2 രാജാക്കന്മാർ 21
അധ്യായങ്ങൾ
മനാസ്സെരാജാവ്
1ഭരണമേൽക്കുമ്പോൾ മനാസ്സെക്ക് പന്ത്രണ്ടു വയസ്സായിരുന്നു; അവൻ ജറുസലെമിൽ അൻപത്തഞ്ചു വർഷം ഭരിച്ചു. ഹെഫ്സീബാ ആയിരുന്നു അവന്റെ അമ്മ.
2കർത്താവ് ഇസ്രായേൽ ജനത്തിന്റെ മുൻപിൽനിന്ന് ഉച്ചാടനം ചെയ്ത ജനതകളുടെ മ്ളേച്ഛാചാരങ്ങൾ അനുസരിച്ച് അവൻ കർത്താവിന്റെ മുൻപിൽ തിൻമ പ്രവർത്തിച്ചു.
3തൻെറ പിതാവായ ഹെസക്കിയാ നശിപ്പിച്ചുകളഞ്ഞപൂജാഗിരികൾ അവൻ പുനഃസ്ഥാപിച്ചു. ഇസ്രായേൽ രാജാവായ ആഹാബിനെപ്പോലെ അവൻ ബാലിനു ബലിപീഠങ്ങളും അഷേരാപ്രതിഷ്ഠയും ഉണ്ടാക്കുകയും ആകാശഗോളങ്ങളെ ആരാധിക്കുകയും സേവിക്കുകയും ചെയ്തു.
4ജറുസലെമിൽ ഞാൻ എന്റെ നാമം സ്ഥാപിക്കും എന്നു കർത്താവു പറഞ്ഞഅവിടുത്തെ ആലയത്തിൽ അവൻ ബലിപീഠങ്ങൾ പണിതു.
5ദേവാലയത്തിന്റെ രണ്ട് അങ്കണങ്ങളിലും അവൻ ആകാശഗോളങ്ങൾക്കു ബലിപീഠങ്ങൾ നിർമിച്ചു.
6തൻെറ പുത്രനെ ബലിയർപ്പിക്കുകയും ഭാവിഫലപ്രവചനം, ശകുനം, ആഭിചാരം, മന്ത്രവാദം എന്നിവ സ്വീകരിക്കുകയും ചെയ്തു. വളരെയധികം തിൻമ ചെയ്ത് അവൻ കർത്താവിനെ പ്രകോപിപ്പിച്ചു.
7ഇസ്രായേൽഗോത്രങ്ങളിൽനിന്നു ഞാൻ തിരഞ്ഞെടുത്ത ജറുസലെമിലും ഈ ഭവനത്തിലും എന്നേക്കുമായി ഞാൻ എന്റെ നാമം സ്ഥാപിക്കും എന്നു ദാവീദിനോടും അവന്റെ പുത്രൻ സോളമനോടും കർത്താവ് അരുളിച്ചെയ്ത അവിടുത്തെ ആലയത്തിൽ അവൻ താൻ കൊത്തിയുണ്ടാക്കിയ അഷേരാവിഗ്രഹം പ്രതിഷ്ഠിച്ചു.
8ഞാൻ ഇസ്രായേലിനു നൽകിയ കൽപനകളും എന്റെ ദാസനായ മോശ അവർക്കു നൽകിയ നിയമങ്ങളും ശ്രദ്ധാപൂർവം അനുഷ്ഠിക്കുകയാണെങ്കിൽ, അവരുടെ പിതാക്കൻമാർക്കു നൽകിയ ദേശത്തുനിന്നു ബഹിഷ്കൃതരാകാൻ ഞാൻ അവർക്ക് ഇടയാക്കുകയില്ല എന്നും കർത്താവ് അരുളിച്ചെയ്തിരുന്നു.
9എന്നാൽ, അവർ അതു വകവച്ചില്ല. ഇസ്രായേൽ ജനത്തിന്റെ മുൻപിൽ നിന്നു കർത്താവു നശിപ്പിച്ചുകളഞ്ഞജനതകൾ ചെയ്തതിനെക്കാൾ കൂടുതൽ തിൻമ ചെയ്യാൻമനാസ്സെ അവരെ പ്രേരിപ്പിച്ചു.
10തൻെറ ദാസൻമാരായ പ്രവാചകൻമാരിലൂടെ കർത്താവ് അരുളിച്ചെയ്തു:
11 യൂദാരാജാവായ മനാസ്സെ ഈ മ്ലേച്ഛതകൾപ്രവർത്തിക്കുകയും,
12അമോര്യർ ചെയ്തതിനെക്കാൾ കൂടുതൽ ദുഷ്ടത ചെയ്യുകയും യൂദായെക്കൊണ്ട് വിഗ്രഹപൂജ ചെയ്യിക്കുകയും ചെയ്തതിനാൽ ഇസ്രായേലിന്റെ ദൈവമായ കർത്താവ് അരുളിച്ചെയ്യുന്നു: ഞാൻ ജറുസലെമിൻെറയും യൂദായുടെയുംമേൽ അനർഥം വരുത്തും. കേൾക്കുന്നവൻെറ ചെവി തരിക്കും.
13സമരിയായുടെ അളവുകോലുകൊണ്ടും ആഹാബിന്റെ ഭവനത്തിലെ തൂക്കുകട്ടകൊണ്ടും ഞാൻ ജറുസലെമിനെ അളന്നുതൂക്കും. തുടച്ചുകമഴ്ത്തിവച്ച പാത്രംപോലെ ഞാൻ ജറുസലെമിനെ ശൂന്യമാക്കും.
14എന്റെ അവകാശത്തിന്റെ അവ ശിഷ്ടഭാഗം ഞാൻ അവരുടെ ശത്രുക്കളുടെ കൈയിലേക്ക് എറിഞ്ഞുകൊടുക്കും. ശത്രുക്കൾ അവരെ തങ്ങളുടെ ഇരയും കൊള്ളമുതലും ആക്കും.
15എന്തെന്നാൽ, തങ്ങളുടെ പിതാക്കൻമാർ ഈജിപ്തിൽനിന്നു പുറപ്പെട്ട കാലം മുതൽ ഇന്നുവരെ അവർ എന്റെ മുൻ പിൽ തിൻമ ചെയ്ത് എന്നെ പ്രകോപിപ്പിച്ചു.
16 യൂദായെക്കൊണ്ടു കർത്താവിന്റെ മുൻപിൽ തിൻമ ചെയ്യിച്ചതിനു പുറമേ മനാസ്സെ നിഷ്കളങ്ക രക്തംകൊണ്ട് ജറുസലെമിനെ ഒരറ്റം മുതൽ മറ്റേയറ്റംവരെ നിറയ്ക്കുകയും ചെയ്തു.
17മനാസ്സെയുടെ മറ്റു പ്രവർത്തനങ്ങളും അവന്റെ പാപങ്ങളും യൂദാരാജാക്കളുടെ ദിനവൃത്താന്തത്തിൽ രേഖപ്പെടുത്തിയിട്ടുണ്ടല്ലോ.
18മനാസ്സെ പിതാക്കൻമാരോടു ചേർന്നു; തൻെറ ഭവനത്തിലെ ഉസ്സായുടെ ഉദ്യാനത്തിൽ സംസ്ക രിക്കപ്പെട്ടു. പുത്രൻ ആമോൻ ഭരണമേറ്റു.
ആമോൻരാജാവ്
19ഭരണമേൽക്കുമ്പോൾ ആമോന് ഇരുപത്തിരണ്ടു വയസ്സായിരുന്നു. അവൻ ജറുസലെമിൽ രണ്ടുവർഷം ഭരിച്ചു. അവന്റെ മാതാവ് യോത്ബായിലെ ഹറുസിൻെറ പുത്രിയായ മെഷുല്ലെമെത് ആയിരുന്നു.
20തൻെറ പിതാവ് മനാസ്സെയെപ്പോലെ അവൻ കർത്താവിന്റെ മുൻപിൽ തിൻമ ചെയ്തു.
21പിതാവു ചരിച്ച പാതകളിലെല്ലാം അവനും സഞ്ചരിച്ചു; പിതാവു സേവിച്ചവിഗ്രഹങ്ങളെ അവനും സേവിക്കുകയും ആരാധിക്കുകയും ചെയ്തു.
22പിതാക്കൻമാരുടെദൈവമായ കർത്താവിനെ അവൻ പരിത്യജിച്ചു: അവിടുത്തെ മാർഗത്തിൽ നടന്നില്ല.
23ഭൃത്യൻമാർ ഗൂഢാലോചന നടത്തി ആമോനെ സ്വഭവനത്തിൽവച്ചു കൊന്നു.
24രാജ്യത്തെ ജനം ആമോൻരാജാവിനെതിരേ ഗൂഢാലോചന നടത്തിയവരെയെല്ലാം നിഗ്രഹിക്കുകയും അവന്റെ മകൻ ജോസിയായെരാജാവായി അവരോധിക്കുകയും ചെയ്തു.
25ആമോന്റെ മറ്റു പ്രവർത്തനങ്ങൾ യൂദാരാജാക്കൻമാരുടെ ദിനവൃത്താന്തത്തിൽ രേഖപ്പെടുത്തിയിട്ടുണ്ടല്ലോ.
26അവനെ ഉസ്സായുടെ ഉദ്യാനത്തിലെ ശവകുടീരത്തിൽ സംസ്കരിച്ചു. പുത്രനായ ജോസിയാ ഭരണമേറ്റു.