുന്നു. അവർക്കു ഭക്ഷിക്കാൻ കഴിഞ്ഞില്ല.
41എലീഷാ പറഞ്ഞു: കുറച്ചു മാവു കൊണ്ടുവരുക. അവൻ മാവ് പാത്രത്തിൽ ഇട്ടതിനുശേഷം ഇനി വിളമ്പി ഭക്ഷിക്കാം എന്നുപറഞ്ഞു. അപകടം നീങ്ങിയിരുന്നു.

അപ്പം വർധിപ്പിക്കുന്നു

42ബാൽഷാലിഷായിൽനിന്ന് ഒരാൾ ആദ്യഫലങ്ങൾ കൊണ്ടുണ്ടാക്കിയ കുറെഅപ്പവും ഇരുപതു ബാർലിയപ്പവും കുറെപുതിയ ധാന്യക്കതിരുകളും സഞ്ചിയിലാക്കി കൊണ്ടുവന്ന് ദൈവപുരുഷനുകൊടുത്തു. അപ്പോൾ എലീഷാ പറഞ്ഞു: അത് ഇവർക്കു കൊടുക്കുക. ഇവർ ഭക്ഷിക്കട്ടെ.
43ഭൃത്യൻ ചോദിച്ചു: നൂറ് ആളുകൾക്കായി ഇതു ഞാൻ എങ്ങനെ പങ്കുവയ്ക്കും? അവൻ ആവർത്തിച്ചു: കൊടുക്കുക, അവർ ഭക്ഷിക്കട്ടെ. എന്തെന്നാൽ, കർത്താവ് അരുളിച്ചെയ്യുന്നു:അവർ ഭക്ഷിക്കുകയും മിച്ചംവരുകയും ചെയ്യും.
44ഭൃത്യൻ അത് അവർക്കു വിളമ്പി. കർത്താവ് അരുളിച്ചെയ്തതുപോലെ അവർ ഭക്ഷിച്ചു; മിച്ചംവരുകയും ചെയ്തു.
വായനാ ക്രമീകരണങ്ങൾ
വചനം സംരക്ഷിക്കുക

വിഭാഗം തിരഞ്ഞെടുക്കുക

ഈ വചനം കണ്ടെത്താൻ സഹായിക്കുന്ന ഒരു വിഭാഗം തിരഞ്ഞെടുക്കുക.

സ്വകാര്യ കുറിപ്പ്

വചന കുറിപ്പ്

⌂ഹോം📖ബൈബിൾ✦പഠനം🔖സംരക്ഷിച്ചത്